to
നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് - ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാലയിൽ അഞ്ച് സംസ്ഥാനങ്ങളുടെ കർമപദ്ധതി തയ്യാറായി Updated On 2026-07-31

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാലയുടെ മൂന്നാം ദിനത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും തങ്ങളുടെ സംസ്ഥാനതല കർമപദ്ധതികൾ തയ്യാറാക്കി. ഇതോടൊപ്പം കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ വായ്പാ തിരിച്ചടവിന്റെ കൃത്യത ഉറപ്പാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനം, കാര്യക്ഷമമായ ഓഡിറ്റ് മാതൃക എന്നിവയും ശിൽപ്പശാലയിൽ ശ്രദ്ധ നേടി. ഇത് മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കിയേക്കും

 

കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളെ കൂടുതൽ കാര്യക്ഷമവും സാമ്പത്തികമായി സ്വയംപര്യാപ്തവുമായ സ്ഥാപനങ്ങളാക്കി മാറ്റുകയും സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകളുടെയും കുടുംബങ്ങളുടെയും സാമൂഹിക-സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കർമപദ്ധതികൾ രൂപീകരിച്ചത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനത്തിനും കർമ്മ പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.

 

ശനിയാഴ്ച സംസ്ഥാനങ്ങൾ തയ്യാറാക്കിയ കർമപദ്ധതികൾ ദേശീയ-സംസ്ഥാനതല വിദഗ്ധർ വിലയിരുത്തും. കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി സംസ്ഥാന ഉപജീവന മിഷനുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും ഈ വിലയിരുത്തലിൽ പങ്കെടുക്കും. ഇവർ കൂടി നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനവും അന്തിമ കർമപദ്ധതി തയ്യാറാക്കും. തുടർന്ന് ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളെ സാമ്പത്തിക സുസ്ഥിരതയും മികച്ച ഭരണശേഷിയും കൈവരിച്ച വനിതാ നേതൃത്വ സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും.

 

ശിൽപ്പശാലയിൽ കുടുംബശ്രീയുടെ സി.ഡി.എസ്-എ.ഡി.എസ്-അയൽക്കൂട്ടം എന്നിവ ഉൾപ്പെടുന്ന ത്രിതല സംഘടനാ സംവിധാനവും സ്ത്രീശാക്തീകരണ ദാരിദ്ര്യനിർമാർജനത്തിനായി കേരളത്തിൽ നടപ്പാക്കുന്ന വിവിധ മാതൃകകളും വിശദമായി അവതരിപ്പിച്ചു. ഈ അനുഭവങ്ങളിൽ നിന്നാണ് കേരളത്തിന്റെ മികച്ച പ്രവർത്തനരീതികൾ സ്വന്തം സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ മറ്റ് സംസ്ഥാനങ്ങൾ താൽപര്യം പ്രകടിപ്പിച്ചത്.

 

സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺമാർ, നാഷണൽ റിസോഴ്‌സ് പേഴ്‌സൺമാർ, വിവിധ സംസ്ഥാനങ്ങളിലെ മിഷൻ ഡയറക്ടർമാർ, സ്റ്റേറ്റ് ലൈവ്ലിഹുഡ് മിഷൻ പ്രതിനിധികൾ, സ്റ്റേറ്റ് മിഷൻ മാനേജർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർ ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്തു. എൻ.എം.എം.യു. ദേശീയ മിഷൻ മാനേജർ ഡോ. ജൂയി ഭട്ടാചാര്യ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ കെ.യു. എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. ശിൽപ്പശാല ശനിയാഴ്ച സമാപിക്കും.

ജീവനക്കാരുടെ ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രാധാന്യം നൽകി കുടുംബശ്രീയിൽ കർക്കടക ആഘോഷം Updated On 2026-07-31

കുടുംബശ്രീ സംസ്ഥാന മിഷനിലെ ജീവനക്കാർക്കായി ആരോഗ്യകരമായ ജീവിതശൈലിയും യോഗയുടെ പ്രാധാന്യവും പ്രമേയമാക്കി കർക്കടകാചരണം സംഘടിപ്പിച്ചു. ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീ ഡയറക്ടർ സിന്ധു കെ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് ഫിനാൻസ് ഓഫീസർ അജയകുമാർ കെ.എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയശ്രീ ടി.വി എന്നിവർ പങ്കെടുത്തു.

 

‘ലൈഫ് സ്റ്റൈൽ ആൻഡ് ഹെൽത്ത്’ വിഷയത്തിൽ ചെട്ടിവിളാകം സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് കെ.ജി. ക്ലാസെടുത്തു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ആരോഗ്യകരമായ ദിനചര്യയും ഭക്ഷണക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. തുടർന്ന് വട്ടിയൂർക്കാവ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ യോഗ ഇൻസ്ട്രക്ടർ ഡോ. ലക്ഷ്മി പി.ബി. ‘ഓഫീസ് യോഗ – ഒരു പ്രായോഗിക സമീപനം’ എന്ന വിഷയത്തിൽ പരിശീലനം നൽകി. ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ എളുപ്പത്തിൽ ചെയ്യാവുന്ന യോഗാഭ്യാസങ്ങളും ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമമുറകളും ജീവനക്കാർക്ക് പരിചയപ്പെടുത്തി. പരിപാടിയുടെ ഭാഗമായി ജീവനക്കാർക്ക് യോഗ പരിശീലനവും സംഘടിപ്പിച്ചു.

 

കർക്കടക മാസാചരണത്തിന്റെ ഭാഗമായി പരമ്പരാഗത വിഭവങ്ങളായ കർക്കടക കഞ്ഞിയും പത്തില തോരനും വിതരണം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്: ദേശീയതല പ്രതിനിധികളുടെ ശ്രദ്ധ നേടി കുടുംബശ്രീയുടെ മികവ് Updated On 2026-07-30

ദേശീയ ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് (NSSF) പദ്ധതിയുടെ ഭാഗമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ  സംഘടിപ്പിക്കുന്ന ദക്ഷിണമേഖല ദേശീയ ശിൽപ്പശാലയിൽ ശ്രദ്ധ നേടി കുടുംബശ്രീയുടെ മികവ്. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെ ഉന്നത ഉദ്യോഗസ്ഥർ, ദേശീയ-സംസ്ഥാന റിസോഴ്‌സ് പേഴ്സൺമാർ, മിഷൻ ഡയറക്ടർമാർ, കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ശിൽപ്പശാലയിലാണ് കേരളത്തിന്റെ സാമൂഹ്യാധിഷ്ഠിത വികസന മാതൃകയ്ക്ക് ദേശീയതല പ്രതിനിധികളുടെ പ്രത്യേക പരാമർശം ലഭിച്ചത്.

 

ശിൽപ്പശാലയുടെ ഭാഗമായി കേരളത്തിൽ എത്തിയ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പ്രോഗ്രാം മാനേജർ മെഹമ്മൂദ് ഹസൻ, നാഷണൽ റിസോഴ്സ് പേഴ്സൺ രാജേന്ദ്ര പ്രസാദ് എന്നിവർ നയിച്ച ദേശീയതല സംഘം തൃശൂർ ജില്ലയിലെ വരവൂർ, നടത്തറ, വള്ളത്തോൾ നഗർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളിലും അനുബന്ധ എ.ഡി.എസ്., അയൽക്കൂട്ട ശൃംഖലകളിലും ഫീൽഡ് സന്ദർശനം നടത്തിയിരുന്നു. കമ്മ്യൂണിറ്റി അംഗങ്ങളുമായുള്ള സംവാദം, ലോകോസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ വിവരങ്ങളുടെ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

 

സ്ഥാപന ഭരണം, മനുഷ്യവിഭവ വികസനം, സാമ്പത്തിക സ്വയംപര്യാപ്തത, അംഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതി, സാമൂഹിക ഇടപെടലും പരസ്പര പഠനവും എന്നീ അഞ്ച് പ്രധാന മേഖലകളിലായിരുന്നു വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ശിൽപ്പശാലയിൽ അവതരിപ്പിച്ചത്. കേരളത്തിലെ ശക്തമായ ഫെഡറേഷൻ സംവിധാനവും സി.ഡി.എസ്. – എ.ഡി.എസ്. – അയൽക്കൂട്ട തലങ്ങളിലെ ഫലപ്രദമായ ഏകോപനവുമാണ് കുടുംബശ്രീയുടെ ഏറ്റവും വലിയ കരുത്തെന്ന് റിപ്പോർട്ട് വിലയിരുത്തി. കൃത്യമായ യോഗങ്ങൾ, സജീവമായ ഉപസമിതികൾ, സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണരീതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ സഹകരണം എന്നിവ കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന മികച്ച മാതൃകകളാണെന്ന് ദേശീയ സംഘം നിരീക്ഷിച്ചു.

 

ഡിജിറ്റൽ ഭരണസംവിധാനത്തിലും കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ എല്ലാ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളും ലോകോസ് ഡിജിറ്റൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂൺ മാസത്തിൽ 97.56 ശതമാനം സി.എൽ.എഫ്. ഇടപാടുകളും ലോകോസിലൂടെയാണ് രേഖപ്പെടുത്തിയത്. ഇത് ഡിജിറ്റൽ ഭരണത്തിലെ മികച്ച നേട്ടമാണ്. വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിച്ചിട്ടുണ്ടെന്നും ദേശീയ സംഘം അഭിപ്രായപ്പെട്ടു.

 

സാമ്പത്തിക അച്ചടക്കം, സ്ഥിരമായ സമ്പാദ്യശീലം, മികച്ച വായ്പാ തിരിച്ചടവ്, ബാങ്കുകളുമായുള്ള ശക്തമായ ബന്ധം, കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തബോധം, വായ്പാ തിരിച്ചടവിൻ്റെ കൃത്യത എന്നിവ പ്രത്യേക പരാമർശം നേടി. ഇവ കേരളത്തിന്റെ പ്രധാന ശക്തികളായി മാറിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ ഉപജീവന വികസനത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾ സ്ത്രീകളുടെ വരുമാനവും സാമ്പത്തിക സ്വയംപര്യാപ്തതയും വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി ദേശീയ സംഘം വിലയിരുത്തി. ആരോഗ്യം, പോഷണം, വനിതാ ശാക്തീകരണം, ബാലസഭ, ഹരിത കർമ്മ സേന, വയോജനക്ഷേമം, സാമൂഹ്യസുരക്ഷ, ഗ്രാമസഭകളിലെ സജീവ പങ്കാളിത്തം തുടങ്ങി സാമൂഹിക വികസന മേഖലകളിലെ കുടുംബശ്രീയുടെ ഇടപെടലുകൾ സമൂഹമൂലധനം ശക്തിപ്പെടുത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.

 

സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ വികസന പ്രക്രിയയുടെ ഭാഗമാക്കുന്ന കുടുംബശ്രീയുടെ സമീപനം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും പ്രയോജനപ്പെടുന്ന മാതൃകയാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കേരളത്തിൽ രൂപപ്പെട്ട മികച്ച പ്രവർത്തന മാതൃകകൾ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹപാഠനത്തിനും അനുഭവവിജ്ഞാന കൈമാറ്റത്തിനും പ്രയോജനപ്പെടുത്തണമെന്ന് ശിൽപ്പശാലയിൽ പങ്കെടുത്തവർ  അഭിപ്രായപ്പെട്ടു. കമ്മ്യൂണിറ്റി നേതൃത്വ വികസനം, അറിവിന്റെ ശാസ്ത്രീയ രേഖപ്പെടുത്തൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വിപുലീകരണം, തദ്ദേശ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ ദേശീയതലത്തിൽ വ്യാപിപ്പിക്കാവുന്ന മികച്ച മാതൃകകളാണെന്നും ദേശീയ സംഘം അവതരിപ്പിച്ച വിലയിരുത്തൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

 

കേരളത്തിന്റെ ശക്തമായ സാമൂഹിക മൂലധനവും ജനകീയ പങ്കാളിത്തവും പക്വമായ കമ്മ്യൂണിറ്റി ഫെഡറേഷൻ സംവിധാനവും രാജ്യത്തിന് മാതൃകയാണ്. സ്വയംപര്യാപ്തവും സുസ്ഥിരവുമായ കമ്മ്യൂണിറ്റി സ്ഥാപനങ്ങളിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം ദേശീയ ഗ്രാമവികസന രംഗത്ത് പുതിയ ദിശാബോധം നൽകുന്നതാണെന്നും ദേശീയ വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു.

 

നാലുദിവസത്തെ ശിൽപ്പശാലയിൽ വിവിധ സംസ്ഥാനങ്ങളിലെ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ പ്രവർത്തനാനുഭവങ്ങൾ അവതരിപ്പിക്കും. കൂടാതെ  മികച്ച മാതൃകകൾ പങ്കുവയ്ക്കുകയും ഭാവി പ്രവർത്തനങ്ങൾക്കുള്ള കർമപദ്ധതികൾ രൂപീകരിക്കുകയും ചെയ്യും. തുടർന്ന് നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്കിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ശുപാർശകൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെയും തുടർ നടപടികൾക്കായി സമർപ്പിക്കും. നാളെ (31-07-2026) വിവിധ സംസ്ഥാനങ്ങളുടെ കർമ്മ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയാവതരണങ്ങളും മുന്നൊരുക്ക ചർച്ചകളും തുടരും.

നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ ഫ്രെയിംവര്‍ക്ക്: കുടുംബശ്രീ ദക്ഷിണമേഖലാ ദേശീയ ശില്പശാലയ്ക്ക് തുടക്കം Updated On 2026-07-30

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ ഫ്രെയിംവര്‍ക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യഘട്ട ദക്ഷിണമേഖലാ ശില്‍പശാലയ്ക്ക് തുടക്കമായി. രാജ്യത്തെ സ്വയംസഹായ സംഘങ്ങളിലെയും അയല്‍ക്കൂട്ട  അംഗങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതു ലക്ഷ്യമിട്ടു കൊണ്ട് പുതിയ കര്‍മപദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ശില്പശാലയുടെ  സംഘാടനം.

 

വിഷന്‍ 2047-ഓടെ രാജ്യത്തെ  ഓരോ ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനും സമൂഹം നയിക്കുന്ന വിധം സാമ്പത്തിക സ്വയംപര്യാപ്തതയും സുസ്ഥിരതയും കൈവരിച്ച സ്ഥാപനങ്ങളായി മാറുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ‘നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ ഫ്രെയിംവര്‍ക്ക്’ ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍.എം.എം.യു നാഷണല്‍ മിഷന്‍ മാനേജര്‍ ഡോ.ജൂയി ഭട്ടാചാര്യ പറഞ്ഞു. പൂര്‍ണമായും സ്വന്തം വരുമാനം കൊണ്ടു മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 34,000 ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനുകള്‍ രൂപവല്‍ക്കരിക്കാന്‍ കഴിയണം. സര്‍ക്കാര്‍ പിന്തുണ തീര്‍ത്തും ഇല്ലാതെയും അല്ലെങ്കില്‍ വളരെ പരിമിതമായി മാത്രം ലഭ്യമാക്കിക്കൊണ്ടും വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 340 ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനുകളും രൂപീകരിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പദ്ധതിയുടെ സുപ്രധാന കാഴ്ചപ്പാടുകള്‍ വിശദീകരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

 

തുടര്‍ന്ന് കേരളം, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ മികച്ച പ്രവര്‍ത്തന മാതൃകകള്‍ അവതരിപ്പിച്ചു. സാമൂഹ്യാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ പങ്കുവച്ചു. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍മാര്‍, നാഷണല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് ലൈവിലിഹുഡ് മിഷന്‍ പ്രതിനിധികള്‍, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുത്തു.

 

ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ കെ.യു. സ്വാഗതം പറഞ്ഞു. നാഷണല്‍ മിഷന്‍ മാനേജര്‍മാരായ മെഹമൂദ് ഹസന്‍ (കേരളം), പങ്കജ് സുയാല്‍ (ആന്ധ്രാപ്രദേശ്‌), പ്രേമ ജയിന്‍ (കര്‍ണാടക), നാഷണല്‍ റിസോഴ്സ് പേഴ്സണ്‍മാരായ രാജേന്ദ്ര പ്രസാദ്, ഗിരിഷ് ചന്ദ്ര, അംജത് ഖാന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന ടി.എം എന്നിവര്‍ പങ്കെടുത്തു.

 

ശില്പശാലയുടെ രണ്ടാം ദിനമായ 30ന്‌ പ്രതിനിധികള്‍ തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് അനുസൃതമായ കര്‍മപദ്ധതി രൂപരേഖ തയ്യാറാക്കും. സ്ഥാപനവും ഭരണവും - അടിസ്ഥാനം, മാനുഷിക വിഭവശേഷി, സാമ്പത്തിക സ്വയംപര്യാപ്തത, അംഗങ്ങള്‍ക്കുണ്ടാകുന്ന പ്രയോജനങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാകും രൂപരേഖ തയ്യാറാക്കുക.

 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ഹോട്ടല്‍ സാജ് റിസോർട്ട്സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ആഗസ്റ്റ് ഒന്നു വരെയാണ് ശില്പശാല.

ഡി.ഡി.യു-ജി.കെ.വൈ 2.0 : നൈപുണ്യ പരിശീലന ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കുന്നു Updated On 2026-07-29

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു-ജി.കെ.വൈ 2.0 യിലേക്ക് പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികളെ (പി.ഐ.എ) എംപാനല്‍ ചെയ്യുന്നതിന് അനുയോജ്യ സ്ഥാപനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കുന്നു. കൗശല്‍ റൂറല്‍ ഇ.ആര്‍.പി പോര്‍ട്ടല്‍ മുഖേന 2026 ഓഗസ്റ്റ് 10ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.

വിശദ വിവരങ്ങള്‍ക്ക് :

www.kudumbashree.org/tenders

www.kaushal.rural.gov.in

തൃശ്ശൂരിൽ കുടുംബശ്രീയെ അടുത്തറിഞ്ഞ് ദേശീയ സംഘം Updated On 2026-07-29

കുടുംബശ്രീ പ്രവർത്തനങ്ങൾ അടുത്തറിയാൻ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിൻ്റെ ദേശീയ സംഘം തൃശ്ശൂർ ജില്ലയിലെ വരവൂർ, വള്ളത്തോൾ നഗർ, നടത്തറ സി.ഡി.എസുകൾ സന്ദർശിച്ചു. നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്കിൻ്റെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ കുടുംബശ്രീയുടെ വള്ളത്തോൾ നഗറിലെ കമ്മ്യൂണിറ്റി മാനേജ്ഡ് ട്രെയിനിംഗ് സെന്ററിൻ്റെ (സി.എം.ടി.സി) പ്രവർത്തനങ്ങൾ ഉൾപ്പെടെ സംഘം നേരിൽ കണ്ടറിഞ്ഞു.

 

ദേശീയതല പഠന പരിശീലന കേന്ദ്രമായി പ്രവർത്തിക്കുന്ന സി.എം.ടി.സിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബശ്രീ സി.ഡി.എസിന്റെ പ്രവർത്തനങ്ങളും ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പ്രോഗ്രാം മാനേജർ മെഹമ്മൂദ് ഹസൻ, നാഷണൽ റിസോഴ്സ് പേഴ്സൺ രാജേന്ദ്ര പ്രസാദ് എന്നിവർ നയിച്ച സംഘം വിലയിരുത്തി. കുടുംബശ്രീയുടെ സ്ഥാപന ശാക്തീകരണം, ഭരണസംവിധാനം, ഉപജീവന പദ്ധതികൾ, ഡിജിറ്റൽ സംവിധാനങ്ങൾ, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സംഘം വിശദമായി ചർച്ച ചെയ്തു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സാമൂഹിക സ്ഥാപനങ്ങളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വയംപര്യാപ്തവും വിജ്ഞാനാധിഷ്ഠിതവുമായ സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള കേരളത്തിന്റെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധേയമാണെന്നും സംഘം വിലയിരുത്തി.

 

വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിത ഹരിയുമായി കുടുംബശ്രീ – തദ്ദേശ സ്വയംഭരണ സ്ഥാപന സംയോജന പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റം എന്നിവ സംബന്ധിച്ച് ചർച്ച നടത്തിയ സംഘം കുടുംബശ്രീ എ.ഡി.എസ് യോഗത്തിൽ പങ്കെടുക്കുകയും സംരംഭങ്ങൾ എന്നിവ സന്ദർശിക്കുകയും ചെയ്തു.

 

കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷൻ കോർഡിനേറ്റർ അഭിജിത്ത് കെ. ദീപക്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി, സ്റ്റേറ്റ് അസിസ്റ്റൻ്റ് പ്രോഗ്രാം മാനേജർ മാത്യു ചാക്കോ, തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജർ അജീഷ എന്നിവർ സംഘത്തെ അനുഗമിച്ചു.

കളളാടി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ; കുടുംബശ്രീ വയനാട് ജില്ലാമിഷന് ആദരം Updated On 2026-07-29

വയനാട് ജില്ലയിലെ കളളാടി മണ്ണിടിച്ചിൽ ദുരന്ത ബാധിതർക്കായുള്ള ദുരിതാശ്വാസ ക്യാമ്പിലെ മികച്ച പ്രവര്‍ത്തനങ്ങൾക്ക് കുടുംബശ്രീ ജില്ലാമിഷനെ വയനാട് ജില്ലാ ഭരണകൂടം ആദരിച്ചു. ജില്ലാമിഷനു വേണ്ടി മിഷന്‍ കോര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ കെ.പി റവന്യൂ വകുപ്പ് മന്ത്രി ശ്രീ. എ.പി. അനില്‍കുമാറിൽ നിന്നും ഇന്നലെ സംഘടിപ്പിച്ച ചടങ്ങിൽ ആദരം ഏറ്റുവാങ്ങി.

 

കുടുംബശ്രീ സി.ഡി.എസിന്റെയും എ.ഡി.എസിന്റെയും നേതൃത്വത്തില്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനും വേണ്ട ഇടപെടലുകളാണ് കുടുംബശ്രീ നടത്തിയത്.

 

ക്യാമ്പിലെ സമൂഹ അടുക്കളയില്‍ പാചകത്തിനും ഭക്ഷണ വിതരണത്തിനും അയല്‍ക്കൂട്ടാംഗങ്ങള്‍ സജീവമായി പ്രവർത്തിച്ചു. ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തിലാണ് നടത്തിയതും. ക്യാമ്പിലുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും അവശ്യ സഹായങ്ങള്‍ ഉറപ്പുവരുത്താനും കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാരുമുണ്ടായിരുന്നു.

കുടുംബശ്രീ ‘ജീവനം 2.0’ ക്യാമ്പയിന്‍ പുരോഗമിക്കുന്നു Updated On 2026-07-25

മൃഗപരിപാലന മേഖലയിലെ കുടുംബശ്രീ ക്യാമ്പയിന്‍ ‘ജീവനം 2.0’ മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ഈ മേഖലയിലെ കുടുംബശ്രീ കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വൈവിധ്യമാര്‍ന്ന കന്നുകാലി വികസനം, മൃഗാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ക്യാമ്പയിന്‍. കൊല്ലം, പാലക്കാട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു കഴിഞ്ഞു.

 

മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വിവിധ ബാങ്കുകള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലാണ് ക്യാമ്പയിന്‍  ഫലപ്രദമായി ഏകോപിപ്പിക്കുന്നത്. സി.ഡി.എസ്, ബ്ലോക്ക് തലങ്ങളില്‍ മൃഗാരോഗ്യ സംരക്ഷണ ക്യാമ്പുകള്‍, പ്രതിരോധ വാക്സിനേഷന്‍ ഡ്രൈവുകള്‍, ഇന്‍ഫെര്‍ട്ടിലിറ്റി കെയര്‍ & മാസ്റ്റിറ്റിസ് ക്യാമ്പയിനുകള്‍, ഡീവോര്‍മിംഗ് & സാമ്പിള്‍ പരിശോധനകള്‍, പ്രാദേശിക ആവശ്യകത അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ എന്നിവയും കര്‍ഷകരുടെ ആവശ്യാനുസരണം മറ്റ് പ്രസക്തമായ ക്ഷേമ ക്യാമ്പുകളും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നു.

 

കര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷയും കൃത്യമായ വായ്പാ സഹായങ്ങളും ലഭ്യമാക്കുന്നതിനും അതേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനും വിവിധ ബാങ്കുകളും ഈ ക്യാമ്പയിന്റെ ഭാഗമാകുന്നു. പഞ്ചായത്ത് തലത്തില്‍ അതത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരാണ് ക്യാമ്പയിന്‍  പ്രവര്‍ത്തനങ്ങളെ കൃത്യമായി ഏകോപിപ്പിക്കുന്നത്.

ടി.ബി മുക്ത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ കുടുംബശ്രീയും – സംസ്ഥാനമിഷന്‍ ഉദ്യോഗസ്ഥര്‍ക്കായി സ്റ്റേറ്റ് ടി.ബി.സെല്ലിന്‍റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിശീലനം നടത്തി Updated On 2026-07-25

സംസ്ഥാനത്തെ ‘ടി.ബി മുക്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നൂറു ദിന തീവ്രയജ്ഞത്തിന്‍റെ ഭാഗമായി സ്റ്റേറ്റ് ടി.ബി സെല്ലിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ഫുഡ്, ന്യൂട്രീഷന്‍, ഹെല്‍ത്ത്, വാഷ്-സാനിട്ടേഷന്‍ എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്. ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

 

ക്ഷയരോഗത്തിന്‍റെ ലക്ഷണങ്ങള്‍, രോഗവ്യാപനത്തിനുള്ള സാഹചര്യങ്ങള്‍, രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍, ചികിത്സാ സംവിധാനങ്ങള്‍, പോഷകാഹാരത്തിന്‍റെ പ്രാധാന്യം, സാമൂഹ്യതല ബോധവല്‍ക്കരണത്തിന്‍റെ ആവശ്യകത എന്നിവയെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും സ്റ്റേറ്റ് ടി.ബി സെല്‍ ഓഫീസറുമായ ഡോ.സക്കീന കെ ക്ളാസ് നയിച്ചു. രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനും രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ പരിശോധനയും ചികിത്സയും ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും പരിശീലനത്തില്‍ ഊന്നിപ്പറഞ്ഞു. നിക്ഷയ് മിത്ര കണ്‍സള്‍ട്ടന്‍റ് എലിസബത്ത് ടി.ബി.മുക്ത്ഭാരത് മൊബൈല്‍ ആപ്ളിക്കേഷന്‍ പരിചയപ്പെടുത്തി.

 

ടി.ബി മുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനായി സമൂഹത്തില്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുമെന്നും ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പ്രതിജ്ഞയെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

 

സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംവിധാനങ്ങളിലൂടെ ക്ഷയരോഗ പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാനും രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നടപ്പാക്കുന്ന ക്യാമ്പയിനാണ് ടി.ബി മുക്ത കേരളം. കൂടുതല്‍ ഫലപ്രദമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതില്‍ കുടുംബശ്രീയ്ക്ക് നിര്‍ണായക പങ്കു വഹിക്കാനാകുമെന്നാണ് പ്രതീക്ഷ.  

 

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഡയറക്ടര്‍ സിന്ധു കെ.പി, ചീഫ് ഫിനാന്‍സ് ഓഫീസര്‍ അജയകുമാര്‍ കെ.എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയശ്രീ ടി.വി, പി.ആര്‍.ഓ ബി സേതുരാജ്, അക്കൗണ്ട്സ് ഓഫീസര്‍ ജയറാം ടി എന്നിവര്‍ ഉള്‍പ്പെടെ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥര്‍, പബ്ളിക് ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍റ് അരുണ്‍രാജ് എന്നിവര്‍ പങ്കെടുത്തു.

എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിക്ക് കരുത്തേകാന്‍ സംസ്ഥാനതല ഇമേര്‍ഷന്‍ പരിശീലനം Updated On 2026-07-24

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എന്‍.എച്ച്. ഡബ്ല്യു (ഫുഡ്, ന്യൂട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്-വാട്ടര്‍ & സാനിട്ടേഷന്‍) പദ്ധതിയുടെ മികച്ച പ്രവര്‍ത്തന മാതൃകകള്‍ സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇമേര്‍ഷന്‍ സൈറ്റ്-സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതി നിര്‍ദേശമനുസരിച്ച് പ്രായോഗിക പഠനത്തിന് ഊന്നല്‍ നല്‍കി തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പഠനസന്ദര്‍ശനത്തില്‍  കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ  പ്രൊഫഷണല്‍ സംഘം പങ്കെടുത്തു.

 

വിജയകരമായ മാതൃകകള്‍ നേരില്‍ പഠിച്ച സംഘം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന്  പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്തുടനീളം ഇത്തരം മാതൃകകള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.  

 

നന്ദിയോട് പഞ്ചായത്തില്‍ നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതി പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ വഴി നല്‍കുന്ന വിവിധ സേവനങ്ങള്‍, പ്രാദേശിക തലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവ സംഘം മനസിലാക്കി. പദ്ധതി നടത്തിപ്പിന്‍റെ അനുഭവങ്ങളും മികച്ച പ്രവര്‍ത്തനരീതികളും സംബന്ധിച്ച് പ്രദേശത്തെ ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരുമായും സംഘം ആശയവിനിമയം നടത്തി. തുടര്‍ന്ന് പേരയം വാര്‍ഡില്‍ സൂര്യ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മില്ല് സംഘം സന്ദര്‍ശിച്ചു. 

 

ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെ വിവിധ ധാന്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉല്‍പന്നങ്ങള്‍ അവയുടെ പോഷകഗുണവും സ്വാഭാവിക നിറവും നിലനിര്‍ത്തി സംസ്ക്കരിച്ചു വിപണിയിലെത്തിക്കുന്ന പ്രവര്‍ത്തനരീതി വിശദമായി പരിചയപ്പെട്ടു. പോഷകാഹാര സുരക്ഷയും പ്രാദേശിക സംരംഭ വികസനവും ഒരു പോലെ ലക്ഷ്യമിടുന്ന മാതൃക പ്രതിനിധികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ആനക്കക്കുളം വാര്‍ഡില്‍ പഞ്ചമി സംഘക്കൃഷി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ജൈവക്കൃഷി, കാവേരി ജൈവവള യൂണിറ്റ്, കാര്‍ഷിക സാമഗ്രികള്‍ റോപ്പ് സംവിധാനത്തിലൂടെ കൃഷിയിടത്തിലേക്ക് എത്തിക്കുന്ന നൂതന മാതൃക, നാട്ടുചന്ത, ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.

 

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ കൃഷ്ണകുമാരി ആര്‍. ,  പ്രീത ജി.നായര്‍, തസ്നീം എ, ജില്ലാ പ്രോഗ്രാം മാനേജര്‍ സ്വാതി ശശിധരന്‍ എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. നന്ദിയോട് സി.ഡി.എസ് അധ്യക്ഷ രാധാമണി, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ ഉദയകുമാര്‍, വാര്‍ഡ് മെമ്പര്‍ രാമഭദ്രന്‍, മെമ്പര്‍ സെക്രട്ടറി ശബരി കൃഷ്ണ, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.