to
സരസ് മേളയിലെ ദാഹമകറ്റാൻ 'ഒ.സി'യും 'പി-ത്രീ'യും; രുചികൗതുകമായി ലക്ഷ്യയുടെ ജ്യൂസ് സ്റ്റാൾ Updated On 2026-01-03

ദേശീയ സരസ് മേളയിലെ ഫുഡ് കോർട്ടിൽ രുചിയുടെയും അതിജീവനത്തിന്റെയും കഥ പറയുകയാണ് എറണാകുളത്ത് നിന്നുള്ള 'ലക്ഷ്യ' ജ്യൂസ് സ്റ്റാൾ. കുടുംബശ്രീ എറണാകുളം ജില്ലാമിഷന്റെ കീഴിലുള്ള ട്രാൻസ്ജെൻഡർ അയൽക്കൂട്ടമായ 'ലക്ഷ്യ ഫ്രൂട്ട്സ് ആൻഡ് ജ്യൂസ് കോർണർ' ഇത് ഏഴാം തവണയാണ് സരസ് മേളയിൽ തങ്ങളുടെ രുചി വൈവിധ്യങ്ങളുമായി എത്തുന്നത്. കഴിഞ്ഞ 8 വർഷമായി ഈ രംഗത്ത് സജീവമായ ലക്ഷ്യ ഗ്രൂപ്പിനെ നയിക്കുന്നത് അമൃത ജോസഫ് മാത്യു, മരിയ മാത്യു, മീനു മീനാക്ഷി എന്നിവരാണ്. കാക്കനാട് കളക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന ഇവരുടെ ജ്യൂസ് കോർണർ ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ചതാണ്. എറണാകുളം നോർത്ത് അയൽക്കൂട്ടത്തിലെ അംഗങ്ങളായ ഇവർ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ മേളകളിൽ സ്ഥിരസാന്നിധ്യമാണ്.

കൗതുകമുണർത്തി സ്പെഷ്യൽ ജ്യൂസുകൾ:
ഏഴാം വട്ടവും മേളയിലെത്തുമ്പോൾ പുതുമയുള്ള വിഭവങ്ങൾ കൊണ്ടുവരാൻ ഇവർ മറന്നിട്ടില്ല. പേരിൽ തന്നെ കൗതുകമുള്ള 'ഒ.സി' (OC) ജ്യൂസ്, 'പി-ത്രീ' (P3) ജ്യൂസ്, 'ബി.പി' (BP) ജ്യൂസ് എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഇവ എന്താണെന്നറിയാനും രുചിക്കാനുമായി നിരവധി പേരാണ് സ്റ്റാളിലേക്ക് എത്തുന്നത്.

വൈവിധ്യങ്ങളുടെ നീണ്ട നിര:
മധുരമുള്ള ജ്യൂസുകൾക്ക് പുറമെ എരിവും പുളിയും ഇഷ്ടപ്പെടുന്നവർക്കായി 'ഫ്ലേവർ സോഡകളുടെ' നിര തന്നെ ഇവിടെയുണ്ട്. അച്ചാർ മോര് സോഡ, പച്ചമാങ്ങ ചില്ലി സോഡ, നെല്ലിക്ക കാന്താരി സോഡ, ഓറഞ്ച് ചില്ലി, പൈനാപ്പിൾ ചില്ലി എന്നിങ്ങനെ നാവിൻ തുമ്പിൽ രുചിഭേദങ്ങൾ തീർക്കുന്ന വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. പരമ്പരാഗത രുചിയിലുള്ള 'ചട്ടി മോര്', 'നന്നാരി കള്ളൻ' എന്നിവയും ഇവിടുത്തെ ഹിറ്റ് ഐറ്റങ്ങളാണ്.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ട്രാൻസ്ജെൻഡർ സമൂഹത്തെ കൊണ്ടുവരുന്നതിൽ കുടുംബശ്രീ നൽകുന്ന പിന്തുണയുടെയും കരുത്തിന്റെയും ഉദാഹരണമാണ് സരസ് മേളയിലെ ഇവരുടെ തുടർസാന്നിധ്യം. 8 വർഷത്തെ അനുഭവസമ്പത്തും കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ പൂർണ്ണ പിന്തുണയുമായി മുന്നേറുന്ന അമൃതയ്ക്കും കൂട്ടുകാർക്കും സരസ് മേളയും ആത്മവിശ്വാസം നൽകുന്ന വേദിയാണ്.

ഗോവൻ സ്റ്റൈൽ അലങ്കാരവസ്തുക്കളും, ആഭരണങ്ങളും വാങ്ങിക്കാം സരസ്മേളയിൽ... Updated On 2026-01-03

സരസ് മേളയിലെ 250ലേറെ വരുന്ന ഉൽപ്പന്ന വിപണന സ്റ്റാളുകളിൽ, വൈവിധ്യം കൊണ്ടും,മനോഹാരിത കൊണ്ടും വേറിട്ട് നിൽക്കുകയാണ് ഗോവയിൽ നിന്നെത്തിയ ഷാലിന്റെ 159 ആം നമ്പർ സ്റ്റാൾ. ചിപ്പി, കല്ലുകൾ, മുത്തുകൾ, തൂവൽ, ജൂട്ട്, സോളവുഡ് തുടങ്ങിയ വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന വിവിധതരത്തിലുള്ള ആഭരണങ്ങളും, വീടലങ്കാരവസ്തുക്കളും, കരകൗശലവസ്തുക്കളും, പൂക്കളും മറ്റുമാണ് നോർത്ത് ഗോവ ജില്ലയിലെ അവർ ലേഡി ഓഫ് പീറ്റി (Our lady of piety) സ്വയം സഹായ സംഘത്തിൽ നിന്നുമെത്തിയ ഇവരുടെ പ്രധാന വിപണന വസ്തുക്കൾ. നൂറു ശതമാനം കൈകൾ മാത്രം ഉപയോഗിച്ചുകൊണ്ട് വളരെ പ്രകൃതിദത്തമായ രീതിയിലാണ് ഇവർ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. ഇതിനുമുമ്പ് അഞ്ചു തവണ സരസ്മേളയിൽ പങ്കെടുത്ത ഇവർക്ക് മികച്ച സംരംഭകയ്ക്കുള്ള അവാർഡും, മികച്ച അലങ്കാരവസ്തുക്കൾ വിപണനം ചെയ്യുന്ന സ്റ്റാളിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. ഗോവൻ സംസ്കാരവും, ജീവിതരീതിയും ഇഷ്ടപ്പെടുന്ന ആളുകൾ ഒരു പ്രാവശ്യമെങ്കിലും ഈ സ്റ്റാൾ സന്ദർശിക്കേണ്ടതാണ്.

മുരിങ്ങയുടെ 'മൾട്ടി വിറ്റാമിൻ' മാജിക്കുമായി അരുണയുണ്ട് ദേശിയ സരസ് മേളയിൽ Updated On 2026-01-03

മുറ്റത്തെ മുല്ലയ്ക്ക് മാത്രമല്ല, മുറ്റത്തെ മുരിങ്ങയ്ക്കും മരുന്നിന്റെയും വരുമാനത്തിന്റെയും ഗുണമുണ്ടെന്ന് തെളിയിക്കുകയാണ് എലപ്പുള്ളി മുതിരംപള്ളത്തെ അരുണ സുരേഷ്. നാട്ടിൻപുറങ്ങളിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന മുരിങ്ങയിലയെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി 'നാച്ചുറൽ' എന്ന ബ്രാൻഡിലൂടെ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ഈ കുടുംബശ്രീ അംഗം. മുരിങ്ങയിലയിൽ വിരിഞ്ഞ 'നാച്ചുറൽ' വിജയം കാണണം എങ്കിൽ ദേശീയ സരസ് മേള നടക്കുന്ന ചാലിശ്ശേരിയിലെ മുലയംപറമ്പത്ത് കാവ് മൈതാനത്തു എത്തണം. ഉൽപ്പന്ന പ്രദർശന വിപണന മേളയിലെ 33 ആം നമ്പർ സ്റ്റാളിലാണ് മുരിങ്ങ കൊണ്ടുള്ള വിസ്മയം.

എലപ്പുള്ളി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ നന്ദനം കുടുംബശ്രീ അംഗമായ അരുണ കഴിഞ്ഞ ആറു വർഷമായി ഈ സംരംഭം തുടങ്ങിയിട്ട്. നാട്ടിൻപുറങ്ങളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന മുരിങ്ങയിലകൾ വൃത്തിയാക്കി സ്വന്തം മില്ലിൽ പൊടിച്ചാണ് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നത്. യന്ത്രസഹായത്തേക്കാൾ ഉപരിയായി ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള ജോലികൾ പൂർണ്ണമായും കൈകൾ കൊണ്ടാണ് ചെയ്യുന്നത് എന്നത് ഇതിന്റെ തനിമ നിലനിർത്തുന്നു.

കേവലം ഒരു കറിയായി ഒതുങ്ങുന്നതല്ല അരുണയുടെ മുരിങ്ങയില ഉൽപ്പന്നങ്ങൾ. ആരോഗ്യത്തിന് ഏറെ ഗുണകരമായ വിഭവങ്ങളുടെ നീണ്ട നിര തന്നെ അരുണയ്ക്കുണ്ട്. മുരിങ്ങയില ചമ്മന്തിപ്പൊടി, ഇഡ്ഡലിപ്പൊടി, പുട്ടുപൊടി. മുരിങ്ങയില ചായപ്പൊടി, പോഷകസമൃദ്ധമായ സൂപ്പ് പൊടി. മുരിങ്ങപ്പൂവ് കൊണ്ടും മുരിങ്ങക്കായ കൊണ്ടുമുള്ള ചമ്മന്തിപ്പൊടികൾ, മുരിങ്ങയില ക്യാപ്സൂളുകൾ, കൂടാതെ കറിവേപ്പില സൂപ്പ് പൊടി, മുതിര, റാഗി എന്നിവ കൊണ്ടുണ്ടാക്കിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും 'നാച്ചുറൽ' ബ്രാൻഡിനെ വ്യത്യസ്തമാക്കുന്നു.

ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് സംരംഭകയിലേക്കുള്ള അരുണയുടെ വളർച്ചയ്ക്ക് പിന്നിൽ പട്ടാമ്പിയിലെ കേരള കാർഷിക ഗവേഷണ വികസന കേന്ദ്രത്തിന്റെ വലിയ പിന്തുണയുണ്ട്. അവിടെ നിന്ന് ലഭിച്ച ശാസ്ത്രീയമായ പരിശീലനമാണ് കൃത്യമായ ഗുണനിലവാരത്തോടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ അരുണയെ സഹായിച്ചത്.

'എന്റെ കേരളം' ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി പ്രദർശന വിപണന മേളകളിൽ ഇതിനോടകം അരുണയുടെ ഉൽപ്പന്നങ്ങൾ ജനപ്രീതി നേടിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് കുടുംബശ്രീയുടെ ദേശീയ മേളയായ സരസ് മേളയിൽ അരുണ പങ്കെടുക്കുന്നത്. പാരമ്പര്യവും ശാസ്ത്രീയതയും ചേർത്തുവച്ച് അരുണ ഒരുക്കുന്ന ഈ മുരിങ്ങയില വിഭവങ്ങൾ സരസ് മേളയിലെത്തുന്നവർക്ക് പുതിയൊരു അനുഭവമാകുമെന്ന് ഉറപ്പാണ്.

കാണികളുടെ കണ്ണും മനസ്സും നിറച്ച് 'പെൺപെരുമ' ഒന്നാം ദിനം Updated On 2026-01-03

ദേശീയ സരസ് മേളയുടെ രണ്ടാം ദിനം ഫുഡ്കോർട്ടിൽ ഭക്ഷ്യവൈവിധ്യങ്ങൾ ആസ്വദിക്കാനെത്തിയ ആയിരക്കണക്കിന് സന്ദർശകരെ മധുരമായ സ്വരസംഗീതം കൊണ്ടും,വടിവൊത്ത നൃത്തചുവടുകൾ കൊണ്ടും ഒരു കലാവിരുന്ന് തന്നെ ഒരുക്കിയാണ് കുടുംബശ്രീ കലാകാരികൾ വരവേറ്റത്. 'പെൺപെരുമ' കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടിയുടെ ആദ്യദിനം ഇന്ത്യൻ ഫുഡ് കോർട്ടിനുള്ളിലെ വേദി 2, അമ്മു സ്വാമിനാഥനിൽ ആനക്കര, ചാലിശ്ശേരി, പട്ടിത്തറ, മേലാർകോട് സി.ഡി.എസുകളിലെ നൂറിലേറെ കലാകാരികളാണ് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച്  കയ്യടി നേടിയത്. ഫോക്ക്ഡാൻസ്, നാടൻപാട്ട്, ഭരതനാട്യം, മാപ്പിളപ്പാട്ട്, വീരനാട്ടം, കവിത തുടങ്ങിയ ഇനങ്ങളിലായി ഇരുപതോളം കലാപരിപാടികൾ വേദിയിലരങ്ങേറി. മേലാർകോട് സി.ഡി.എസിൽ നിന്നുമെത്തിയ രതിചേച്ചിയുടെ അത്യുഗ്രൻ നാടൻ പാട്ടുകളും, ആനക്കര സി.ഡി.എസിൽ നിന്നുമെത്തിയ സോയയുടെ അതിമനോഹരമായ ഭരതനാട്യവും കാണികളെ പുളകം കൊള്ളിച്ച പ്രകടനങ്ങളിൽ എടുത്തുപറയേണ്ടതാണ്. പരിപാടിയുടെ അവസാനം പങ്കെടുത്ത കലാകാരികളെ മെമെൻ്റോ നൽകി ആദരിച്ചു. ആദ്യദിനം അതിഗംഭീരമായി തുടങ്ങിയ 'പെൺപെരുമ' സരസ്മേളയുടെ അവസാന ദിനംവരെ വേദി രണ്ടിൽ അരങ്ങേറും.

സരസ് മേളയിൽ രുചി വൈവിധ്യവുമായി 'മോമാസ്' Updated On 2026-01-03

ദേശീയ സരസ് മേളയിൽ രുചി വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ് എറണാകുളം ജില്ലാ മിഷന് കീഴിലുള്ള 'മോമാസ്' (Momma's) സ്റ്റാൾ. കീഴ്മാട് സി.ഡി.എസിൽ നിന്നുള്ള ഈ സംരംഭം 45-ഓളം വ്യത്യസ്ത ഹോംമെയ്ഡ് അച്ചാറുകളുമായാണ് മേളയിൽ എത്തിയിരിക്കുന്നത്.


മേളയിലെ 133-ാം നമ്പർ സ്റ്റാളിലാണ് മോമാസ് പ്രവർത്തിക്കുന്നത്. കീഴ്മാട് സി.ഡി.എസിലെ വെള്ളൂകാവിലമ്മ കുടുംബശ്രീ യൂണിറ്റ് അംഗമായ ഹിംസി സുരേഷാണ് ഈ സംരംഭത്തിന് പിന്നിൽ. പൂർണ്ണമായും വീടുകളിൽ തന്നെ തയ്യാറാക്കുന്ന, രാസവസ്തുക്കൾ കലരാത്ത ഉൽപ്പന്നങ്ങളാണ് ഇവരുടെ പ്രത്യേകത. വിനാഗിരി ചേർക്കാത്ത സ്പെഷ്യൽ മാങ്ങ അച്ചാറിന് മേളയിൽ ആവശ്യക്കാർ ഏറെയാണ്.

വിപണിയിൽ ലഭിക്കുന്ന സാധാരണ അച്ചാറുകൾക്ക് പുറമെ, 'അടനെല്ലിക്ക', 'അടമാങ്ങ', വാഴപ്പിണ്ടി കാന്താരി, വടുകപ്പുളി, സ്പെഷ്യൽ കൊണ്ടാട്ടം, ആന്ധ്ര സ്പെഷ്യൽ ആവക്കാ മാങ്ങ, പാവയ്ക്ക, പുളിഞ്ചി തുടങ്ങിയ ഔഷധഗുണമുള്ളതും അപൂർവ്വവുമായ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

മേളയോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും മോമാസ് നൽകുന്നുണ്ട്. നാല് കുപ്പി അച്ചാർ വാങ്ങുമ്പോൾ ഒന്ന് സൗജന്യമായി (Buy 4 Get 1 Free) ലഭിക്കും. കൂടാതെ 5 എണ്ണത്തിന് 500 രൂപ, 5 എണ്ണത്തിന് 200 രൂപ എന്നിങ്ങനെയുള്ള കോംബോ ഓഫറുകളും ലഭ്യമാണ്.

മേളയിൽ സുഗന്ധം നിറച്ച് കേരള സ്പൈസസ് യൂണിറ്റ് Updated On 2026-01-03

ചാലിശ്ശേരി മുലയംപറമ്പ് മൈതാനത്ത് സംഘടിപ്പികുന്ന സരസ് വിപണന മേളയെ സുഗന്ധപൂരിതമാക്കി മാറ്റിയിരിക്കുകയാണ് കൊല്ലം കോർപ്പറേഷൻ സി.ഡി.എസിൽ നിന്നുമെത്തിയ കേരള സ്പൈസസ് യൂണിറ്റ്. ഏലക്ക, ഗ്രാമ്പൂ, താക്കോലം, ജാതിപത്രി, കുരുമുളക്, പെരുംജീരകം, ജാതിക്ക, കറുകപ്പട്ട, ചുക്ക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളാണ് 48ആം സ്റ്റാളിൽ സജ്ജീകരിച്ചിട്ടുള്ള യൂണിറ്റിൻ്റെ പ്രധാന വിപണന വസ്തുക്കൾ. നാലോളം സുഗന്ധവ്യഞ്ജനങ്ങളും ഒപ്പം തുളസി, ബ്രഹ്മി, തിപ്പലി, ശംഖുപുഷ്പം, അരുത തുടങ്ങിയ ഔഷധങ്ങളും ചേർത്ത് തയ്യാറാക്കുന്ന ചുക്ക് കരിപ്പെട്ടിയാണ് സ്റ്റാളിൻ്റെ മറ്റൊരു പ്രത്യേകത.

മായം കലരാത്ത, ഔഷധഗുണങ്ങൾ ഏറെയുള്ള, പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ വാങ്ങിക്കാൻ സ്റ്റാളിനു മുമ്പിൽ എപ്പോഴും ജനത്തിരക്കാണ്.

25 വർഷങ്ങൾക്കു മുമ്പ് റഹ്മത്ത്  ഭർത്താവ് മുജീബിന്റെ പിന്തുണയോടെ ആരംഭിച്ചതാണ് ഈ സുഗന്ധവ്യഞ്ജന യൂണിറ്റ്. കുമളി, നെടുംകണ്ടം, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നാണ് ഇവർ വിപണനത്തിനായി സുഗന്ധവ്യഞ്ജനങ്ങൾ ശേഖരിക്കുന്നത്. ഒന്നിൽ കൂടുതൽ തവണ ഈ സംരംഭകർ ഇതിനുമുമ്പ് സരസ് മേളയിൽ പങ്കെടുത്തിട്ടുണ്ട്. രുചിയേറും ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിലും, ആരോഗ്യപരിപാലനത്തിലും സുഗന്ധവ്യഞ്ജനങ്ങൾക്കുള്ള വലിയ പങ്ക് തിരിച്ചറിഞ്ഞ ഈ സംരംഭകർ, അത് പ്രകൃതിദത്തമായ രീതിയിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ വരുമാനം കണ്ടെത്തുകയാണ് ഇപ്പോൾ.

അക്ഷരമുറ്റത്തുനിന്ന് നൂലിഴകളുടെ വിസ്മയത്തിലേക്ക്; സരസ് മേളയിൽ രേണുകയുടെ ക്രോഷേ കല Updated On 2026-01-03

ഇരുപത്തിയാറ് വർഷം ക്ലാസ് മുറികളിൽ മലയാളത്തിന്റെ മാധുര്യം പകർന്നു നൽകിയ അധ്യാപിക ഇപ്പോൾ നൂലുകൾ കൊണ്ട് കവിത രചിക്കുകയാണ്. ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ സന്ദർശകരുടെ മനം കവരുന്നത് പിലാക്കാട്ടിരി സ്വദേശിനി പി.സി.രേണുകയുടെ 'ആരോഹി ബോട്ടിക്' എന്ന സ്റ്റാളാണ്. അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം തന്റെ പഴയകാല ഹോബിയെ വിജയകരമായ ഒരു സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ഈ അധ്യാപിക.

കാൽ നൂറ്റാണ്ട് മുൻപ് പഠിച്ചെടുത്ത ക്രോഷേ കലയെയാണ് രേണുക ഇന്ന് ആധുനിക ഫാഷന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നത്. നാഗലശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡ് പിലാക്കാട്ടിരി സോഡിയാക് കുടുംബശ്രീ അയൽക്കൂട്ട അംഗമായ രേണുക തന്റെ വിരൽത്തുമ്പിലെ മാന്ത്രികത കൊണ്ട് നൂലുകളെ ആകർഷകമായ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നു.

കോട്ടൺ, അക്രലിക് മെറ്റീരിയലുകളിലുള്ള ഉയർന്ന നിലവാരമുള്ള നൂലുകൾ ഉപയോഗിച്ചാണ് നിർമ്മാണം. മനോഹരമായ ഹാൻഡ് ബാഗുകൾ, ട്രെൻഡി മൊബൈൽ പൗച്ചുകൾ, കുഞ്ഞുടുപ്പുകൾ, ടീപ്പോയി കവറുകൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് 91 ആം നമ്പർ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ വഴി മെറ്റീരിയലുകൾ കണ്ടെത്തി, ഓരോ ഉപഭോക്താവിന്റെയും താൽപ്പര്യത്തിനനുസരിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിച്ചു നൽകുന്നു എന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത.

ഭാഷാധ്യാപികയായി 26 വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് രേണുക പൂർണ്ണസമയ സംരംഭകയാകുന്നത്. പഠിച്ചെടുത്ത വിദ്യ വെറുതെ കളയരുത് എന്ന ആഗ്രഹമാണ് ആരോഹി ബോട്ടിക്കിന് പിന്നിൽ. നിരവധി മേളകളിൽ  ഇതിനോടകം പങ്കെടുത്ത രേണുക ഇത് ആദ്യമായാണ് സരസ് മേളയിൽ പങ്കെടുക്കുന്നത്. സരസ് മേള പോലുള്ള വേദികൾ തന്നെപ്പോലെയുള്ള ചെറുകിട സംരംഭകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന്‌ രേണുക പറയുന്നു.

പാലക്കാട് ജില്ലയുടെ അഭിമാനമായി മാറിയ രേണുകയുടെ സ്റ്റാൾ സരസ് മേളയിലെത്തുന്ന കലാപ്രേമികൾക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. കേവലം ഒരു പ്രദർശന വസ്തു എന്നതിലുപരി, ഗുണമേന്മയുള്ള ക്രോഷേ ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് രേണുകയുടെ ലക്ഷ്യം.

കാടിറങ്ങി വന്ന വനസുന്ദരിക്ക് വൻ തിരക്ക് Updated On 2026-01-03

സരസ് മേളയിലെ കുടുബശ്രീ മെഗാ ഭക്ഷ്യമേളയിൽ കാടിറങ്ങി വന്ന അടപ്പാടിയിലെ വനസുന്ദരിക്ക് ആവശ്യക്കാർ ഏറെയാണ്. അട്ടപ്പാടി കൂക്കം പാളയം ആദിവാസി ഉന്നതിയിലെ രുചി പൂരം കുടുംബശ്രീ അംഗങ്ങളായ അമല അഭയ കുമാർ, സരോജിനി, വിജികി എന്നിവരാണ് ഇത് തയ്യാറാക്കുന്നത്.

പച്ചക്കുരുമുളകും കാന്താരിയും പാലക്കിലയും മല്ലിയും പുതിനയും കാട്ടുജീരകവും ചില പച്ചിലകളും ചേര്‍ത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് കല്ലില്‍ വച്ച് പൊള്ളിച്ച് ചതച്ചെടുത്താല്‍ വനസുന്ദരി റെഡി. അട്ടപ്പാടി ഊരുകളില്‍ കൃഷി ചെയ്യുന്ന കോഴി ജീരകമാണ് വനസുന്ദരി ചിക്കന്റെ പ്രധാന രുചിക്കൂട്ട്.
 

പച്ചനിറത്തില്‍ തീന്‍മേശയിലേക്ക് എത്തുന്ന വനസുന്ദരി അട്ടപ്പാടി ആദിവാസി ഉന്നതികളിലെ തനത് വിഭവമാണ്. മസാലപൊടികള്‍ ഒന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന ഈ വിഭവം ആരോഗ്യദായകമാണെന്നതാണ് പ്രത്യേകത. ഒരു പ്ലേറ്റിന് 200 രൂപയാണ്  വില. റസ്റ്റോറന്റുകളില്‍ ലഭ്യമല്ലാത്ത വനസുന്ദരിക്ക് തിരക്കേറുകയാണ്.

ഉന്മേഷത്തിന് ഊരുകാപ്പി Updated On 2026-01-03

ഔഷധക്കൂട്ടിന്റെ കലവറ തീർത്താണ് അട്ടപ്പാടിയിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ ഫുഡ്കോർട്ടിൽ സ്റ്റാളൊരുക്കിയിട്ടുള്ളത്. കഫക്കെട്ട്, ജലദോഷം, തലവേദന എന്നിങ്ങനെയുളള രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയെന്ന് വിശേഷിപ്പിക്കാം അട്ടിപ്പാടി ഊരുകാപ്പിയെ. രഹസ്യക്കൂട്ടുകള്‍ കൊണ്ടുണ്ടാക്കുന്ന ഈ കാപ്പിയ്ക്ക് ആവശ്യക്കാരേറെയാണ്. അട്ടപ്പാടിയിലെ വനസുന്ദരി എല്ലായ്‌പ്പോഴുമെന്ന പോലെ ഇത്തവണയും സരസ് മേളയിലെ താരമാണ്.

ഇന്ത്യയുടെ രുചി വൈവിധ്യം കൊണ്ട് നിറഞ്ഞ മെഗാ ഫുഡ്കോർട്ടിൽ രാജസ്ഥാൻ സ്‌പെഷ്യൽ റമ്പടി ഗേവർ, പഞ്ചാബ് ദഹി ബല്ലെ, തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ രുചികളുടെ കലവറയാണ് കുടുംബശ്രീ ഒരുക്കിയിട്ടുള്ളത്.

ഭക്ഷ്യമേളയിലും ഒന്നിച്ചൊന്നായ് Updated On 2026-01-03

സംസ്ഥാന സർക്കാരിൻ്റെയും കുടുംബശ്രീ കൂട്ടായ്മയുടേയും സഹായത്തോടെ സംരംഭത്തിൽ തിളങ്ങിയ വിജയത്തിൻ്റെ കഥയുമായാണ് ട്രാൻസ് ജെൻ്റേഴ്സിൻ്റെ ഒരുമ പാലക്കാടും എറണാകുളം ലക്ഷ്യയും ഭക്ഷ്യമേളയിൽ എത്തിയിട്ടുള്ളത്. 2017 മുതൽ സരസ് മേളയിലെ സ്ഥിരം സാന്നിധ്യമാണ് ഒരുമ പാലക്കാട്. വർഷ നന്ദിനി, വിഷ്ണു നക്ഷത്ര എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്തി എബിസി, സ്പെഷ്യൽ നെല്ലിക്ക, പച്ചമാങ്ങ തുടങ്ങിയ ജ്യൂസുകൾ വിവിധ തരം ലൈമുകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 2022ൽ സംസ്ഥാന സർക്കാരിൻ്റെ മികച്ച സംരംഭകയ്ക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ഒരു മികച്ച കർഷക കൂടിയാണ് വർഷ നന്ദിനി.

അച്ചാർ സോഡ, മോര് സോഡ തുടങ്ങിയ സോഡാ വിഭവങ്ങളും നന്നാരി കള്ളനുമാണ് എറണാകുളത്ത് ലക്ഷ്യ ജ്യൂസ് സ്റ്റാളിലെ സ്പെഷ്യൽ, അമൃത ജോസഫ് മാത്യു, മിരിയ മാത്യു, മീനാക്ഷി തുടങ്ങിയവരാണ് ലക്ഷ്യയെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. ഉപ്പും മുളകും, ചറുമുറുവും ഇവിടെയുണ്ട്.