അതിശയ പത്തിരി കയ്ച്ചിനാ, സരസിന് പോന്നോളീ
Updated On 2026-01-03
"ഇങ്ങള് കോയിക്കോട്ടെ അതിശയ പത്തിരി കയ്ച്ചിനാ! പോന്നോളീ പള്ള നിറയെ കയ്ക്കാം" മേളയിലെ ഫുഡ് കോർട്ടിലെത്തിയാൽ കേൾക്കാം കോഴിക്കോടൻ ശൈലിയിലെ സ്നേഹത്തോടെയുള്ള ആ വിളി. വിളി മാത്രമല്ല പറഞ്ഞത് പോലെ വയറ് നിറയെ മലബാർ സ്പെഷ്യൽ വിഭവങ്ങളും ഫുഡ്കോർട്ടിലെ കോഴിക്കോട് സ്റ്റാളിലുണ്ട്. കോഴിക്കോട് തനിമ കുടുംബശ്രീ അംഗങ്ങായ ഇരട്ട സഹോദരിമാരാണ് സ്റ്റാളിൽ ആവേശത്തോടെ കച്ചവടം നടത്തുന്നത്. ഫിദ പി.ജി സൈക്കോളജിയും നിദ ബി.എഡ് വിദ്യാർത്ഥിയുമാണ്.
ലയറുകളിലാക്കിയ ചപ്പാത്തിയിൽ കോഴിയും മസാലയും പ്രത്യേകം ചേർത്തുണ്ടാക്കുന്ന അതിശയ പത്തിരിയുടെ രുചി അതിശയിപ്പിക്കുന്നതു തന്നെയാണ്. ഇതുകൂടാതെ കോഴിക്കോടൻ സ്പെഷ്യലായ ചിക്കൻ ഓലമടക്ക്, കല്ലുമ്മക്കായ - കൂന്തൽ നിറച്ചത്, കരിംജീരകക്കോഴി, ചിക്കൻ പൊട്ടിത്തെറിച്ചത് തുടങ്ങിയ വിവിധ വിഭവങ്ങളും കഴിക്കാം.
ആദ്യദിനം കാണികളെ ത്രസിപ്പിച്ച് ത്രയ മ്യൂസിക്കൽ ഫ്യൂഷൻ
Updated On 2026-01-02
സരസ് നഗരിയിലെ മഞ്ഞണിഞ്ഞ രാത്രിയെ സംഗീതലഹരിയിലാഴ്ത്തി 'ത്രയ' മ്യൂസിക്കൽ ഫ്യൂഷൻ. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്, പ്രമുഖ കീബോർഡ് പ്ലെയർ പ്രകാശ് ഉള്ള്യേരി എന്നിവർ ചേർന്ന് നടത്തിയ സംഗീത വിരുന്നാണ് കാണികളെ ത്രസിപ്പിച്ചത്.
മേളയുടെ ഭാഗമായി ജനുവരി 2, വെള്ളി വൈകുന്നേരം 7 മണിയോടെയാണ് പ്രമുഖ കലാകാരന്മാർ അണിനിരന്ന 'ത്രയ' മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറിയത്. ചെണ്ടയുടെയും ആധുനിക സംഗീത ഉപകരണങ്ങളുടെയും മനോഹരമായ സമന്വയമാണ് 'ത്രയ'യിലൂടെ ആസ്വാദകർക്ക് മുന്നിലെത്തിയത്.
സരസ് മേളയുടെ ആദ്യദിനത്തെ സംഗീതവിരുന്നിനായ് നിരവധി കാണികളാണ് മേളയിലേക്ക് എത്തിച്ചേർന്നത്.
രുചിവൈവിധ്യങ്ങളുടെ കലവറ തുറന്ന് ദേശീയ സരസ് മേള
Updated On 2026-01-02
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സരസ്മേളയിൽ എത്തിച്ചേർന്ന നൂറ്റിഅൻപതിൽപരം സംരംഭകരുടെ മുപ്പത്തിരണ്ടോളം ഭക്ഷ്യ വിപണന സ്റ്റാളുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ മെഗാ ഫുഡ്കോർട്ടിൻ്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ എ.എം. ഷംസീർ നിർവഹിച്ചു.
രാജസ്ഥാൻ, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, ആസാം, ലക്ഷദ്വീപ്, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളും, കേരളത്തിലെ 14 ജില്ലകളിലെയും തനതു ഭക്ഷ്യവിഭവങ്ങളുമടക്കം ഒരു രാജകീയവിരുന്ന് തന്നെയാണ് ചാലിശ്ശേരിയിലെ മുലയംപറമ്പ് മൈതാനത്ത്, പതിമൂന്നാം ദേശീയ സരസ്മേളയിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിനുശേഷം സ്പീക്കർ, മന്ത്രി എം.ബി. രാജേഷ്, എം.എൽ.എ.മാരായ മുഹമ്മദ് മുഹ്സിൻ, പി.മമ്മിക്കുട്ടി, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, തുടങ്ങിയവർ ഭക്ഷ്യസ്റ്റാളുകൾ സന്ദർശിക്കുകയും കുടുംബശ്രീ സംരംഭകർ ഒരുക്കിയ ഭക്ഷ്യവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു.
രാജസ്ഥാന്റെ റബ്ദി ഗീവര്, ആന്ധ്രാപ്രദേശിന്റെ കോക്കനട്ട് റൈസ്, പഞ്ചാബിന്റെ ചോള ബട്ടൂര, ലക്ഷദ്വീപിന്റെ ഫിഷ് മടഞ്ഞത് തുടങ്ങിയ വിവിധ നാടുകളുടെ തനതായ രുചി വിഭവങ്ങൾ പരിചയപ്പെടാനും, പുത്തൻ രുചിക്കൂട്ടുകളുടെ വ്യത്യസ്തമാര്‍ന്ന രുചിയനുഭവങ്ങൾ ആസ്വദിക്കാനും ആഗ്രഹിക്കുന്ന ഏവർക്കും ദേശീയ സരസ് മേളയിലെ ഇന്ത്യ ഫുഡ് കോർട്ട് സന്ദർശിക്കാം.
സരസ് മേളയിൽ പൂന്തോട്ടമൊരുക്കി ബ്ലോസം ഓർഗാനിക് നഴ്സറി യൂണിറ്റ്
Updated On 2026-01-02
പതിമൂന്നാമത് ദേശീയ സരസ് മേളയിൽ എത്തുന്ന സന്ദർശകരെ ഒരു പൂക്കാലം തന്നെ ഒരുക്കി വരവേൽക്കുകയാണ് ചെർപ്പുളശ്ശേരി സാന്ത്വനം അയൽക്കൂട്ടത്തിൽ നിന്നുമെത്തിയ അസ്മയുടെ ബ്ലോസം ഓർഗാനിക് നഴ്സറി യൂണിറ്റ്. മേളയിലെ 32ആം നമ്പർ പ്രോഡക്റ്റ് സ്റ്റാളിൽ സജ്ജീകരിച്ചിട്ടുള്ള യൂണിറ്റിൽ, സ്പാനിഷ് മോസ് എയർപ്ലാൻറ്, അഗ്ലോണിമ, മണി പ്ലാൻ്റ് തുടങ്ങിയ ഇൻഡോർ പൂച്ചെടികളും, ജമന്തി പെറ്റ്യൂണിയ, കാക്റ്റസ് തുടങ്ങിയ ഔട്ട്ഡോർ പൂച്ചെടികളുമടക്കം 180 ലേറെ വെറൈറ്റികളാണുള്ളത്. ആദ്യമായി സരസ്മേളയിൽ പങ്കെടുക്കുന്ന യൂണിറ്റിൽ, 40 രൂപ മുതലാണ് പൂച്ചെടികളുടെ വില ആരംഭിക്കുന്നത്. അഞ്ചുവർഷം മുമ്പ് തന്റെ ഭർത്താവിന് ജോലി നഷ്ടപ്പെട്ടപ്പോൾ അതിജീവനത്തിനായി അസ്മ.എ എന്ന വീട്ടമ്മ തുടങ്ങിയ സംരംഭമാണ് ബ്ലോസം ഓർഗാനിക് നഴ്സറി. ഇന്ന് 200ലേറെ പൂ വെറൈറ്റികൾ കൃഷി ചെയ്യുന്നത് കൂടാതെ, ഫിഷ് അമിനോ,എഗ്ഗ് അമിനോ, ജൈവസ്ലറി തുടങ്ങിയ ജൈവവളങ്ങൾ നിർമ്മിച്ച് വില്പന ചെയ്യുന്നുമുണ്ട്. പൂക്കളെ സ്നേഹിക്കുന്നവർക്കും, വൈവിധ്യമാർന്ന പൂക്കൾ സ്വന്തം വീട്ടിൽ നട്ടു പരിപാലിക്കാൻ ആഗ്രഹിക്കുന്നവർക്കും ധൈര്യമായി സരസ് മേളയിലെ ഈ കൊച്ചു പൂസ്റ്റാൾ സന്ദർശിക്കാം.
ഉൽപന്ന വൈവിധ്യങ്ങളുമായി ദേശീയ സരസ് മേള; ചാലിശ്ശേരിയിലേക്ക് ആവേശത്തോടെ സംരംഭകർ
Updated On 2026-01-02
ഗ്രാമീണ ഉൽപന്നങ്ങളുടെയും തനത് സംസ്‌കാരത്തിന്റെയും മഹാസംഗമമായ ദേശീയ സരസ് മേളയിലേക്ക് ആവേശത്തോടെ സംരംഭകർ എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ തങ്ങളുടെ തനത് ഉൽപന്നങ്ങളുമായി കിലോമീറ്ററുകൾ താണ്ടിയാണ് ചാലിശ്ശേരിയിൽ എത്തിയിരിക്കുന്നത്. ഗ്രാമീണ സംരംഭകരുടെ ഉൽപന്നങ്ങൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ അണിനിരക്കുന്ന മേള സംരംഭകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ആവേശം പകരുകയാണ്.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചാലിശ്ശേരി നൂറ്റാണ്ടുകളുടെ വാണിജ്യ-സാംസ്‌കാരിക ചരിത്രമുള്ള മണ്ണാണ്. തൃശൂർ, മലപ്പുറം ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശം പണ്ട് മലബാറിന്റെയും കൊച്ചിയുടെയും ഇടയിലുള്ള ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. ഈ ചരിത്രപരമായ പ്രാധാന്യത്തെ ആധുനിക കാലത്തെ സംരംഭകത്വവുമായി ബന്ധിപ്പിക്കുകയാണ് ദേശീയ സരസ് മേള. സരസ് മേള കേവലം ഒരു പ്രദർശനമല്ല, മറിച്ച് രാജ്യത്തെ ഗ്രാമീണ സംരംഭകരുടെ കരുത്ത് വിളിച്ചോതുന്ന വേദി കൂടിയാണ്.
ചാലിശ്ശേരിയിലെ മുലയംപറമ്പ് മൈതാനത്താണ് മേളയ്ക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെയും സ്വയം സഹായ സംഘങ്ങളുടെയും 250-ഓളം വൈവിധ്യമാർന്ന വിപണന സ്റ്റാളുകളാണ് മേളയിലുള്ളത്. ഗ്രാമീണ ഉൽപന്നങ്ങൾക്ക് പുറമെ പുതിയ കാലത്തെ സംരംഭക ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്ന ഇടങ്ങളും മേളയിലുണ്ട്. കരകൗശല വസ്തുക്കൾ, തനത് കൈത്തറി വസ്ത്രങ്ങൾ, പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വസ്തുക്കൾ, വിവിധയിനം ഭക്ഷ്യോൽപന്നങ്ങൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. വിവിധ സംസ്ഥാനങ്ങളുടെ തനത് ശൈലിയിലുള്ള കൈത്തറി വസ്ത്രങ്ങൾ, എംബ്രോയ്ഡറി വർക്കുകൾ ചെയ്ത തുണിത്തരങ്ങൾ എന്നിവയ്ക്ക് പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സംരംഭകർക്ക് തങ്ങളുടെ ബ്രാൻഡ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന തരത്തിൽ വലിയ ജനത്തിരക്കാണ് മേളയിൽ പ്രതീക്ഷിക്കുന്നത്.
പ്രദേശത്തെ സാമ്പത്തിക-സാംസ്‌കാരിക രംഗങ്ങളിൽ വലിയ ഉണർവ് നൽകാൻ മേളയിലൂടെ സാധിക്കും. പത്തു ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രദർശന വിപണന മേളയിൽ ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ചെറുകിട സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയിൽ എത്തിക്കാനുള്ള സുവർണ്ണാവസരമാണിത്. ചാലിശ്ശേരിയുടെ മണ്ണിൽ നടക്കുന്ന ഈ ജനകീയ മേള നാടിന്റെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുമെന്ന് ഉറപ്പാണ്.
സോപ്പിലുണ്ട് തേനും പാലും
Updated On 2026-01-02
സോപ്പിട്ട് തേനും പാലും ഒഴുക്കാൻ ഇനി പ്രയാസപ്പെടേണ്ട. ചാലിശ്ശേരി മുലയംപറമ്പിൽ നടക്കുന്ന ദേശീയ സരസ് മേളയിലുണ്ട് ആട്ടിൻപാൽ കൊണ്ട് തയ്യാറാക്കിയ നല്ല ഒന്നാന്തരം സോപ്പ്. പത്തനംതിട്ട ജില്ലയിലെ ആനിക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ആനിക്കാട് സി.ഡി.എസിലെ നവചൈതന്യ അയൽക്കൂട്ടത്തിൻ്റെ 64-ാം നമ്പർ സ്റ്റോളിലെത്തിയാൽ പാലും തേനും ചേർത്ത വിവിധതരം സോപ്പുകൾ വാങ്ങാം. തേൻ, ശംഖുപുഷ്പം, രക്തചന്ദനം, വേപ്പ് തുടങ്ങിയ സോപ്പുകളും ഇവിടുന്ന് വാങ്ങാം.
അലർജിക്കും ശരീരസൗന്ദര്യത്തിനും ഉപകാരപ്രദമായ ഈ സോപ്പുകൾക്ക് ആവശ്യക്കാരേറെയാണ് എന്നാണ് ആനിക്കാട് സി.ഡി.എസ് അംഗമായ ഹലീല അബ്ദുൾ ഖാദറിൻ്റെ അഭിപ്രായം. ആട്ടിൻപാൽ സോപ്പ് (ഗോട്ട് മിൽക്ക് സോപ്പ്), കരി സോപ്പ് കുട്ടികൾക്കും പ്രയോജനപ്രദമാണ്. വ്യവസായ വകുപ്പിൻ്റെയും കുടുംബശ്രീയുടെയും സഹായത്തോടെ ആരംഭിച്ച സംരംഭം വൻവിജയമാണെന്ന സന്തോഷവും ഹലീല പങ്കു വെച്ചു.
കുടുംബശ്രീയുടെ ഒട്ടുമിക്ക പരിപാടികളിലും തേൻ സോപ്പ് ഹീറോയാണ്. കഴിഞ്ഞ വർഷം മുതൽ സരസ് മേളയിലും ഹലീലയുടെ സോപ്പ് സജീവമാണ്. സോപ്പ് കൂടാതെ തേൻനെല്ലിക്ക, അത്തിപ്പഴം, കിവി, വെളുത്തുള്ളി എന്നിവയും സ്റ്റാളിലുണ്ട്.
കുടുംബശ്രീ ദേശീയ സരസ് മേള: മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു
Updated On 2026-01-02
കുടുംബശ്രീ ദേശീയ സരസ് മേളയോടനുബന്ധിച്ച് പ്രധാന പവിലിയനിൽ മീഡിയ സെന്റർ പ്രവർത്തനം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ പി, കുടുംബശ്രീ പബ്ളിക് റിലേഷൻസ് വിഭാഗം എഡിറ്റോറിയൽ അസിസ്റ്റന്റ് ആശ.എസ്.പണിക്കർ, കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ചൈതന്യ ജി, മീഡിയ ഇന്റേൺ തനുജ എം.ആർ, മീഡിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സരസ് മേളയ്ക്ക് മുന്നോടിയായി കലാവേദിയെ ഇളക്കിമറിച്ച് പ്രസീത ചാലക്കുടി
Updated On 2026-01-01
പൂരവും മേളവും അറിഞ്ഞ് ഉദ്ഘാടന തലേന്ന് തൃത്താല ചാലിശ്ശേരി സരസ് നഗരിയിൽ എത്തിച്ചേർന്ന കാണികളെ അവരുടെ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം കാഴ്ചവെച്ച്,ആവേശത്തിരയിലാഴ്ത്തി പ്രസീത ചാലക്കുടി. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ, കുടുംബശ്രീ സംസ്ഥാന മിഷൻ പാലക്കാട്, ചാലിശ്ശേരിയിൽ സംഘടിപ്പിച്ച പതിമൂന്നാമത് ദേശീയ സരസ് മേളയുടെ തലേ ദിനമായ ഇന്നത്തെ (1-1-2026) കലാസന്ധ്യയിലാണ്, പ്രശസ്ത ചലച്ചിത്രഗായിക പ്രസീത ചാലക്കുടി തൻറെ വ്യത്യസ്തമായ ശബ്ദം കൊണ്ടും തനതായ ആലാപന ശൈലി കൊണ്ടും ആയിരക്കണക്കിന് കാണികളെ കയ്യിലെടുത്തത്. തന്റെ മുഴുവൻ ശ്വാസവും ഊർജ്ജവുമെടുത്ത് പ്രസീത പാടിയ ഓരോ പഠനം കാണികൾ അതിലും ഊർജ്ജം കൂടിയ നൃത്തച്ചുവടുകളിലും, ആർപ്പുവിളികളിലുമായി മറുപടി കൊടുത്തു. സരസ് പൂരം കൂടിയേറിയ ചാലിശ്ശേരിയിൽ ഇനി വരാനിരിക്കുന്നത് ഇതിലും വലിയ കലാസന്ധ്യകൾ ആണെന്ന് ഓർമ്മപ്പെടുത്തിയതിനു ശേഷമാണ് പ്രസീദ ചാലക്കുടി വേദിയിൽ നിന്നിറങ്ങിയത്.
ഒപ്പം തന്നെ 'വയലി' മ്യൂസിക് ബാൻഡ് അവതരിപ്പിച്ച മുളസംഗീത വിരുന്നും കാണികളുടെ മനസ്സ് നിറച്ചു. പത്തിലേറെ വ്യതസ്ത മുള സംഗീതോപകരങ്ങൾ ഉപയോഗിച്ച് 8 അതുല്യ കലാകാരന്മാർ അവതരിപ്പിച്ച പരിപാടി, അതിൻ്റെ അവതരണ ശൈലി കൊണ്ടും,സംഗീത വൈദഗ്ധ്യം കൊണ്ടും വേറിട്ട് നിന്നു.കലാപരിപാടികൾക്ക് ശേഷം തദ്ദേശ സ്വയംഭരണ,എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് വയലി ബാൻഡ് കലാകാരന്മാർക്കും, പ്രസീത ചാലക്കുടിയ്ക്കും സ്നേഹോപഹാരം നൽകി ആദരിച്ചു.
ദേശീയ സരസ് മേള : ശ്രദ്ധേയമായി തദ്ദേശ സംഗമം
Updated On 2026-01-01
ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ നടക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ വിജയത്തിനായി തൃത്താല മണ്ഡലത്തിലെ തദ്ദേശ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. തദ്ദേശ സംഗമം തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല മണ്ഡലത്തിൽ ആദ്യമായി നടക്കുന്ന സരസ് മേളയിൽ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
സരസ് മേളയുടെ ഫുഡ് കോർട്ടിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം സുധീഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സുനിൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഡോ. ടി.വിനിഷ ,കെ.പി.വിബിലേഷ്, കെ.ശശിരേഖ, പി.എൻ.അംബിക, റംല വീരാൻ കുട്ടി, അഡ്വ. നിഷ വിജയകുമാർ, ജയന്തി വിജയകുമാർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷക്കീന അക്ബർ, നവകേരളം കോർഡിനേറ്റർ പി.സെയ്തലവി, കുടുംബശ്രീ കോർഡിനേറ്റർ പി.ഉണ്ണിക്കൃഷ്ണൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ സരസ് മേള : ഫുഡ് കോർട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ കൈമാറി.
Updated On 2026-01-01
കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചിവൈവിധ്യം വിളമ്പുന്ന 30ലധികം സ്റ്റാളുകൾ അടങ്ങുന്ന മെഗാ ഇന്ത്യൻ ഫുഡ്‌കോർട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഇന്ന് (01/01/2026) കൈമാറി.
ആനക്കര സി.ഡി.എസ്സിലെ ഹരിത ജെ.എൽ.ജി ഗ്രൂപ്പ് വിളയിച്ചെടുത്ത മത്തൻ, കുമ്പളം, കറിക്കക്കിരി, വെള്ളരിക്ക, ചുരങ്ങ എന്നിങ്ങനെ നിരവധി പച്ചക്കറികളാണ് ഹരിത ജെ.എൽ.ജി ഗ്രൂപ്പ് അംഗം അമ്മിണി തദ്ദേശ സ്വയംഭരണ എക്സ്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് കൈമാറി.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന സരസ് മേളയിലെ ഫുഡ് കോർട്ടിലേക്ക് ആവശ്യമായ പച്ചക്കറികളാണ് ഹരിത ജെ.എൽ.ജി ഗ്രൂപ്പ് കൃഷി ചെയ്തിരിക്കുന്നത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, ആനക്കര സി.ഡി.എസ് ചെയർപേഴ്സൺ ലീന രവി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.ഉണ്ണികൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർ ലക്ഷ്മി, ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, മറ്റു രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.