to
റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങ്: ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സമഗ്ര സേവനങ്ങളുമായി കുടുംബശ്രീ Updated On 2026-07-22

റബര്‍ കൃഷി മേഖലയിലെ തൊഴിലാളി ക്ഷാമത്തിനും പരിപാലന പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ കുടുംബശ്രീ. ഇതിനായി കേരള റബര്‍ ലിമിറ്റഡിന്‍റെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തില്‍ നടപ്പാക്കിയ റബര്‍ തോട്ടങ്ങളുടെ സമഗ്ര പരിപാലനത്തിനുളള  പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. കുടുംബശ്രീ റബര്‍ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍. വ്യാവസായികാടിസ്ഥാനത്തില്‍ റബര്‍ കൃഷി നടത്തുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ സി.ഡി.എസുകളിലാകും ആദ്യം പദ്ധതി വ്യാപിപ്പിക്കുക. നിലവില്‍ കോട്ടയത്ത് പതിനഞ്ച് വനിതകളാണ് ഈ രംഗത്തുള്ളത്. മറ്റു ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന മുറയ്ക്ക് കൂടുതല്‍ വനിതകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി അവര്‍ക്കും തൊഴില്‍ അവസരമൊരുക്കും.

 

കുടുംബശ്രീ സി.ഡി.എസുകളെ ‘ഇവന്‍റ് മാനേജ്മെന്‍റ്’ മാതൃകയില്‍ റബര്‍ തോട്ടങ്ങളുടെ വാണിജ്യ-പ്രൊഫഷണല്‍ മാനേജ്മെന്‍റിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് ഈ രംഗത്ത് ശാസ്ത്രീയ പരിശീലനം നല്‍കി റബര്‍തോട്ട മേഖലയില്‍ സേവനദാതാക്കളായി മാറ്റും. ആവശ്യമായ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും റബര്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാകും.

 

തദ്ദേശതലത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുളള ചുമതല കുടുംബശ്രീ സി.ഡി.എസിനാണ്. ഓരോ പഞ്ചായത്തില്‍ നിന്നും തോട്ടം ഉടമകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അവരില്‍ നിന്നും റബര്‍ പരിപാലനത്തിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു കൊണ്ട് നടീല്‍, പരിപാലനം, ടാപ്പിങ്ങ്, സംസ്ക്കരണം, വിപണനം എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇവര്‍ ഏകോപിപ്പിക്കും. ഓരോ വര്‍ഷവും ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു നിശ്ചിത വിഹിതം ഉടമകള്‍ക്ക് നല്‍കും. കേരള റബര്‍ ലിമിറ്റഡിന്‍റെ സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും പദ്ധതി നടത്തിപ്പ്. സി.ഡി.എസുകള്‍ക്ക് സാമ്പത്തിക പിന്തുണയും നല്‍കും. റബര്‍ കൃഷിയുമായി ബന്ധപ്പെട്ട് ടാപ്പിങ്ങ് ഉള്‍പ്പെടെ വിവിധ പരിശീലനങ്ങളും ആവശ്യമായ ടൂള്‍ കിറ്റും കര്‍ഷകര്‍ക്ക് ലഭ്യമാക്കും. റബര്‍ ബോര്‍ഡ്, റബര്‍ ഉല്‍പാദക സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളെ ആവശ്യാനുസരണം വിന്യസിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. സേവനം ആവശ്യമായ ചെറുകിട റബര്‍ കര്‍ഷകരെയും കണ്ടെത്തും.

 

25 വര്‍ഷത്തോളം സ്ഥിരവരുമാനം ലഭ്യമാക്കാന്‍ കഴിയുന്ന കാര്‍ഷിക മേഖലയാണ് റബര്‍ കൃഷി എന്നതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടൊപ്പം ഹൈറേഞ്ച് പ്രദേശങ്ങളിലെ പ്രധാന കൃഷിയിനങ്ങളായ കാപ്പി, ഏലം എന്നിവയ്ക്ക് വളപ്രയോഗം നടത്തുന്നതിനുള്ള അവസരവും ഡ്രോണ്‍ പരിശീലനം നേടിയ കുടുംബശ്രീ കര്‍ഷകര്‍ക്ക് ലഭിച്ചേക്കും. നിലവില്‍ അമ്പതോളം വനിതകള്‍ കുടുംബശ്രീ മുഖേന ഡ്രോണ്‍ പരിശീലനവും ലൈസന്‍സും നേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

ചക്കയോ മാമ്പഴമോ അല്ല ബനാന ഫെസ്റ്റുമായി മടിക്കൈ Updated On 2026-07-22

ചക്കയുടെയും മാമ്പഴത്തിന്റെയും വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കുന്ന ഫുഡ് ഫെസ്റ്റുകള്‍ നമുക്കേവര്‍ക്കും പരിചിതമാണ്. എന്നാല്‍ കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ കുടുംബശ്രീ സി.ഡി.എസ് ഒരു വ്യത്യസ്തമായ ഫെസ്റ്റ് ആണ് ഇത്തവണ ഒരുക്കിയത്. ബനാന ഫെസ്റ്റ്. ജില്ലയില്‍ നേന്ത്രവാഴക്കൃഷിക്ക് പേരുകേട്ട പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് മുന്‍കൈയെടുത്താണ് വാഴയുടെ ഉത്പന്നങ്ങള്‍ക്ക് മാത്രമായി ഈ പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചത്.

 

പഴം കൊണ്ടുള്ള മിഠായി, വാഴക്കൂമ്പ് കട്‌ലറ്റ്, പഴം കിളിക്കൂട്, വാഴപ്പഴ കേക്ക്, വാഴക്കാമ്പ് തോരന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന 135 ഇനങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ മികച്ച വരുമാനമാര്‍ഗ്ഗം തുറന്ന് കൊടുക്കുകയായിരുന്നു ഫെസ്റ്റിന്റെ ലക്ഷ്യം. മേക്കാട്ട് ജി.വി.എച്ച്.എസ്.എസില്‍ ജൂലൈ 18ന് നടന്ന മേളയില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ 263 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി എണ്ണൂറ്റമ്പതോളം വനിതകള്‍ ഭാഗമായി.

 

ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിര്‍വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന്‍ അധ്യക്ഷനായ ചടങ്ങില്‍  കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി. ജയന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ജ്യോതി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി. പത്മിനി, പി. കുഞ്ഞികൃഷ്ണന്‍, എ. രാജന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി കെ. ബിജു എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.ബി. സീന സ്വാഗതവും കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ബാബു അപ്യാല്‍ നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ മേളയ്‌ക്കെത്തി.

പ്രതീക്ഷയുടെ കൈത്താങ്ങായി കുടുംബശ്രീ സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ; മാനസിക പിന്തുണയും തുടര്‍സേവനങ്ങളും ലഭ്യമാക്കിയത് ഇതുവരെ 7991 പേര്‍ക്ക് Updated On 2026-07-21

പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ പിന്തുണാ സംവിധാനമൊരുക്കി കുടുംബശ്രീയുടെ സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ശ്രദ്ധ നേടുന്നു. പോലീസ് സംവിധാനവുമായി ചേര്‍ന്നുകൊണ്ട് കുടുംബശ്രീ നടത്തുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ മാനസിക പിന്തുണയും  തുടര്‍ സേവനങ്ങളും ആവശ്യമായവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ വഴി സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഉള്‍പ്പെടെ ഇതുവരെ 7991 പേര്‍ക്ക്  മാനസിക പിന്തുണയും തുടര്‍ സേവനങ്ങളും ലഭ്യമാക്കി.

 

ആഭ്യന്തര വകുപ്പുമായി സഹകരിച്ചു കൊണ്ട് 2025 മാര്‍ച്ചിലാണ് പദ്ധതിയുടെ തുടക്കം. നിലവില്‍ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി 84 സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാര്‍ഹിക പീഡനം, കുടുംബ പ്രശ്നങ്ങള്‍, മദ്യപാനം, ലഹരി ഉപയോഗം, മൊബൈല്‍ അഡിക്ഷന്‍, സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ എന്നിവയാണ് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് സെന്‍ററുകളിലേക്ക് ഏറ്റവും കൂടുതല്‍ റഫര്‍ ചെയ്യുന്ന കേസുകള്‍. നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസം വീതമാണ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകളുടെ പ്രവര്‍ത്തനം. സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രവൃത്തിദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതും പരിഗണനയിലാണ്.

 

സെന്‍ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര വകുപ്പും കുടുംബശ്രീയും വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കുളള ട്രെയിനിങ്ങ് സിലബസില്‍ സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകളെ കുറിച്ചും ഇതിലൂടെ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചുമുള്ള അവബോധ പരിശീലനം ഉള്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലാതലത്തില്‍ വിവിധ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര വകുപ്പും കുടുംബശ്രീയും സംയുക്തമായി പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. എക്സ്റ്റന്‍ഷന്‍ സെന്‍ററുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി വിദഗ്ദ പരിശീലനങ്ങളും ലഭ്യമാക്കി വരികയാണ്.
 

പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി എല്ലാ മാസവും കുടുംബശ്രീ ജില്ലാമിഷന്‍റെയും ജില്ലാ പോലീസ് മേധാവിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല മോണിട്ടറിങ്ങ് കമ്മിറ്റിയും കൂടാറുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ റൂറല്‍ തലത്തിലും സിറ്റി തലത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.

കുടുംബശ്രീ കേരള ചിക്കന്‍ ഫാം തുടങ്ങാം: കുടുംബശ്രീ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു Updated On 2026-07-21

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലകളില്‍ പുതിയ ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അവസരം. കുടുംബശ്രീ അയല്‍ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കില്‍ 1000 മുതല്‍ 10000 കോഴികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫാമുകളുളള കര്‍ഷകര്‍ക്കാണ് അപേക്ഷിക്കാനാവുക. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നല്‍കും. കൂടാതെ വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികെ വാങ്ങി വിപണനം ചെയ്യും.

അപേക്ഷാ ഫോം  www.keralachicken.org.in  ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്/സി.ഡി.എസ് ഓഫീസുമായും കൂടാതെ 0471-2448144 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

നവ ആയുഷ് - ഗോത്രവൈദ്യ ചികിത്സാകേന്ദ്രത്തിന് കാഞ്ഞങ്ങാട്ട് തുടക്കം Updated On 2026-07-18

പരമ്പരാഗത ഗോത്രവൈദ്യത്തിന്റെ തനിമ ചോരാതെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഒണ്ടംകുളത്ത് നവ ആയുഷ് ആദിവാസി വംശീയ പാരമ്പര്യ വൈദ്യചികിത്സാ കേന്ദ്രത്തിന് തുടക്കം. പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ നേതൃത്വം വഹിക്കുന്നത് നെല്ലിത്തറയിലെ പ്രശസ്ത ഗോത്രവൈദ്യ ആര്‍. പത്മാവതിയാണ്.

 

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേന്ദ്രങ്ങളില്‍ വിജയകരമായി ചികിത്സ നടത്തുകയും ഒട്ടനവധി പ്രദര്‍ശന സ്റ്റാളുകളിലൂടെ ആദിവാസി വംശീയ വൈദ്യത്തിന്റെ പ്രസക്തി പൊതുസമൂഹത്തിന് മുന്നില്‍ തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് പത്മാവതി വൈദ്യര്‍. പരമ്പരാഗത രീതിയിലുള്ള കര്‍ക്കടക ചികിത്സ, ഉഴിച്ചില്‍, സ്ത്രീരോഗങ്ങള്‍, വിട്ടുമാറാത്ത മുട്ടുവേദന, വാതസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പച്ചമരുന്ന് ചികിത്സകള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഈ കേന്ദ്രത്തില്‍ ലഭ്യമാകും.

 

കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി. പ്രീതിയുടെ അധ്യക്ഷതയില്‍ ഒണ്ടംകുളത്ത് സംഘടിപ്പിച്ച യോഗത്തില്‍ പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ കെ.എം. മുഖ്യാതിഥിയായി. കുടുംബശ്രീ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ സരോജിനി കൃഷ്ണന്‍ സ്വാഗതവും ആര്‍. പത്മാവതി നന്ദിയും പറഞ്ഞു.

എഫ്.എന്‍.എച്ച്.ഡബ്ല്യു : സ്റ്റേറ്റ് കോര്‍ കമ്മിറ്റി യോഗം സംഘടിപ്പിച്ചു Updated On 2026-07-18

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ല്യു (ഫുഡ്, ന്യൂട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്-വാട്ടര്‍ സാനിട്ടേഷന്‍) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം ഏകോപിതവും ഫലപ്രദവുമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ല്യു സ്റ്റേറ്റ് കോര്‍ കമ്മിറ്റി യോഗം 16-ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തിയും ആരോഗ്യ-പോഷക ഇടപെടലുകള്‍ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു പോകുന്നതിനും യോഗത്തില്‍ തീരുമാനമായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ സംസ്ഥാന ജില്ലാ ബ്ളോക്കുതലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുമായുള്ള സംയോജിത പ്രവര്‍ത്തനം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് സ്റ്റേറ്റ് കോര്‍ കമ്മിറ്റിയുടെ രൂപീകരണം.

 

കൂടുതല്‍ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പു വരുത്തി സ്റ്റേറ്റ് കോര്‍ കമ്മിറ്റി കൂടുതല്‍ വിപുലീകരിക്കുന്നതോടൊപ്പം എല്ലാ ജില്ലകളിലും എഫ്.എന്‍.എച്ച്.ഡബ്ല്യു കോര്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെയും സഹകരണത്തോടെ സംസ്ഥാനത്ത് 14 ജില്ലകളിലെ 28 ഇമേര്‍ഷന്‍ സൈറ്റ് ബ്ളോക്കുകളില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കാന്‍സര്‍ സ്ക്രീനിങ്ങ്, അനീമിയ പരിശോധന, സാംക്രമികേതര രോഗങ്ങളുടെ പ്രാഥമിക പരിശോധന, നേത്ര പരിശോധന എന്നിവ ഉള്‍പ്പെടെ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.  

 

ഭക്ഷ്യ പോഷക സുരക്ഷയും (ഫുഡ്, ന്യൂട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്) ശുചിത്വവുമായി ബന്ധപ്പെട്ട ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് പോഷകാഹാരം, ആരോഗ്യ സംരക്ഷണം, ശുചിത്വം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നിന് സ്റ്റേറ്റ് കോര്‍ കമ്മിറ്റി രൂപീകരണം സഹായകമാകും. മികച്ച പ്രവര്‍ത്തന മാതൃകകള്‍ പ്രചരിപ്പിക്കുന്നതിനും കാര്യശേഷി വികസന പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിനും കമ്മിറ്റി നേതൃത്വം നല്‍കും.

 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘ്നേശ്വരിയാണ് സ്റ്റേറ്റ് കോര്‍ കമ്മിറ്റിയുടെ അധ്യക്ഷ. കുടുംബശ്രീ, ആരോഗ്യ കുടുംബക്ഷേമം, പൊതുവിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ 25 പേരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.

 

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.എസ് ഷാനവാസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്‍, വനിതാ ശിശു വികസനം, ആരോഗ്യ കുടുംബക്ഷേമം, പൊതുവിദ്യാഭ്യാസ വകുപ്പുകളിലെയും നാഷണല്‍ ഹെല്‍ത്ത് മിഷനിലെയും പ്രതിനിധികള്‍ പങ്കെടുത്തു.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) രണ്ടാം ഗഡു: കുടുംബശ്രീയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 93.7 കോടി കൂടി Updated On 2026-07-15

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ആര്‍.എല്‍.എം രണ്ടാം ഗഡുവായി 93.6 കോടി  രൂപ കൂടി അനുവദിച്ചു. ഇതില്‍ 5.56 കോടി രൂപ സംസ്ഥാന മിഷന്‍റെയും, 80.04 കോടി രൂപ 14 ജില്ലാ മിഷനുകളുടെയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിക്കായി ആറ് കോടി രൂപയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പ്രത്യേക പദ്ധതിക്കായി രണ്ടു കോടിയും ഈ ഫണ്ടില്‍ നിന്നു നല്‍കും.

 

കുടുംബശ്രീ സമര്‍പ്പിച്ച ഈ സാമ്പത്തിക വര്‍ഷത്തെ 400.84 കോടി രൂപയുടെ വാര്‍ഷിക കര്‍മപദ്ധതിക്ക്  എന്‍.ആര്‍.എല്‍.എം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ആദ്യഗഡുവായി 69.40 കോടി രൂപ എന്‍.ആര്‍.എല്‍.എം അനുവദിച്ചു നല്‍കി. ഇതിനു പുറമേയാണ് ഇപ്പോള്‍ രണ്ടാം ഗഡുവായി 93.6 കോടി രൂപ കൂടി അനുവദിച്ചു നല്‍കിയത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീയുടെ വാര്‍ഷിക കര്‍മപദ്ധതിക്കായി ആകെ 163 കോടി രൂപ ലഭിച്ചു. ഇതില്‍ 97.8 കോടി രൂപ കേന്ദ്ര വിഹിതവും 65.2 കോടി രൂപ സംസ്ഥാന വിഹിതവുമാണ്.

 

സംഘടനാ ശാക്തീകരണം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, കാര്‍ഷികം, മൃഗസംരക്ഷണം, സാമൂഹ്യ വികസനം, ജെന്‍ഡര്‍, എഫ്.എന്‍എച്ച്.ഡബ്ല്യു, സൂക്ഷ്മ സംരംഭങ്ങള്‍, മാര്‍ക്കറ്റിങ്ങ്, ലാഖ്‍പതി ദീതി, മാനേജ്മെന്‍റ്  ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങി ദാരിദ്ര്യനിര്‍മാര്‍ജന സ്ത്രീശാക്തീകരണ മേഖലയില്‍ സംസ്ഥാന ജില്ലാതലത്തില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക.

 

കാര്‍ഷിക കാര്‍ഷികേതര മേഖലയില്‍ സംരംഭകത്വ വികസനം ഉള്‍പ്പെടെയുളള വിവിധ ഉപജീവന പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യവികസനം, സംഘടനാ ശാക്തീകരണം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ജില്ലാമിഷനുകള്‍ക്കുള്ള ഫണ്ട് വിതരണം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം (6.27 കോടി), കൊല്ലം (6.14 കോടി), പത്തനംതിട്ട (3.86 കോടി), ആലപ്പുഴ (5.73 കോടി), കോട്ടയം (5.01 കോടി), ഇടുക്കി (4.51 കോടി), എറണാകുളം (6.74 കോടി), തൃശൂര്‍ (7.03 കോടി), പാലക്കാട് (7.58 കോടി), മലപ്പുറം (8.09 കോടി), കോഴിക്കോട് (6.10 കോടി), വയനാട് (3.42 കോടി), കണ്ണൂര്‍ (5.71 കോടി), കാസര്‍കോട് ജില്ലയ്ക്ക് (3.85 കോടി) രൂപയും ഫണ്ട് ഇനത്തില്‍ വിതരണം ചെയ്തു.

റബര്‍ കൃഷി മേഖലയിലേക്ക് കുടുംബശ്രീ Updated On 2026-07-14

റബര്‍ കൃഷി മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് ശ്വാശ്വത പരിഹാരം, റബര്‍ കര്‍ഷകര്‍ക്ക് സമഗ്ര സേവനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ റബര്‍ കാര്‍ഷിക കര്‍മ്മസേനയുമായി കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍. മേലുകാവ് പഞ്ചായത്തിലാണ് ഇവന്റ് മാനേജ്‌മെന്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കര്‍മ്മസേനയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

 

റബര്‍ തോട്ടങ്ങളുടെ പരിപാലനം ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി 15 അയല്‍ക്കൂട്ടാംഗങ്ങളാണ് റബര്‍ കാര്‍ഷിക കര്‍മ്മസേനയിലുള്ളത്. മേലുകാവ് സി.ഡി.എസിലെ വിവിധ അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ടാപ്പിങ് ഉള്‍പ്പെടെയുള്ള എല്ലാ റബര്‍ കൃഷി പരിപാലന പ്രവര്‍ത്തനങ്ങളും ഈ കര്‍മ്മസേന ഏകോപിപ്പിച്ച് നിര്‍വഹിക്കും. ഇതിലൂടെ തോട്ടം ഉടമകള്‍ക്ക് തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാകുകയും കൃഷിപരിപാലനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും വിദഗ്ധ സംഘത്തിന് കൈമാറാനാവുകയും ചെയ്യും. തൊഴിലാളികള്‍ക്ക് സ്ഥിരതയുള്ള തൊഴിലും മാന്യമായ വേതനവും ഉറപ്പാക്കുന്നതോടൊപ്പം റബ്ബര്‍ ഉല്‍പ്പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കാനും പദ്ധതി സഹായകമാകും. കേരള റബ്ബര്‍ ലിമിറ്റഡിന്റെ (കെ.ആര്‍.എല്‍) സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയും പദ്ധതിക്കുണ്ട്.

ജനോപകാരപ്രദവും കാര്യക്ഷമവുമായ ഭരണ സേവന സംവിധാനം: 167 കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കൂടി ഐ.എസ്.ഓ അംഗീകാരം Updated On 2026-07-14

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 167 സി.ഡി.എസുകള്‍ക്ക് കൂടി ഐ.എസ്.ഓ (ഇന്‍റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. സി.ഡി.എസുകളുടെ  പ്രവര്‍ത്തന സംവിധാനങ്ങളില്‍ കാര്യക്ഷമതയും സമ്പൂര്‍ണ ഗുണമേന്‍മ ഉറപ്പു വരുത്തിക്കൊണ്ട് അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിയതിനാണിത്.

 

സ്ഥാപനത്തില്‍ ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഓ 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. സി.ഡി.എസുകള്‍ക്ക് ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 2025-ല്‍ നടത്തിയ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളില്‍   617 സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ അംഗീകാരം ലഭിച്ചിരുന്നു. ബാക്കിയുള്ള 453 സി.ഡി.എസുകളെ ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി നടത്തിയ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ഇപ്പോള്‍ 167 സി.ഡി.എസുകള്‍ കൂടി ഈ നേട്ടം കൈവരിച്ചത്.

 

രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലൂടെ പത്തനംതിട്ട(58), വയനാട്, കോഴിക്കോട്(82), കണ്ണൂര്‍(81) ജില്ലകളിലെ  എല്ലാ സി.ഡി.എസുകളും സര്‍ട്ടിഫിക്കേഷന്‍ നേടി നൂറ് ശതമാനം നേട്ടം കൈവരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 33-ല്‍ 32 സി.ഡി.എസുകളും സര്‍ട്ടിഫിക്കേഷന്‍ നേടി. വയനാട് ജില്ലയിലെ  ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്നലെ(13-7-2026) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. വയനാട് മുട്ടില്‍ എം.ആര്‍ ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. മാതൃകാപരമായ പ്രവര്‍ത്തനമികവിന് സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചതും വയനാട് ജില്ലയിലെ വേങ്ങപ്പള്ളി സി.ഡി.എസിനായിരുന്നു.  ആദ്യഘട്ടത്തില്‍ തന്നെ എല്ലാ സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ അംഗീകാരം നേടിയ ജില്ല കൊല്ലമാണ്. ഇവിടെ 74 സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

 

കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഓഫീസ് സംവിധാനം, സര്‍ക്കാര്‍ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം, സി.ഡി.എസുകള്‍ മുഖേന നല്‍കുന്ന സേവനങ്ങളുടെ  മികവ്,  ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ സുസ്ഥിരവും സമഗ്രവുമായ ഓഫീസ് മികവ് എന്നിവ കൈവരിച്ചു കൊണ്ടാണ് സി.ഡി.എസുകള്‍ ഐ.എസ്.ഓ അംഗീകാരം നേടിയത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, വയോജനങ്ങള്‍, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കുള്ള സേവനങ്ങളും  ലഭ്യമാക്കി. ഗുണമേന്‍മാ നയരൂപീകരണം, സി.ഡി.എസ് ഓഫീസിലെ സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്ററുകളുടെ സൂക്ഷിപ്പിലെയും കൃത്യത, ഇവയുടെ ശാസ്ത്രീയമായ പരിപാലനം, അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍, ഫണ്ടുകളുടെ വിനിയോഗം, കൃത്യമായ അക്കൗണ്ടിങ്ങ് സിസ്റ്റം, കാര്യക്ഷമമായ ഓഡിറ്റിങ്ങ് സംവിധാനം, കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലെ കൃത്യത, സി.ഡി.എസുകള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയിലടക്കം കൈവരിച്ച മികവ് പരിഗണിച്ചാണ് സി.ഡി.എസുകള്‍ക്ക് അംഗീകാരം.

 

ഫയല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും  കിലയുടെയും അതത് പഞ്ചായത്ത് ഭരണസമിതിയുടെയും പൂര്‍ണ പിന്തുണയും സി.ഡി.എസുകള്‍ക്ക് ലഭിക്കുന്നുണ്ട്.

 

കുടുംബശ്രീയുടെ ഭരണ സേവന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുത്യാര്യവും ജനസൗഹൃദവുമാക്കുന്നതിനൊപ്പം, പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും സേവന വിതരണത്തില്‍ ഏകീകൃത ഗുണനിലവാരം ഉറപ്പാക്കുന്നതിനും സര്‍ട്ടിഫിക്കേഷന്‍ സഹായകമാകും. മൂന്നു വര്‍ഷമാണ് ഒരു സര്‍ട്ടിഫിക്കേഷന്‍റെ കാലാവധി.

പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും എല്ലാ കുടുംബശ്രീ സി.ഡി.എസുകളും ഐ.എസ്.ഒ സര്‍ട്ടിഫൈഡ് Updated On 2026-07-13

പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എല്ലാ സി.ഡി.എസ് ഓഫീസുകള്‍ക്കും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ സ്വന്തം. ഓഫീസില്‍ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഐ.എസ്.ഒ 9001:2015 അംഗീകാരം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം തന്നെ കൊല്ലം ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകളും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയിരുന്നു. വയനാട് ജില്ലയിലെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പൂർത്തീകരണ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി തിങ്കളാഴ്ച നിർവഹിക്കും.

 

കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) യുമായി സഹകരിച്ച് 2025 മുതലാണ് സി.ഡി.എസ് ഓഫീസുകള്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ആരംഭിച്ചത്. ആകെയുള്ള 1071 സി.ഡി.എസ് ഓഫീസുകളില്‍ 782 സി.ഡി.എസുകള്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിക്കഴിഞ്ഞു. പത്തനംതിട്ടയിലെ 58, കോഴിക്കോട്ടെ 82, കണ്ണൂരിലെ 81 വീതം സി.ഡി.എസുകളാണ് ഐ.എസ്.ഒ അംഗീകാരം നേടിയത്.

 

കേരള സര്‍ക്കാര്‍ അംഗീകരിച്ച ബൈലോ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത, ഗുണനിലവാരമുള്ള ഓഫീസ് സംവിധാനം, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, സ്ത്രീ-ഭിന്നശേഷി-വയോജന സൗഹൃദ സേവനങ്ങള്‍, രേഖകളുടെ കൃത്യമായ പരിപാലനം, ഫ്രണ്ട് ഓഫീസ്, ഹെല്‍പ്പ് ഡെസ്‌ക് സംവിധാനങ്ങള്‍, ഏവരുടെയും പങ്കാളിത്തത്തോടെയുള്ള ഗുണനിലവാര നയരൂപവത്കരണം തുടങ്ങിയ ഘടകങ്ങളാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തലിന് പ്രധാന മാനദണ്ഡങ്ങളാക്കിയത്.

 

കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്ന സംവിധാനവും സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി സജ്ജമാക്കി. കൂടാതെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി വര്‍ഷത്തില്‍ രണ്ടുതവണ ഇന്റേണല്‍ ഓഡിറ്റ് നടത്തുകയും ഓരോ വര്‍ഷവും സര്‍വെയ്‌ലന്‍സ് ഓഡിറ്റിലൂടെ ഗുണനിലവാരം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. സി.ഡി.എസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനും സി.ഡി.എസിന്റെ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഐ.എസ്.ഒ നിലവാരത്തിലേക്ക് എത്തുന്നതോടെ കഴിയും. മൂന്നു വര്‍ഷമാണ് ഒരു സര്‍ട്ടിഫിക്കേഷന്റെ കാലാവധി.