to
കഴിഞ്ഞ വര്‍ഷം ഹരിതകര്‍മസേന നീക്കം ചെയ്തത് 86295.723 മെട്രിക് ടണ്‍ അജൈവ മാലിന്യം Updated On 2026-08-11

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ഹരിതകര്‍മ സേനയുടെ ശ്രദ്ധേയ മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86295.723 മെട്രിക് ടണ്‍ അജൈവ മാലിന്യം ശേഖരിച്ച് ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയതു വഴി കേരളത്തിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകര്‍മസേന കരുത്തു പകര്‍ന്നു.

 

2024-25 സാമ്പത്തിക വര്‍ഷം ആകെ 50190 മെട്രിക് ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 2025-26 സാമ്പത്തിക വര്‍ഷം 36106.723 മെട്രിക് ടണ്‍ മാലിന്യമാണ് കൂടുതല്‍ ശേഖരിച്ചത്.

 

സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്ന 4438 യൂണിറ്റുകളില്‍ അംഗങ്ങളായ 37,481 വനിതകളുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നില്‍. ജലാശയങ്ങളിലേക്കും പൊതുനിരത്തുകളിലേക്കും വലിച്ചെറിയപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന അജൈവമാലിന്യമാണ് ഇവര്‍ ശേഖരിച്ച് ശാസ്ത്രീയ സംസ്‌ക്കരണത്തിനായി കൈമാറിയത്. മാലിന്യ സംസ്‌ക്കരണത്തിലും പൊതുജനാരോഗ്യ പരിപാലനത്തിലും ഹരിതകര്‍മസേന നിര്‍ണായക പങ്കു വഹിക്കുന്നു.

 

തരംതിരിച്ച മാലിന്യം ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയതു വഴി 11.49 കോടി രൂപയാണ് ഹരിതകര്‍മ സേനയ്ക്ക് ലഭിച്ച വരുമാനം. മാലിന്യ ശേഖരണവും സംസ്‌ക്കരണവും മികച്ച രീതിയില്‍ നടത്തുന്ന യൂണിറ്റുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വരുമാനം കൂടുതല്‍ വനിതകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. കൂടാതെ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ രംഗത്ത് നാന്നൂറിലേറെ സൂക്ഷ്മസംരംഭങ്ങളും പ്രവര്‍ത്തിക്കുന്നു.

 

സംസ്ഥാനത്തെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് വികേന്ദ്രീകൃത രീതിയില്‍ പരിഹാരം കാണുന്നതിന് രൂപീകരിച്ച സംവിധാനമാണ് ഹരിതകര്‍മ സേന. മാലിന്യത്തെ വരുമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകര്‍മസേനയുടെ രൂപീകരണം.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രതിനിധികൾ ഡി.ഡി.യു – ജി.കെ.വൈ 2.0 പരിശീലനകേന്ദ്രം സന്ദർശിച്ചു Updated On 2026-08-11

സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു - ജി.കെ.വൈ) 2.0 പരിശീലന ഏജൻസിയായ ‘ന്യൂ ഡയറക്ഷൻസി’ൻ്റെ ആലപ്പുഴ ചേർത്തലയിലെ പരിശീലനകേന്ദ്രം കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി (സ്‌കിൽസ്) ജയശ്രീ എം.ജി ഐ.എസ്.എസ്, നാഷണൽ പ്രോഗ്രാം മാനേജർ (നാഷണൽ മിഷൻ മാനേജ്മെൻ്റ്) മനോജ് കുമാർ മിശ്ര എന്നിവർ സന്ദർശിച്ചു.

 

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ഡി.ഡി.യു – ജി.കെ.വൈ കേരളത്തിൽ കുടുംബശ്രീ മുഖേനയാണ് നടപ്പിലാക്കുന്നത്.

 

വെൽനെസ് തെറാപ്പിസ്റ്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി ജോലി നേടിയ  പരിശീലനാർത്ഥികളുമായും പഞ്ചകർമ്മ തെറാപ്പിസ്റ്റ് കോഴ്സിന് ചേർന്ന കുട്ടികളുമായും ഇവർ സംവദിച്ചു. കുടുംബശ്രീ ഡി.ഡി.യു-ജി.കെ.വൈ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. ദിലീപ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ രോഹിണി എ.എം, ജില്ലാ പ്രോഗ്രാം മാനേജർ നീനു എന്നിവർ പങ്കെടുത്തു.

 

ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി, തൊഴിൽ ഉറപ്പാക്കി മികച്ച വേതനം ലഭ്യമാക്കുകയെന്നതാണ് ഡി.ഡി.യു-ജി.കെ.വൈ 2.0 ലക്ഷ്യമിടുന്നത്.

മുഴുവന്‍ സി.ഡി.എസുകളിലും ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളുമായി കൊല്ലം ജില്ലയും Updated On 2026-08-06

കുടുംബശ്രീ സി.ഡി.എസുകളിലെല്ലാം ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിച്ച ജില്ലയെന്ന നേട്ടം സ്വന്തമാക്കി കൊല്ലവും. സ്ത്രീപദവി ഉയര്‍ത്തുന്നതിനും വനിതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും പരിശീലനവും നല്‍കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ സി.ഡി.എസ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ (ജി.ആര്‍.സി).

 

കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ കീഴിലുള്ള 74 സി.ഡി.എസുകളിലും ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. കൊല്ലം ജില്ലയെ സമ്പൂര്‍ണ്ണ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ജില്ലയായി ഇന്നലെ സംഘടിപ്പിച്ച ചടങ്ങില്‍ കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ എ.കെ. ഹഫീസ് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, വയനാട്, തൃശ്ശൂര്‍ ജില്ലകള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ജില്ലയാണ് കൊല്ലം.

 

പ്രാദേശിക തലത്തില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സ്ത്രീശാക്തീകരണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വേണ്ടിയുള്ള പ്രധാന ഇടമായി ജി.ആര്‍.സികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 2017-18 സാമ്പത്തിക വര്‍ഷം മുതലാണ് കുടുംബശ്രീ ജി.ആര്‍.സികള്‍ സ്ഥാപിച്ചു തുടങ്ങിയത്. വിവിധ ജില്ലകളിലായി 927 ജി.ആര്‍.സികള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നു.

 

കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ മേയര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍. അരുണ്‍ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആനി ജൂല തോമസ് ഐ.എ.എസ്., ‘ധീരം’ സ്വയംപ്രതിരോധ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജേഴ്സി വിതരണം നിര്‍വഹിക്കുകയും കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ (ജെന്‍ഡര്‍)മാരുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയും ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ കുരുവിള ജോസഫ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ്. ആര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍. ബീന നന്ദി രേഖപ്പെടുത്തി.

‘ഓണം കുടുംബശ്രീക്കൊപ്പം’ – സംസ്ഥാനത്തുടനീളം ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും Updated On 2026-08-05

ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപുലമായ വിപണി ഒരുക്കാന്‍ സംസ്ഥാനത്തുടനീളം ഓണം വിപണനമേളകള്‍ സംഘടിപ്പിക്കും. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപണി വിപുലപ്പെടുത്തുകയും സംരംഭകര്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും വരുമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഓണം വിപണന മേളകളില്‍ കാര്‍ഷിക സൂക്ഷ്മ സംരംഭ മേഖലകളില്‍ നിന്നുള്ള ഉല്‍പന്ന വിപണനം വഴിയും കൂടാതെ ഓണസദ്യ, ഓണക്കിറ്റ് വിപണനം എന്നിവയിലൂടെയും ആകെ 50.8 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ഓഗസ്റ്റ് 20 മുതൽ 25 വരെ നടക്കുന്ന മേളകളിലൂടെ ഈ വിറ്റുവരവ് മറി കടക്കുകയാണ് ലക്ഷ്യം.

 

ആലപ്പുഴ ജില്ലയിലാണ് ഓണം വിപണനമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം. ഒപ്പം പതിമൂന്ന് ജില്ലകളിലും കൂടാതെ ഓരോ സി.ഡി.എസിലും രണ്ടു വീതവും ആകെ രണ്ടായിരത്തിലേറെ വിപണനമേളകള്‍  സംഘടിപ്പിക്കും. അമ്പതിനായിരത്തോളം സംരംഭകരും മേളയില്‍ പങ്കെടുക്കും. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കുന്നതിനും വിലയിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി വിശദമായ പ്രവര്‍ത്തന മാര്‍ഗരേഖ കുടുംബശ്രീ തയ്യാറാക്കിയിട്ടുണ്ട്.

 

സൂക്ഷ്മ സംരംഭ, കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ സംരംഭകരും കര്‍ഷകരും ഉല്‍പാദിപ്പിക്കുന്ന വിവിധ ഭക്ഷ്യോല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവയ്‌ക്കൊപ്പം അട്ടപ്പാടിയിലെ വനിതാ കര്‍ഷകര്‍ കൃഷി ചെയ്യുന്ന വിവിധയിനം ചെറുധാന്യങ്ങള്‍, മധുരക്കിഴങ്ങ് എന്നിവയും ഇടുക്കിയിലെ ഗോത്രവര്‍ഗ സംരംഭകരുടെ ഉല്‍പന്നങ്ങളും വിപണന മേളകളില്‍ ലഭ്യമാകും. കുടുംബശ്രീയുടെ ‘ഓണക്കനി’, ‘നിറപ്പൊലിമ’ പദ്ധതികളുടെ ഭാഗമായി കൃഷി ചെയ്യുന്ന പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവയും വിപണിയിലെത്തും. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ഇ-കൊമേഴ്സ് ആപ്ളിക്കേഷന്‍ വഴിയും ഉല്‍പന്നങ്ങള്‍ ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷം മികച്ച സ്വീകാര്യത നേടിയ സി.ഡി.എസുകള്‍ വഴിയുള്ള ഓണക്കിറ്റ് വിതരണം ഇക്കുറിയും തുടരും. ഓണസദ്യ ആവശ്യമായവര്‍ക്ക് ജില്ലാതലത്തിലും സി.ഡി.എസ് തലത്തിലും ലഭ്യമാകും. ഇതിന് ജില്ലാതലത്തില്‍ കോള്‍ സെന്‍റര്‍ സംവിധാനവും ഏര്‍പ്പെടുത്തും.

 

പ്രാദേശിക ഉത്സവങ്ങള്‍, സാംസ്കാരിക പരിപാടികള്‍, തിരക്കേറിയ പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിപണന മേളകളില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഹരിതചട്ടം പാലിച്ചുമാണ് മേളകള്‍ സംഘടിപ്പിക്കുക. മേളകളുടെ സുഗമമായ നടത്തിപ്പിന് ജില്ലാതല, സി.ഡി.എസ് തല ഏകോപന സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍, സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ മേളകള്‍ കൂടുതല്‍ ജനകീയമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് - കുടുംബശ്രീ സി.ഡി.എസുകളെ ശക്തിപ്പെടുത്താൻ കർമ്മപദ്ധതി Updated On 2026-08-01

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൻ്റെ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാല സമാപിച്ചു. ശിൽപ്പശാലയുടെ ഭാഗമായി കേരളത്തിൽ കുടുംബശ്രീ സി.ഡി.എസുകൾ ഉൾപ്പെടെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളുടെയും പ്രവർത്തനം കൂടുതൽ ഫലപ്രദവും സ്വയംപര്യാപ്തവുമാക്കുന്നതിനുള്ള പുതിയ കർമ്മപദ്ധതികളും പ്രവർത്തനരീതിയും അവതരിപ്പിച്ചു.

 

സ്വയംപര്യാപ്ത  ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഒന്നിലധികം വരുമാന സ്രോതസ്സുകൾ വികസിപ്പിക്കണമെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി അമിത് ശുക്ല പറഞ്ഞു. ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും അവതരിപ്പിച്ച കർമ്മ പദ്ധതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സമൂഹത്തിന്റെ ഉടമസ്ഥതയും നേതൃത്വവും ഉറപ്പാക്കണമെന്നും വിവിധ സംസ്ഥാനങ്ങളുടെ പ്രാദേശിക സാഹചര്യങ്ങൾക്കും വൈവിധ്യങ്ങൾക്കും അനുസൃതമായി പ്രയോഗിക്കാനാകുന്ന വിധത്തിലുള്ള മേൽനോട്ട സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഓൺലൈൻ ആയാണ് അദ്ദേഹം പങ്കെടുത്തത്.

 

ഭരണ നിർവഹണം, മനുഷ്യ വിഭവ ശേഷി, സാമ്പത്തിക സ്വയം പര്യാപ്തത, അംഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക നേട്ടങ്ങൾ, സാമൂഹ്യ ഇടപെടൽ എന്നീ അഞ്ച് പ്രധാന മേഖലകൾ പ്രത്യേകമായ മാനദണ്ഡങ്ങൾ വഴി വിലയിരുത്തിയാണ് ഓരോ സംസ്ഥാനവും കർമ്മപദ്ധതിയും വിലയിരുത്തൽ റിപ്പോർട്ടും തയ്യാറാക്കിയത്.

 

സംരംഭകത്വ വികസന രംഗത്ത് കൂടുതൽ ശേഷി വികസന പരിശീലനവും വിഷയാധിഷ്ഠിത പരിശീലനവും നൽകുന്നതിനും സംസ്ഥാനങ്ങൾ തമ്മിൽ മികച്ച പ്രവർത്തന മാതൃകകൾ പങ്കുവച്ച് സ്ഥാപനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ശിൽപ്പശാലയിൽ പ്രത്യേക പ്രാധാന്യം നൽകി. സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനായി തൽസമയ സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ശിൽപ്പശാല അഭിപ്രായപ്പെട്ടു. സേവനാധിഷ്ഠിത വരുമാന മാർഗങ്ങൾ വികസിപ്പിക്കുന്നതിനും പ്രത്യേകം ഊന്നൽ നൽകി.

 

ഭരണനിർവഹണം, മാനവവിഭവശേഷി, സാമ്പത്തിക സ്വയംപര്യാപ്തത, ഉപജീവന പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവ ശക്തമാക്കുന്നതിനൊപ്പം നിലവിൽ ഈ മേഖലകളിൽ പൊതുവായി നേരിടുന്ന വെല്ലുവിളികൾ ശിൽപ്പശാല വിശദമായി ചർച്ച ചെയ്തു. സംസ്ഥാന മുതൽ ഗ്രാമതലം വരെ നൽകുന്ന ഘടനാപരമായ പിന്തുണാ സംവിധാനം, സ്ഥിരമായ ഫീൽഡ് സന്ദർശനങ്ങൾ, പരിശീലനവും പുരോഗതി അവലോകനവും ഉൾപ്പെടുന്ന പുതിയ പ്രവർത്തന രീതിയും ശിൽപ്പശാലയിൽ വിശദീകരിച്ചു.

 

നിലവിൽ കുടുംബശ്രീ സി.ഡി.എസുകൾക്ക് ഐ.എസ്.ഒ. നിലവാരം നിലനിർത്തുന്നതിനുള്ള തുടർനിരീക്ഷണം നടത്തുന്നുണ്ട്.  ഇത് മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കും. ഭരണസംവിധാനത്തിന്റെ മാനദണ്ഡവൽക്കരണം, ഡിജിറ്റൽ രേഖാസംവിധാനം, നിയമപരമായ നികുതി-ഓഡിറ്റ് നടപടികൾ കൃത്യമായി പാലിക്കൽ, പ്രകടന വിലയിരുത്തലോടുകൂടിയ മാനവവിഭവ നയം, സേവനാധിഷ്ഠിത വരുമാന സംവിധാനം, കുടുംബതല ഉപജീവന പദ്ധതികളുടെ ശക്തിപ്പെടുത്തൽ, ബാങ്ക് വായ്പാ ബന്ധത്തിന്റെ ഫലപ്രദമായ നിരീക്ഷണം എന്നിവ അടിസ്ഥാനമാക്കി പുതിയ കർമ്മപദ്ധതികളും പ്രവർത്തനരീതികളും  നടപ്പാക്കും.

 

ശിൽപ്പശാലയുടെ ഭാഗമായി ഓരോ സംസ്ഥാനവും മൂന്ന് മാസം കൂടുമ്പോൾ സമയബന്ധിത പ്രവർത്തനപദ്ധതി തയ്യാറാക്കാനും, പരിചയസമ്പന്നരായ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരുടെ നേതൃത്വത്തിൽ തുടർച്ചയായ സപ്പോർട്ടീവ് സൂപ്പർവിഷൻ ഉറപ്പാക്കാനും തീരുമാനിച്ചു. ഗ്രാമസഭകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും വിവിധ വകുപ്പുകളുമായും കൂടുതൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കി, ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുമായി (GPDP) ഉപജീവന പദ്ധതികളെ ബന്ധിപ്പിക്കാനും ശിൽപ്പശാല നിർദേശിച്ചു.

 

2047ഓടെ സാമ്പത്തികമായി സ്വയംപര്യാപ്തവും സ്ഥാപനപരമായി ശക്തവുമായ വനിതാ കമ്മ്യൂണിറ്റി സ്ഥാപനങ്ങളായി ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളെ വളർത്തിയെടുക്കുക എന്ന ദേശീയ ദർശനം യാഥാർഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി
ശിൽപ്പശാലയും ഇതിൽ അംഗീകരിച്ച തുടർനടപടികളെയും വിലയിരുത്തി. കർണാടക ഉപജീവന മിഷൻ ഡയറക്ടർ ജ്യോത്സ്ന വിജയ വാസിറെഡ്ഡി ശിൽപ്പശാലയിൽ പങ്കെടുത്തു സംസാരിച്ചു.

 

തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉപജീവന മിഷൻ ഡയറക്ടർമാർ ഓൺലൈനായി ശിൽപ്പശാലയിൽ പങ്കെടുത്തു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺമാർ, നാഷണൽ റിസോഴ്‌സ് പേഴ്‌സൺമാർ, വിവിധ സംസ്ഥാനങ്ങളിലെ മിഷൻ ഡയറക്ടർമാർ, സ്റ്റേറ്റ് ലൈവ്ലിഹുഡ് മിഷൻ പ്രതിനിധികൾ, സ്റ്റേറ്റ് മിഷൻ മാനേജർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർ ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്തു. എൻ.എം.എം.യു. ദേശീയ മിഷൻ മാനേജർ ഡോ. ജൂയി ഭട്ടാചാര്യ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാം കുമാർ കെ.യു. എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി .

നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് - ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാലയിൽ അഞ്ച് സംസ്ഥാനങ്ങളുടെ കർമപദ്ധതി തയ്യാറായി Updated On 2026-07-31

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാലയുടെ മൂന്നാം ദിനത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും തങ്ങളുടെ സംസ്ഥാനതല കർമപദ്ധതികൾ തയ്യാറാക്കി. ഇതോടൊപ്പം കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ വായ്പാ തിരിച്ചടവിന്റെ കൃത്യത ഉറപ്പാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനം, കാര്യക്ഷമമായ ഓഡിറ്റ് മാതൃക എന്നിവയും ശിൽപ്പശാലയിൽ ശ്രദ്ധ നേടി. ഇത് മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കിയേക്കും

 

കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളെ കൂടുതൽ കാര്യക്ഷമവും സാമ്പത്തികമായി സ്വയംപര്യാപ്തവുമായ സ്ഥാപനങ്ങളാക്കി മാറ്റുകയും സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകളുടെയും കുടുംബങ്ങളുടെയും സാമൂഹിക-സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കർമപദ്ധതികൾ രൂപീകരിച്ചത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനത്തിനും കർമ്മ പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.

 

ശനിയാഴ്ച സംസ്ഥാനങ്ങൾ തയ്യാറാക്കിയ കർമപദ്ധതികൾ ദേശീയ-സംസ്ഥാനതല വിദഗ്ധർ വിലയിരുത്തും. കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി സംസ്ഥാന ഉപജീവന മിഷനുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും ഈ വിലയിരുത്തലിൽ പങ്കെടുക്കും. ഇവർ കൂടി നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനവും അന്തിമ കർമപദ്ധതി തയ്യാറാക്കും. തുടർന്ന് ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളെ സാമ്പത്തിക സുസ്ഥിരതയും മികച്ച ഭരണശേഷിയും കൈവരിച്ച വനിതാ നേതൃത്വ സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും.

 

ശിൽപ്പശാലയിൽ കുടുംബശ്രീയുടെ സി.ഡി.എസ്-എ.ഡി.എസ്-അയൽക്കൂട്ടം എന്നിവ ഉൾപ്പെടുന്ന ത്രിതല സംഘടനാ സംവിധാനവും സ്ത്രീശാക്തീകരണ ദാരിദ്ര്യനിർമാർജനത്തിനായി കേരളത്തിൽ നടപ്പാക്കുന്ന വിവിധ മാതൃകകളും വിശദമായി അവതരിപ്പിച്ചു. ഈ അനുഭവങ്ങളിൽ നിന്നാണ് കേരളത്തിന്റെ മികച്ച പ്രവർത്തനരീതികൾ സ്വന്തം സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ മറ്റ് സംസ്ഥാനങ്ങൾ താൽപര്യം പ്രകടിപ്പിച്ചത്.

 

സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺമാർ, നാഷണൽ റിസോഴ്‌സ് പേഴ്‌സൺമാർ, വിവിധ സംസ്ഥാനങ്ങളിലെ മിഷൻ ഡയറക്ടർമാർ, സ്റ്റേറ്റ് ലൈവ്ലിഹുഡ് മിഷൻ പ്രതിനിധികൾ, സ്റ്റേറ്റ് മിഷൻ മാനേജർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർ ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്തു. എൻ.എം.എം.യു. ദേശീയ മിഷൻ മാനേജർ ഡോ. ജൂയി ഭട്ടാചാര്യ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ കെ.യു. എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. ശിൽപ്പശാല ശനിയാഴ്ച സമാപിക്കും.

ജീവനക്കാരുടെ ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രാധാന്യം നൽകി കുടുംബശ്രീയിൽ കർക്കടക ആഘോഷം Updated On 2026-07-31

കുടുംബശ്രീ സംസ്ഥാന മിഷനിലെ ജീവനക്കാർക്കായി ആരോഗ്യകരമായ ജീവിതശൈലിയും യോഗയുടെ പ്രാധാന്യവും പ്രമേയമാക്കി കർക്കടകാചരണം സംഘടിപ്പിച്ചു. ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീ ഡയറക്ടർ സിന്ധു കെ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് ഫിനാൻസ് ഓഫീസർ അജയകുമാർ കെ.എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയശ്രീ ടി.വി എന്നിവർ പങ്കെടുത്തു.

 

‘ലൈഫ് സ്റ്റൈൽ ആൻഡ് ഹെൽത്ത്’ വിഷയത്തിൽ ചെട്ടിവിളാകം സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് കെ.ജി. ക്ലാസെടുത്തു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ആരോഗ്യകരമായ ദിനചര്യയും ഭക്ഷണക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. തുടർന്ന് വട്ടിയൂർക്കാവ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ യോഗ ഇൻസ്ട്രക്ടർ ഡോ. ലക്ഷ്മി പി.ബി. ‘ഓഫീസ് യോഗ – ഒരു പ്രായോഗിക സമീപനം’ എന്ന വിഷയത്തിൽ പരിശീലനം നൽകി. ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ എളുപ്പത്തിൽ ചെയ്യാവുന്ന യോഗാഭ്യാസങ്ങളും ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമമുറകളും ജീവനക്കാർക്ക് പരിചയപ്പെടുത്തി. പരിപാടിയുടെ ഭാഗമായി ജീവനക്കാർക്ക് യോഗ പരിശീലനവും സംഘടിപ്പിച്ചു.

 

കർക്കടക മാസാചരണത്തിന്റെ ഭാഗമായി പരമ്പരാഗത വിഭവങ്ങളായ കർക്കടക കഞ്ഞിയും പത്തില തോരനും വിതരണം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്: ദേശീയതല പ്രതിനിധികളുടെ ശ്രദ്ധ നേടി കുടുംബശ്രീയുടെ മികവ് Updated On 2026-07-30

ദേശീയ ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് (NSSF) പദ്ധതിയുടെ ഭാഗമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ  സംഘടിപ്പിക്കുന്ന ദക്ഷിണമേഖല ദേശീയ ശിൽപ്പശാലയിൽ ശ്രദ്ധ നേടി കുടുംബശ്രീയുടെ മികവ്. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെ ഉന്നത ഉദ്യോഗസ്ഥർ, ദേശീയ-സംസ്ഥാന റിസോഴ്‌സ് പേഴ്സൺമാർ, മിഷൻ ഡയറക്ടർമാർ, കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ശിൽപ്പശാലയിലാണ് കേരളത്തിന്റെ സാമൂഹ്യാധിഷ്ഠിത വികസന മാതൃകയ്ക്ക് ദേശീയതല പ്രതിനിധികളുടെ പ്രത്യേക പരാമർശം ലഭിച്ചത്.

 

ശിൽപ്പശാലയുടെ ഭാഗമായി കേരളത്തിൽ എത്തിയ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പ്രോഗ്രാം മാനേജർ മെഹമ്മൂദ് ഹസൻ, നാഷണൽ റിസോഴ്സ് പേഴ്സൺ രാജേന്ദ്ര പ്രസാദ് എന്നിവർ നയിച്ച ദേശീയതല സംഘം തൃശൂർ ജില്ലയിലെ വരവൂർ, നടത്തറ, വള്ളത്തോൾ നഗർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളിലും അനുബന്ധ എ.ഡി.എസ്., അയൽക്കൂട്ട ശൃംഖലകളിലും ഫീൽഡ് സന്ദർശനം നടത്തിയിരുന്നു. കമ്മ്യൂണിറ്റി അംഗങ്ങളുമായുള്ള സംവാദം, ലോകോസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ വിവരങ്ങളുടെ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

 

സ്ഥാപന ഭരണം, മനുഷ്യവിഭവ വികസനം, സാമ്പത്തിക സ്വയംപര്യാപ്തത, അംഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതി, സാമൂഹിക ഇടപെടലും പരസ്പര പഠനവും എന്നീ അഞ്ച് പ്രധാന മേഖലകളിലായിരുന്നു വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ശിൽപ്പശാലയിൽ അവതരിപ്പിച്ചത്. കേരളത്തിലെ ശക്തമായ ഫെഡറേഷൻ സംവിധാനവും സി.ഡി.എസ്. – എ.ഡി.എസ്. – അയൽക്കൂട്ട തലങ്ങളിലെ ഫലപ്രദമായ ഏകോപനവുമാണ് കുടുംബശ്രീയുടെ ഏറ്റവും വലിയ കരുത്തെന്ന് റിപ്പോർട്ട് വിലയിരുത്തി. കൃത്യമായ യോഗങ്ങൾ, സജീവമായ ഉപസമിതികൾ, സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണരീതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ സഹകരണം എന്നിവ കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന മികച്ച മാതൃകകളാണെന്ന് ദേശീയ സംഘം നിരീക്ഷിച്ചു.

 

ഡിജിറ്റൽ ഭരണസംവിധാനത്തിലും കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ എല്ലാ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളും ലോകോസ് ഡിജിറ്റൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂൺ മാസത്തിൽ 97.56 ശതമാനം സി.എൽ.എഫ്. ഇടപാടുകളും ലോകോസിലൂടെയാണ് രേഖപ്പെടുത്തിയത്. ഇത് ഡിജിറ്റൽ ഭരണത്തിലെ മികച്ച നേട്ടമാണ്. വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിച്ചിട്ടുണ്ടെന്നും ദേശീയ സംഘം അഭിപ്രായപ്പെട്ടു.

 

സാമ്പത്തിക അച്ചടക്കം, സ്ഥിരമായ സമ്പാദ്യശീലം, മികച്ച വായ്പാ തിരിച്ചടവ്, ബാങ്കുകളുമായുള്ള ശക്തമായ ബന്ധം, കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തബോധം, വായ്പാ തിരിച്ചടവിൻ്റെ കൃത്യത എന്നിവ പ്രത്യേക പരാമർശം നേടി. ഇവ കേരളത്തിന്റെ പ്രധാന ശക്തികളായി മാറിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ ഉപജീവന വികസനത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾ സ്ത്രീകളുടെ വരുമാനവും സാമ്പത്തിക സ്വയംപര്യാപ്തതയും വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി ദേശീയ സംഘം വിലയിരുത്തി. ആരോഗ്യം, പോഷണം, വനിതാ ശാക്തീകരണം, ബാലസഭ, ഹരിത കർമ്മ സേന, വയോജനക്ഷേമം, സാമൂഹ്യസുരക്ഷ, ഗ്രാമസഭകളിലെ സജീവ പങ്കാളിത്തം തുടങ്ങി സാമൂഹിക വികസന മേഖലകളിലെ കുടുംബശ്രീയുടെ ഇടപെടലുകൾ സമൂഹമൂലധനം ശക്തിപ്പെടുത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.

 

സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ വികസന പ്രക്രിയയുടെ ഭാഗമാക്കുന്ന കുടുംബശ്രീയുടെ സമീപനം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും പ്രയോജനപ്പെടുന്ന മാതൃകയാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കേരളത്തിൽ രൂപപ്പെട്ട മികച്ച പ്രവർത്തന മാതൃകകൾ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹപാഠനത്തിനും അനുഭവവിജ്ഞാന കൈമാറ്റത്തിനും പ്രയോജനപ്പെടുത്തണമെന്ന് ശിൽപ്പശാലയിൽ പങ്കെടുത്തവർ  അഭിപ്രായപ്പെട്ടു. കമ്മ്യൂണിറ്റി നേതൃത്വ വികസനം, അറിവിന്റെ ശാസ്ത്രീയ രേഖപ്പെടുത്തൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വിപുലീകരണം, തദ്ദേശ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ ദേശീയതലത്തിൽ വ്യാപിപ്പിക്കാവുന്ന മികച്ച മാതൃകകളാണെന്നും ദേശീയ സംഘം അവതരിപ്പിച്ച വിലയിരുത്തൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

 

കേരളത്തിന്റെ ശക്തമായ സാമൂഹിക മൂലധനവും ജനകീയ പങ്കാളിത്തവും പക്വമായ കമ്മ്യൂണിറ്റി ഫെഡറേഷൻ സംവിധാനവും രാജ്യത്തിന് മാതൃകയാണ്. സ്വയംപര്യാപ്തവും സുസ്ഥിരവുമായ കമ്മ്യൂണിറ്റി സ്ഥാപനങ്ങളിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം ദേശീയ ഗ്രാമവികസന രംഗത്ത് പുതിയ ദിശാബോധം നൽകുന്നതാണെന്നും ദേശീയ വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു.

 

നാലുദിവസത്തെ ശിൽപ്പശാലയിൽ വിവിധ സംസ്ഥാനങ്ങളിലെ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ പ്രവർത്തനാനുഭവങ്ങൾ അവതരിപ്പിക്കും. കൂടാതെ  മികച്ച മാതൃകകൾ പങ്കുവയ്ക്കുകയും ഭാവി പ്രവർത്തനങ്ങൾക്കുള്ള കർമപദ്ധതികൾ രൂപീകരിക്കുകയും ചെയ്യും. തുടർന്ന് നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്കിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ശുപാർശകൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെയും തുടർ നടപടികൾക്കായി സമർപ്പിക്കും. നാളെ (31-07-2026) വിവിധ സംസ്ഥാനങ്ങളുടെ കർമ്മ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയാവതരണങ്ങളും മുന്നൊരുക്ക ചർച്ചകളും തുടരും.

നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ ഫ്രെയിംവര്‍ക്ക്: കുടുംബശ്രീ ദക്ഷിണമേഖലാ ദേശീയ ശില്പശാലയ്ക്ക് തുടക്കം Updated On 2026-07-30

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ ഫ്രെയിംവര്‍ക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യഘട്ട ദക്ഷിണമേഖലാ ശില്‍പശാലയ്ക്ക് തുടക്കമായി. രാജ്യത്തെ സ്വയംസഹായ സംഘങ്ങളിലെയും അയല്‍ക്കൂട്ട  അംഗങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതു ലക്ഷ്യമിട്ടു കൊണ്ട് പുതിയ കര്‍മപദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ശില്പശാലയുടെ  സംഘാടനം.

 

വിഷന്‍ 2047-ഓടെ രാജ്യത്തെ  ഓരോ ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനും സമൂഹം നയിക്കുന്ന വിധം സാമ്പത്തിക സ്വയംപര്യാപ്തതയും സുസ്ഥിരതയും കൈവരിച്ച സ്ഥാപനങ്ങളായി മാറുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ‘നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ ഫ്രെയിംവര്‍ക്ക്’ ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍.എം.എം.യു നാഷണല്‍ മിഷന്‍ മാനേജര്‍ ഡോ.ജൂയി ഭട്ടാചാര്യ പറഞ്ഞു. പൂര്‍ണമായും സ്വന്തം വരുമാനം കൊണ്ടു മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 34,000 ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനുകള്‍ രൂപവല്‍ക്കരിക്കാന്‍ കഴിയണം. സര്‍ക്കാര്‍ പിന്തുണ തീര്‍ത്തും ഇല്ലാതെയും അല്ലെങ്കില്‍ വളരെ പരിമിതമായി മാത്രം ലഭ്യമാക്കിക്കൊണ്ടും വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 340 ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനുകളും രൂപീകരിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പദ്ധതിയുടെ സുപ്രധാന കാഴ്ചപ്പാടുകള്‍ വിശദീകരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

 

തുടര്‍ന്ന് കേരളം, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ മികച്ച പ്രവര്‍ത്തന മാതൃകകള്‍ അവതരിപ്പിച്ചു. സാമൂഹ്യാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ പങ്കുവച്ചു. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍മാര്‍, നാഷണല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് ലൈവിലിഹുഡ് മിഷന്‍ പ്രതിനിധികള്‍, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുത്തു.

 

ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ കെ.യു. സ്വാഗതം പറഞ്ഞു. നാഷണല്‍ മിഷന്‍ മാനേജര്‍മാരായ മെഹമൂദ് ഹസന്‍ (കേരളം), പങ്കജ് സുയാല്‍ (ആന്ധ്രാപ്രദേശ്‌), പ്രേമ ജയിന്‍ (കര്‍ണാടക), നാഷണല്‍ റിസോഴ്സ് പേഴ്സണ്‍മാരായ രാജേന്ദ്ര പ്രസാദ്, ഗിരിഷ് ചന്ദ്ര, അംജത് ഖാന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന ടി.എം എന്നിവര്‍ പങ്കെടുത്തു.

 

ശില്പശാലയുടെ രണ്ടാം ദിനമായ 30ന്‌ പ്രതിനിധികള്‍ തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് അനുസൃതമായ കര്‍മപദ്ധതി രൂപരേഖ തയ്യാറാക്കും. സ്ഥാപനവും ഭരണവും - അടിസ്ഥാനം, മാനുഷിക വിഭവശേഷി, സാമ്പത്തിക സ്വയംപര്യാപ്തത, അംഗങ്ങള്‍ക്കുണ്ടാകുന്ന പ്രയോജനങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാകും രൂപരേഖ തയ്യാറാക്കുക.

 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ഹോട്ടല്‍ സാജ് റിസോർട്ട്സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ആഗസ്റ്റ് ഒന്നു വരെയാണ് ശില്പശാല.

ഡി.ഡി.യു-ജി.കെ.വൈ 2.0 : നൈപുണ്യ പരിശീലന ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കുന്നു Updated On 2026-07-29

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു-ജി.കെ.വൈ 2.0 യിലേക്ക് പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികളെ (പി.ഐ.എ) എംപാനല്‍ ചെയ്യുന്നതിന് അനുയോജ്യ സ്ഥാപനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കുന്നു. കൗശല്‍ റൂറല്‍ ഇ.ആര്‍.പി പോര്‍ട്ടല്‍ മുഖേന 2026 ഓഗസ്റ്റ് 10ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.

വിശദ വിവരങ്ങള്‍ക്ക് :

www.kudumbashree.org/tenders

www.kaushal.rural.gov.in