കോഴിക്കോടിന്റെ ഖല്ബില് രുചിയുടെ പറുദീസ തീര്‍ത്ത് കുടുംബശ്രീ ഫുഡ് കോര്‍ട്ട് Updated On 2025-05-04
'അലുവാ മനസ്സുള്ളൊരീ കോയിക്കോട്.. വേണേ കണ്ടോളീ... ചങ്ങായീ ഞമ്മടെ കുടുംബശ്രീ ഫുഡ് കോര്‍ട്ട്....' കോഴിക്കോടിന്റെ ഖല്ബില് രുചിയുടെ പറുദീസ തീര്‍ക്കുകയാണ് ദേശീയ സരസ് മേളയുടെ ഭാഗമായി ഒരുക്കിയ കുടുംബശ്രീ ഫുഡ് കോര്‍ട്ട്. കടല്‍ത്തീരങ്ങള്‍ക്കും ഇശലുകള്‍ക്കും രുചി വൈവിദ്ധ്യത്തിനുമെല്ലാം പേരു കേട്ട കോഴിക്കോട്ഇത് ആദ്യമായാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭവങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാകുന്നത്. മൊഞ്ചുള്ള നടക്കാവ് താണ്ടി കോഴിക്കോട് ബീച്ചില്‍ എത്തിയിരിക്കുന്നത് 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള 300 ഓളം വിഭങ്ങളാണ്.
പഴയ ചായക്കടയുടെ സ്മരണ പുതുക്കി ഓടു മേഞ്ഞ മേല്‍ക്കൂരയോട് സാമ്യം തോന്നുന്ന രീതിയില്‍ ഒരുക്കിയ 50ഓളം സ്റ്റാളുകളാണ് ഫുഡ് കോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണം. ഓരോ സ്റ്റാളിന്റെയും തൂണുകള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ട്. കോഴിക്കോടിന്റെ സംസ്കാരവും കാഴ്ചകളും പ്രതിഭകളെ കുറിച്ചുള്ള വിവരണവും ആണ് ഓരോ തൂണിലും രേഖപ്പെടുത്തിയിരിക്കുന്നത്.
600 ഓളം പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഫുഡ് കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. രാജസ്ഥാന് സ്പെഷ്യല്‍ രാജ് കച്ചോരി, മഹാരാഷ്ട്രയുടെ വടപാവ്, സിക്കിമിന്റെ മോമോസ്, അട്ടപ്പാടി വനസുന്ദരി തുടങ്ങീ ഓഡിസ്സയുടെ ചിക്കന്‍ പക്കുവട വരെ ഇവിടെ എത്തിയാല്‍ 'കറുമുറെ വയറു നിറച്ചു കയിച്ചോ'. അതോടൊപ്പം ഹൈദരാബാദ് ദം ബിരിയാണി കയിച്ചാ പിന്നെ സംഗതി നല്ല ഉസാറാണ്.. മെയ് 13 വരെ നീളുന്ന സരസ്മേളയില്‍ എത്തി 'അങ്ങട് തട്ടി ഇങ്ങട് തട്ടി തമ്മില്‍ തമ്മില്‍ പുഞ്ചിരി കൂട്ടി' എല്ലാര്ക്കും ഇവിടൊരു കൂട്ടാകാം..







