സരസ് മേള: ഭക്ഷണ പ്രേമികളുടെ ഇഷ്ട വിഭവമായി മൈസൂർ മസാലദോശയും ചിക്കൻ സ്റ്റിക്ക് കബാബും
Updated On 2025-05-12
കോഴിക്കോട്: ദേശീയ സരസ് മേളയിലെ കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിൽ ദിനംപ്രതി ആവശ്യക്കാരേറി വരികയാണ് മൈസൂരിൽ നിന്നുമെത്തിയ ശ്രീലക്ഷ്മി യൂണിറ്റിന്റെ മൈസൂർ മസാല ദോശയ്ക്കും, ചിക്കൻ സ്റ്റിക്ക് കബാബിനും. പ്രത്യേക മസാല കൂട്ടുകൾ ചേർത്ത് തവക്കല്ലിൽ വെച്ച് വേവിച്ചെടുക്കുന്ന കബാബിനും, പ്രത്യേക മൈസൂർ ചട്ട്നി പൊടി വിതറി ചുട്ടെടുക്കുന്ന മസാല ദോശയ്ക്കും മികച്ച അഭിപ്രായങ്ങളാണ് ദിവസേന ഭക്ഷണ പ്രേമികളിൽ നിന്നും ലഭിക്കുന്നത്.
ഇതിനുപുറമേ മുട്ട മസാലദോശ, ഉളളി ദോശ, ക്യാരറ്റ് ദോശ, പനീർ ദോശ തുടങ്ങിയ വിവിധതരം ദോശകളും ശ്രീലക്ഷ്മി യൂണിറ്റിൻ്റെ 36ാം സ്റ്റാളിൽ ലഭ്യമാണ്. പത്തിലേറെ തവണ സരസ് മേളകളിൽ പങ്കെടുത്ത അനുഭവമുള്ള, യൂണിറ്റിന്റെ ഉടമ കൂടിയായ പുഷ്പാവതിയെ സഹായിക്കാൻ മനു, താനിയ, നിശ്ചിത, പജുവൽ എന്നീ നാലംഗ സംഘവും സ്റ്റാളിൽ ഒപ്പമുണ്ട്. കർണാടകയുടെ ദോശ വൈവിധ്യങ്ങളും ചിക്കൻ സ്റ്റിക്കർ സ്റ്റിക്ക് കബാബും മനസ്സറിഞ്ഞ് ആസ്വദിക്കാൻ സരസ് മേളയിലേക്ക് എത്തുന്നവരും നിരവധിയാണ്.
മേളയിൽ വിരിഞ്ഞ 'പൂക്കൾ'
Updated On 2025-05-12
കോഴിക്കോട്: സരസ് മേള കാണാനെത്തുന്ന സന്ദർശകരെ ഒരു പൂക്കാലം തന്നെ ഒരുക്കിയാണ് ഗോവയിലെ പനാജി ജില്ലയിൽ നിന്നുമെത്തിയ സംരംഭകയായ ഫർസാന സയെത്ത് വരവേൽക്കുന്നത്. സരസ് മേളയിലെ 76ാം നമ്പർ സ്റ്റാളിലാണ് ഫർസാനയുടെ ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ് യൂണിറ്റ് ഉള്ളത്. പനാജിയിൽ നിന്നുമുള്ള ധനലക്ഷ്മി സ്വയം സഹായ സംഘത്തിലെ അംഗമാണ് ഫർസാന.
ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ് ഉടമയായ ഫർസാന വിവിധ നിറത്തിലും, വലിപ്പത്തിലും, ആകൃതിയിലുമുള്ള പൂക്കൾ ആണ് ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ് യൂണിറ്റിലൂടെ നിർമിച്ചു വിപണനം ചെയ്യുന്നത്. സോളമരം, വാഴത്തടി, മധുരചോളം എന്നിങ്ങനെ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് പൂച്ചെടികളുടെ നിർമാണം. 30 രൂപ മുതൽ ആരംഭിക്കുന്ന പൂക്കളിൽ ലില്ലി, ബഡ് റോസ്, ബ്യൂട്ടി റോസ് തുടങ്ങിയ വൈവിധ്യമാർന്ന പൂക്കളുടെ ഒരു ശേഖരണം തന്നെയുണ്ട്. കാഴ്ചയിൽ ഭംഗിയും ആശ്ചര്യവും ഉളവാക്കുന്ന ഈ പൂച്ചെടികൾ ദിനംപ്രതി സന്ദർശകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന പൂക്കൾ വാങ്ങാനും ആവശ്യക്കാരേറെയാണ്.
"ആരോഗ്യരക്ഷയ്ക്ക് നാട്ടുവൈദ്യം", പാരമ്പര്യ നാട്ടു വൈദ്യവുമായി ജേക്കബ് വൈദ്യരുണ്ട് സരസ് മേളയിൽ
Updated On 2025-05-12
കോഴിക്കോട്: തലമുറകളിൽ നിന്നു തലമുറകളിലേക്കു വാമൊഴിയായി വിനിമയം ചെയ്യപ്പെട്ട രഹസ്യവിധികളിലൂടെ തയ്യാറാക്കിയ പച്ചമരുന്നുകളെ പരിചയപ്പെടുത്തുകയാണ് വയനാട്ടിൽ നിന്നുള്ള ജേക്കബ് വൈദ്യരും ഭാര്യ ലില്ലിയും. താഴമുണ്ട തേജസ് കുടുംബശ്രീ അയൽക്കൂട്ട അംഗമാണ് ലില്ലി. ലില്ലിയും ജേക്കബും ചേർന്ന് 2020 ൽ ആണ് 'ഒമേഗ പാരമ്പര്യ നാട്ടുവൈദ്യ ചികിത്സാലയം' എന്ന പേരിൽ സംരംഭം ആരംഭിക്കുന്നത്. വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്ത് 17 ആം വാർഡ് താഴമുണ്ടയാണ് ഇവരുടെ സ്വദേശം.
മുപ്പതാം വയസിലാണ് തലമുറയായി പകർന്ന് കിട്ടിയ ഒറ്റമൂലി പ്രയോഗം നടത്തി പാരമ്പര്യ നാട്ടുവൈദ്യ ചികിത്സാരംഗത്തേക്ക് കടന്നതെന്നു ജേക്കബ് പറയുന്നു. അലർജി, തുമ്മൽ, കഫക്കെട്ട്, ആസ്മ, ശ്വാസം മുട്ടൽ എന്നിവയ്ക്കായി തയ്യാറാക്കിയ പച്ചമരുന്ന് പിന്നീട് "ഹോളി ബേസിൽ തുളസി തൈലം" എന്ന പേരിൽ വിപണികളിൽ സജീവമായി ഇവർ വിറ്റഴിച്ചു തുടങ്ങി. ആദ്യമായി തയ്യാറാക്കിയ ഈ പച്ചമരുന്ന് അന്വേഷിച്ചാണ് ഇന്നും ആവശ്യക്കാർ എത്തുന്നത് എന്ന് സരസ് മേളയിലെ 127 ആം നമ്പർ സ്റ്റാളിൽ ഇരുന്ന് ഇരുവരും പറയുന്നു.
അരിമ്പാറ, ആണിരോഗം ,അലർജി, കുഴിനഖം, വേരിക്കോസ് വെയിൻ സോറിയാസിസ്, അകാലനര തുടങ്ങിയവ പ്രതിരോധിക്കുന്നതിനുള്ള പച്ചമരുന്നുകൾ ഇവരുടെ കൈയിലുണ്ട്. കേരളത്തിനകത്തും കർണാടകയിൽ നിന്നുമായാണ് പച്ചമരുന്നുകൾക്ക് ആവശ്യമായ ഔഷധ ചെടികൾ ഇവർ ശേഖരിക്കുന്നത്. അത്യാവശ്യത്തിനു വീട്ടിലും ഔഷധ ചെടികൾ കൃഷി ചെയ്യുന്നുണ്ട് എന്നും ഇവർ പറയുന്നു. 30 ഓളം പച്ചമരുന്നുകളാണ് സരസ് മേളയിലെ സ്റ്റാളിൽ ഇവർ എത്തിച്ചിരിക്കുന്നത്. ഇവർ ആദ്യമായാണ് സരസ് മേളയിൽ പങ്കെടുക്കുന്നത്.
തറികളിൽ നിലയ്ക്കാത്ത നെയ്ത്ത്..സരസ് മേള കളറാക്കാൻ 'കുത്താമ്പുള്ളി'യുമുണ്ട്
Updated On 2025-05-12
കോഴിക്കോട്: കേരളത്തനിമയുടെ കൈത്തറി വിസ്മയം ഏറെ ദൃശ്യമാണ് സരസ് മേളയിലെ 107 ആം നമ്പർ സ്റ്റാളിൽ. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിലെ കമ്പനിപ്പടി തുഷാരം കുടുംബശ്രീ അയൽക്കൂട്ടത്തിന്റെയാണ് സ്റ്റാൾ. കൈത്തറി നെയ്ത്തിന് പേരുകേട്ട കുത്താമ്പുള്ളിയുടെ കൈത്തറി ഉൽപ്പന്നങ്ങൾ മേളയിൽ എത്തിച്ചിരിക്കുന്നത് തുഷാരം കുടുംബശ്രീ അയൽക്കൂട്ടം അംഗമായ ഐശ്വര്യയും ഭർത്താവ് ഗിരീഷുമാണ്. കുത്താമ്പുള്ളി ഗ്രാമത്തിന് തൊട്ടടുത്തായാണ് കടമ്പഴിപ്പുറം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി കേരളത്തിനകത്തും പുറത്തും നടക്കുന്ന മേളകളിൽ കുത്താമ്പുള്ളിയുടെ കൈത്തറി ഉൽപ്പന്നങ്ങളുമായി ഇവർ പങ്കെടുക്കുന്നുണ്ട്. ഇത് ആദ്യമായാണ് ദേശീയ സരളയിൽ പങ്കെടുക്കുന്നത്.
പാരമ്പര്യത്തിന്റെ തനതു രീതികള്‍ കൈവെടിയാതെ കൈത്തറിയില്‍ ആധുനിക സങ്കല്പങ്ങളും ഒരുമിച്ചു ചേര്‍ക്കുന്ന കസവു വേഷ്ടി, സെറ്റ് മുണ്ട്, ഡിസൈനര്‍ സാരി എന്നിവയും കൈത്തറി ബെഡ്ഷീറ്റ്, മുണ്ട്, തോർത്ത് എന്നിവയുമാണ് ഇവർ സരസ് മേളയിൽ എത്തിച്ചിരിക്കുന്നത്. 2018 ലാണ് തുഷാരം കുടുംബശ്രീ അയൽക്കൂട്ടം രൂപീകരിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ 'കൈവല്യം ഹാൻഡ്ലൂംസ്' എന്ന പേരിൽ കൈത്തറി സംരംഭം തുടങ്ങി. സംരംഭം ആരംഭിച്ചു ഏഴുവർഷം പിന്നിടുമ്പോൾ കുത്താമ്പുള്ളിയിലെ കൈത്തറി ഉത്പന്നങ്ങൾ മാത്രം തേടിയെത്തുന്നവരുടെ എണ്ണവും കൂടിയിരിക്കുന്നു എന്ന് സംരംഭകയായ ഐശ്വര്യയും ഭർത്താവ് ഗിരീഷും പറയുന്നു. 600 രൂപ മുതലാണ് സാരികളുടെ വില ആരംഭിക്കുന്നത്. ബെഡ്ഷീറ്റുകൾക്ക് 1000 രൂപ മുതൽ ഉള്ളവ ലഭ്യമാണ്. ഹോൾസെയിൽ വിലയിലാണ് ഇവർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. കുത്താമ്പുള്ളി കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങാൻ മേളയിലെത്തുന്നവരും നിരവധിയാണ്.
മോമോസ് മോമോസ് സിക്കിം മോമോസ്
Updated On 2025-05-11
കോഴിക്കോട്: സരസ് മേള സന്ദർശിക്കുന്നവരുടെ മനസ്സിൽ ഇടം പിടിക്കുകയാണ് ഇന്ത്യ ഫുഡ് കോർട്ടിലെ സിക്കിമിൽ നിന്നുള്ള സ്റ്റാളിലെ പ്രധാന ഇനമായ ഫ്രൈഡ് മോമോസ്. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക് ജില്ലയിലെ സംരംഭകരാണ് സരസ് മേളയിൽ ഭക്ഷണ വൈവിധ്യമൊരുക്കാൻ എത്തിയിരിക്കുന്നത്. ആവിയിൽ വേവിച്ച ചിക്കൻ മോമോസ്, ഫ്രൈഡ് മോമോസ് എന്നിങ്ങനെ വ്യത്യസ്തരം മോമോസ് വിഭവങ്ങൾ ആണ് ഇവിടെ ലഭ്യമായിട്ടുള്ളത്.
വളരെ മികച്ച രീതിയിൽ ഉള്ള അഭിപ്രായമാണ് ഫുഡ് കോർട്ടിൽ എത്തുന്ന ഓരോ ഭക്ഷണ പ്രേമികളിൽ നിന്നും ലഭിക്കുന്നതെന്നു സംരംഭകരിൽ ഒരാളായ സ്മൃതി പറയുന്നു. കച്ചവടത്തിൽ ദിനംപ്രതി വർധനയുണ്ടെന്നും സ്മൃതി പറഞ്ഞു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് മോമോസ് ഉണ്ടാക്കി വിൽക്കുന്ന സംരംഭം തുടങ്ങിയതെന്നും സ്മൃതി പറഞ്ഞു. സിക്കിമിലെ നിന്നും കേരളത്തിലെ സരസ് മേളയിൽ പങ്കെടുക്കാൻ എത്തിയത് മികച്ച ഒരു അനുഭവമായിരുന്നെന്നും സാക്ഷ്യപ്പെടുത്തുന്നു ഈ സംരംഭക. സിക്കിം മോമോസ് രുചിച്ചു നോക്കാൻ സരസ് മേളയിൽ എത്തുന്നവരും നിരവധിയാണ്. പാഴ്‌സലായും നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ട്.
സരസ് മേളയിൽ അത്തറിന്റെ സുഗന്ധം നിറച്ചു പാലക്കാട് നിന്നുമുള്ള നാജു പെർഫ്യൂംസ്
Updated On 2025-05-11
കോഴിക്കോട്: സരസ് മേളയിൽ അത്തറിന്റെ സുഗന്ധം നിറയ്ക്കുകയാണ് പാലക്കാട് നിന്നുള്ള നാജു പെർഫ്യൂംസ്. പന്ത്രണ്ടാമത് ദേശീയ സരസ് മേളയുടെ ഭാഗമായി 218ാം നമ്പർ സ്റ്റാളിലാണ് നാജു പെർഫ്യൂംസ് വിപണനം നടത്തുന്നത്. വിവിധ തരം അത്തറുകളുമായാണ് സംരംഭകയായ ഫമീന സരസ് മേളയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ മലമ്പുഴ പഞ്ചായത്തിലെ അംബിക അയൽക്കൂട്ടത്തിലെ അംഗമാണ് ഫമീന. അഞ്ചു വർഷം മുൻപാണ് നാജു പെർഫ്യൂംസ് എന്ന തന്റെ സംരംഭം ആരംഭിച്ചതെന്ന് ഫമീന പറയുന്നു. അപ്പോൾ മുതൽ സരസ് മേളയിൽ പങ്കെടുക്കുന്നു. ഫമീനയുടെ അഞ്ചാമത്തെ സരസ് മേളയാണിത്. ജാഗ്വാർ, ബ്ലൂ ലേഡി, എയ്ഞ്ചൽ, റോയൽ മിറാജ് തുടങ്ങി 20 ഓളം അത്തറുകൾ ഈ സ്റ്റാളിൽ ലഭ്യമാണ്. വിവിധ തരം അത്തറുകൾ വിൽക്കുന്നതിനൊപ്പം തന്നെ പല അത്തറുകൾ തമ്മിൽ യോജിപ്പിച്ച് ഉപഭോക്താക്കളുടെ ആവശ്യാനുസരണം പുതിയ അത്തറുകൾ ഉണ്ടാക്കി നൽകുകയും നൽകുന്നു. ഇത്തരം പെർഫ്യൂമുകളുടെ ക്രീമുകളും ഇവിടെ ലഭ്യമാണ്. കഴിഞ്ഞ 5 സരസ് മേളയിലെയും പോലെ തന്നെ ഈ സരസ് മേളയിലും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് സംരംഭകയായ ഫമീന പറയുന്നു.
മേള കാണാനെത്തി കാടിന്റെ മക്കൾ
Updated On 2025-05-11
കോഴിക്കോട് : ദേശീയ സരസ് മേള കാണാൻ ചുരമിറങ്ങി കിലോമീറ്റർ താണ്ടി കോഴിക്കോട് കടപ്പുറത്ത് എത്തിയിരിക്കുകയാണ് വയനാട് തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്തിൽ നിന്നുമുള്ള തൊണ്ണൂറോളം കുട്ടികൾ. കുടുംബശ്രീ മുഖേനെ വയനാട് തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ട്രൈബൽ പ്രത്യേക പദ്ധതിയിൽ നിന്നുമുള്ള കാട്ടുനായ്ക്കർ, പണിയർ, അടിയർ, കുറുമര്‍ എന്നീ നാല് തദ്ദേശീയ ജനവിഭാഗങ്ങളിൽ നിന്നുമുള്ള ബ്രിഡ്ജ് കോഴ്സ്, ബാലസഭ വിദ്യാർത്ഥികളാണ് മേള സന്ദർശിക്കാനായെത്തിയത്. തിരുനെല്ലിയിൽ നിന്നും 47 കുട്ടികളും നൂൽപുഴയിൽ നിന്നും 40 കുട്ടികളുമാണ് എത്തിയത്.
മേള ആസ്വദിക്കാനെത്തിയ കുട്ടികൾ, മേളയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി കോഴിക്കോട് ജില്ലാ മിഷൻ കോർഡിനേറ്ററായ പി. സി. കവിതയുമായി സംവദിച്ചു. ആദ്യമായി സരസ് മേളയിൽ പങ്കെടുക്കുന്ന ഇവരെ സ്വീകരിക്കാനും, നിയന്ത്രിക്കാനും, മേളയെ പരിചയപ്പെടുത്താനും വയനാട് സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ സായി കൃഷ്ണനും, ബ്രിഡ്ജ് കോഴ്സ് ടീച്ചർമാരും, ആനിമേറ്റർമാരും ഒപ്പം തന്നെയുണ്ടായിരുന്നു. സോഷ്യൽ ഡെവലപ്മെൻറ് ജില്ലാ പ്രോഗ്രാം മാനേജർ അനഘ ആർ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി. മേള മുഴുവൻ ചുറ്റിക്കറങ്ങി, ഫുഡ് കോർട്ടിൽ ഒരുക്കിയിരിക്കുന്ന വിവിധ സംസ്ഥാങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച്, കടപ്പുറത്തും കുറച്ചു സമയം ചെലവഴിച്ചതിനും ശേഷമാണ് കുട്ടികൾ വയനാട്ടിലേക്ക് മടങ്ങിയത്.
വിഗ്രഹങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെ... ചിരട്ടയിൽ അത്ഭുതങ്ങൾ തീർത്ത് ദമ്പതികൾ
Updated On 2025-05-11
കോഴിക്കോട്: സരസ് മേളയിലെ മുന്നൂറോളം ഉൽപന്ന വിപണന സ്റ്റാളുകൾക്കിടയിൽ കരകൗശലം കൊണ്ടും ഉൾപ്പന്നവൈവിധ്യം കൊണ്ടും വേറിട്ട് നിൽക്കുകയാണ് കൊല്ലം ജില്ലയിൽ നിന്നുള്ള "കൃഷ്ണാഞ്ജലി" കോക്കനട്ട് ഷെൽക്രാഫ്റ്റ് യൂണിറ്റിന്റെ 29ാം നമ്പർ സ്റ്റാൾ. സംരംഭകയായ സരളയും ഭർത്താവ് ശിവൻകുട്ടിയുമാണ് ചിരട്ടയിൽ അത്ഭുതങ്ങൾ തീർക്കുന്നത്. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിലെ , 'ദേവി കുടുംബശ്രീ' അയൽക്കൂട്ടത്തിലെ അംഗമാണ് സരള. പത്തിലേറെ സരസ് മേളകളിൽ പങ്കെടുത്ത അനുഭവസമ്പത്തുമായാണ് പന്ത്രണ്ടാമത് സരസ് മേളയിൽ പങ്കെടുക്കാനായി ഇരുവരും കോഴിക്കോടെത്തിയത്.
ഇതിന് മുമ്പ് പങ്കെടുത്ത സരസ് മേളകളിൽ നിന്നും രണ്ടുതവണ മേളയിലെ മികച്ച സ്റ്റാളിനുള്ള പുരസ്കാരം ഇവർക്ക് ലഭിച്ചിട്ടുണ്ട്. പതിനഞ്ച് രൂപ മുതൽ ആരംഭിക്കുന്ന ഇവരുടെ ഉൽപ്പന്നങ്ങളിൽ ചിരട്ടയിൽ തീർത്ത വീട്ടുപകരണങ്ങൾ, വാൽക്കണ്ണാടി തുടങ്ങി ചക്കയും, മാങ്ങയും കായ്ച്ചു നിൽക്കുന്ന പ്ലാവും മാവും വരെയുണ്ട്. വീട്ടിലിരുന്നു തന്നെയാണ് ഈ ദമ്പതികൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിൽപ്പനയും നടത്തുന്നത്. ആവശ്യക്കാർക്ക് കൊറിയർ ആയും തങ്ങളുടെ ഉത്പന്നങ്ങൾ അയച്ചുകൊടുക്കുന്നുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങളും നിർമ്മാണവും കാണാൻ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ മുതൽ അന്യസംസ്ഥാനത്തുനിന്ന് വരെ ആളുകൾ വരാറുണ്ടെന്നും ഈ വൃദ്ധ ദമ്പതികൾ പറയുന്നു. സരസ് മേളയിൽ സ്റ്റാളിൽ സജീകരിച്ചിട്ടുള്ള യൂണിറ്റിനു മുമ്പിലും ആവശ്യക്കാരുടെ തിരക്കുമുണ്ട്.
വാഴക്കൂമ്പ് അവലോസ് പൊടി, ഉണ്ണികാമ്പ് അച്ചാർ... 'വെറൈറ്റി' തേടി ആവശ്യക്കാരുടെ തിരക്ക്
Updated On 2025-05-11
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ദേശീയ സരസ് മേളയിലെ 184 ആം നമ്പർ സ്റ്റാൾ സന്ദർശിക്കുന്നവർ ആദ്യം അന്വേഷിക്കുന്നത് നല്ല നാടൻ വാഴക്കൂമ്പ് അവലോസ് പൊടിയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സരസ് മേളയിലെ സ്റ്റാളിൽ വാഴ കൊണ്ടുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിൽക്കുന്ന തിരക്കിലാണ് സുനിത, പുഷ്പ എന്നീ സംരംഭകർ. കോഴിക്കോട് ജില്ലയിലെ ഉളിയേരി പഞ്ചായത്തിലെ മൂന്നോളം കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ചേർന്ന് നടത്തുന്ന സുഫല യൂണിറ്റിൻ്റേതാണ് വാഴ കൊണ്ടുള്ള ഈ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ.
ആത്മ പദ്ധതിയുടെ ഭാഗമായാണ് കൃഷിഭവന്റെ നേതൃത്വത്തിൽ 2023 ൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ട്രെയിനിങ്ങിലൂടെ ഉളിയേരിയിലെ പത്തോളം സ്ത്രീകൾ വാഴ കൊണ്ടുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ പരിശീലനം നേടിയത്. അതേ വർഷം തന്നെ ഇവരുടെ നേതൃത്വത്തിൽ 'സുഫല' എന്ന പേരിൽ ഒരു യൂണിറ്റ് ആരംഭിച്ചു. ഇന്ന് സുഫലയുടെ ചുമതല സുനിത, പുഷ്പ, ഷൈനി , ബീന എന്നിവർക്കാണ്. വാഴക്കൂമ്പ് അവലോസ് പൊടി, ഉണ്ണിക്കാമ്പ് അച്ചാർ, വാഴക്കൂമ്പ് അച്ചാർ, ഉണ്ണിക്കാമ്പ് സ്ക്വാഷ്, വാഴക്കൂമ്പ് കട്ട്ലൈറ്റ്, വാഴക്കൂമ്പ് ചമ്മന്തി പൊടി തുടങ്ങി വാഴ കൊണ്ടുള്ള നിരവധി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാണ് ഇവർ ഉണ്ടാക്കി വിൽപ്പന നടത്തുന്നത്.
നാടൻ രുചിയിൽ തയ്യാറാക്കുന്ന അവലോസ് പൊടിയാണ് ഇവരുടെ മാസ്റ്റർ പീസ്. ഉള്ളിയേരിയിൽ കൃഷിഭവന്റെ നേതൃത്വത്തിലുള്ള സ്റ്റാളിലും ഇവരുടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ട്. വാഴയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ ആദ്യഘട്ടത്തിൽ കർഷകരിൽ നിന്നാണ് വാഴക്കന്നുകളും കാമ്പും ശേഖരിച്ചിരുന്നത് ഒപ്പം കൃഷിഭവൻ്റെ സഹായവും തേടി. ഓരോരുത്തർക്കും 50 ഓളം വാഴക്കന്നുകൾ ലഭിക്കുകയും ഇവ സ്വന്തം സ്ഥലത്തു കൃഷി ചെയ്ത് ഉൽപ്പന്നങ്ങൾ ഉണ്ടാക്കിത്തുടങ്ങുകയും ചെയ്തു. പ്രാദേശിക ജില്ലാതല മേളകളിൽ പങ്കെടുത്തിട്ടുള്ള ഇവർ ആദ്യമായാണ് ദേശീയ സരസ് മേളയിൽ പങ്കെടുക്കുന്നത്.
സരസ് മേള: മുള കൊണ്ടുള്ള പ്രകൃതി സൗഹൃദ സാനിറ്ററി നാപ്കിനുകൾ പരിചയപ്പെടുത്തി ഗുജറാത്തിൽ നിന്നുള്ള സ്റ്റാൾ
Updated On 2025-05-11
കോഴിക്കോട്: അജൈവ സാനിറ്ററി നാപ്കിനുകളുടെയും ഡയപ്പറുകളുടെയും ഉത്പാദനവും ഉപയോഗവും വലിയതോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുള കൊണ്ടുള്ള പ്രകൃതി സൗഹൃദ നാപ്കിനുകൾ പരിചയപ്പെടുത്തുകയാണ് ഗുജറാത്തിലെ ജുനാഗഡ്ഡ് ജിലയിലെ മേന്ദർദയിൽ നിന്നുള്ള സംരംഭകരായ ആശയും വർഷയും. ദേശീയ സരസ് മേളയിലെ ഇരുപത്തിയൊന്നാം നമ്പർ സ്റ്റാളിലാണ് ഗുജറാത്തിൽ നിന്നുള്ള ഇവരുടെ ഉത്പന്നങ്ങൾ വില്പനക്കായി എത്തിച്ചിരിക്കുന്നത്. ഇതിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ് മുള കൊണ്ടുള്ള നാപ്കിൻ.
സാധാരണ കെമിക്കൽ പൾപ്പിന് പകരം സാനിറ്ററി പാഡുകൾ നിർമ്മിക്കാൻ മുള പൾപ്പ് ഉപയോഗിക്കുന്നുണ്ട് എന്നത് കാഴ്ചക്കാരിൽ അധികം പേർക്കും പുതിയൊരു അറിവാണ്. ഒരുപക്ഷേ കേരളത്തിൽ ആദ്യമായിട്ടായിരിക്കും മുള പൾപ്പ് കൊണ്ടുള്ള നാപ്കിൻ എത്തുന്നതെന്നു സംരംഭകർ പറയുന്നു. മുള പൾപ്പിന് ഗുണങ്ങൾ ഏറെയാണ്. മരപ്പൾപ്പിനേക്കാൾ 300 ശതമാനം കൂടുതൽ ആഗിരണ ശക്തിയുള്ളതും സുരക്ഷിതവുമാണ്. ഇത്തരം നാപ്കിനുകളിൽ നിന്ന് കമ്പോസ്റ്റ് നിർമ്മിക്കാൻ സാധിക്കും എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. 10 നാപ്കിന് 80 രൂപ മാത്രമേ വില വരുന്നുള്ളൂ. നാപ്കിന് പുറമെ വീടുകളിൽ ചർക്ക ഉപയോഗിച്ച് നൂൽ നൂൽത്ത് നെയ്തെടുക്കുന്ന ഖാദിയുടെ ടോപ്പുകളും ഒപ്പം നിലക്കടല, മസാല കടല എന്നിവയും ഇവർ വില്പനക്കായി എത്തിച്ചിട്ടുണ്ട്. മേന്ദർദ വില്ലേജിലെ പത്തോളം സ്ത്രീകൾ ഉള്ള ഗാത്ര ഗ്രൂപ്പാണ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. 10 വർഷം മുമ്പ് ആരംഭിച്ച ഗാത്ര ഗ്രൂപ്പിൻറെ ഉൽപ്പന്നങ്ങൾ ഇത് ആദ്യമായാണ് കേരളത്തിൽ വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. ചന്ദനത്തിരി, അച്ചാർ, കാർപെറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങളും ഇവർ നിർമ്മിക്കുന്നുണ്ട്.