to
അമൃത് മിത്ര പദ്ധതി നടത്തിപ്പിലെ മികവ് - ഗുരുവായൂർ, കൊച്ചി നഗരസഭകൾക്ക് ദേശീയ അംഗീകാരം Updated On 2026-03-14

സംസ്ഥാനത്ത് അമൃത് പദ്ധതി ആദ്യഘട്ടത്തിൽ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിനുളള കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അംഗീകാരം ഗുരുവായൂർ, കൊച്ചി നഗരസഭകൾക്ക്. ശുദ്ധ ജലം, സീവറേജ്, വസ്തു നികുതി പിരിവ്, വെള്ളക്കരം പിരിക്കൽ, പാർക്കുകളുടെയും കുളങ്ങളുടെയും മറ്റ് പൊതുവിടങ്ങളുടെയും പരിപാലനം എന്നിവ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളെ ഉപയോഗിച്ചു മാതൃകാപരമായി നടപ്പാക്കിയതിനാണ് അംഗീകാരം. ഇതിന്റെ ഭാഗമായി രണ്ടു നഗരസഭകളിൽ നിന്നും, കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണം ലഭിച്ച ഒമ്പത് കുടുംബശ്രീ അംഗങ്ങൾ 13-03-2026 -ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച അമൃത് മിത്ര മഹോത്സവത്തിൽ പങ്കെടുത്തു.

 

പാർക്കുകളുടെയും കുളങ്ങളുടെയും പരിപാലനം, വസ്തു നികുതി പിരിക്കൽ, വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റ് എന്നിവയുടെ പരിപാലനം, വെള്ളത്തിന്റെ ഗുണനിലവാര പരിശോധന, മരങ്ങൾ നട്ടുവളർത്തി പരിപാലിക്കുക എന്നിവയിലൂടെ 1.12 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് അമൃത് മിത്ര പദ്ധതി വഴി ഗുരുവായൂർ നഗരസഭയിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. 30-ലേറെ കുടുംബശ്രീ അംഗങ്ങൾക്ക് ഗുരൂവായൂർ നഗരസഭയിൽ മാത്രം തൊഴിൽ ലഭിച്ചിട്ടുണ്ട്. അമൃത്, ദേശീയ നഗര ഉപജീവന ദൗത്യം എന്നിവയുടെ സംയോജിത പദ്ധതിയാണ് അമൃത് മിത്ര. സംസ്ഥാനത്ത് എല്ലാ നഗരസഭകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. അമൃത്, ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതികളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ അംഗങ്ങൾ അമൃത് മഹോത്സവത്തിൽ പങ്കെടുത്തത്.

ഹരിതകര്‍മ്മസേനാംഗങ്ങളെല്ലാം ഇനി ഒരേ ഒരു യൂണിഫോമില്‍ Updated On 2026-03-12

കേരളത്തിന്റെ ശുചിത്വസൈന്യമായ ഹരിതകര്‍മ്മസേന സേവനങ്ങളേകാന്‍ ഇനി മുതല്‍ എത്തുക ഒരേ ഡിസൈനിലുള്ള യൂണിഫോമിലാകും. ‘ഒത്തൊരുമയുടെ കരുത്തിന് ഇനി ഒത്തൊരുമയുള്ള വസ്ത്രവും’ എന്ന സന്ദേശവുമായി ഡിസൈന്‍ ചെയ്ത യൂണിഫോം സംസ്ഥാനത്തെ എല്ലാ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും നല്‍കുന്നതിനുള്ള കുടുംബശ്രീ പദ്ധതിക്ക് തുടക്കം. യൂണിഫോമിന്റെ വിതരണോദ്ഘാടനം ഷൊര്‍ണൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് 11-03-2026 ന് നിര്‍വഹിച്ചു.

 

ഒരു സ്വപ്നം, ഒരു വേഷം, ഒരേയൊരു ലക്ഷ്യം എന്ന ആശയത്തിലൂന്നി സേനാംഗങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും അവര്‍ക്ക് കൃത്യമായ ഒരു ഔദ്യോഗിക വ്യക്തിത്വം നല്‍കാനുമാണ് യൂണിഫോം പദ്ധതി മുഖേന വിഭാവനം ചെയ്തിരിക്കുന്നത്. പച്ച നിറത്തിലുള്ള വസ്ത്രവും ഒപ്പം തൊപ്പിയും അടങ്ങുന്നതാണ് പുതിയ യൂണിഫോം. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

 

ഷൊര്‍ണൂര്‍ നിയോജകമണ്ഡലം എം.എല്‍.എ പി. മമ്മിക്കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഷൊര്‍ണൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ. അനുരാജ്, കില ഡയറക്ടര്‍ എ. നിസാമുദ്ദീന്‍, പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. നിര്‍മല പി. സ്വാഗതവും സെക്രട്ടറി പി.എസ്. രാജേഷ് നന്ദിയും പറഞ്ഞു.

കുടുംബശ്രീ ഡ്രോണ്‍ ദീദിമാര്‍ക്ക് സംസ്ഥാനതല പരിശീലനം Updated On 2026-03-12

കാര്‍ഷിക രംഗത്ത് നവീന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുക വഴി കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗം ലഭ്യമാക്കുന്നതിനുള്ള ഡ്രോണ്‍ ദീദി പദ്ധതിയുടെ ഭാഗമായുള്ള ദ്വിദിന സംസ്ഥാനതല പരിശീലനം കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ക്യാമ്പസില്‍ സംഘടിപ്പിച്ചു. കുടുംബശ്രീയും മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സും സംയുക്തമായി സംഘടിപ്പിച്ച ഈ രണ്ടാം ഘട്ട ശില്‍പ്പശാലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 49 ഡ്രോണ്‍ ദീദിമാര്‍ പങ്കെടുത്തു.

 

പരിശീലനത്തിന്റെ ആദ്യദിനത്തില്‍ ഡ്രോണുകളുടെ പ്രവര്‍ത്തനരീതികള്‍, കാര്‍ഷിക മേഖലയിലെ ഉപയോഗ സാധ്യതകള്‍, മെയിന്റനന്‍സ്, റിപ്പയറിങ് തുടങ്ങിയ വിഷയങ്ങളില്‍ സാങ്കേതിക ക്ലാസുകള്‍ നല്‍കി. ഫീല്‍ഡ് തലത്തില്‍ ഡ്രോണ്‍ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന ചെറിയ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഫലപ്രദമായ രീതിയില്‍ വളപ്രയോഗം നടത്തുന്നതിനുള്ള ശാസ്ത്രീയ വശങ്ങളും വിശദമാക്കി. രണ്ടാം ദിനത്തില്‍ ഡ്രോണ്‍ പറത്തുന്നതിനുള്ള പ്രായോഗിക പരിശീലനവും ഫീല്‍ഡ് തല പ്രദര്‍ശനവും സംഘടിപ്പിച്ചു. വിത്ത് വിതയ്ക്കല്‍, വളം തളിക്കല്‍, വിളകളുടെ വളര്‍ച്ച നിരീക്ഷിക്കല്‍ തുടങ്ങിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ പ്രായോഗിക സാധ്യതകളും പരിചയപ്പെടുത്തി.

 

സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് പ്രൊഫസറും ഡീനും ആയ ഡോ. ബൈജു കെ.ആര്‍ ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ കോട്ടയം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് പദ്ധതി അവതരണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഷമീന പി.എന്‍, അതിരമ്പുഴ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലതാ രാജന്‍, സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് കോഴ്സ് കോര്‍ഡിനേറ്റര്‍ ഡോ. എബിന്‍ വര്‍ഗീസ്, ഏഷ്യ സോഫ്റ്റ് മാനേജിംഗ് ഡയറക്ടര്‍ നിഷാദ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍ സ്വാഗതവും സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. എബിന്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

അനന്തപുരിയിൽ കുടുംബശ്രീ ‘സുലഭം’ കഫേ കം റെസ്റ്റൊറന്റ് പ്രവർത്തനം ആരംഭിച്ചു Updated On 2026-03-11

അനന്തപുരിക്ക് പുതിയ രുചിക്കൂട്ടുകൾ പകരാൻ കുടുംബശ്രീ ‘സുലഭം’ കഫേ കം റെസ്റ്റൊറന്റ് പ്രവർത്തനം ആരംഭിച്ചു. ഗുണനിലവാരമുളള ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവന മാർഗത്തിനുളള അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ  ലക്ഷ്യം. സമാന മാതൃകയിൽ സംസ്ഥാനമെമ്പാടും പദ്ധതി നടപ്പാക്കുന്നതിനും ഉദ്ദേശ്യമുണ്ട്. കുടുംബശ്രീ അർബൻ ഇനിഷ്യേറ്റീവ് എന്ന നിലയ്ക്കാണ് പദ്ധതി നടത്തിപ്പ്. കിഴക്കേക്കോട്ട കെ.എസ്.ആർ.ടി.സി സിറ്റി യൂണിറ്റിന് സമീപം ആരംഭിച്ച ‘സുലഭം’ റസ്റ്റോറന്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.

 

ഒരേ സമയം അമ്പത് പേർക്ക് വരെ സൗകര്യപ്രദമായി ഭക്ഷണം കഴിക്കാൻ കഴിയും വിധത്തിലാണ് റെസ്റ്റോറന്റിന്റെ സജ്ജീകരണം. വെജിറ്റേറിയൻ ഊണിന് അമ്പത് രൂപയാണ് നിരക്ക്. സ്പെഷ്യൽ വിഭവങ്ങൾ ആവശ്യമുള്ളവർക്ക് പ്രത്യേകം പണം നൽകി വാങ്ങാനാകും. കൂടാതെ ചായ, കാപ്പി, ലഘുഭക്ഷണങ്ങൾ എന്നിവയും ഉണ്ടാകും. പാഴ്സൽ സൗകര്യവുമുണ്ട്. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത 13 അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ‘സുലഭം’ കഫേയുടെ പ്രവർത്തനം. സംരംഭകർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള ചുമതല കുടുംബശ്രീയുടെ ഐഫ്രം മാനേജ്മെന്റ് ഗ്രൂപ്പിനാണ്.

 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കെ.എസ്.ആർ.ടി.സി എം.ഡി പി.എസ്. പ്രമോജ് ശങ്കർ, കാനറാ ബാങ്ക് ജനറൽ മാനേജർ സുനിൽ കുമാർ എസ്, വാർഡ് കൗൺസിലർ എസ്.കെ.പി രമേശ്, സി.ഡി.എസ് അധ്യക്ഷ ബിന്ദു മേനോൻ എൽ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ മേഘ മേരി കോശി, ജില്ലാ മിഷൻ കോർഡിനേറ്റർ  ജി.രമേഷ് എന്നിവർ പങ്കെടുത്തു.

സ്വപ്നച്ചിറകിലേറി അമൃത് ഉദ്യാന സന്ദർശനം Updated On 2026-03-11

ഇന്നു വരെ ടിവിയിലും പത്രത്താളിലും മാത്രം കണ്ടിരുന്ന രാഷ്ട്രപതി ഭവൻ അമൃത് ഉദ്യാൻ സന്ദർശിക്കാൻ അപ്രതീക്ഷിത അവസരം ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് കുടുംബശ്രീ അംഗങ്ങളായ പ്രജ നാരായണൻ(അട്ടപ്പാടി), റീന കെ(കാസർകോട്), ശ്യാമള രവി(വയനാട്), ഐസി മോൾ(ഇടുക്കി) എന്നിവർ. സംസ്ഥാനത്ത് പട്ടികവർഗ മേഖലയിലെ വനിതകളുടെ സാമ്പത്തിക സാമൂഹ്യ  ശാക്തീകരണത്തിനായി കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചതാണ്  നാലുപേർക്കും അമൃത് ഉദ്യാന സന്ദർശനത്തിനുള്ള അവസരമൊരുക്കിയത്. പട്ടികവർഗവിഭാഗത്തിൽ നിന്നുള്ളവരാണ് കുടുംബശ്രീ മുൻ സി.ഡി.എസ് അധ്യക്ഷമാർ കൂടിയായ ഇവർ നാലു പേരും.

 

അട്ടപ്പാടിയിൽ നിന്നുള്ള പ്രജ നാരായണൻ മാത്രമാണ് ഇതിനു മുമ്പ് ഡൽഹിയിൽ പോയിട്ടുള്ളത്. ദേശീയ സരസ് മേളയിൽ പങ്കെടുക്കുന്നതിനായി ട്രയിനിലായിരുന്നു യാത്ര. അന്ന് പക്ഷേ അവിടുത്തെ വിസ്മയ കാഴ്ചകളൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല. ബാക്കി മൂന്നു പേരുടെയും ആദ്യത്തെ ഡൽഹി യാത്രയാണ്. സ്വന്തം നാടിന്റെ ചുറ്റുവട്ടത്തിൽ മാത്രം ജീവിച്ചു വന്ന ഇവർക്ക് ഇത് സ്വപ്ന സമാനമായ യാത്രയാണ്. അതുകൊണ്ടു തന്നെ രാഷ്ട്രപതി ഭവൻ അമൃത് ഉദ്യാൻ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയിൽ നിന്നും അറിയിപ്പ് കിട്ടിയപ്പോൾ ആദ്യം ഇവർക്ക് വിശ്വസിക്കാനായില്ല. തുടർന്ന് മാർച്ച് എട്ടിന് സംഘം ഡൽഹിയിലേക്ക് തിരിച്ചു. കുടുംബാംഗങ്ങളുടെ പ്രോത്സാഹനവും പിന്തുണയും ഉണ്ടായിരുന്നെങ്കിലും ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ പരിഭ്രമമായിരുന്നു നാല് പേർക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോയുടെ ഫ്ളൈറ്റ് പറന്നുയർന്നപ്പോൾ നെഞ്ചിടിപ്പ് ഉച്ചത്തിലായി. പിന്നെ പതുക്കെ പേടി മാറിയതോടെ ജനാലയിലൂടെ ആകാശ കാഴ്ചകൾ കണ്ട് ഇന്ദ്രപ്രസ്ഥത്തിലേക്കുളള യാത്ര അവിസ്മരണീയമാക്കി.

 

ഡൽഹിയിൽ എത്തിയ നാലു പേരും അമൃത് ഉദ്യാൻ, ഇന്ത്യാഗേറ്റ്, കുത്തബ് മീനാർ, അക്ഷർ ധാം, ഹുമയൂൺ ടോംപ് എന്നിവിടങ്ങൾ സന്ദർശിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി സ്മൃതി ശരൺ, ഡെപ്യൂട്ടി സെക്രട്ടറി മോണിക്ക ഭട്ടുങ്കുരു എന്നിവരെയും പട്ടികവർഗമേഖലയിലെ പ്രവർത്തന മികവിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചെത്തിയവരെയും പരിചയപ്പെടാൻ അവസരം ലഭിച്ചതും ഭാഗ്യമായി കരുതുകയാണ് ഇവർ. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി.നായരുടെ നേതൃത്വത്തിലായിരുന്നു യാത്ര. സംഘം ഇന്ന് (11-3-2026) കേരളത്തിലേക്ക് തിരിക്കും.

 

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ദേശീയ ഗ്രാമീണ ഉപജീവനം ദൗത്യം പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽ പട്ടികവർഗ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന സ്വയംസഹായസഘങ്ങളിലെ വനിതകൾക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നൽകുന്ന അംഗീകാരമാണ് രാഷ്ട്രപതി ഭവൻ അമൃത് ഉദ്യാന സന്ദർശനത്തിനുള്ള അവസരം. സംസ്ഥാനത്ത് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടത്തിപ്പ്.

കുടുംബശ്രീ വിമൻ എംപവർമെന്റ് കോൺഗ്രസ്-2026: പ്രബന്ധാവതരണ മത്സര വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു Updated On 2026-03-10

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രബന്ധാവതരണ മത്സരത്തിൽ പ്രിനു ജോസ്, രവി പ്രസാദ് വർമ്മ, മിൻഡ മറിയം വർഗീസ്, ഡോ.ഐൻസ്റ്റീൻ എഡേ്വർഡ് ബി, മുബ്ഷിറ കെ, അനിതാ മോൾ ബാബു, ജോബി ബാബു, സ്റ്റെഫിൻ ജേക്കബ്, ജിസ വി.ടി, രവി പ്രസാദ്, ജിയ മറിയം, റുസ്ന എം, ഫെബി ഡി.എ എന്നിവർ വിജയികളായി. ഇവർക്ക് സമാപന സമ്മേളനത്തിൽ  കുടുംബശ്രീ പ്രോഗ്രാം ഓഫീസർമാരായ ശ്യാംകുമാർ കെ.യു, ഡോ. ബി ശ്രീജിത്ത്, പ്രദീപ് കുമാർ പി.എസ്, ജില്ലാ മിഷൻ കോർഡിനേറ്റർ മണികണ്ഠൻ, ഡോ.രതീഷ് കാളിയാടൻ, മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് എന്നിവർ സമ്മാനം വിതരണം ചെയ്തു.  

 

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ 92 പ്രബന്ധങ്ങളാണ് സെമിനാറിൽ അവതരിപ്പിച്ചത്. ആറ് വേദികളിലായിട്ടായിരുന്നു അവതരണം. ഗവേഷണത്തിന്റെ എല്ലാ രീതിശാസ്ത്രങ്ങളും ഉപയോഗിച്ചു കൊണ്ടാണ് മിക്ക പ്രബന്ധങ്ങളും തയ്യാറാക്കിയതെന്നതും ശ്രദ്ധേയമായി. ആധുനിക കാലത്തിനനുസൃതമായി കുടുംബശ്രീ ഉപയോഗിക്കുന്ന ആശയവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെ പ്രബന്ധാവതരണ വേദിയിൽ വൈവിധ്യമാർന്ന വിഷയങ്ങളാണ് എത്തിയത്.

 

വിമൻ എംപവർമെന്റ് കോൺഗ്രസ് 2026 - മായി ബന്ധപ്പെട്ടു പ്രവർത്തിച്ചവർ, പ്രബന്ധാവതരണ മത്സരവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച കോർഡിനേറ്റർമാർ, വിഷയവിദഗ്ധർ എന്നിവരെയും സമാപന സമ്മേളനത്തിൽ ആദരിച്ചു.

ലിംഗതുല്യതയ്ക്കും സ്ത്രീ ശാക്തീകരണത്തിനും പുതിയ കാഴ്ചപ്പാടുകളുമായി കുടുംബശ്രീ അന്താരാഷ്ട്ര സെമിനാർ Updated On 2026-03-10

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ‘വിമൻ എംപവർമെന്റ് കോൺഗ്രസ്-2026’ – അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. ‘ലിംഗപദവിയും വികസനവും; നയം, പ്രായോഗികത, കമ്മ്യൂണിറ്റി പരിവർത്തനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്ളീനറി സെഷൻ കരുത്തുറ്റ ആശയങ്ങളും സംവാദങ്ങളും കൊണ്ട് സമ്പന്നമായി.  

 

സാമൂഹ്യമൂലധനമായ കുടുംബശ്രീയിലൂടെ സ്ത്രീകൾ സാമ്പത്തിക സ്വയംപര്യാപ്തതയും നേതൃശേഷിയും നൈപുണ്യ വികസനവും രാഷ്ട്രീയ ഇച്ഛാശക്തിയും ഉൾപ്പെടെ സമഗ്രവികസനം കൈവരിച്ചതായി പ്ളീനറി സെഷനിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ ഭാവിപ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന വിധം ലിംഗതുല്യതയ്ക്കും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നൽകുന്ന പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിനും സെഷൻ വേദിയൊരുക്കി. കേരളത്തിൽ ലിംഗപദവി കേന്ദ്രീകൃതമായ വികസനത്തിൽ കുടുംബശ്രീ വഹിച്ച പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചർച്ചയും വേറിട്ട അനുഭവമായി.

 

തുടർന്ന് ‘ലിംഗനീതി സംരക്ഷണത്തിനായി കുടുംബശ്രീയുടെ ഇടപെടലുകൾ’, ‘ഉപജീവന സാമ്പത്തിക ഉൾച്ചേർക്കലുകളിൽ ലിംഗ സംയോജനം’, ‘സ്ഥാപന വികസനവും കാര്യശേഷി വികസനവും’, ‘ലിംഗപദവിയും സുസ്ഥിരതും’, ‘കുടുംബശ്രീയും സാങ്കേതികതയും’ തുടങ്ങിയ വിഷയങ്ങളിൽ തെരഞ്ഞെടുത്ത 72 പ്രബന്ധങ്ങളുടെ അവതരണവും നടന്നു. കൂടാതെ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് സംസ്ഥാന മിഷൻ ഉദ്യോഗസ്ഥരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

 

മരിയൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അജിമോൻ ജോർജ്ജ് പ്ളീനറി സെഷൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയർ ലക്ചറർ ഡോ. ബി. ശ്രീജിത്ത് മോഡറേറ്ററായി. സ്റ്റേറ്റ് ജെൻഡർ കൺസൾട്ടന്റ് ഡോ.ടി.കെ ആനന്ദി, യു.എസിലെ സ്റ്റോറി ബി കമ്പനിയുടെ പ്രിൻസിപ്പൽ കൺസൾട്ടന്റ് അമാൻഡ ആറോൻസൺ, കൊളംബോ സർവകലാശാലയിലെ മെഡിസിൻ ഫാക്കൽറ്റി ടി.കെ രസിക സമൻമാലെ, നേപ്പാൾ കാദംബരി മെമ്മോറിയൽ കോളേജ് പ്രിൻസിപ്പൽ പ്രദിപ്ത, ഉദ്യം ലേണിങ്ങ് ഫൗണ്ടേഷൻ സീനിയർ മാനേജർ, ജെൻഡർ ആക്ടിവിസ്റ്റ് ഡോ.ശ്രീസൂര്യ തിരുവോത്ത് എന്നിവർ പാനലിസ്റ്റുകളായി. മരിയൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജോബി സിറിയക് സി, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ പി.എസ് എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ശാരിക എസ് നന്ദി പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനാഘോഷം: ‘കുടുംബശ്രീ വിമൻ എംപവർമെന്റ് കോൺഗ്രസ്-2026’ ന് തുടക്കം Updated On 2026-03-09

കേരളത്തിന്റെ സ്ത്രീപക്ഷ ചിന്തകൾക്കൊപ്പം പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച ‘വിമൻ എംപവർമെന്റ് കോൺഗ്രസ്-2026’  അന്താരാഷ്ട്ര സെമിനാറും സി.ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, ചലച്ചിത്ര താരം ഗ്രേസ് ആന്റണി, എഴുത്തുകാരിയും ജെ.സി ഡാനിയേൽ അവാർഡ് ജേതാവ് അല്ലി പാത്തുമ്മ എന്നിവർക്കുള്ള സ്നേഹാദരവും മന്ത്രി നൽകി. ദേവികുളം സബ് കളക്ടർ ആര്യ വി.എം. അധ്യക്ഷത വഹിച്ചു.


വികസന മേഖലകളിൽ സംസ്ഥാനം കൈവരിക്കുന്ന വളർച്ചയിലും കുതിപ്പുകളിലും സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ സർക്കാരിന് കഴിയുന്നുണ്ടെന്നും ഇതിൽ കുടുംബശ്രീയുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. നാടിന്റെ വളർച്ചയിൽ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാനും സുരക്ഷിതമാക്കുന്നതിനും സ്ത്രീസുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിനും സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലേറെ വനിതാ സംരംഭങ്ങൾക്ക് നേതൃത്വം നൽകാനും അവരെ മികച്ച സംരംഭകരാക്കി വളർത്തിയെടുക്കുന്നതിനും കുടുംബശ്രീക്കായിട്ടുണ്ട്. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിച്ചു കൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് അവരെ നയിക്കാൻ കുടുംബശ്രീക്കു കഴിയുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൈവരിച്ചിട്ടുള്ള മാതൃകാപരമായ ഒട്ടേറെ നേട്ടങ്ങളിലും കുടുംബശ്രീയുടെ സംഭാവനയുണ്ട്. ഓരോ വകുപ്പും സ്ത്രീശാക്തീകരണ പദ്ധതികൾ നടപ്പാക്കുന്നതിലും അതിൽ വിജയം കൈവരിക്കുന്നതിലും പ്രത്യേകം ശ്രദ്ധ നൽകുന്നു. സാമൂഹ്യസുരക്ഷയ്ക്കും സ്ത്രീസുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് സർക്കാർ എല്ലാ പദ്ധതികളും നടപ്പാക്കുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കുക എന്നത് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ആദരിക്കുന്ന വിധത്തിൽ സർക്കാരിന്റെ നയപരിപാടിയായി തന്നെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 30-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ആയിരം രൂപ വീതം നൽകുന്നതിനായി 3250 കോടി രൂപ ഇതിനായി മാറ്റി വച്ചു. കൂടാതെ അപരാജിത, പിങ്ക് പോലീസ് തുടങ്ങി കരുത്തുറ്റ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് സ്ത്രീശാക്തീകരണത്തിന്റെ വഴികളിൽ ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തി. വൈവിധ്യമാർന്ന സ്ത്രീശാക്തീകരണ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പു വരുത്താനാകണമെന്നും നാടിന്റെ വികസനത്തിന് കരുത്തേകുന്ന ശബ്ദമായി ഇനിയും ഉയർന്നു വരാൻ കുടുംബശ്രീക്ക് കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കുള്ള സ്നേഹാദരം ജില്ലയിലെ സി.ഡി.എസ് അധ്യക്ഷമാരുടെ പ്രതിനിധികൾ വേദിയിൽ സമ്മാനിച്ചു.

 

സമൂഹത്തിലെ ഓരോ സ്ത്രീയും തന്റെ ഉള്ളിലെ ശക്തിയെ തിരിച്ചറിയണമെന്നും ഏതു വ്യവസ്ഥകൾ എതിരു നിന്നാലും അവ അതിജീവിച്ചു മുന്നോട്ടു വന്നു കൊണ്ട് എല്ലാ ദിവസവും തന്റേതായി ആഘോഷിക്കണമെന്നും അധ്യക്ഷ പ്രസംഗത്തിൽ  സബ് കളക്ടർ ആര്യ വി.എം പറഞ്ഞു. വിമൻ എംപവർമെന്റ് – 2026 തീം സോങ്ങ്, എറണാകുളം ജില്ലാ മിഷനിലെ ജെൻഡർ ടീം തയ്യാറാക്കിയ കവിതാ സമാഹാരം ‘സമവായന’ എന്നിവയുടെ പ്രകാശനവും സബ് കളക്ടർ നിർവഹിച്ചു.

 

ജീവിതത്തിന്റെ ഏതു പ്രതിസന്ധിഘട്ടത്തിലും ഓരോ സ്ത്രീയും അവനവിൽ തന്നെ വിശ്വാസമർപ്പിക്കണമെന്നും തന്റെ കഴിവുകളിൽ ആത്മവിശ്വാസം പുലർത്തണമെന്നും ഇൻഡ്യൻ ക്രിക്കറ്റ് താരം സജ്ന സജീവൻ പറഞ്ഞു. കുടുംബശ്രീ നടത്തിയ ഉയരെ ക്യാമ്പയിൻ പത്തു ലക്ഷം പേരിലേക്ക് എത്തിച്ച ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകൾ, കുടുംബശ്രീ സംവിധാനത്തിലൂടെ കടന്നു വന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വനിതകൾ എന്നിവർക്ക്  സജ്ന സജീവൻ ആദരം നൽകി. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന തനിക്ക് ജീവിതത്തെ ധൈര്യപൂർവം അഭിമുഖീകരിക്കാനും അവശ്യസമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാനും സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്ത വ്യക്തികൾ തന്റെ അമ്മയും നൃത്താധ്യാപികയുമാണെന്ന് ചലച്ചിത്ര താരം ഗ്രേസ് ആന്റണി പറഞ്ഞു.

 

ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചതിനൊപ്പം അതിൽ നിന്നു ലഭിച്ച കരുത്ത് സർഗാത്മകതയെ വളർത്താൻ വിനിയോഗിച്ചുവെന്നും എഴുത്തുകാരിയും ജെ.സി. ഡാനിയേൽ അവാർഡ് ജേതാവുമായ അല്ലി പാത്തുമ്മ പറഞ്ഞു. കുടുംബശ്രീ സംരംഭങ്ങൾ സംബന്ധിച്ച വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കുടുംബശ്രീ മുൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ.സബൂറ ബീവിയ്ക്ക് അല്ലി പാത്തുമ്മയും സജ്ന സജീവനും സംയുക്തമായി ആദരം നൽകി.

 

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ പദ്ധതി വിശദീകരിച്ചു. വിവിധ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേശ്, ശാലുമോൾ സാബു, റെജിമോൾ ഷിബി, റൂബി ജോസഫ്, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സബീന മുഹമ്മദ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ കെ.യു, ഡയറ്റ് സീനിയർ ലക്ചറ്റും കുടുംബശ്രീ മുൻ പ്രോഗ്രാം ഓഫീസറുമായ ഡോ.ബി ശ്രീജിത്ത്,   മരിയൻ കോളേജ് മാനേജർ ഫാദർ ബോബി അലക്സ് മണ്ണംപ്ളാക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ.ലൂമി ജോസഫ് എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു നന്ദി പറഞ്ഞു.

 

ഉദ്ഘാടന സമ്മേളനത്തിന് മുമ്പ്  ‘മികച്ച നേതൃത്വത്തിലൂടെ സാമൂഹ്യമാറ്റത്തിലേക്ക്’ എന്ന വിഷയത്തിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും മെൻഡലിസ്റ്റും റേഡിയോ ജോക്കിയും അധ്യാപകനുമായ ശരത് ടി.ആർ. ക്ളാസ് നയിച്ചു.

കുടുംബശ്രീ സമഗ്ര വീഡിയോ പ്രകാശനം ചെയ്തു Updated On 2026-03-06

സ്ത്രീശാക്തീകരണ ദാരിദ്ര്യനിർമാർജന മേഖലയിൽ നാളിതുവരെ കുടുംബശ്രീ കൈവരിച്ച വളർച്ചയും പുരോഗതിയും വ്യക്തമാക്കുന്ന സമഗ്ര വീഡിയോ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് അനക്സിൽ ലയം ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ഗവേണിങ്ങ് ബോഡി യോഗത്തിലായിരുന്നു വീഡിയോ പ്രകാശനം. 13 മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം. കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികൾ, അവയുടെ ഗുണഫലങ്ങൾ ഇതിലൂടെ കേരളീയ സ്ത്രീജീവിതത്തിലും സമൂഹത്തിലും കൈവന്ന പുരോഗതി എന്നിവയാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. സി-ഡിറ്റിന്റെ സാങ്കേതിക സഹകരണത്തോടെ മലയാളത്തിലും ഇംഗ്ളീഷിലുമായാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

 

വയോജന-രോഗീ പരിചരണ മേഖലയിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ ഫോർ കെയർ പദ്ധതിയെ കുറിച്ച് തയ്യാറാക്കിയ അഞ്ചു മിനിട്ട്  ദൈർഘ്യമുളള വീഡിയോയും ഇതോടൊപ്പം പ്രകാശനം ചെയ്തു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ വി.പ്രിയദർശിനി, തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഡയറക്ടർ സിന്ധു പി.കെ, സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് ചീഫ് ജോസഫൈൻ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വയനാട്ടില്‍ കാസര്‍ഗോഡന്‍ വിജയഗാഥ; പ്രഥമ കെ.ടി.എസ്.എലില്‍ ജില്ലയ്ക്ക് ഇരട്ട കിരീടം Updated On 2026-03-02

കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ പുരുഷ, വനിതാ വിഭാഗത്തില്‍ ചാമ്പ്യന്‍പട്ടം കാസര്‍ഗോഡിന് സ്വന്തം. പുരുഷ വിഭാഗം ഫൈനലില്‍ ആതിഥേയരായ വയനാടിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കും വനിതാ വിഭാഗത്തില്‍ മലപ്പുറത്തെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കും മറികടന്നു കാസര്‍ഗോഡിന്റെ ചുണക്കുട്ടികള്‍. വിജയികള്‍ക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീതും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് ട്രോഫികളും ക്യാഷ് പ്രൈസും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

പുരുഷ വിഭാഗം ഫൈനലില്‍ കാസര്‍ഗോഡിന് വേണ്ടി ആറാം മിനിറ്റില്‍ അനില്‍കുമാര്‍ അക്കൗണ്ട് തുറന്നു. തുടര്‍ന്ന് 24ാം മിനിറ്റില്‍ വിഷ്ണുവും 44ാം മിനിറ്റില്‍ അനില്‍കുമാര്‍ ഒരിക്കല്‍ക്കൂടിയും വലകുലുക്കി. രണ്ടാം പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ (60+4) സഞ്ജു ആതിഥേയരുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

 

വനിതാ വിഭാഗത്തില്‍ 40, 60 മിനിറ്റുകളിലെ ഇരട്ട പ്രഹരത്തോടെ നയനയാണ് കാസര്‍ഗോഡിനെ വിജയതീരമണച്ചത്. മലപ്പുറത്തിനായി സുവര്‍ണ്ണ.പി. ലക്ഷ്യം കണ്ടു.

 

പുരുഷ വിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ മലപ്പുറം അട്ടപ്പാടിയെ കീഴടക്കി മൂന്നാമതെത്തി. വനിതാ വിഭാഗത്തില്‍ വയനാടിനാണ് മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ എതിരില്ലാത്ത എട്ട് ഗോളിന് അവര്‍ അട്ടപ്പാടിയെ തകര്‍ത്തു. നാല് എണ്ണം പറഞ്ഞ ഗോളുകള്‍ വലയിലാക്കിയ ശാരിയാണ് വയനാടിന്റെ വിജയശില്‍പ്പി.

 

തദ്ദേശീയ മേഖലയില്‍ കുടുംബശ്രീ രൂപീകരിച്ച യൂത്ത് ക്ലബ്ബുകള്‍ക്കായി ഇതാദ്യമായി സംഘടിപ്പിച്ച സോക്കര്‍ ലീഗില്‍ പുരുഷ വിഭാഗത്തില്‍ 14 ടീമുകളും വനിതാ വിഭാഗത്തില്‍ നാല് ടീമുകളുമാണ് മത്സരിച്ചത്. വയനാട് മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 27നായിരുന്നു ലീഗിന്റെ കിക്കോഫ്.