to
‘സര്‍ഗം’ കഥാരചന, കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി, വ്ളോഗ്സ് ആന്‍ഡ് റീല്‍സ് മത്സരങ്ങള്‍ - കുടുംബശ്രീ സംസ്ഥാനതല അവാര്‍ഡ് വിതരണം നടത്തി Updated On 2026-09-10

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സര്‍ഗ്ഗം’-കഥാരചന, ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’-ഫോട്ടോഗ്രാഫി, വ്ളോഗ്സ് ആന്‍ഡ് റീല്‍സ് സംസ്ഥാനതല മത്സരങ്ങളിലെ വിജയികള്‍ക്കായി വൈലോപ്പിളളി സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല അവാര്‍ഡ് വിതരണ പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു.

അമ്മമാരെ കുറിച്ച് എഴുതുന്ന കഥകള്‍ ഒരിക്കലും എഴുതി തീരാത്ത അനുഭവങ്ങളാണെന്ന് മന്ത്രി കെ.എം ഷാജി വിജയികള്‍ക്കുളള പുരസ്കാര വിതരണം നിര്‍വഹിച്ചു കൊണ്ടു പറഞ്ഞു. ജീവിതത്തിന്‍റെ ഉള്‍ക്കാഴ്ചകള്‍ പകര്‍ത്തുന്ന കഥകളും സാമൂഹ്യപുരോഗതി പ്രതിഫലിപ്പിക്കന്ന നേര്‍ച്ചിത്രങ്ങളുമായി സ്ത്രീകള്‍ മുന്നോട്ടു വരുന്നതിലൂടെ സാംസ്കാരിക ശാക്തീകരണത്തിനും അത് വഴിയൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക പരിവര്‍ത്തനത്തിന് കലയും സാഹിത്യവും സഹായകമാകുന്നുവെന്നും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് അതിനു സാധ്യമാകണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തദ്ദേശ സ്വയംഭരണവകുപ്പ്  പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു.    

സര്‍ഗം-കഥാരചന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മനീഷ എം. മോഹന്‍, സിന്ധു തോമസ്, ഷീബ പി.പി എന്നിവര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ്, മെമന്‍റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെട്ട പുരസ്കാരം മന്ത്രി കെ.എം.ഷാജി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനം നേടിയ അനുജ ബൈജു, മൈസൂന ഹാനി, രജന സലി എന്നിവര്‍ക്ക് 2500 രൂപ വീതം ക്യാഷ് അവാര്‍ഡും മെമന്‍റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെട്ട പുരസ്കാരവും മന്ത്രി സമ്മാനിച്ചു.

ഫോട്ടോഗ്രാഫി മത്സരം അയല്‍ക്കൂട്ട ഓക്സിലറി വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ഷീജ സി.പി, ജെമിനി ബെന്നി, ഹിബാന വി എന്നിവര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനം നേടിയ ദീപ്തി പി, സുഷമ ഗോപിനാഥ്, ജസ്ന പാലയ്ക്കല്‍ എന്നിവര്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ട പുരസ്കാരം സമ്മാനിച്ചു.

ഫോട്ടോഗ്രഫി പൊതുവിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോട് മൈലാട്ടി ഞെക്ളിയില്‍ സ്വദേശി ദീപേഷ് പുതിയ പുരയില്‍, രണ്ടാം സ്ഥാനം നേടിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി രജീഷ് നിലമ്പൂര്‍ എന്നിവര്‍ക്ക് യഥാക്രമം 25,000, 15,000 രൂപ ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന പുരസ്കാരം സമ്മാനിച്ചു. ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രതീഷ് കുമാര്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചു പോയതിനെ തുടര്‍ന്ന് സഹോദരി രേണുക 10,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രിയില്‍ നിന്നും സ്വീകരിച്ചു.  

ഫോട്ടോഗ്രഫി മത്സരം പൊതുവിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം നേടിയ തൃശൂര്‍ ചെറുതുരുത്തി സ്വദേശി കെ.എ അബ്ദുള്‍ ഖാദര്‍, പാലക്കാട് ഷൊര്‍ണ്ണൂര്‍ സ്വദേശി പ്രമോദ് കെ, ഇടക്കൊച്ചി സ്വദേശി ആന്‍റണി വി.ഡി, കൊല്ലം പുനലൂര്‍ സ്വദേശി ബോണിയം കലാം എന്നിവര്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.  

വ്ളോഗ്സ് മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനം നേടിയ മലപ്പുറം കുഴിയണ്ണ സ്വദേശി രതീഷ് ടി, പാലക്കാട് വിളയന്നൂര്‍ സ്വദേശി രത്യുഷ് ആര്‍, എന്നിവര്‍ക്ക് യഥാക്രമം 50,000, 40,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രി സമ്മാനിച്ചു.  

റീല്‍സ് മത്സരത്തില്‍ ഒന്നാം  സ്ഥാനം നേടിയ ജ്യോത്സന വിജിലിന് 25,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രി സമ്മാനിച്ചു.  

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരി സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) വിജയശ്രീ എം.എസ്, ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി. എന്നിവര്‍ ആശംസിച്ചു. ജൂറി അംഗങ്ങളായ കെ.എ. ബീന, രാധാകൃഷ്ണന്‍ എസ്. എന്നിവര്‍ മത്സരങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ബി.സേതുരാജ് നന്ദി പറഞ്ഞു.

കുടുംബശ്രീ ജനഗല്‍സ പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ ആനിമേറ്റര്‍മാരുടെയും ബ്രിഡ്ജ് കോഴ്സ് മെന്‍റര്‍മാരുടെയും സംസ്ഥാനതല സംഗമം 26,27 ന് Updated On 2026-09-19

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാചരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 26,27 തീയതികളിലായി പട്ടികവര്‍ഗ ആനിമേറ്റര്‍മാരുടെയും ബ്രിഡ്ജ് കോഴ്സ് മെന്‍റര്‍മാരുടെയും ഉത്തരമേഖലാ സംസ്ഥാനതല സംഗമം നിലമ്പൂരില്‍ സംഘടിപ്പിക്കുന്നു.   തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍, പൈതൃകം, കലാ സാംസ്കാരിക വൈവിധ്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം ഗോത്ര മേഖലയില്‍ കുടുംബശ്രീ നടത്തിയ ഇടപെടലുകളും വിജയഗാഥകളും ജനങ്ങളിലേക്കെത്തിക്കുകയാണ് സംഗമത്തിന്‍റെ ലക്ഷ്യം. തദ്ദേശീയ ജനതയുടെ സാംസ്കാരിക പൈതൃകം, പരമ്പരാഗത അറിവ്, ഭാഷ, ജൈവ വൈവിധ്യ സംരക്ഷണത്തിലെ പങ്ക് എന്നിവയുടെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കുന്നതിനൊപ്പം അവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും പരിപാടിയുടെ ലക്ഷ്യമാണ്.

 

ഗോത്രമേഖലയില്‍ കുടുംബശ്രീ നടപ്പാക്കി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളും വിജയഗാഥകളും സംസ്ഥാനതല സംഗമത്തില്‍ അവതരിപ്പിക്കും. കൂടാതെ ടോക്ക് ഷോ, തദ്ദേശീയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, ഭക്ഷ്യമേള എന്നിവയും രണ്ടു ദിവസത്തെ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. ഗോത്രസമൂഹത്തില്‍ അറിയപ്പെടാതെ കിടക്കുന്ന തനതു കലാരൂപങ്ങളെ കണ്ടെത്തി ഭാവി തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കലാകാരന്‍മാരുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് ഉപജീവന മാര്‍ഗം സൃഷ്ടിക്കുന്നതിനും കലകളെ അവബോധ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളുടെ പഠനത്തിനുള്ള വിനിമയോപാധിയുമാക്കുന്നതിനുമായി ആവിഷ്ക്കരിച്ച ‘ജനഗല്‍സ’ പദ്ധതിയുടെ ഭാഗമായുളള ഗോത്ര കലാവതരണങ്ങളും സംഗമത്തിന്‍റെ പ്രധാന ആകര്‍ഷണമാകും. കൂടാതെ  തദ്ദേശീയ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെഷനുകളും ചര്‍ച്ചകളും സംഘടിപ്പിക്കും. തദ്ദേശീയ പൈതൃകം, പുരാണങ്ങള്‍, സമകാലിക പോരാട്ടങ്ങള്‍ എന്നിവ പ്രമേയമാക്കുന്ന കലാപ്രദര്‍ശനങ്ങളും സാംസ്കാരിക അവതരണങ്ങളും ഉണ്ടാകും.

 

നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി 26-ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍, റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, രാജ്യ സഭാംഗം പി.വി. അബ്ദുള്‍ വഹാബ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വിഷയ വിദഗ്ധര്‍, തദ്ദേശീയ മേഖലകളില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ എന്നിവരും സംഗമത്തില്‍ പങ്കെടുക്കും.

കുടുംബശ്രീ സമുന്നതി പദ്ധതി - സംസ്ഥാനതല ത്രിദിന ശില്‍പ്പശാല സംഘടിപ്പിച്ചു Updated On 2026-09-19

കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സമുന്നതി’ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല ത്രിദിന ശില്‍പ്പശാല പാലക്കാട് സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികജാതി വിഭാഗത്തിനായി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണ് ‘സമുന്നതി’. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം ബ്ലോക്കില്‍ 2023ല്‍ തുടക്കമിട്ട പദ്ധതി മുഖേന സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായും പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കി സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

സമുന്നതി പദ്ധതി പ്രദേശത്തെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, സമുന്നതി മെന്റര്‍മാര്‍, സമുന്നതി റിസോഴ്സ് പേഴ്സണ്മാ‍ർ എന്നിവര്‍ക്കായി ധോണിയിലെ സ്റ്റാര്‍ട്ട് സ്‌കില്‍സ് ട്രെയിനിങ് സെന്ററില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് നിര്‍വഹിച്ചു. കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമുന്നതി പദ്ധതിയുടെ 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളിലെ കുഴല്‍മന്ദം ബ്ലോക്കുതല പ്രവര്‍ത്തന റിപ്പോർട്ടുകൾ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പ്രോഗ്രാം ഓഫീസര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. സമുന്നതി പദ്ധതിയുടെ പ്രാധാന്യവും രീതിശാസ്ത്രവും, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ച് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസ‍ർ ഡോ. ഷാനവാസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ പ്രഭാകരന്‍ മേലാത്ത്‌, നിഷാദ് സി.സി, ജസ്റ്റിന്‍ മാത്യു, ഡോ. വന്ദന ശശിധരൻ, ഷിബു എൻ.പി, രഞ്ജിനി. എം, അട്ടപ്പാടി സ്‌പെഷ്യല്‍ പ്രോജക്ട് കോര്‍ഡിനേറ്ററായ ജോമോന്‍ കെ.ജെ എന്നിവ‍ർ ക്ലാസുകൾ നയിച്ചു.

 

ഉപജീവന പ്രവർത്തനങ്ങളെക്കുറിച്ച് രാജേഷ് എ.വി (ജോബ് കഫേ ഡയറക്ടർ), പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് എൽദോസ് (ബ്ലോക്ക് ഓഫീസ‍ർ), പട്ടികജാതി വിഭാഗക്കാർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന സ്കീമുകളെ കുറിച്ച് ഹൗസത്ത് (കേരള ഡെവലപ്മെൻ്റ് കോർപ്പറേഷൻ ഫോർ എസ്.സി & എസ്.ടി ജില്ലാ ഓഫീസ‍ർ) എന്നിവരും ക്ലാസ്സുകള്‍ നല്‍കി. കൂടാതെ മോട്ടിവേഷണല്‍ സെഷനുമുണ്ടായിരുന്നു. ശില്‍പ്പശാലയുടെ സമാപന ദിനമായ ഇന്നലെ കുഴൽമന്ദത്തെ പട്ടികജാതി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ നേരിട്ടറിയാൻ വിവിധ സി.ഡി.എസുകളിലേക്ക് 4 ബാച്ചുകളായി തിരിഞ്ഞ് ഫീല്‍ഡ് സന്ദര്‍ശനവും സംഘടിപ്പിച്ചു.

 

കുഴല്‍മന്ദം ബ്ലോക്ക് കൂടാതെ പാലക്കാട് തൃത്താല മണ്ഡലത്തിലും, പത്തനംതിട്ടയിലെ മെഴുവേലി, ആറന്മുള, ഇലന്തൂ‍ർ എന്നീ പഞ്ചായത്തുകളിലും നിലവില്‍ സമുന്നതി പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള സ്പെഷ്യൽ പ്രോജക്ട് മാതൃകയിലാണ് സമുന്നതി പദ്ധതി പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി വരുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ട രൂപീകരണം, ലഘുസമ്പാദ്യ പ്രവര്‍ത്തനങ്ങള്‍, കര്‍ഷക സംഘങ്ങള്‍, സൂക്ഷ്മസംരംഭങ്ങള്‍ എന്നിവയുടെ രൂപീകരണം, വിവിധ സാമ്പത്തിക പിന്തുണകള്‍, തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക, ശാരീരിക, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ബ്രിഡ്ജ് കോഴ്‌സുകള്‍, യുവജന ക്ലബ്ബുകൾ എന്നിവയുടെ രൂപീകരണം എന്നിവയെല്ലാം സമുന്നതിയുടെ ഭാഗമായി നടപ്പിലാക്കുന്നു. തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ച് അതത് കുടുംബശ്രീ സി.ഡി.എസുകളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

 

ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ പാലക്കാട് അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.ആര്‍. ഗീത, അകത്തേത്തറ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. ലതിക, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഡാനിയേല്‍ ലിബ്നി, ശാരിക എന്നിവര്‍ സംസാരിച്ചു. പ്രഭാകരന്‍ മേലാത്ത് സ്വാഗതവും പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ജിജിന്‍. ജി നന്ദിയും പറഞ്ഞു.

കുടുംബശ്രീ കെ-ഇനം – എംപാനല്‍മെന്റിന് താത്പര്യപത്രം ക്ഷണിച്ചു Updated On 2026-09-16

കുടുംബശ്രീ കെ-ഇനം സമഗ്ര (K-INAM SAMAGRA) പദ്ധതിയുടെ കീഴില്‍ ക്ലസ്റ്റര്‍ വികസനം, സംരംഭക അധിഷ്ഠിത വാണിജ്യവത്ക്കരണം, പാക്കേജിങ്, ഡിജിറ്റല്‍ ട്രേസബിലിറ്റി, വിപണി സംയോജനം, ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ എന്നിവയ്ക്കായി വിദഗ്ധ ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതിനും എംപാനല്‍ ചെയ്യുന്നതിനുമായി കുടുംബശ്രീ യോഗ്യരായ ഏജന്‍സികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക് സന്ദര്‍ശിക്കുക – https://kudumbashree.org/eoi-k-inam

‘സര്‍ഗ്ഗം’- കഥാരചന, കുടുംബശ്രീ ഒരു നേര്‍ചിത്രം’-ഫോട്ടോഗ്രാഫി, വ്‌ളോഗ്സ്‌ ആന്‍ഡ് റീല്‍സ് വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണ പരിപാടി ഇന്ന് Updated On 2026-09-09

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സര്‍ഗ്ഗം’-കഥാരചന, ‘കുടുംബശ്രീ ഒരു നേര്‍ചിത്രം’-ഫോട്ടോഗ്രാഫി, വ്ളോഗ്സ് ആന്‍ഡ് റീല്‍സ് സംസ്ഥാനതല മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണ പരിപാടി ഇന്ന്(09-09-2026) വൈകുന്നേരം നാലുമണിക്ക് വൈലോപ്പിളളി സംസ്കൃതി ഭവനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ അധ്യക്ഷത വഹിക്കും. ശശി തരൂര്‍ എം.പി മുഖ്യാതിഥിയാകും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി അനുപമ, സ്പെഷ്യൽ സെക്രട്ടറി ഷാനവാസ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

സര്‍ഗം-കഥാരചന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. കൂടാതെ മൂന്നു പേര്‍ക്ക് 2500 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.  

വ്ളോഗ്സ് മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 50,000, 40,000, 30,000 രൂപയും റീല്‍സ് മത്സരത്തില്‍ 25,000, 20,000, 15,000 രൂപയും കാഷ് അവാര്‍ഡ് നല്‍കും.  

ഫോട്ടോഗ്രാഫി മത്സരം പൊതു വിഭാഗത്തിലും അയല്‍ക്കൂട്ട ഓക്സിലറി വിഭാഗത്തിലും  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 വീതം കാഷ് അവാര്‍ഡ് ലഭിക്കും. കൂടാതെ അയല്‍ക്കൂട്ട വിഭാഗത്തില്‍ നിന്നും 2000 രൂപ വീതം മൂന്ന് പേര്‍ക്കും പൊതുവിഭാഗത്തില്‍ 2000 രൂപ വീതം അഞ്ചു പേര്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കുന്നതാണ്. എല്ലാ വിജയികള്‍ക്കും കാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും നല്‍കും.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘ്നേശ്വരി സ്വാഗതം പറയും. കുടുംബശ്രീ ഡയറക്ടര്‍ വിജയശ്രീ എം.എസ്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി എന്നിവര്‍ ആശംസിക്കും. ജൂറി അംഗങ്ങളായ കെ.എ ബീന, റോസ്മേരി, സലില്‍ മാങ്കുഴി, രാധാകൃഷ്ണന്‍ എസ് എന്നിവര്‍ പങ്കെടുക്കും.

വയനാട്ടില്‍ കുടുംബശ്രീ ‘ധീരം’ പദ്ധതി ജേഴ്‌സികളും വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകളും; മന്ത്രി ശ്രീ. കെ.എം. ഷാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു Updated On 2026-09-07

വയനാട് ജില്ലയിലെ കുടുംബശ്രീ ‘ധീരം’ പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ജേഴ്‌സി, കുടുംബശ്രീ ജില്ലാ മിഷനും വയനാട് ജില്ലാ പഞ്ചായത്തും സംയുക്തമായി രൂപീകരിച്ച വനിതാ ക്രിക്കറ്റ് ടീമുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി നിര്‍വഹിച്ചു. പടിഞ്ഞാറത്തറ കുപ്പാടിത്തറ മൃഗാശുപത്രി ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഉഷ വിജയന്‍ അധ്യക്ഷയായി.

 

സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച സ്വയംപ്രതിരോധ പരിശീലന പദ്ധതിയാണ് ധീരം. ജില്ലയില്‍ 30 അംഗ ധീരം ടീമാണുള്ളത്. ഇവര്‍ മുഖേന വിവിധഘട്ടങ്ങളിലായി 1000ത്തോളം പേർ പ്രയോജനം നേടുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വനിതാ ഘടക പദ്ധതിയിലുള്‍പ്പെടുത്തിയാണ് കുടുംബശ്രീ മുഖേന ആറ് വനിതാ ക്രിക്കറ്റ് ടീമുകള്‍ രൂപീകരിച്ചത്. ഈ ടീം അംഗങ്ങളായ 70 താരങ്ങള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റാണ് മന്ത്രി വിതരണം ചെയ്തത്.

 

കായിക രംഗത്തും സ്വയംപ്രതിരോധ രംഗത്തും സ്ത്രീകളുടെ പങ്കാളിത്തവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ധീരം പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനം നൽകി. സ്വയരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പ്രതിരോധ പരിശീലന സംരംഭങ്ങള്‍ രൂപീകരിച്ച് ഉപജീവന മാര്‍ഗം കണ്ടെത്താനും ‘ധീര’ത്തിലൂടെ സ്ത്രീകളെ പ്രാപ്തരാക്കുന്നു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ കൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ കമല രാമന്‍, ഷീജ സതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്മ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. സെലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ പി. സുഹൈല്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം രംഗശ്രീ ജ്വാല ഗ്രൂപ്പിന്റെ കൈകൊട്ടിക്കളിയും അരങ്ങേറി.

മന്ത്രി ശ്രീ.കെ.എം. ഷാജി വയനാട്ടില്‍ ഡി.ഡി.യു-ജി.കെ.വൈ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു Updated On 2026-09-03

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു-ജി.കെ.വൈ 2.0 യുടെ വയനാട്ടിലെ പരിശീലന കേന്ദ്രമായ കല്‍പ്പറ്റ പുളിയാര്‍മല ലവ് ഗ്രീന്‍ അസോസിയേഷനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി സന്ദര്‍ശനം നടത്തി. മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്ന പദ്ധതിയാണിതെന്നും ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി വളരാന്‍ പുതുതലമുറ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

 

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ഡി.ഡി.യു.-ജി.കെ.വൈ 2.0. 18നും 35നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗ മേഖലയിലുളളവര്‍ എന്നിവര്‍ക്ക് 45 വയസു വരെയും കോഴ്‌സില്‍ ചേരാനാകും. 

 

കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ പി. വിശ്വനാഥന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. സെലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ജെന്‍സണ്‍ എം. ജോയ്, സെന്റര്‍ മാനേജര്‍ സായൂജ അര്‍ജുന്‍ , ട്രെയിനര്‍ പി.എ നിഷാം, വിദ്യാര്‍ഥിനി എം.വി ശ്രീകല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള: ആകെ 44.89 കോടി രൂപയുടെ വിറ്റുവരവുമായി കുടുംബശ്രീ Updated On 2026-09-02

ആഗസ്റ്റ് 20 മുതല്‍ 25 വരെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണം വിപണന മേളയിലൂടെ കുടുംബശ്രീ സംരംഭകര്‍ നേടിയത് 44.89 കോടിയുടെ വിറ്റുവരവ്. ഇതില്‍ ഓണസദ്യ, ഓണക്കിറ്റ്, സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങള്‍ എന്നിവ വിറ്റഴിച്ചതു വഴി ലഭിച്ച 34.82 കോടിയും, പൂക്കളും പച്ചക്കറികളും വിറ്റഴിച്ചതിലൂടെ ലഭിച്ച 10.07 കോടിയും ഉള്‍പ്പെടെയാണിത്.

 

കഴിഞ്ഞ വര്‍ഷം ഓണം വിപണന മേളകള്‍ വഴി ആകെ 40.44 കോടിയായിരുന്നു വിറ്റുവരവ്. ഇത്തവണ വിറ്റുവരവില്‍ 4.45 കോടിയുടെ വര്‍ധനവാണുണ്ടായത്. കുടുംബശ്രീ സംരംഭകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കുമാണ് ഇതിന്‍റെ നേട്ടം.

 

ഇക്കുറി ആലപ്പുഴ ജില്ലയില്‍ സംസ്ഥാനതല ഓണം വിപണന മേളയും കൂടാതെ 12 ജില്ലാതല ഓണം വിപണന മേളകളും, 1952 സി.ഡി.എസ്സ് – തല വിപണന മേളകളുമാണ് സംഘടിപ്പിച്ചത്. എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആകെ 43,613 സൂക്ഷ്മസംരംഭ യൂണിറ്റുകളും 27,509 കര്‍ഷക സംഘങ്ങളും മേളയില്‍ പങ്കെടുത്തു. 27.01  കോടിയാണ് ഇതു വഴിയുള്ള വിറ്റുവരവ്. സംസ്ഥാനതലത്തില്‍ നടത്തിയ ഓണസദ്യ വിതരണം വഴി 2.64  കോടിയുടെ വിറ്റുവരവും നേടി. 415 യൂണിറ്റുകള്‍ക്കാണ് ഈ വരുമാനം ലഭിക്കുക.  

 

929 സി.ഡി.എസുകളിലായി സംഘടിപ്പിച്ച ഓണക്കിറ്റ് വിപണനം 9169 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്ക് കൈ നിറയെ വരുമാനം നേടാനുള്ള അവസരമൊരുക്കി. ആകെ 1,09,423 ഓണക്കിറ്റുകളാണ് വിറ്റുപോയത്. 5.17 (5,17,11,660) കോടിയാണ് ഇതുവഴിയുള്ള വരുമാനം.    

 

ഓണവിപണി കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്കും ഓണ സമ്മാനമൊരുക്കി.   ‘ഓണക്കനി’, ’നിറപ്പൊലിമ’ പദ്ധതികളുടെ ഭാഗമായി പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ ഇത്തവണ 10.07 കോടിയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 7.30  കോടിയായിരുന്നു. ഇക്കുറി 2.78 കോടി അധികം ലഭിച്ചു. 

ഓണച്ചന്തയില്‍ കുടുംബശ്രീയുടെ കുതിപ്പ്; പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു നേടിയത് 10.07 കോടി Updated On 2026-09-01

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാര്‍ഷിക പദ്ധതികളുടെ ഭാഗമായി ഉല്‍പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ചു കൊണ്ട് 10.07 കോടിയുടെ വമ്പന്‍ നേട്ടമാണ് വനിതാ കര്‍ഷകര്‍ സ്വന്തമാക്കിയത്. ആഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളില്‍ നിന്നാണ് ഈ വിറ്റുവരവ്. 2.85 കോടി നേടി തൃശൂര്‍ ജില്ല വിറ്റുവരവില്‍ സംസ്ഥാനതലത്തില്‍ ഒന്നാമതായി. 1.62 കോടി രൂപയുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 85.50 ലക്ഷം രൂപയുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും എത്തി.  

 

‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള 33,000ലേറെ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച 1580.88 മെട്രിക് ടണ്‍ നാടന്‍ പച്ചക്കറികളാണ് ഓണസദ്യയൊരുക്കാന്‍ വിപണിയിലെത്തിയത്. 8.91 (8,91,11,654.50) കോടിയാണ് ഇതുവഴിയുള്ള വിറ്റുവരവ്. പൂക്കളുടെ ആഭ്യന്തര ഉല്‍പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ‘നിറപ്പൊലിമ’ പദ്ധതിയും വിപണിയില്‍ തിളങ്ങി. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 5500 കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത 113.17 മെട്രിക് ടണ്‍ പൂക്കള്‍ വിപണിയിലെത്തിച്ചതു വഴി 1.16 (1,15,79,683) കോടിയുടെ വിറ്റുവരവും ലഭിച്ചു. ഈ വരുമാനം പൂര്‍ണമായും കര്‍ഷകര്‍ക്കാണ് ലഭിക്കുക. കുടുംബശ്രീ ഓണം വിപണന മേളകള്‍ക്ക് പുറമേ പ്രാദേശികമായും കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് വരുമാനം നേടുന്നുണ്ട്.  

 

ഓണക്കാലത്ത് കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തില്‍ കുടുംബശ്രീയുടെ കരുത്തും വനിതാ കര്‍ഷകരുടെ മികവും ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ നേട്ടം. കര്‍ഷകര്‍ക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള നാടന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും പൊതുവിപണിയില്‍ വിലക്കയറ്റം തടയാനും കുടുംബശ്രീ വഴിയൊരുക്കി. വനിതാ കര്‍ഷകരുടെ അധ്വാനത്തിന് വിപണിയൊരുക്കുകയും കര്‍ഷക കുടുംബങ്ങള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നതില്‍ കുടുംബശ്രീയുടെ കാര്‍ഷിക ഇടപെടലുകള്‍ നിര്‍ണായകമായി.

മുണ്ടക്കൈ-ചൂരല്‍മല: അതിജീവനത്തിനും പുനരധിവാസത്തിനും കുടുംബശ്രീയുടെ കൈത്താങ്ങ് Updated On 2026-08-24

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനും ഉപജീവന മാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനും സമഗ്ര ഇടപെടലുകളുമായി കുടുംബശ്രീ. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ഉപജീവനം, നൈപുണ്യവികസനം എന്നീ മേഖലകളിലെ സമഗ്രവികസനം ലക്ഷ്യമിട്ട് കുടുംബശ്രീ തയ്യാറാക്കിയ മൈക്രോ പ്ളാനിന്‍റെ അടിസ്ഥാനത്തില്‍  വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി ദുരന്തബാധിതരുടെ ഉപജീവന മാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കുടുംബശ്രീ പ്ളാന്‍ ഫണ്ടില്‍ നിന്നുമായി നേരത്തെ 4.29 കോടി രൂപ അനുവദിച്ചിരുന്നു. ഫേസ് 1, ഫേസ്2 വിഭാഗങ്ങളിലെ 305 കുടുംബങ്ങള്‍ക്ക് വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടിയാണ് ഈ തുക. ഇതില്‍ 265 കുടുംബങ്ങളും സംരംഭം ആരംഭിച്ചു. ദുരന്തബാധിതരായ 437 കുടുംബശ്രീ അംഗങ്ങള്‍ക്ക് പലിശ സബ്സിഡി പദ്ധതിയിലൂടെ 6.1 കോടി രൂപയുടെ വായ്പാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നു.

 

ഫേസ് 1, ഫേസ് 2 ബി വിഭാഗങ്ങളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും രണ്ടു ലക്ഷം രൂപ വീതം തുല്യമായി അനുവദിക്കുന്നതിന്‍റെ ഭാഗമായി അധിക ധനസഹായമായി 5.11 കോടി രൂപയും അനുവദിച്ചിരുന്നു.  ഇതിന്‍റെ വിതരണോദ്ഘാടനം 21-ന് വയനാട്ടില്‍ കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിര്‍വഹിച്ചു.

 

ഗുണഭോക്താക്കള്‍ക്കായി നിരവധി വായ്പാപദ്ധതികളും കുടുംബശ്രീ മുഖേന നടപ്പാക്കി. 2024-25-ല്‍ 95 പേര്‍ക്ക് 98 ലക്ഷം രൂപയും സി.എം.ഇ പുനരുജ്ജീവന പദ്ധതിയില്‍ ആറ് പേര്‍ക്ക് ആറ് ലക്ഷം രൂപയും അനുവദിച്ചു. പ്രവാസി ഭദ്രത പദ്ധതി വഴി 21 പേര്‍ക്ക് 28 ലക്ഷം രൂപയും പലിശരഹിത വായ്പയായി നല്‍കി.

 

852 കുടുംബങ്ങള്‍ക്ക് പ്രതിമാസം 1000 രൂപയുടെ ഭക്ഷണക്കൂപ്പണ്‍, ഗുണഭോക്തൃ കുടുംബങ്ങളുടെ ആരോഗ്യപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി 258 കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡും വിതരണം ചെയ്തു. ദുരന്തബാധിത കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി 235 കുട്ടികള്‍ക്ക് ലാപ്ടോപ്പ്, 26 കുട്ടികളുടെ ട്യൂഷന്‍ ഫീസ്, 142 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എന്നിവ ലഭ്യമാക്കി. കൂടാതെ 21 പേര്‍ക്ക് നൈപുണ്യപരിശീലനം നല്‍കി തൊഴിലും ലഭ്യമാക്കി.

 

മൈക്രോ പ്ളാനിനു പുറമേ കുടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ നടത്തിയിരുന്നു. 30,000 രൂപ വീതം 42 കുടുംബങ്ങള്‍ക്ക് റിവോള്‍വിങ്ങ് ഫണ്ട് ലഭ്യമാക്കിയതാണ് അതിലൊന്ന്. അട്ടമല, മുണ്ടക്കൈ, ചൂരല്‍മല വാര്‍ഡിന് 1.5 ലക്ഷം രൂപ വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ടും ലഭ്യമാക്കി. 61 അയല്‍ക്കൂട്ടങ്ങള്‍ ശക്തിപ്പെടുത്തിയതിനൊപ്പം 21 പേര്‍ക്ക് മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി പലിശരഹിത വായ്പാ ഇനത്തില്‍ 5.8 ലക്ഷം രൂപയും കുടുംബശ്രീ നല്‍കി.