കോഴിക്കോട്: വിത്തു മുളയ്ക്കുന്നതും പൂവിടുന്നതും കായ്ഫലം കാണുന്നതും മനസ്സിനു കുളിർമയേകുന്ന കാഴ്ചയായിരുന്നു തിരുവനന്തപുരം ജില്ലയിലെ കരകുളം ഏണിക്കരയിൽ നിന്നുള്ള ഷമീറ ബീവിയ്ക്ക്. ആ കാഴ്ച ഷമീറ ബീവിയെ ഇന്നൊരു കുടുംബശ്രീ സംരംഭക എന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. കോഴിക്കോട് ബീച്ചിൽ നടക്കുന്ന സരസ് മേളയിലെ 13 ആം നമ്പർ സ്റ്റാളിലെ വിത്ത് വിപണിയിൽ ഷമീറയോടൊപ്പം മകൾ ബിസ്മിനയുമുണ്ട്. വിൽപനയോടൊപ്പം വിത്ത് നടാനുള്ള രീതികളും ഇവർ വിശദീകരിച്ചു നൽകുന്നു. ഇത് പന്ത്രണ്ടാം തവണയാണ് ഇവർ സരസ് മേളയിൽ പങ്കെടുക്കുന്നത്.
വിഷം കലർന്ന പച്ചക്കറികൾ പാടെ തിരസ്കരിച്ച് തക്കാളി, വെണ്ടയ്ക്ക, വഴുതന, കോവയ്ക്ക, കൈപ്പയ്ക്ക, പയർ, കറിവേപ്പില, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ തങ്ങളുടെ തോട്ടത്തിൽ തന്നെ കൃഷി ചെയ്ത് തുടങ്ങി. കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചതോടെ വിത്തിനങ്ങൾ വിൽപ്പനയ്ക്കായി എത്തിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്ത് അഞ്ചാം വാർഡ് വേങ്കോട് ഫ്രണ്ട്സ് കുടുംബശ്രീ അയൽക്കൂട്ട അംഗമായ ഷമീറ ബീവി, 2005 ലാണ് അത്യുൽപാദനശേഷിയുള്ള നാടൻ പച്ചക്കറി വിത്തിനങ്ങൾ വിതരണം ചെയ്യുന്നതിനായി കുടുംബശ്രീ അയൽക്കൂട്ടം വഴി ഒരു സംരംഭം ആരംഭിക്കുന്നത്. പിന്നീട് ഈ സംരംഭം വഴിയാണ് വിത്ത് വില്പനയ്ക്ക് വിപണി കണ്ടെത്തിയത്.
ചീര, മുളക്, വ്യത്യസ്ത പയറുകൾ, കാബേജ്, കോളിഫ്ലവർ, മുരിങ്ങ, ബ്രോക്കോളി, കാരറ്റ്, മത്തൻ, ബീറ്റ്‌റൂട്ട്, മല്ലി, തക്കാളി തുടങ്ങി അത്യുൽപാദനശേഷിയുള്ള 150 ഓളം പച്ചക്കറി വിത്തുകളാണ് വിൽപ്പന നടത്തുന്നത്. പച്ചക്കറി വിത്തിന് പുറമേ സീനിയ, ജമന്തി, താമര, കാശിത്തുമ്പ, വാടാർമല്ലി, സൂര്യകാന്തി തുടങ്ങിയ നാടൻ ചെടികളും, സെലോഷ്യ, ഗ്ലാഡിയോലസ്, ലിലിയം, പെട്ടുനിയ, ട്യൂബ് റോസ് തുടങ്ങി പുഷ്പാലങ്കാരങ്ങൾക്കായി ഉപയോഗിക്കുന്ന ചെടികളുടെ വിത്തുകളും വില്പനയ്ക്ക് ഉണ്ട്. ബാംഗ്ലൂരിൽ നിന്നാണ് ചെടികളുടെ വിത്തുകൾ ശേഖരിക്കുന്നത്. പച്ചക്കറി വിത്തുകൾ 20 രൂപയും ചെടികളുടെ വിത്തിന് 30 രൂപയുമാണ് വില.