നാടിന്റെ വികസനത്തിനും ജനനൻമയ്ക്കുമായി അടിയുറച്ച ശബ്ദം: ആവേശമുണർത്തി കുടുംബശ്രീ ബാലപാർലമെന്റ് Updated On 2025-12-31
മതനിരപേക്ഷതയുടെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സാമൂഹ്യബോധമുള്ള പൗരസമൂഹമാണ് തങ്ങളെന്ന് വ്യക്തമാക്കി കുടുംബശ്രീ ബാലസഭാംഗങ്ങൾ അവതരിപ്പിച്ച ബാലപാർലമെന്റ് വേറിട്ട അനുഭവമായി. കുട്ടികളിൽ ഉന്നതമായ ജനാധിപത്യമൂല്യങ്ങളും നേതൃത്വഗുണവും സംഘടനാശേഷിയും പാരിസ്ഥിതിക ബോധവും വളർത്താൻ ബാലപാർലമെന്റ് സഹായകമാകുമെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ പഴയ നിയമസഭാ മന്ദിരത്തിൽ ഉയർന്നു കേട്ട കൗമാരത്തിന്റെ ഊർജം പ്രസരിക്കുന്ന വാക്കുകൾ.
കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സംഘടിപ്പിച്ച രണ്ടു ബാലപാർലമെന്റുകളിലാണ് അവകാശങ്ങൾക്കും രാജ്യത്തിന്റെ ബഹുമുഖ പുരോഗതിക്കുമായി കുട്ടികൾ ശബ്ദമുയർത്തിയത്. മുൻ സാമ്പത്തിക വർഷത്തെ ബാലപാർലമെന്റായിരുന്നു ആദ്യം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ്.എം. ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ലിംഗതുല്യത കൈവരിക്കാൻ കഴിയണമെന്നും വേർതിരിവുകളില്ലാതെ എല്ലാവരേയും ഒരു പോലെ ഉൾക്കൊളളാൻ കഴിയുന്ന മനോഭാവം വളർത്തിയെടുക്കാനാകണമെന്നും രാജേശ്വരി എസ്.എം പറഞ്ഞു. മാനവിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം എല്ലാവരേയും ബഹുമാനിക്കാൻ കഴിയുന്നവരായി കുട്ടികൾ മാറണമെന്നും അവർ പറഞ്ഞു.
ഇനി വരുന്ന തലമുറയെന്ന നിലയിൽ സമൂഹത്തെ ഒന്നാകെ പ്രചോദിപ്പിക്കാൻ കുട്ടികൾക്ക് കഴിയുമെന്നും അവരുടെ തെളിമയുള്ള ചിന്തകളും ലക്ഷ്യബോധമുളള സ്വപ്നങ്ങളും സമൂഹത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായിരിക്കുമെന്നും ബാലപാർലമെന്റിൽ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ പറഞ്ഞു. സിവിൽ സർവീസ് രംഗത്ത് കരിയർ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ബാലസഭാംഗങ്ങളുടെ ചോദ്യങ്ങൾക്കും അവർ മറുപടി നൽകി.
രണ്ടു ബാലപാർലമെന്റിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, സ്ത്രീസുരക്ഷ, വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം, സോഷ്യൽ മീഡിയ കുട്ടികളിൽ ചെലുത്തുന്ന അപകടകരമായ സ്വാധീനം, തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച ചോദ്യോത്തരവേള, അടിയന്തര പ്രമേയം അവതരിപ്പിക്കൽ, പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട് എന്നിവയും അരങ്ങേറി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വർധിച്ചു വരുന്ന തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങൾക്കായി ലഹരി മാഫിയ കുട്ടികളെ ഉപയോഗിക്കുന്നത്, നദികളുടെ മലിനീകരണം എന്നിവ സംബന്ധിച്ച ചോദ്യോത്തരവേളയിൽ മൂർച്ചയുള്ള ചോദ്യങ്ങളും അതേ നാണയത്തിലുള്ള മറുപടിയുമായി പ്രതിപക്ഷവും ഭരണപക്ഷവും കത്തിക്കയറിയത് ബാലപാർലമെന്റിനെ ശബ്ദമുഖരിതമാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ട് യഥാർത്ഥ പാർലമെന്റിൽ അരങ്ങേറുന്ന നടപടികളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
രാവിലെ സംഘടിപ്പിച്ച ബാലപാർലമെന്റിൽ രാഷ്ട്രപതിയായി ഹെലൻ അന്ന സജിൻ (ആലപ്പുഴ), പ്രധാനമന്ത്രിയായി ഏയ്ഞ്ചൽ (വയനാട്), പ്രതിപക്ഷ നേതാവ് പ്രണവ് ജെ. നായർ (ആലപ്പുഴ), സ്പീക്കർ അവനിജ ടി.എം (തൃശൂർ), ഡെപ്യൂട്ടി സ്പീക്കർ അലോന (ഇടുക്കി), സെക്രട്ടറി ജനറൽ, ആരാധ്യ പ്രദീപ് (കണ്ണൂർ), സെക്രട്ടറി, തൻവീൻ ഉമർ (പാലക്കാട്), സെക്രട്ടറി, കനിഷ്ക്ക (അട്ടപ്പാടി), മാർഷൽ, അഭിനവ് കൃഷ്ണ (കൊല്ലം), എ.ഡി.സി ബിനോ (കോട്ടയം) എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച രണ്ടാമത്തെ ബാലപാർലമെന്റിൽ രാഷ്ട്രപതിയായി അനുശ്രീ(കൊല്ലം), പ്രധാനമന്ത്രി ആത്രയ്(കൊല്ലം), സ്പീക്കർ-ചന്ദന(കാസർകോട്), ഡെപ്യൂട്ടി സ്പീക്കർ ആദിത്യ ഗണേഷ്(കണ്ണൂർ), പ്രതിപക്ഷ നേതാവ് ഫാത്തിമ ഇൻഷ (മലപ്പുറം), വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അബ്ദുള്ള (കൊല്ലം), കൃഷി വനം പരിസ്ഥിതി അർജ്ജുൻ അശോക് (ആലപ്പുഴ), സാമൂഹ്യനീതി ശിശുക്ഷേമം, ജോവിയ ജോഷി (കണ്ണൂർ), ആഭ്യന്തരം ചൈത്ര (കോഴിക്കോട്), ആരോഗ്യം അമേയ പി.സുനിൽ (മലപ്പുറം), കായികം ആർഷ പി (പത്തനംതിട്ട), ചീഫ് മാർഷൽ അർജ്ജുൻ കൃഷ്ണ (തൃശൂർ), എ.ഡി.സി അബി ബി.എസ് (തിരുവനന്തപുരം) എന്നിവരും പങ്കെടുത്തു. ബാലപാർലമെന്റിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ പുതിയ നിയമസഭാമന്ദിരവും സന്ദർശിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ഡോ.ബി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലത്ത് സ്വാഗതം പറഞ്ഞു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ അരുൺ പി.രാജൻ, ജസ്റ്റിൻ മാത്യു എന്നിവർ ബാലപാർലമെന്റിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. മുൻബാലസഭാംഗവും നിയമവിദ്യാർത്ഥിനിയുമായ നയന അനുഭവങ്ങൾ പങ്കുവച്ചു. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി.നായർ നന്ദി പറഞ്ഞു.







