to
16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി കുടുംബശ്രീയുടെ ‘ജീവന്‍ ദീപം ഒരുമ’ ഇന്‍ഷുറന്‍സ് പദ്ധതി Updated On 2026-07-11

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവന്‍ ദീപം ഒരുമ’ പദ്ധതി വഴി 16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍.ഐ.സിയുമായി ചേര്‍ന്നു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഇരുന്നൂറ് രൂപയാണ് വാര്‍ഷിക പ്രീമിയം. അംഗങ്ങള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എൻറോൾമെന്‍റ് ക്യാമ്പയിന്‍ വഴിയാണ് ഇത്രയും പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2027 മാര്‍ച്ച് 31 വരെയാണ് പോളിസി കാലാവധി.

 

അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതാണ് പദ്ധതി. 18 മുതല്‍ 74 വയസു വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 18-നും 50-നും ഇടയില്‍ പ്രായമുള്ള അയല്‍ക്കൂട്ട അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ള പ്രകാരം അവകാശിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. 51-60 വയസു വരെയുള്ള പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 80,000 രൂപയും, 61-70 വരെ 30,000 രൂപയും 71-74 വരെ 25,000 രൂപയുമാണ് അവകാശിക്ക് ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ ഈ തുകയ്ക്ക് പുറമേ 18-50 വയസു വരെയുള്ള അംഗങ്ങള്‍ക്ക് 1,20,000 രൂപയും 51-60 വയസുവരെ ഒരു ലക്ഷം രൂപയും 61-74 വരെ 60,000 രൂപയും അപകട ആനുകൂല്യമായി അവകാശിക്ക് ലഭിക്കും.

 

അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെടുത്ത ശേഷം ഏതെങ്കിലും ഒരംഗത്തിനു മരണം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതു വഴി ഈ സാഹചര്യം ഒഴിവാക്കാനായിട്ടുണ്ട്. മരണമടഞ്ഞ അംഗത്തിന്‍റെ പേരില്‍ ഉണ്ടായിരുന്ന വായ്പാ തുക ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും അയല്‍ക്കൂട്ടത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതി വഴി നാളിതുവരെ 37 കോടി രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യമായി വിതരണം ചെയ്തിട്ടുണ്ട്.

 

സി.ഡി.എസ് തലത്തിൽ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരായ ബീമാ മിത്ര വഴിയാണ് അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നുള്ള പ്രീമിയം സമാഹരണം. പദ്ധതിയില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതും നിലവിലുളള പോളിസി പുതുക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ബീമാ മിത്ര വഴിയാണ്.

വയനാട് കള്ളാടി ദുരന്തത്തില്‍ സഹായഹസ്തമേകി കുടുംബശ്രീയും Updated On 2026-07-10

വയനാട്ടിലെ മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് വിവിധ സഹായങ്ങളേകി കുടുംബശ്രീ വയനാട് ജില്ലാമിഷന്‍. കുടുംബശ്രീ സി.ഡി.എസിന്റെയും എ.ഡി.എസിന്റെയും നേതൃത്വത്തില്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനും വേണ്ട ഇടപെടലുകളാണ് കുടുംബശ്രീ നടത്തിവരുന്നത്.

 

മേപ്പാടി ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലെ സമൂഹ അടുക്കളയില്‍ പാചകത്തിനും ക്യാമ്പിലെ ഭക്ഷണ വിതരണത്തിനും സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ ക്യാമ്പിലെ ശുചീകരണത്തിനും, മാലിന്യ നിര്‍മ്മാര്‍ജ്ജനവും ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തിലാണ് നടത്തുന്നതും. ക്യാമ്പിലുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും അവശ്യ സഹായങ്ങള്‍ ഉറപ്പുവരുത്താനും കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുമുണ്ട്.

 

ഇതുകൂടാതെ വീടുകളില്‍ കഴിയുന്ന ദുരിതബാധിതര്‍ക്ക് ആവശ്യ സാധനങ്ങളും, ഭക്ഷണവും എത്തിക്കുന്നതിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട്.

കുടുംബശ്രീ ‘ധീരം’ ടീമിന് യൂണിഫോമായി – മന്ത്രി ശ്രീ. കെ.എം. ഷാജി സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ചു Updated On 2026-07-09

സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ‘ധീരം’ സ്വയംപ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായവര്‍ക്കുള്ള യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി നിര്‍വഹിച്ചു. എറണാകുളത്ത് തദ്ദേശസ്ഥാപന അധ്യക്ഷര്‍ക്കും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുമായി ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശനി ഹാളില്‍ ഇന്നലെ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ ‘ധീരം’ ജില്ലാതല മാസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ മന്ത്രിയില്‍ നിന്ന് യൂണിഫോം ഏറ്റുവാങ്ങി.

 

കുടുംബശ്രീയും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായാണ് ‘ധീരം’ സ്വയം പ്രതിരോധ പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വയംപ്രതിരോധ മുറകളില്‍ വിദഗ്ധ പരിശീലനം നല്‍കുകയും ഇതുവഴി സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം.

 

പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തോളം വനിതകള്‍ പരിശീലനം നേടുകയും സംരംഭ യൂണിറ്റുകളായി രജിസ്റ്റര്‍ ചെയ്ത് വരുമാനം നേടുകയും ചെയ്തുവരുന്നു. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 28 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി മാസ്റ്റര്‍ പരിശീലകരുമാക്കിയിട്ടുണ്ട്. ഇവര്‍ മുഖേനയാണ് താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നത്. 

 

ധീരം പരിശീലന പദ്ധതിയുടെ ഭാഗമായവര്‍ക്ക് സ്വയംപ്രതിരോധ മാര്‍ഗ്ഗങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപ്പുസ്തകവും സംസ്ഥാനതലത്തില്‍ തയാറാക്കിയിട്ടുണ്ട്.

ഇന്ത്യാ ബ്രിക്സ് ഉച്ചകോടി 2026 - ആജീവിക ‘സരസ്’ ബ്രാന്‍ഡ് ഉല്‍പന്ന പ്രദര്‍ശന വിഭാഗം: സ്ത്രീമുന്നേറ്റത്തിന്‍റെ കരുത്തുമായി കുടുംബശ്രീ സ്റ്റാള്‍ Updated On 2026-07-09

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ എറണാകുളം ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ആരംഭിച്ച ഇന്ത്യാ ബ്രിക്സ് ഉച്ചകോടി-2026-ല്‍ തിളങ്ങി കുടുംബശ്രീയും. ഉച്ചകോടിയുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ മുന്നേറ്റവും ശാക്തീകരണവും വ്യക്തമാക്കുന്ന ആജീവിക ‘സരസ്’ ബ്രാന്‍ഡ് ഉല്‍പന്ന പ്രദര്‍ശന വിഭാഗത്തിലാണ് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ വിവിധ ഹെര്‍ബല്‍ ഫുഡ് സപ്ളിമെന്‍റ്സ്, ഡ്രൈ മിക്സ് പൗഡര്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങി ഒട്ടേറെ ഉല്‍പന്നങ്ങള്‍ സ്ത്രീശാക്തീകരണത്തിന്‍റെയും ഗ്രാമീണ സംരംഭകത്വത്തിന്‍റെയും നേര്‍കാഴ്ചയാവുകയാണ്.

 

കേരളം ഉള്‍പ്പെടെ രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുളള സംരംഭകരും സ്വയംസഹായ സംഘങ്ങളും തയ്യാറാക്കിയ ഉല്‍പന്നങ്ങളുമായി ആകെ 23 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനത്തിനായി തങ്ങളുടെ ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുത്തത് ഗ്രാമീണ സംരംഭകരില്‍ ആത്മവിശ്വാസവും പുതിയ വിപണി സാധ്യതകളിലേക്കുള്ള പ്രതീക്ഷയും നല്‍കിയിട്ടുണ്ട്. ഇവരുടെ ഉല്‍പന്നങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ തലത്തില്‍ വിപണി സാധ്യതകള്‍ തുറന്നു കൊടുക്കുന്നതിനും ഇത് അവസരമൊരുക്കും.  

 

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്‍റെ നേതൃത്വത്തിലാണ് കൊച്ചിയില്‍  ബ്രിക്സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. എറണാകുളം ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍  ആരംഭിച്ച ഇന്ത്യാ ബ്രിക്സ് ഉച്ചകോടി-2026ന്‍റെ ചുമതല വഹിക്കുന്നത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും. ഉച്ചകോടിയില്‍ സരസ് ബ്രാന്‍ഡ് ഉല്‍പന്ന പ്രദര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കുടുംബശ്രീയാണ്. സ്റ്റാളിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്.
 

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ആധ്യക്ഷം വഹിക്കുന്നത് ഇന്ത്യയാണ്. ഇതുമായി ബന്ധപ്പെട്ട് നയതന്ത്ര വികസന അജണ്ടയും തയ്യാറാക്കിയിട്ടുണ്ട്. ഈ സമഗ്ര ഉച്ചകോടിയെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ മന്ത്രിതല, വര്‍ക്കിങ്ങ് ഗ്രൂപ്പുകളുടെ യോഗവും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് കൊച്ചിയില്‍ ബ്രിക്സ് 2026-ഉച്ചകോടി സംഘടിപ്പിക്കുന്നത്.

റീട്ടെയില്‍ വിപണി കീഴടക്കാന്‍ കുടുംബശ്രീ : പ്രീമിയം ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ആറ് ജില്ലകളിലേക്ക് കൂടി Updated On 2026-07-08

കുടുംബശ്രീയുടെ ഏകീകൃത ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്ന പ്രീമിയം ഭക്ഷ്യ ഉല്‍പന്നങ്ങളുടെ റീട്ടെയില്‍ വിപണനം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ഓണത്തിന് മുമ്പ് കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കൂടി ഉല്‍പന്നങ്ങള്‍ എത്തിക്കും. പദ്ധതിയുടെ ഭാഗമായി നേരത്തെ സംസ്ഥാനതലത്തില്‍ ആദ്യമായി തൃശൂര്‍ ജില്ലയില്‍ ഉല്‍പന്ന വിതരണം ആരംഭിച്ചിരുന്നു. പദ്ധതിയുമായി സഹകരിക്കുന്ന ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് വഴിയാണ് വിപണനം.

 

റീട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ചുവട് വയ്പ്പ്. സംരംഭകര്‍ക്ക് സുസ്ഥിര വിപണിയും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ റീട്ടെയില്‍ മേഖലയിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ പ്രവേശിക്കുന്നത്. പദ്ധതിയുമായി സഹകരിക്കുന്ന ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ അയ്യായിരത്തിലധികം അംഗങ്ങളുടെ വ്യാപാര ശൃംഖല പ്രയോജനപ്പെടുത്തി കേരളത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള വിപണികളിലേക്ക് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം.

 

ആദ്യഘട്ടത്തില്‍ കാര്‍ഷികേതര മേഖലയിലെ സംരംഭകര്‍ തയ്യാറാക്കുന്ന സാമ്പാര്‍ മസാല, വെജിറ്റബിള്‍ മസാല, ഫിഷ് മസാല, ചിക്കന്‍ മസാല, മീറ്റ് മസാല, മുളകു പൊടി, മഞ്ഞള്‍പ്പൊടി, വിവിധ ധാന്യപ്പൊടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് ഇനം ഉല്‍പന്നങ്ങളാണ് റീട്ടെയില്‍ വിപണിയിലെത്തുക. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ റീട്ടെയില്‍ വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുത്തും. ഈ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിങ്ങ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ആഗോള നിലവാരത്തിലുള്ള ഗുണമേന്‍മയും ആകര്‍ഷകമായ പാക്കേജിങ്ങും ഉറപ്പാക്കി കോര്‍പ്പറേറ്റ് ഉല്‍പന്നങ്ങള്‍ക്കു ബദലാകാന്‍ കഴിയുന്ന വിധം കുടുംബശ്രീ ഉല്‍പന്നങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനാണ് ലക്ഷ്യമിടുന്നത്.

 

ഓരോ ജില്ലയിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. ഇതിന്‍റെ ഭാഗമായി കണ്‍സോര്‍ഷ്യം രൂപീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്.

ശ്രദ്ധ നേടി കുടുംബശ്രീയുടെ കമ്മ്യൂണിറ്റി ടൂറിസം Updated On 2026-07-08

വിനോദ സഞ്ചാര മേഖലയിലെ അവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിച്ച് അയല്‍ക്കൂട്ട കുടുംബാംഗങ്ങള്‍ക്ക് സ്ഥിരമായ വരുമാനമാര്‍ഗ്ഗം ഒരുക്കി നല്‍കുകയും കേരളത്തിന്റെ ഉള്ള് തൊട്ടറിയുന്ന അനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുകയുമാണ് കുടുംബശ്രീ കമ്മ്യൂണിറ്റി ടൂറിസം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി 550ലേറെ വിനോദ സഞ്ചാരികള്‍ക്ക് ആതിഥ്യമരുളിയതില്‍ നിന്ന് 20 ലക്ഷത്തിലേറെ രൂപയുടെ വരുമാനം ഇതുവരെ പദ്ധതിയിലൂടെ നേടിക്കഴിഞ്ഞു.

 

ഓരോ ജില്ലയിലെയും പ്രാദേശിക പ്രത്യേകതകള്‍ അടിസ്ഥാനമാക്കിയാണ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ബേസ്ഡ് ടൂറിസം അഥവാ സി.ബി.ടി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടത്തുന്നത്. പഞ്ചായത്തുകളുടെ പൂര്‍ണ്ണ പിന്തുണയില്‍ അയല്‍ക്കൂട്ട കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയുടെ ഉടസ്ഥതയിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍. വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് പുറമേ ടൂറിസം ഓപ്പറേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതും ഇവര്‍ തന്നെ. ആലപ്പുഴ ജില്ലയില്‍ ബാക്ക്വാട്ടര്‍, വില്ലേജ് ലൈഫ്, ഹെറിറ്റേജ് ടൂറിസം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2025 ജനുവരിയില്‍ തുടക്കമിട്ട ഈ ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ 2025-26 സാമ്പത്തികവര്‍ഷം ഇടുക്കി (മറയൂരും കരുണാപുരത്തും - ഹില്‍ ടൂറിസം, സ്പൈസ് ട്രെയില്‍സ്, ഫാം ടൂറിസം), വയനാട് (തിരുനെല്ലിയിലും അമ്പലവയലിലും - എക്കോ ടൂറിസം, ട്രൈബല്‍ ഹെറിറ്റേജ്, അഡ്വഞ്ചര്‍) കണ്ണൂര്‍ (ധര്‍മ്മടത്തും കൊളച്ചേരിയിലും - കള്‍ച്ചറല്‍ ടൂറിസം, നേച്ചര്‍) ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

 

അയല്‍ക്കൂട്ട കുടുംബങ്ങളുടെ നേതൃത്വത്തില്‍ അവര്‍ തന്നെ പ്രവര്‍ത്തിപ്പിക്കുന്ന കമ്മ്യൂണിറ്റി ടൂറിസം പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ) ആലപ്പുഴയില്‍ രൂപം നല്‍കുകയും കുടുംബശ്രീ ജില്ലാ മിഷന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. ഈ പദ്ധതി ജില്ലയില്‍  വിജയകരമായതിനെത്തുടര്‍ന്ന് രാജസ്ഥാനിലും (രത്നംബോര്‍ ടൈഗര്‍ റിസേര്‍വ്) സിക്കിമിലും (പക്യോങ് ജില്ല) സി.ബി.ടി മാതൃക വിജയിപ്പിച്ചതിന്റെ അനുഭവ സമ്പത്തുള്ള എന്‍.ആര്‍.ഒയുടെ നേതൃത്വത്തില്‍ മറ്റ് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. ആലപ്പുഴയിലെ സി.ബി.ടി പദ്ധതിക്ക് ‘ആലപ്പി റൂട്ട്‌സ്’ എന്ന ജില്ലാതല ബ്രാന്‍ഡിങും നല്‍കി.

 

ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തലത്തില്‍ ഏകോപിപ്പിക്കുന്നത് പഞ്ചായത്ത്തല കമ്മ്യൂണിറ്റി ടൂറിസം സര്‍വീസ് കമ്മിറ്റികള്‍ (സി.ടി.എസ്.സി) മുഖേനയാണ്. ഇത്തരത്തിലുള്ള 12 കമ്മിറ്റികളാണ് നിലവിലുള്ളത്. കൂടുതല്‍ ജനങ്ങളെ പദ്ധതിയുടെ ഭാഗമാക്കുക, കൂടുതല്‍ സേവനങ്ങള്‍ ചേര്‍ക്കുക, ഗുണനിലവാര വര്‍ധനവ്, തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റികളാണ് ചെയ്യുന്നത്. ജില്ലാതല കമ്മ്യൂണിറ്റി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റികളാണ് പഞ്ചായത്ത്തല കമ്മിറ്റികളുടെ പ്രവര്‍ത്തന മേല്‍നോട്ടം നിര്‍വഹിക്കുന്നത്. കൂടാതെ ജില്ലാതല മാര്‍ക്കറ്റിംഗ്, മറ്റ് വകുപ്പുകളുമായുള്ള സംയോജനം, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റികളാണ് ചെയ്യുന്നത്. നിലവില്‍ ആലപ്പുഴ ജില്ലയില്‍ മാത്രമാണ് ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. മറ്റ് ജില്ലകളില്‍ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കും.

 

വ്യത്യസ്ത ടൂറിസം പാക്കേജുകളില്‍ മികച്ച നിലവാരമുള്ള ഹോംസ്റ്റേകളും നാടന്‍ രുചികളും കലയും കരകൗശല പ്രവര്‍ത്തനങ്ങളുമെല്ലാം സി.ബി.ടിയില്‍ കോര്‍ത്തണക്കിയിരിക്കുന്നു. ഇതുവരെ 55ലേറെ ടൂറുകളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘങ്ങള്‍ക്കായി 15ലേറെ എക്സ്പോഷര്‍ വിസിറ്റുകളും സംഘടിപ്പിച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം കാസര്‍ഗോഡ്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലേക്ക് കൂടി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും വരുന്ന വര്‍ഷം ശേഷിക്കുന്ന എല്ലാ ജില്ലകളിലേക്കും കമ്മ്യൂണിറ്റി ബേസ്ഡ് ടൂറിസം പദ്ധതി എത്തിച്ച് വിനോദ സഞ്ചാര മേഖലയില്‍ സാന്നിധ്യമറിയിക്കാനുമാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

യാത്രാക്ലേശത്തിന് പരിഹാരവും സംരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയുമാകാന്‍ കുടുംബശ്രീ ആജീവിക ഗ്രാമീണ്‍ എക്‌സ്പ്രസ് യോജന Updated On 2026-07-08

ഗ്രാമങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുകയും അതോടൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉത്പന്ന വിപണന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുമായി ആജീവിക ഗ്രാമീണ്‍ എക്‌സ്പ്രസ് യോജന (എ.ജി.ഇ.വൈ)യുമായി കുടുംബശ്രീ. കേരളത്തില്‍ കുടുംബശ്രീ നോഡല്‍ ഏജന്‍സിയായ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ (എസ്.വി.ഇ.പി) ഭാഗമായാണ് എ.ജി.ഇ.വൈ പദ്ധതി നടപ്പിലാക്കുന്നത്.

 

കേരളത്തിലെ വിവിധ ജില്ലകളിലായി 15 ബ്ലോക്കുകളിലാണ് പദ്ധതിക്ക് ഇതുവരെ അനുമതി ലഭിച്ചത്. ഇടുക്കി (ഇടുക്കി), ചെങ്ങന്നൂര്‍ (ആലപ്പുഴ), പനമരം (വയനാട്) എന്നീ ബ്ലോക്കുകളില്‍ വാഹനങ്ങള്‍ വാങ്ങുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. മാനന്തവാടി (വയനാട്), വണ്ടൂര്‍, കുറ്റിപ്പുറം, നിലമ്പൂര്‍ (മലപ്പുറം), പറക്കോട്, റാന്നി (പത്തനംതിട്ട), തൃത്താല, അട്ടപ്പാടി (പാലക്കാട്), പറവൂര്‍ (എറണാകുളം), ചടയമംഗലം (കൊല്ലം), തളിപ്പറമ്പ (കണ്ണൂര്‍), കാഞ്ഞങ്ങാട് (കാസര്‍ഗോഡ്) എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

 

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ യാത്രാക്ലേശം പരിഹരിക്കുക, അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഉപജീവന അവസരം ഒരുക്കുക, സി.ഡി.എസുകള്‍ക്ക് വരുമാനോപാധി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളാണ് കേരളത്തില്‍ പദ്ധതിക്കുള്ളത്. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിക്കുന്നതിനുള്ള പരിമിതികള്‍ക്ക് പരിഹാരം എന്ന നിലയില്‍ കൂടിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 

ഇടുക്കി ബ്ലോക്കില്‍ അനുവദിച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഇടുക്കി എം.എല്‍.എ റോയ് കെ. പൗലോസ് ചെറുതോണിയില്‍ നിര്‍വഹിച്ചു. വാഴത്തോപ്പ് സി.ഡി.എസിലെ 11ാം വാര്‍ഡിലെ ഭദ്രദീപം അയല്‍ക്കൂട്ട കുടുംബാംഗമായ ഷമീറാണ് പദ്ധതിയുടെ ഭാഗമായി സംരംഭം നടത്തുക. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഈ വാഹനത്തില്‍ വിവിധ ടൂറിസ്റ്റ് മേഖലകളിലേക്കെത്തിച്ച് വിപണനം നടത്തുന്നത് കൂടാതെ വിനോദ സഞ്ചാരികളുടെ ചിത്രങ്ങളെടുത്ത് ഫ്രെയിം ചെയ്ത് നല്‍കുന്ന സംരംഭവും വാഹനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നു.

 

ചടങ്ങില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഷിബു. ജി പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബിജു നിള, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കലേഷ് സി.ജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സേതുലക്ഷ്മി കെ.എസ്, അരുണ്‍ വി.എ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വാഴത്തോപ്പ് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് നന്ദി പറഞ്ഞു. ജനപ്രതിനിധികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സൂക്ഷ്മസംരംഭങ്ങളുടെ പുനരുജ്ജീവനത്തിന് കുടുംബശ്രീയുടെ ‘പുനര്‍ജ്ജ്വാല’ ക്യാമ്പയിന്‍ Updated On 2026-07-07

കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മസംരംഭങ്ങളെ കൂടുതല്‍ മത്സരക്ഷമവും സാമ്പത്തിക സുസ്ഥിരതയുമുളള ബിസിനസ് സംരംഭങ്ങളാക്കി വളര്‍ത്തുന്നതിനും സംരംഭകരുടെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനും ‘പുനര്‍ജ്ജ്വാല’ സംസ്ഥാനതല ക്യാമ്പയിന് തുടക്കമായി. പ്രവര്‍ത്തനക്ഷമത കുറഞ്ഞതും പരിമിതമായ വരുമാനം മാത്രം ലഭ്യമാകുന്നതുമായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുകയും വളര്‍ച്ചാ സാധ്യതയുള്ള സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന സമഗ്ര ഇടപെടലാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.  ഉല്‍പാദന സേവന വ്യാപാര മേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന ഓരോ സംരംഭത്തെയും കൂടുതല്‍ മെച്ചപ്പെടുത്തുകയും സംരംഭകര്‍ക്ക് ഉയര്‍ന്ന വരുമാനലഭ്യതയും ഇതോടൊപ്പം ലക്ഷ്യമിടുന്നു.

 

നിലവില്‍ സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം-പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 58,212 സംരംഭങ്ങള്‍ ഉള്‍പ്പെടെ കുടുംബശ്രീയുടെ കീഴിലുളള രണ്ടു ലക്ഷത്തിലേറെ സൂക്ഷ്മസംരംഭങ്ങള്‍ക്ക് ‘പുനര്‍ജ്ജീവനം’ ക്യാമ്പയിന്‍റെ പ്രയോജനം ലഭിക്കും. ക്യാമ്പയിന്‍റെ മുന്നോടിയായി കുടുംബശ്രീയുടെ കീഴിലുളള ആയിരത്തിലേറെ വരുന്ന മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍ ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും  സംരംഭങ്ങള്‍ സന്ദര്‍ശിച്ച് അവയുടെ നിലവിലെ അവസ്ഥയും പ്രശ്നങ്ങളും മനസിലാക്കും.  

 

ഓരോ സംരംഭത്തിന്‍റെയും നിലവിലെ പ്രവര്‍ത്തനാവസ്ഥ, വരുമാനം, വിപണന രീതികള്‍, സാമ്പത്തിക സുസ്ഥിരത, തൊഴില്‍ സൃഷ്ടി, വളര്‍ച്ചാസാധ്യത,  സംരംഭകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിക്കും. പിന്നീട് ആവശ്യാനുസരണം സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ, ബ്രാന്‍ഡിങ്ങ്, പാക്കേജിങ്ങ്, വിപണന സഹായം, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കിക്കൊണ്ട് നിലവിലുള്ള സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പു വരുത്തും. ഒപ്പം ഉല്‍പാദനത്തിലും വരുമാനത്തിലും കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുള്ള സംരംഭങ്ങളെ സ്കെയില്‍ അപ് ചെയ്യും. മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തിനും പ്രോത്സാഹനം നല്‍കും. ഇതിനാവശ്യമായ സാമ്പത്തിക പിന്തുണകളും ലഭ്യമാക്കും. പ്രതിസന്ധി നേരിടുന്ന സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം, ബ്രാന്‍ഡിങ്ങ്, പാക്കേജിങ്, വിപണന പിന്തുണ, സാങ്കേതിക ഉപദേശം, തൊഴില്‍ വൈദഗ്ധ്യ പരിശീലനങ്ങള്‍ എന്നിവയും ലഭ്യമാക്കും.

 

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ആധുനിക ബ്രാന്‍ഡിങ്ങ്. ഇ-കൊമേഴ്സ്, ഓണ്‍ലൈന്‍ വിപണന പ്ലാറ്റ് ഫോമുകൾ എന്നിവയിലൂടെ സംരംഭങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്താനും പ്രൊഫഷണല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതും ക്യാമ്പയിന്‍റെ ഭാഗമാണ്. കൂടാതെ കുടുംബശ്രീയുടെയും വിവിധ വകുപ്പുകളുടെയും ധനസഹായ പദ്ധതികള്‍, സബ്സിഡികള്‍, ബാങ്ക് വായ്പകള്‍ എന്നിവ ഫലപ്രദമായി ഏകോപിപ്പിച്ച് സംരംഭങ്ങള്‍ക്ക് സംരംഭ വികസനത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കും. പുതുതായി സംരംഭം ആരംഭിക്കുന്നവര്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദഗ്ധരുടെ മാര്‍ഗനിര്‍ദേശവും തൊഴില്‍ പരിശീലനങ്ങളും ലഭ്യമാക്കും.

 

കുടുംബശ്രീയുടെ പ്രമുഖ പദ്ധതികളായ അമൃതം ന്യൂട്രിമിക്സ്, കഫേ കുടുംബശ്രീ, സാനിട്ടറി നാപ്കിന്‍ യൂണിറ്റുകള്‍, അപ്പാരല്‍ പാര്‍ക്കുകള്‍, ഇ-സേവാ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിനും പ്രത്യേക പദ്ധതിയുണ്ട്.

 

ക്യാമ്പയിന്‍റെ വിജയകരമായ നടത്തിപ്പിന് കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ മെന്‍റര്‍മാരുടെ സാങ്കേതിക പിന്തുണയുമുണ്ട്. ക്യാമ്പയിനു മുന്നോടിയായി മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍, ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം, സംരംഭകരും പ്രൊഫഷണല്‍ സേവന ദാതാക്കളും ഉള്‍പ്പെടുന്ന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയും പൂര്‍ത്തിയായി.

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍: കുടുംബശ്രീ സംസ്ഥാനതല ശില്‍പശാലയ്ക്ക് തുടക്കം Updated On 2026-07-04

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്‍പശാലയ്ക്ക് തൈക്കാട് എസ്.എച്ച്.എസ്.ആര്‍.സി.യില്‍ തുടക്കമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികള്‍, കാര്യശേഷി വികസന പ്രവര്‍ത്തനങ്ങള്‍ അവയുടെ ഗുണഫലങ്ങള്‍ എന്നിവ കുടുംബശ്രീ ഗുണഭോക്താക്കളിലേക്കും കര്‍ഷകരിലേക്കും എത്തിക്കുന്നതിന്‍റെ ഭാഗമായാണിത്. കുടുംബശ്രീ ഡയറക്ടര്‍ സിന്ധു പി.കെ. ശില്‍പശാല ഉദ്ഘാടനം ചെയ്തു.

മൃഗസംരക്ഷണ മേഖലയിലെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനൊപ്പം വിവിധ വകുപ്പുകളുമായുള്ള ഫലപ്രദമായ ഏകോപനമാണ് ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഇന്നലെ (3-7-2026) ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകള്‍ മുഖേന ഈ രംഗത്ത് നടപ്പാക്കുന്ന വരുമാനദായക പദ്ധതികള്‍, കൂടാതെ കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന വിവിധ ബാങ്ക് വായ്പകള്‍, സബ്സിഡി, ധനസഹായം എന്നിവ സംബന്ധിച്ച് ശില്‍പശാലയില്‍ വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോ.റീന വര്‍ഗീസ്, കെ.എല്‍.ഡി.ബി. ഡെപ്യൂട്ടി മാനേജര്‍ എബിന്‍ ബേബി മാത്യു, ക്ഷീര വികസന വകുപ്പ് ജോയിന്‍റ്  ഡയറക്ടര്‍ സിനില ഉണ്ണിക്കൃഷ്ണന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫഹദ് എം, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. ശശി കുമാര്‍ കെ.എ.എസ്, ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്യ പി, നബാര്‍ഡ് തിരുവനന്തപുരം അസിസ്റ്റന്‍റ് മാനേജര്‍ അനുദീപ് മറുബോയ്നാ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. വന്ദന ശശിധരന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ദിലീപ് എസ് ആമുഖ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ ഷാലി കൃഷ്ണ നന്ദി പറഞ്ഞു. കുടുംബശ്രീ മൃഗസംരക്ഷണ പദ്ധതികളുടെ ചുമതല വഹിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ഫീൽഡ്തല സ്റ്റാഫ് അംഗങ്ങള്‍, റിസോഴ്സ് പേഴ്സണ്‍മാരായ പശുസഖിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

ഇന്ന് (4-7-2026) വ്യവസായം, സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പുകളുടെയും, ലീഡ് ബാങ്ക്, തൊഴിലുറപ്പ് പദ്ധതി, കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, മില്‍മ എന്നിവയുടെ പ്രതിനിധികള്‍ വിവിധ സെഷനുകള്‍ നയിക്കും.

കാസര്‍ഗോഡ് ജില്ലയിലെ രണ്ടാം കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന് തുടക്കം Updated On 2026-07-03

പൊതുജനങ്ങള്‍ക്ക് എല്ലാവിധ പ്രീമിയം സൗകര്യങ്ങളുമേകുന്ന കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റുകളുടെ ശൃംഖലയായ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ കാസര്‍ഗോഡ് ജില്ലയിലെ രണ്ടാം ഔട്ട്‌ലെറ്റിന് തുടക്കം. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ തുളുനാട് ഷോപ്പിങ് കോംപ്ലെക്‌സില്‍ റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം ഇന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഇതോട് കൂടി സംസ്ഥാനത്ത് ആകെയുള്ള കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകളുടെ എണ്ണം 14 ആയി. സിവില്‍ സ്‌റ്റേഷനിലാണ് കാസർഗോഡ് ജില്ലയിലെ ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചത്.

സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ് പ്രീമിയം റെസ്റ്റോറന്റ് വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ആദ്യ പ്രീമിയം റെസ്റ്റോറന്റിന് കുടുംബശ്രീ തുടക്കമിട്ടത്. ചവറ (കൊല്ലം), പന്തളം, പത്തനംതിട്ട ടൗൺ (പത്തനംതിട്ട), കല്ലിശ്ശേരി (ആലപ്പുഴ), കുറവിലങ്ങാട് (കോട്ടയം), വാഗമണ്‍ (ഇടുക്കി), ഗുരുവായൂര്‍ (തൃശ്ശൂര്‍), കൊയിലാണ്ടി (കോഴിക്കോട്), പന്തലാംപാടം (പാലക്കാട്), കോട്ടയ്ക്കല്‍ (മലപ്പുറം), ഇരിട്ടി (കണ്ണൂർ) എന്നിവിടങ്ങളിലും റെസ്റ്റോറൻ്റുകൾ ആരംഭിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ രണ്ടാം പ്രീമിയം റെസ്റ്റോറന്റിന്റെ പ്രവര്‍ത്തനം കാസർഗോഡ് മുനിസിപ്പാലിറ്റി സി.ഡി.എസിലെയും ചെങ്ങള സി.ഡി.എസിലെയും ആകെ 9 അയല്‍ക്കൂട്ടാംഗങ്ങള്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. 2100 സ്ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ കാസര്‍ഗോഡ് നഗരസഭ ഉപാധ്യക്ഷന്‍ കെ.എം. ഹനീഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മുഖ്യാതിഥിയും. ജനപ്രതിനിധികളും കുടുംബശ്രീ ഉദ്യോഗസ്ഥരും അയല്‍ക്കൂട്ടാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.