to
‘സര്‍ഗം’ കഥാരചന, കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി, വ്ളോഗ്സ് ആന്‍ഡ് റീല്‍സ് മത്സരങ്ങള്‍ - കുടുംബശ്രീ സംസ്ഥാനതല അവാര്‍ഡ് വിതരണം നടത്തി Updated On 2026-09-10

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സര്‍ഗ്ഗം’-കഥാരചന, ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’-ഫോട്ടോഗ്രാഫി, വ്ളോഗ്സ് ആന്‍ഡ് റീല്‍സ് സംസ്ഥാനതല മത്സരങ്ങളിലെ വിജയികള്‍ക്കായി വൈലോപ്പിളളി സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല അവാര്‍ഡ് വിതരണ പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു.

അമ്മമാരെ കുറിച്ച് എഴുതുന്ന കഥകള്‍ ഒരിക്കലും എഴുതി തീരാത്ത അനുഭവങ്ങളാണെന്ന് മന്ത്രി കെ.എം ഷാജി വിജയികള്‍ക്കുളള പുരസ്കാര വിതരണം നിര്‍വഹിച്ചു കൊണ്ടു പറഞ്ഞു. ജീവിതത്തിന്‍റെ ഉള്‍ക്കാഴ്ചകള്‍ പകര്‍ത്തുന്ന കഥകളും സാമൂഹ്യപുരോഗതി പ്രതിഫലിപ്പിക്കന്ന നേര്‍ച്ചിത്രങ്ങളുമായി സ്ത്രീകള്‍ മുന്നോട്ടു വരുന്നതിലൂടെ സാംസ്കാരിക ശാക്തീകരണത്തിനും അത് വഴിയൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക പരിവര്‍ത്തനത്തിന് കലയും സാഹിത്യവും സഹായകമാകുന്നുവെന്നും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് അതിനു സാധ്യമാകണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തദ്ദേശ സ്വയംഭരണവകുപ്പ്  പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു.    

സര്‍ഗം-കഥാരചന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മനീഷ എം. മോഹന്‍, സിന്ധു തോമസ്, ഷീബ പി.പി എന്നിവര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ്, മെമന്‍റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെട്ട പുരസ്കാരം മന്ത്രി കെ.എം.ഷാജി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനം നേടിയ അനുജ ബൈജു, മൈസൂന ഹാനി, രജന സലി എന്നിവര്‍ക്ക് 2500 രൂപ വീതം ക്യാഷ് അവാര്‍ഡും മെമന്‍റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെട്ട പുരസ്കാരവും മന്ത്രി സമ്മാനിച്ചു.

ഫോട്ടോഗ്രാഫി മത്സരം അയല്‍ക്കൂട്ട ഓക്സിലറി വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ഷീജ സി.പി, ജെമിനി ബെന്നി, ഹിബാന വി എന്നിവര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനം നേടിയ ദീപ്തി പി, സുഷമ ഗോപിനാഥ്, ജസ്ന പാലയ്ക്കല്‍ എന്നിവര്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ട പുരസ്കാരം സമ്മാനിച്ചു.

ഫോട്ടോഗ്രഫി പൊതുവിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോട് മൈലാട്ടി ഞെക്ളിയില്‍ സ്വദേശി ദീപേഷ് പുതിയ പുരയില്‍, രണ്ടാം സ്ഥാനം നേടിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി രജീഷ് നിലമ്പൂര്‍ എന്നിവര്‍ക്ക് യഥാക്രമം 25,000, 15,000 രൂപ ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന പുരസ്കാരം സമ്മാനിച്ചു. ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രതീഷ് കുമാര്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചു പോയതിനെ തുടര്‍ന്ന് സഹോദരി രേണുക 10,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രിയില്‍ നിന്നും സ്വീകരിച്ചു.  

ഫോട്ടോഗ്രഫി മത്സരം പൊതുവിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം നേടിയ തൃശൂര്‍ ചെറുതുരുത്തി സ്വദേശി കെ.എ അബ്ദുള്‍ ഖാദര്‍, പാലക്കാട് ഷൊര്‍ണ്ണൂര്‍ സ്വദേശി പ്രമോദ് കെ, ഇടക്കൊച്ചി സ്വദേശി ആന്‍റണി വി.ഡി, കൊല്ലം പുനലൂര്‍ സ്വദേശി ബോണിയം കലാം എന്നിവര്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.  

വ്ളോഗ്സ് മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനം നേടിയ മലപ്പുറം കുഴിയണ്ണ സ്വദേശി രതീഷ് ടി, പാലക്കാട് വിളയന്നൂര്‍ സ്വദേശി രത്യുഷ് ആര്‍, എന്നിവര്‍ക്ക് യഥാക്രമം 50,000, 40,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രി സമ്മാനിച്ചു.  

റീല്‍സ് മത്സരത്തില്‍ ഒന്നാം  സ്ഥാനം നേടിയ ജ്യോത്സന വിജിലിന് 25,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രി സമ്മാനിച്ചു.  

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരി സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) വിജയശ്രീ എം.എസ്, ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി. എന്നിവര്‍ ആശംസിച്ചു. ജൂറി അംഗങ്ങളായ കെ.എ. ബീന, രാധാകൃഷ്ണന്‍ എസ്. എന്നിവര്‍ മത്സരങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ബി.സേതുരാജ് നന്ദി പറഞ്ഞു.

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം - അപേക്ഷ ക്ഷണിച്ചു Updated On 2026-10-15

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, അസിസ്റ്റന്‍റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ 14 ഉം അസിസ്റ്റന്‍റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ 52 ഉം പ്രതീക്ഷിത ഒഴിവുകളാണുളളത്. നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവര്‍ക്കും ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പളസ്കെയിലിൽ ഉളളതുമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.

മാതൃവകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിര്‍ദിഷ്ട മാതൃകയിലുള്ള ഫോമിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.  അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജനമിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി.ഓ, തിരുവനന്തപുരം – 695011 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 31.10.2026. വിശദ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org സന്ദര്‍ശിക്കുക.

വരവൂര്‍ ഗോള്‍ഡ് വേണോ… പോന്നോളൂ തൃശ്ശൂരിലേക്ക്… Updated On 2026-10-13

പതിവ് തെറ്റിക്കാതെ ഇത്തവണയും വരവൂരിലെ പാടങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൂര്‍ക്ക കൊയ്ത്ത്. സി.ഡി.എസിലെ 27 കുടുംബശ്രീ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങള്‍ അഥവാ ജെ.എല്‍.ജികള്‍ വഴി 68 ഏക്കറിലാണ് വരവൂരിന്റെ സ്വന്തം ബ്രാന്‍ഡായ ‘വരവൂര്‍ ഗോള്‍ഡ്’ കൂര്‍ക്ക കൃഷി ചെയ്ത് ഇപ്പോള്‍ വിളവെടുത്തിരിക്കുന്നത്.

 

വരവൂര്‍ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസുമായി ചേര്‍ന്ന് നടത്തുന്ന ഈ പ്രവര്‍ത്തനത്തിൽ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 7 കൃഷി സംഘങ്ങള്‍ കൂടി കൂടുതലായി ഭാഗമായിട്ടുണ്ട്. കൂര്‍ക്കയ്ക്ക് വിപണി കണ്ടെത്തുന്നതിനായി വരവൂര്‍ ഗോള്‍ഡ് കൂര്‍ക്ക ചന്തയ്ക്കും കൂര്‍ക്ക കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ തയാറാക്കി വിതരണം ചെയ്യുന്ന കൂര്‍ക്ക ഫെസ്റ്റ് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഒക്ടോബർ 5 മുതൽ 7 വരെ സംഘടിപ്പിക്കുകയും ചെയ്തു.

 

കൂര്‍ക്കയും ബീഫും, കൂര്‍ക്കയും ചിക്കനും, കൂര്‍ക്കയും പത്തിരിയും, കൂര്‍ക്കയും വെള്ളയപ്പവും തുടങ്ങിയ ഭക്ഷ്യ കോമ്പോകളും കൂര്‍ക്ക തോരന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളും കൂര്‍ക്ക ഫെസ്റ്റില്‍ ലഭ്യമാക്കിയിരുന്നു. ആകെ 1165 കിലോഗ്രാം കൂര്‍ക്കയാണ് ചന്തയും ഫെസ്റ്റും മുഖേന വിറ്റഴിഞ്ഞത്. ഇതുവഴി 89,475 രൂപയും ലഭിച്ചു. ഫെസ്റ്റ് മുഖേന മാത്രം 9570 രൂപയുടെ വില്‍പ്പനയും നടന്നു. കൂര്‍ക്ക അച്ചാറും വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു.

 

കൂര്‍ക്ക ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് യു.ബി. കണ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി അധ്യക്ഷയായ ചടങ്ങില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത് കെ. ദീപക് വിശിഷ്ടാതിഥിയായി. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സി.ഡി.എസ് പ്രതിനിധികള്‍, കുടുംബശ്രീ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രുചിവഴികളില്‍ മുന്നോട്ട്: കുടുംബശ്രീയുടെ പതിനാറാമത് പ്രീമിയം കഫേ റെസ്റ്റോറന്‍റ് പാലക്കാട് Updated On 2026-10-06

കുടുംബശ്രീയുടെ പതിനാറാമത് പ്രീമിയം കഫേ റെസ്റ്റോറന്‍റ് പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ നീലംകാച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. സുമേഷ് അച്യുതന്‍ എം.എല്‍.എ പ്രീമിയം കഫേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കഴിഞ്ഞ വര്‍ഷം പാലക്കാട് കണ്ണമ്പ്ര പന്തലാംപാടത്ത് ദേശീയ പാതയ്ക്ക് സമീപം ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രത്തിലാണ് ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് വിജയം കൈവരിച്ചതോടെയാണ് ജില്ലയില്‍ രണ്ടാമത്തെ പ്രീമിയം കഫേ ആരംഭിക്കാന്‍ കുടുംബശ്രീ തീരുമാനിച്ചത്. മറ്റു ജില്ലകളിലായി ഇതിനകം പതിനാല് പ്രീമിയം കഫേ റെസ്റ്റോറന്‍റുകള്‍ ആരംഭിച്ചിട്ടുണ്ട്.  

ഏതു സമയത്തും പൂര്‍ണ വിശ്വാസത്തോടെ കഴിക്കാന്‍ സാധിക്കുന്നതാണ് കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങളെന്ന് എം.എല്‍.എ പറഞ്ഞു. ഉദ്ഘാടന ശേഷം അദ്ദേഹം കഫേയുടെ പ്രവര്‍ത്തനരീതികള്‍ ചോദിച്ചറിയുകയും സംരംഭകരെ പരിചയപ്പെടുകയും ചെയ്തു.

പൂര്‍ണമായും ശീതീകരിച്ച റെസ്റ്റൊറന്‍റില്‍ ഒരേ സമയം 80 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. രാവിലെ ഒമ്പതു മുതല്‍ രാത്രി 11 മണി വരെയാണ് പ്രവര്‍ത്തന സമയം. വെജ്, നോണ്‍വെജ് വിഭവങ്ങള്‍, കുഴിമന്തി, ചൈനീസ് വിഭവങ്ങള്‍, വിവിധ തരം ജ്യൂസ്. ഷേക്ക് എന്നിവയും റെസ്റ്റോറന്‍റില്‍ ലഭിക്കും. പാഴ്സല്‍ വിതരണത്തിനായി ടേക്ക് എവേ കൗണ്ടറുമുണ്ട്. റെസ്റ്റോറന്‍റില്‍ എത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാനുളള സൗകര്യവും ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഈ മേഖലയില്‍ പരിചയസമ്പന്നരായ എന്‍. പ്രതിഭ, ആര്‍.ആതിര, ജ്യോതിക എന്നീ വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ് കഫേയുടെ പ്രവര്‍ത്തനങ്ങള്‍. ഭക്ഷണ പാചകവും വിതരണവും മുതല്‍ ബില്ലിങ്ങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവരുടെ മേല്‍നോട്ടത്തിലാകും നടപ്പാക്കുക. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണവിതരണം, ശുചിത്വം, മികച്ച മാലിന്യസംസ്ക്കരണ ഉപാധികള്‍ എന്നിവയിലെല്ലാം ഗുണനിലവാരം പുലര്‍ത്തിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍.

സംരംഭങ്ങളുടെ ആധുനികവല്‍ക്കരണവും വരുമാനവര്‍ധനവും ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീ ആരംഭിച്ച പദ്ധതിയാണ് പ്രീമിയം കഫേ റെസ്റ്റോറന്‍റുകള്‍. സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. ആദ്യം എറണാകുളം ജില്ലയിലെ അങ്കമാലിയിലും തുടര്‍ന്ന് തൃശൂരില്‍ ഗുരുവായൂരിലും പ്രീമിയം കഫേ ആരംഭിച്ചു. ഇവയ്‌ക്കെല്ലാം മികച്ച പൊതുജന സ്വീകാര്യത ലഭിച്ചതോടെ രണ്ടാം ഘട്ടത്തില്‍ കോട്ടയം (കുറവിലങ്ങാട്, മെഡിക്കല്‍ കോളേജ്), കോഴിക്കോട്(കൊയിലാണ്ടി), കാസര്‍കോട്(സിവില്‍ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്), മലപ്പുറം(കോട്ടയ്ക്കല്‍), കണ്ണൂര്‍(ഇരിട്ടി), കൊല്ലം (പന്‍മന), പത്തനംതിട്ട(പന്തളം, പത്തനംതിട്ട ടൗണ്‍), ആലപ്പുഴ(ചെങ്ങന്നൂര്‍), പാലക്കാട്(പന്തലാംപാടം), ഇടുക്കി(വാഗമണ്‍) ജില്ലകളിലും പ്രീമിയം കഫേ റെസ്റ്റോറന്‍റുകള്‍ ആരംഭിച്ചു കഴിഞ്ഞു. പദ്ധതി വഴി നിലവില്‍ ഇരുനൂറിലേറെ വനിതകള്‍ക്ക് ഈ രംഗത്ത് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ട്.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനറ്റര്‍ പി. ഉണ്ണിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചിറ്റൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍മാരായ വിജിത്രന്‍, തണികാചലം, സതീഷ് എം, കൊഴിഞ്ഞാമ്പാറ സി.ഡി.എസ് അധ്യക്ഷ രജിത, അസിസ്റ്റന്‍റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാരായ അനുരാധ എസ്, ഗീത കെ.ആര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഷഹാന ഫാത്തിമ, ബി.സി ശ്രീമതി, വിജിന വി എന്നിവര്‍ ആശംസിച്ചു. സംരംഭക പ്രതിഭ എന്‍ നന്ദി പറഞ്ഞു. സി.ഡി.എസ് അധ്യക്ഷമാര്‍, ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാർ, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

പോഷകാഹാര ബോധവല്‍ക്കരണത്തിന് കുടുംബശ്രീയുടെ കരുതല്‍: എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ പ്രവര്‍ത്തന പരിപാടികള്‍ Updated On 2026-10-06

ദേശീയ പോഷകാഹാര ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്-തലത്തിൽ നടത്തിവരുന്ന വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തന പരിപാടികള്‍ ഊര്‍ജിതമായി. കുഞ്ഞുങ്ങള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോഷകാഹാരത്തിന്‍റെ ആവശ്യകത സംബന്ധിച്ച് അറിവ് നല്‍കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി പ്രാദേശികമായി ലഭ്യമാകുന്ന പോഷക ഭക്ഷ്യവസ്തുക്കള്‍, ചെറുധാന്യങ്ങള്‍, എന്നിവ ഉപയോഗിച്ചു കൊണ്ട് ജില്ലകളില്‍ പാചകമത്സരങ്ങള്‍, ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം, പരമ്പരാഗത ഭക്ഷ്യമേളകള്‍ എന്നിവ സംഘടിപ്പിച്ചു തുടങ്ങി. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ എട്ടു വരെ നടക്കുന്ന ഒമ്പതാമത് ‘രാഷ്ട്രീയ പോഷണ്‍ മാ’ 2026 ആചരണത്തിന്‍റെ ഭാഗമായാണ് പരിപാടി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിയും വനിതാ ശിശുവികസന വകുപ്പും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍.  

‘ഹമാരി അംഗന്‍വാടി, ഹമാരി ജിമ്മേദാരി’ എന്നതാണ് ഈ വര്‍ഷത്തെ ‘പോഷണ്‍ മാ’യുടെ പ്രമേയം. അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ്-തലങ്ങളില്‍ പോഷകാഹാരം, ആരോഗ്യം, ക്ഷേമം എന്നിവ സംബന്ധിച്ച ചര്‍ച്ചകളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനൊപ്പം  പ്രാദേശിക പ്രസക്തിയുള്ള നൂതന പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്. സ്ത്രീകളുടെ മാനസിക-സാമൂഹിക ക്ഷേമം, സ്ത്രീകളില്‍ കാണുന്ന പൊണ്ണത്തടി തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണവും പ്രത്യേക ശില്‍പശാലകളും വരുംദിവസങ്ങളില്‍ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷനുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായുളള റിസോഴ്സ് പേഴ്സണ്‍മാര്‍ക്കൊപ്പം ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. റാലികള്‍, പോസ്റ്റര്‍ പ്രചരണം, ചുവരെഴുത്ത്, തെരുവുനാടകം, ബോധവല്‍ക്കരണ യോഗങ്ങള്‍, വീഡിയോ തുടങ്ങിയ സമൂഹാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെയാണ് പോഷകാഹാരത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നത്. കൂടാതെ വെബിനാറുകള്‍, വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, ഓണ്‍ലൈന്‍ ചര്‍ച്ചാ പ്ളാറ്റ് ഫോമുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനങ്ങളിലൂടെയും ‘പോഷണ്‍ മാ’യുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

പോഷകാഹാര ലഭ്യതയുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന വകുപ്പും മറ്റു വകുപ്പുകളും സംഘടിപ്പിക്കുന്ന കുഞ്ഞൂണ്, സീമന്ത സംഗമം, ഗ്രാമ ആരോഗ്യ ശുചിത്വ പോഷണ ദിനം തുടങ്ങിയ പരിപാടികളില്‍ കുടുംബശ്രീയുടെ പങ്കാളിത്തവും ഉറപ്പു വരുത്തിയിട്ടുണ്ട്.

മുതിർന്ന പൗരന്മാർക്കായി മാതൃകാ പ്രവർത്തനങ്ങൾ – കുടുംബശ്രീക്ക് സംസ്ഥാന സർക്കാരിന്റെ ഉപഹാരം Updated On 2026-10-03

മുതിർന്ന പൗരന്മാർക്കായി അയൽക്കൂട്ടങ്ങൾ രൂപീകരിച്ചുകൊണ്ട് അവരുടെ സാമൂഹ്യ ഇടപെടലുകൾക്ക് കരുത്തേകുന്ന കുടുംബശ്രീയുടെ മാതൃകാ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിൻറെ അംഗീകാരം. അന്താരാഷ്ട്ര വയോജന ദിനാഘോഷത്തോടനുബന്ധിച്ച് മഹാത്മാ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ കുടുംബശ്രീക്ക് ഉപഹാരം സമ്മാനിച്ചു. കുടുംബശ്രീക്ക് വേണ്ടി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു, അസിസ്റ്റൻറ് പ്രോഗ്രാം മാനേജർമാരായ ആർ. കൃഷ്ണകുമാരി, വിദ്യാ വി.എസ്. നായർ, ശാരിക. എസ് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും ഉപഹാരം സ്വീകരിച്ചു.

 

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ 25,992 വയോജന അയൽക്കൂട്ടങ്ങളും ഇതിൽ 2,83,615 അംഗങ്ങളും ഉണ്ട്. ഇവരുടെ ഉപജീവനത്തിനും കലാപരമായ കഴിവുകൾക്ക് വേദി ഒരുക്കുന്നതിനും മാനസികാരോഗ്യത്തിനും വേണ്ടി നിരവധി മാതൃകാ പ്രവർത്തനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്. ഇവ പരിഗണിച്ചാണ് സർക്കാരിൻ്റെ അംഗീകാരം.

ജനഗല്‍സ-2026- പട്ടികവര്‍ഗ ആനിമേറ്റര്‍മാരുടെയും ബ്രിഡ്ജ് കോഴ്സ് മെന്‍റര്‍മാരുടെയും സംസ്ഥാനതല സംഗമം സമാപിച്ചു Updated On 2026-09-27

തദ്ദേശീയ ജനവിഭാഗങ്ങളുടെ ഉപജീവനത്തിനും അതിജീവനത്തിനും പുതുവഴികള്‍ തെളിച്ചും ഗോത്ര സംസ്കൃതിയുടെ കരുത്തും തെളിമയും പകര്‍ന്ന കലാരൂപങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിയും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനഗല്‍സ-2026-ന് അര്‍ത്ഥപൂര്‍ണമായ സമാപ്തി.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പട്ടികവര്‍ഗ ആനിമേറ്റര്‍മാരുടെയും ബ്രിഡ്ജ് കോഴ്സ് മെന്‍റര്‍മാരുടെയും സംസ്ഥാനതല സംഗമത്തിന്‍റെ സമാപന സമ്മേളനം നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബോബി സി. മാമ്പ്ര ഉദ്ഘാടനം ചെയ്തു. തദ്ദേശീയ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവരെയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും അത് എല്ലായിടത്തും എത്തിക്കുന്നതില്‍ ആനിമേറ്റര്‍മാരും ബ്രിഡ്ജ് കോഴ്സ് മെന്‍റര്‍മാരും മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് മികച്ച രീതിയില്‍ സ്റ്റാള്‍ രൂപകല്‍പന ചെയ്ത കീസ്റ്റോണ്‍ ഫൗണ്ടേഷന് അദ്ദേഹം ഉപഹാരം നല്‍കി.

തദ്ദേശീയ ജനവിഭാഗത്തിന്‍റെ വിദ്യാഭ്യാസം, തൊഴില്‍, പാരമ്പര്യ കലാരൂപങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി കുടുംബശ്രീ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസ്മി തോമസ് പറഞ്ഞു. സംസ്ഥാനതല സംഗമത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ഗോത്രകലാരൂപങ്ങള്‍ സംരക്ഷിക്കുന്നതിനും അത് വരുമാന സ്രോതസാക്കി മാറ്റുന്നതിനും ഇവിടെ നിന്നു ലഭിച്ച ആശയങ്ങള്‍ ഉപയോഗിച്ച് തൊഴില്‍ സംരംഭങ്ങള്‍ രൂപീകരിക്കാന്‍ കഴിയണമെന്നും അഡ്വ. ജോസ്മി തോമസ് പറഞ്ഞു.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനഗല്‍സ-2026, ഗോത്രമേഖലയിലെ ജനവിഭാഗത്തിന്‍റെ സാമൂഹ്യ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തു പകരുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍ പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ സനീറ ഇ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ.എസ് ഷാനവാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത്ത് കെ. ദീപക് എന്നിവര്‍ മുഖ്യസന്ദേശം നല്‍കി.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നും അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍ പഞ്ചായത്ത് സമിതികളില്‍ നിന്നും എത്തിയ ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് മെന്‍റര്‍മാര്‍, ജനഗല്‍സയുമായി ബന്ധപ്പെട്ട് ആവശ്യമായ പിന്തുണ നല്‍കിയ നിലമ്പൂര്‍ ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍, ആപ്തമിത്ര വൊളണ്ടിയര്‍മാര്‍ എന്നിവര്‍ക്കുള്ള  സര്‍ട്ടിഫിക്കറ്റ് വിതരണം ബോബി സി. മാമ്പ്ര, അഡ്വ. ജോസ്മി തോമസ്, റൈഹാനത്ത് കൂറുമാടന്‍, ഡോ.എസ് ഷാനവാസ്, അഭിജിത്ത് കെ.ദീപക്, എ.കെ മുഹമ്മദ് ഷാനു എന്നിവര്‍ സംയുക്തമായി വിതരണം ചെയ്തു.

കാളികാവ് ബ്ളോക്ക് പഞ്ചായത്ത് അംഗം സുരേഷ് ബാബു, നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ വര്‍ക്കിങ്ങ് പ്രസിഡന്‍റ് ദേവശ്ശേരി മുജീബ്, അഗളി സി.ഡി.എസ് അധ്യക്ഷ സരസ്വതി മുത്തുകുമാര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ശാരിക എസ് എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഹസ്കര്‍ കെ.എസ് സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ മേലാത്ത് നന്ദിയും പറഞ്ഞു.

സമാപന സമ്മേളനത്തോടനുബന്ധിച്ച് രാവിലെ മോട്ടിവേഷണല്‍ സ്പീക്കര്‍ ബ്രഹ്മനായകം മഹാദേവന്‍റെ നേതൃത്വത്തില്‍ മോട്ടിവേഷണല്‍ സെഷന്‍ നടത്തി. ‘ജീവിത വിജയത്തിന്‍റെ നേര്‍സാക്ഷ്യം; പിന്നിട്ട നാള്‍ വഴികളിലൂടെ-അനുഭവ സാക്ഷ്യം’, പരിപാടിയില്‍ സോഷ്യല്‍ ഫോറസ്ട്രി ബീറ്റ് ഓഫീസര്‍ ശിവപ്രസാദ് എന്‍.എസ്, ജില്ലാ ആശുപത്രി സി.എം.ഓ ഡോ. ദിവ്യ യു, ട്രൈബല്‍ ട്രെഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഓയും സഹസ്ഥാപകനുമായ നിഖില്‍ പി.എസ് എന്നിവര്‍ പങ്കെടുത്തു. വയനാട് ഐ.ടി.എസ്.ആര്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. നാരായണന്‍ എം.എസ് മോഡറേറ്ററായി.

തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കലാകാരന്‍മാരും കലാകാരികളും അവതരിപ്പിച്ച പണിയകളി, അടിയന്തിര കളി, കോട്ടയം ജില്ല അവതരിപ്പിച്ച  കോല്‍ കളി, പാലക്കാട് ജില്ല അവതരിപ്പിച്ച കരടി കളി, അട്ടപ്പാടിയിലെ കലാകാരികള്‍ അവതരിപ്പിച്ച ഇരുള നൃത്തം എന്നിവയും വേദിയില്‍ അരങ്ങേറി.

കുടുംബശ്രീ ‘ജനഗല്‍സ’-2026 - പട്ടികവര്‍ഗ ആനിമേറ്റര്‍മാരുടെയും ബ്രിഡ്ജ് കോഴ്സ് മെന്‍റര്‍മാരുടെയും സംസ്ഥാനതല സംഗമം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു Updated On 2026-09-26

തദ്ദേശീയ ജനതയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പട്ടികവര്‍ഗ വികസന പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് മെന്‍റര്‍മാര്‍ എന്നിവരുടെ ദ്വിദിന സംസ്ഥാനതല സംഗമത്തിന് നിലമ്പൂരില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുള്‍ വഹാബ് എം. പി മുഖ്യാതിഥിയായി.

കാടിന്‍റെ സ്പന്ദനങ്ങളും അതിലെ ജൈവവൈവിധ്യങ്ങളും വ്യക്തമായി അറിയാന്‍ കഴിയുന്നവരാണ് തദ്ദേശീയ ജനതയെന്ന് മന്ത്രി പി.കെ ബഷീര്‍ പറഞ്ഞു. തദ്ദേശീയ ജനതയുടെ സംസ്കൃതിയുടെ ഘടന നിലനിര്‍ത്തിക്കൊണ്ട് അവര്‍ക്കാവശ്യമായ രീതിയില്‍ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന  വീട് ഉള്‍പ്പെടെയുള്ള  അടിസ്ഥാന സൗകര്യങ്ങളും തൊഴില്‍ സംരംഭങ്ങളുമാണ് ലഭ്യമാക്കേണ്ടത്. സംസ്ഥാനതല സംഗമത്തിന്‍റെ ഭാഗമായി നടക്കുന്ന വികസന ചര്‍ച്ചകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തണമെന്നും അവ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാ  പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

തുടര്‍ന്ന് തദ്ദേശീയ മേഖലയില്‍ നിന്നും മമ്പാട് സി.ഡി.എസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട തങ്കമണി, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത നെല്ലിയായി ഉന്നതിയിലെ രാജന്‍, ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത പാലക്കയം ഉന്നതിയിലെ അഭിലാഷ്, കരുളായി ഗ്രാമപഞ്ചായത്തിലെ നെടുങ്കയം ഉന്നതിയില്‍ ചെണ്ടുമല്ലി കൃഷി ചെയ്യുകയും മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരം നേടുകയും ചെയ്ത കമ്പനാട്ടി കര്‍ഷക സംഘത്തിലെ അംഗം പ്രമീള സുരേഷ്, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശീയ ജനവിഭാഗത്തില്‍ നിന്നുളള എന്‍. പ്രജീഷ എന്നിവര്‍ക്കുളള  ഉപഹാരവും മന്ത്രി പി.കെ ബഷീര്‍ സമ്മാനിച്ചു.

തദ്ദേശീയ ജനതയുടെ ഉന്നമനത്തിനായി അനുവദിക്കുന്ന എല്ലാ വിധ സാമ്പത്തിക സഹായങ്ങളും അവരിലേക്ക് കൃത്യമായി എത്തിച്ചേരുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ പറഞ്ഞു. തദ്ദേശീയസമൂഹത്തിന്‍റെ വിദ്യാഭ്യാസം, തൊഴില്‍ ലഭ്യത എന്നിവ ഉറപ്പു വരുത്തി അവര്‍ക്ക് സുസ്ഥിര ജീവനോപാധികള്‍ കണ്ടെത്താനുള്ള മുന്നൊരുക്കമായി ജനഗല്‍സ മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

തദ്ദേശീയ മേഖലയിലെ ജനവിഭാഗത്തിന് മികച്ച തൊഴില്‍ നൈപുണ്യ പരിശീലനവും സംരംഭകത്വ വികസന പരിശീലനവും നല്‍കി അവരെ സംരംഭകരാക്കി മാറ്റുന്നതിലും അതിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിനും കുടുംബശ്രീ നല്‍കി വരുന്ന പിന്തുണ വലുതാണെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പി.വി അബ്ദുള്‍ വഹാബ് എം.പി പറഞ്ഞു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.എസ് ഷാനവാസ് സ്വാഗതം പറഞ്ഞു. നിലമ്പൂര്‍ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബോബി സി.മാമ്പ്ര, ജസീറ വി.പി, അമൃത കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രോഹില്‍ നാഥ്, ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ ഡോ.ഉമ്മര്‍ കോയ, നിലമ്പൂര്‍ സി.ഡി.എസ് അധ്യക്ഷ സാലി ബിജു, കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍ അഡീഷണല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി. ഫസീല,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ സുരേഷ്, എം.എ ജോസ്, കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത്ത് ദീപക്, കുടുംബശ്രീ മുന്‍ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ജി. സുരേഷ് കുമാര്‍ എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.ഉണ്ണിക്കൃഷ്ണന്‍ നന്ദി പറഞ്ഞു.

ഉദ്ഘാടന പരിപാടിക്ക് ശേഷം തദ്ദേശീയ മേഖലയില്‍ നിന്നുള്ള ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള എന്നിവയും മന്ത്രി പി.കെ ബഷീര്‍, പി.വി അബ്ദുള്‍ വഹാബ് എം.പി, ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ എന്നിവര്‍ സന്ദര്‍ശിച്ചു.

തുടര്‍ന്ന്  ‘ജനഗല്‍സ’  പദ്ധതിയുടെ ഭാഗമായി മംഗലംകളി(കാസര്‍കോട്), മലപ്പുലയാട്ടം(ഇടുക്കി), മംഗല പന്തല്‍കളി(കണ്ണൂര്‍), ഗദ്ധിക(വയനാട്), ഗുഡിമനെ (മലപ്പുറം) എന്നിങ്ങനെ വിവിധ ജില്ലകളില്‍ നിന്നുള്ള ഗോത്രകലകള്‍ വേദിയില്‍ അവതരിപ്പിച്ചു.

കുടുംബശ്രീ ജനഗല്‍സ പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ ആനിമേറ്റര്‍മാരുടെയും ബ്രിഡ്ജ് കോഴ്സ് മെന്‍റര്‍മാരുടെയും സംസ്ഥാനതല സംഗമം 26,27 ന് Updated On 2026-09-19

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാചരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 26,27 തീയതികളിലായി പട്ടികവര്‍ഗ ആനിമേറ്റര്‍മാരുടെയും ബ്രിഡ്ജ് കോഴ്സ് മെന്‍റര്‍മാരുടെയും ഉത്തരമേഖലാ സംസ്ഥാനതല സംഗമം നിലമ്പൂരില്‍ സംഘടിപ്പിക്കുന്നു.   തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍, പൈതൃകം, കലാ സാംസ്കാരിക വൈവിധ്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം ഗോത്ര മേഖലയില്‍ കുടുംബശ്രീ നടത്തിയ ഇടപെടലുകളും വിജയഗാഥകളും ജനങ്ങളിലേക്കെത്തിക്കുകയാണ് സംഗമത്തിന്‍റെ ലക്ഷ്യം. തദ്ദേശീയ ജനതയുടെ സാംസ്കാരിക പൈതൃകം, പരമ്പരാഗത അറിവ്, ഭാഷ, ജൈവ വൈവിധ്യ സംരക്ഷണത്തിലെ പങ്ക് എന്നിവയുടെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കുന്നതിനൊപ്പം അവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും പരിപാടിയുടെ ലക്ഷ്യമാണ്.

 

ഗോത്രമേഖലയില്‍ കുടുംബശ്രീ നടപ്പാക്കി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളും വിജയഗാഥകളും സംസ്ഥാനതല സംഗമത്തില്‍ അവതരിപ്പിക്കും. കൂടാതെ ടോക്ക് ഷോ, തദ്ദേശീയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, ഭക്ഷ്യമേള എന്നിവയും രണ്ടു ദിവസത്തെ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. ഗോത്രസമൂഹത്തില്‍ അറിയപ്പെടാതെ കിടക്കുന്ന തനതു കലാരൂപങ്ങളെ കണ്ടെത്തി ഭാവി തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കലാകാരന്‍മാരുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് ഉപജീവന മാര്‍ഗം സൃഷ്ടിക്കുന്നതിനും കലകളെ അവബോധ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളുടെ പഠനത്തിനുള്ള വിനിമയോപാധിയുമാക്കുന്നതിനുമായി ആവിഷ്ക്കരിച്ച ‘ജനഗല്‍സ’ പദ്ധതിയുടെ ഭാഗമായുളള ഗോത്ര കലാവതരണങ്ങളും സംഗമത്തിന്‍റെ പ്രധാന ആകര്‍ഷണമാകും. കൂടാതെ  തദ്ദേശീയ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെഷനുകളും ചര്‍ച്ചകളും സംഘടിപ്പിക്കും. തദ്ദേശീയ പൈതൃകം, പുരാണങ്ങള്‍, സമകാലിക പോരാട്ടങ്ങള്‍ എന്നിവ പ്രമേയമാക്കുന്ന കലാപ്രദര്‍ശനങ്ങളും സാംസ്കാരിക അവതരണങ്ങളും ഉണ്ടാകും.

 

നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി 26-ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍, റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, രാജ്യ സഭാംഗം പി.വി. അബ്ദുള്‍ വഹാബ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വിഷയ വിദഗ്ധര്‍, തദ്ദേശീയ മേഖലകളില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ എന്നിവരും സംഗമത്തില്‍ പങ്കെടുക്കും.

കുടുംബശ്രീ സമുന്നതി പദ്ധതി - സംസ്ഥാനതല ത്രിദിന ശില്‍പ്പശാല സംഘടിപ്പിച്ചു Updated On 2026-09-19

കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സമുന്നതി’ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല ത്രിദിന ശില്‍പ്പശാല പാലക്കാട് സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികജാതി വിഭാഗത്തിനായി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണ് ‘സമുന്നതി’. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം ബ്ലോക്കില്‍ 2023ല്‍ തുടക്കമിട്ട പദ്ധതി മുഖേന സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായും പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കി സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

സമുന്നതി പദ്ധതി പ്രദേശത്തെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, സമുന്നതി മെന്റര്‍മാര്‍, സമുന്നതി റിസോഴ്സ് പേഴ്സണ്മാ‍ർ എന്നിവര്‍ക്കായി ധോണിയിലെ സ്റ്റാര്‍ട്ട് സ്‌കില്‍സ് ട്രെയിനിങ് സെന്ററില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് നിര്‍വഹിച്ചു. കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമുന്നതി പദ്ധതിയുടെ 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളിലെ കുഴല്‍മന്ദം ബ്ലോക്കുതല പ്രവര്‍ത്തന റിപ്പോർട്ടുകൾ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പ്രോഗ്രാം ഓഫീസര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. സമുന്നതി പദ്ധതിയുടെ പ്രാധാന്യവും രീതിശാസ്ത്രവും, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ച് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസ‍ർ ഡോ. ഷാനവാസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ പ്രഭാകരന്‍ മേലാത്ത്‌, നിഷാദ് സി.സി, ജസ്റ്റിന്‍ മാത്യു, ഡോ. വന്ദന ശശിധരൻ, ഷിബു എൻ.പി, രഞ്ജിനി. എം, അട്ടപ്പാടി സ്‌പെഷ്യല്‍ പ്രോജക്ട് കോര്‍ഡിനേറ്ററായ ജോമോന്‍ കെ.ജെ എന്നിവ‍ർ ക്ലാസുകൾ നയിച്ചു.

 

ഉപജീവന പ്രവർത്തനങ്ങളെക്കുറിച്ച് രാജേഷ് എ.വി (ജോബ് കഫേ ഡയറക്ടർ), പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് എൽദോസ് (ബ്ലോക്ക് ഓഫീസ‍ർ), പട്ടികജാതി വിഭാഗക്കാർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന സ്കീമുകളെ കുറിച്ച് ഹൗസത്ത് (കേരള ഡെവലപ്മെൻ്റ് കോർപ്പറേഷൻ ഫോർ എസ്.സി & എസ്.ടി ജില്ലാ ഓഫീസ‍ർ) എന്നിവരും ക്ലാസ്സുകള്‍ നല്‍കി. കൂടാതെ മോട്ടിവേഷണല്‍ സെഷനുമുണ്ടായിരുന്നു. ശില്‍പ്പശാലയുടെ സമാപന ദിനമായ ഇന്നലെ കുഴൽമന്ദത്തെ പട്ടികജാതി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ നേരിട്ടറിയാൻ വിവിധ സി.ഡി.എസുകളിലേക്ക് 4 ബാച്ചുകളായി തിരിഞ്ഞ് ഫീല്‍ഡ് സന്ദര്‍ശനവും സംഘടിപ്പിച്ചു.

 

കുഴല്‍മന്ദം ബ്ലോക്ക് കൂടാതെ പാലക്കാട് തൃത്താല മണ്ഡലത്തിലും, പത്തനംതിട്ടയിലെ മെഴുവേലി, ആറന്മുള, ഇലന്തൂ‍ർ എന്നീ പഞ്ചായത്തുകളിലും നിലവില്‍ സമുന്നതി പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള സ്പെഷ്യൽ പ്രോജക്ട് മാതൃകയിലാണ് സമുന്നതി പദ്ധതി പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി വരുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ട രൂപീകരണം, ലഘുസമ്പാദ്യ പ്രവര്‍ത്തനങ്ങള്‍, കര്‍ഷക സംഘങ്ങള്‍, സൂക്ഷ്മസംരംഭങ്ങള്‍ എന്നിവയുടെ രൂപീകരണം, വിവിധ സാമ്പത്തിക പിന്തുണകള്‍, തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക, ശാരീരിക, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ബ്രിഡ്ജ് കോഴ്‌സുകള്‍, യുവജന ക്ലബ്ബുകൾ എന്നിവയുടെ രൂപീകരണം എന്നിവയെല്ലാം സമുന്നതിയുടെ ഭാഗമായി നടപ്പിലാക്കുന്നു. തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ച് അതത് കുടുംബശ്രീ സി.ഡി.എസുകളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

 

ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ പാലക്കാട് അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.ആര്‍. ഗീത, അകത്തേത്തറ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. ലതിക, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഡാനിയേല്‍ ലിബ്നി, ശാരിക എന്നിവര്‍ സംസാരിച്ചു. പ്രഭാകരന്‍ മേലാത്ത് സ്വാഗതവും പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ജിജിന്‍. ജി നന്ദിയും പറഞ്ഞു.