to
സർക്കാരിന്റെ ലക്ഷ്യം ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതി: മന്ത്രി ഒ.ആർ. കേളു Updated On 2026-03-02

ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തു വർഷമായി സാമ്പത്തിക സാമൂഹിക കായിക മേഖലകളിൽ ശ്രദ്ധേയമായ നിരവധി പദ്ധതികൾ നടപ്പാക്കി വരികയാണെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ.ആർ. കേളു പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വയനാട് മരവയൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം, ‘ജനഗൽസ’ പുസ്തക പ്രകാശനം, മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ സംരംഭകരുടെ പുതിയ  ഉൽപന്നം ബ്രാൻഡു ചെയ്ത കോഴിമുട്ട-കെഗിന്റെ ലോഞ്ചിങ്ങ്  എന്നിവ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

തദ്ദേശീയ മേഖലയിലെ വനിതകളുടെ സാമൂഹ്യ മുന്നേറ്റം സാധ്യമാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ടുമാണ് കുടുംബശ്രീ പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിച്ചിട്ടുളളതെന്നും അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ഇവരുടെ സമഗ്ര പുരോഗതിക്കായി എസ്.സി - എസ്.ടി വകുപ്പ്, യുവജനക്ഷേമബോർഡ്, കുടുംബശ്രീ എന്നിവയിലൂടെയെല്ലാം വിവിധ പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികളുടെ ഗുണഫലങ്ങൾ ജീവിതാഭിവൃദ്ധിക്കായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് സോക്കർ ലീഗ് വനിതാ വിഭാഗം ലൂസേഴ്സ് ഫൈനലിൽ മത്സരിക്കുന്ന അട്ടപ്പാടി, വയനാട് ടീമുകളെ മന്ത്രി പരിചയപ്പെട്ടു.

 

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി. സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ പി.എസ്. അധ്യക്ഷത വഹിച്ചു. പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, മുൻ പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത്, കാസർകോട് ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് കുമാർ, മലപ്പുറം ജില്ലാ മിഷൻ കോർഡിനേറ്റർ സുരേഷ്‌ കുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീക്ക്, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ സലീന കെ.എം, അമീൻ കെ.കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ എം, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഡാനിയേൽ എം. ലിബിനി, പ്രീത ജി.നായർ എന്നിവർ പങ്കെടുത്തു.

‘ജനഗൽസ’ - ഗോത്രകലാരൂപങ്ങളുടെ അവതരണം സമാപന സമ്മേളനം സംഘടിപ്പിച്ചു Updated On 2026-03-01

കൽപ്പറ്റ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ സംഘടിപ്പിച്ച  ഗോത്രകലാരൂപങ്ങളുടെ അവതരണം - ‘ജനഗൽസ’യോടനുബന്ധിച്ച സമാപന സമ്മേളനം നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ പി.എസ് അധ്യക്ഷത വഹിച്ചു.

 

ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ജനഗൽസ എന്ന പദ്ധതി കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പി.വിശ്വനാഥൻ പറഞ്ഞു.

 

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി. സ്വാഗതം പറഞ്ഞു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ റജീന വി.കെ, സലീന കെ.എം, അമീൻ കെ.കെ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ഡാനിയേൽ എം. ലിബിനി, സി.ഡി.എസ് അധ്യക്ഷമാരായ ഉഷ, സഫിയ അസീസ് എന്നിവർ ആശംസിച്ചു. സ്റ്റേറ്റ് അസിസ്റ്റന്റ്  പ്രോഗ്രാം മാനേജർ പ്രീത ജി.നായർ നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിന് മുന്നോടിയായി ‘ജനഗൽസ’, ട്രൈബൽ സോക്കർ ലീഗ് എന്നിവയുടെ തീം സോങ്ങ് വേദിയിൽ പ്രദർശിപ്പിച്ചു.

ഗോത്രസംസ്കൃതിയുടെ താളവുമായി ‘ജനഗൽസ’യുടെ വേദി Updated On 2026-03-01

ഗോത്രസംസ്കൃതിയുടെ ചടുലമായ നൃത്തച്ചുവടുകളും താളവൈവിധ്യങ്ങളും നിറഞ്ഞ ‘ജനഗൽസ’. കലാരൂപങ്ങളുടെ അവതരണം വേറിട്ട അനുഭവമായി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ സംഘടിപ്പിച്ച തദ്ദേശീയ ജനവിഭാഗത്തിന്റെ തനതു കലാരൂപങ്ങളുടെ അവതരണമാണ് കാണികൾക്ക് പുത്തൻ ആസ്വാദനതലങ്ങൾ നൽകിയത്. ഗോത്രകലാരൂപങ്ങളെ സംരംഭമാതൃകയിൽ രൂപീകരിച്ചു കൊണ്ട് ഈ മേഖലയിലെ കലാപ്രവർത്തകർക്ക് സുസ്ഥിര തൊഴിലും വരുമാനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.

 

പത്തനംതിട്ടയിൽ നിന്നുള്ള ‘തുടി’ ഗോത്രകലാസമിതി അവതരിപ്പിച്ച കമ്പ് കളിയോടെയായിരുന്നു വിവിധ കലാരൂപങ്ങളുടെ അവതരണത്തിന് തുടക്കം. നർത്തകരും പാട്ടുകാരും വാദ്യക്കാരും ഉൾപ്പെടെ 21 പേർ അണിനിരന്ന കമ്പ് കളിയിൽ മുതിർന്നവർക്കൊപ്പം താളത്തിൽ ചുവട് വച്ച അഞ്ചു വയസുകാരി ദക്ഷിണയും നാല് വയസുകാരി ആര്യയും കാണികളുടെ കൈയ്യടി നേടി. തുടർന്ന് കൂനാട്ട (വയനാട്), ചോനാൻ കളി, മയിലാട്ടക്കളി (തിരുവനന്തപുരം), തുമ്പിതുള്ളൽ, വേട്ടപ്പാട്ട് (ആലപ്പുഴ), ഗദ്ദിക (വയനാട്), മംഗലംകളി എന്നിവയും വേദിയിൽ അവതരിപ്പിച്ചു. കാടകങ്ങളിലെ മനുഷ്യരുടെ കലയും സംസ്കാരവും ജീവിതവുമായി ബന്ധപ്പെട്ട പാട്ടുകളുടെയും താളവാദ്യങ്ങളുടെയും അകമ്പടിയോടെ അവതരിപ്പിച്ച കലാരൂപങ്ങൾ പുതുമയുള്ള ദൃശ്യാനുഭവം നൽകുന്നതിലും മികച്ചു നിന്നു.

 

കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷൻ എസ്.ഐ.എസ്.ഡി വിഭാഗം ഉദ്യോഗസ്ഥർ പരിപാടിക്ക് നേതൃത്വം നൽകി.

കുടുംബശ്രീയെ നയിക്കാന്‍ പുതുഭാരവാഹികള്‍; പരിശീലക പരിശീലനം സംഘടിപ്പിച്ചു Updated On 2026-02-28

കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റികളില്‍ (സി.ഡി.എസ്) ചുമതലയേറ്റ പുതിയ ഭാരവാഹികള്‍ക്കുള്ള വിപുലമായ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത്/നഗരസഭാ തലത്തിലുള്ള ഈ സി.ഡി.എസുകളിലെ ഭരണസമിതി അംഗങ്ങളുടെ കാര്യശേഷി വികസനം ലക്ഷ്യമിട്ട് ‘റിഥം 2026’ എന്ന പേരിലുള്ള പരിശീലന പരിപാടിയാണ് കുടുംബശ്രീ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പരിശീലനത്തിന് നേതൃത്വം നല്‍കുന്ന പരിശീലകര്‍ക്കുള്ള ത്രിദിന പരിശീലനം (ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ്- ടി.ഒ.ടി) മാവേലിക്കരയില്‍ 25 മുതല്‍ 27 വരെ സംഘടിപ്പിച്ചു.

 

തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുമായുള്ള ഏകോപനം, പദ്ധതി ആസൂത്രണം, സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങീ ഒരു മാതൃകാ സി.ഡി.എസ് എന്ന നിലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് പ്രചോദനവും അവബോധവും സൃഷ്ടിക്കുകയാണ് ‘റിഥം 2026’ വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. സി.ഡി.എസ് ഭരണസമിതിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും പരിചയപ്പെടുത്തുന്നതിനും നേതൃപാടവവും ആശയവിനിമയശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സെഷനുകള്‍ക്ക് പുറമേ ഭരണനിര്‍വ്വഹണം, ഫിനാന്‍സ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിലും ക്ലാസ്സുകള്‍ നല്‍കും.

 

സംസ്ഥാനതലത്തില്‍ പരിശീലനം ലഭിക്കുന്നവര്‍ പിന്നീട് ജില്ലാതലത്തില്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കും. ഈ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാര്‍ സി.ഡി.എസ് ഭാരവാഹികള്‍ക്കും പരിശീലനം നല്‍കും.

 

മാവേലിക്കരയിലെ ത്രിദിന പരിശീലക പരിശീലന പരിപാടിക്ക് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍ കെ.യു, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി എന്നിവര്‍ നേതൃത്വം നല്‍കി. 125 സംസ്ഥാനതല പരിശീലകര്‍ ഈ പരിപാടിയുടെ ഭാഗമായി.

കുടുംബശ്രീ ഉൽപ്പന്നങ്ങൾ സംസ്ഥാന തലത്തിൽ റീട്ടെയിൽ വിപണിയിലേക്ക് Updated On 2026-02-28

കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും  സംരംഭകർക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിനും കുടുംബശ്രീ റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

 

കുടുംബശ്രീ വനിതാ സംരംഭകർ തയ്യാറാക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സംസ്ഥാനതലത്തിൽ വിപുലമായ റീട്ടെയിൽ ശൃംഖലയിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച ഗുണമേന്മയുള്ള  ബ്രാൻഡഡ്  ഉൽപന്നങ്ങൾക്കൊപ്പം  കുടുംബശ്രീയുടെ കൈ പിടിച്ച ഓൾ കേരള  ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ്റെ വിപ്ലവകരമായ ചുവടുവെപ്പിനെ മന്ത്രി അഭിനന്ദിച്ചു.

 

മന്ത്രിയുടെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ബിനു മഞ്ഞളി എന്നിവർ  പദ്ധതിയുടെ ഭാഗമായ ധാരണ പത്രം ഒപ്പുവച്ചു. ഗുണമേന്മ, വിശ്വാസ്യത, മത്സരക്ഷമത എന്നിവ ഉറപ്പുനൽകുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇനി മുതൽ റീട്ടെയിൽ, ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ പ്രമുഖ ബ്രാൻഡുകളോടൊപ്പം സമാന നിലവാരത്തിൽ വിപണനം ചെയ്യപ്പെടും. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സഹകരണത്തോടെ സംസ്ഥാനത്തുടനീളം ശക്തമായ വിതരണ ശൃംഖല സൃഷ്ടിച്ച് കുടുംബശ്രീ ഉൽപ്പന്നങ്ങളെ വിപുലമായ റീട്ടെയിൽ നെറ്റ് വർക്കിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഉൽപ്പന്നങ്ങളുടെ വിപണന നിലവാരം മെച്ചപ്പെടുത്തുകയും, ഏകീകൃത ബ്രാൻഡിംഗ് സംവിധാനം നടപ്പാക്കുകയും, സ്ഥിരതയാർന്ന പിവിപണി സാധ്യതകൾ വനിതാ സംരംഭകർക്ക് ഉറപ്പാക്കുകയും ചെയ്യും. ഇതിലൂടെ സംരംഭകർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനോടൊപ്പം പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ബ്രാൻഡ് മൂല്യം കൈവരിക്കാനും സാധിക്കും.

 

കുടുംബശ്രീ  പ്രോഗ്രാം ഓഫീസർ നവീൻ സി. സ്വാഗതം പറഞ്ഞു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ബിനു മഞ്ഞളി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ പദ്ധതി വിശദീകരണം നടത്തി.

 

കോട്ടപ്പുറം ഡിവിഷൻ കൗൺസിലർ വിനോദ് കൃഷ്ണ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ എം കെ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹരിചന്ദ്ര ബാബു, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രവീൺ പി, തൃശൂർ ജില്ല ഡിസ്ട്രിബ്യൂട്ടേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്  മുഹമ്മദ് ഹനീഫ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ അനന്തപുരി കണ്ണൻ, എന്നിവർ  സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത് കെ. ദീപക് നന്ദി പറഞ്ഞു.

ഗോത്ര മേഖലയിലെ കുടുംബശ്രീയുടെ ഇടപെടൽ മാതൃകാപരം: മന്ത്രി അബ്‌ദു റഹിമാൻ Updated On 2026-02-28

ഗോത്രമേഖലയിലെ യുവജനങ്ങളുടെ കായിക മുന്നേറ്റത്തിനായി കുടുംബശ്രീ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് പോലുള്ള ഉദ്യമങ്ങൾ കായികതാരങ്ങളുടെ സമഗ്ര വികാസത്തിന് സഹായകമാകുമെന്നും കായിക-ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി അബ്ദു റഹിമാൻ പറഞ്ഞു. കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രൈബൽ സംസ്ഥാനതല സോക്കർ ലീഗ്-ഫുട്ബോൾ ടൂർണമെന്റിന്റ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

വികസന രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിൽ കുടുംബശ്രീയ്ക്ക് നിർണായക പങ്കുണ്ട്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുന്നതിലും കുടുംബശ്രീ വലിയ പങ്കു വഹിച്ചു. കുടുംബശ്രീയിൽ അംഗങ്ങളായ 7210 വനിതകളാണ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് ത്രിതല പഞ്ചായത്തുകളിൽ അധികാരത്തിലെത്തിയത്. ഇത് പൊതുസമൂഹത്തിനിടയിൽ കുടുംബശ്രീക്കുളള ശക്തമായ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളും 48 ലക്ഷത്തിലേറെ വനിതകൾ അംഗങ്ങളുമുള്ള കുടുംബശ്രീ കാർഷിക സൂക്ഷ്മസംരംഭങ്ങൾ ഉൾപ്പെടെ ഉപജീവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിൻ വഴി മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നൽകാനും കുടുംബശ്രീക്ക് സാധിച്ചു. ഇത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയില്ല. കൊച്ചിമെട്രോയുടെ വിവിധ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നത് കുടുംബശ്രീ വനിതകളാണ്. കൂടാതെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിലും കുടുംബശ്രീയുടെ മാതൃകാപരമായ പ്രയത്നമുണ്ട്. കുടുംബശ്രീ മുഖേന ഉപജീവന സാമൂഹിക മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികൾ സാധാരണ ജനവിഭാഗത്തിന് ഏറെ ആശ്വാസകരമാണ്. ഇതോടൊപ്പം ഗോത്ര സമൂഹത്തിലെ യുവജനങ്ങളുടെ കായികവും മാനസികവുമായ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളും ഏറെ ശ്രദ്ധനേടുന്നവയാണ്. സോക്കർലീഗ് പോലുള്ള കായിക മേളകളുടെ നടത്തിപ്പിലൂടെ ഈ വിഭാഗത്തിൽ നിന്നും മികച്ച കളിക്കാരെ കണ്ടെത്താനും കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ നേടിക്കൊടുക്കുന്നതിനും സഹായകമാകും. ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കായിക രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ ട്രൈബൽ വിദ്യാലയങ്ങളിൽ പ്രത്യേക കായിക സിലബസ് നടപ്പാക്കും. ഉയർന്ന ക്ളാസുകളിൽ സ്പോർട്സ്‌ എൻജിനീയറിങ്ങ്, ഫിസിയോതെറാപ്പി തുടങ്ങി ഏഴോളം വ്യത്യസ്തമായ കോഴ്സുകൾ സിലബസിൽ ഉൾപ്പെടുത്തും. കാലിക്കറ്റ് സർവകലാശാലയുമായി ചേർന്നു കൊണ്ടാകും ഇത് നടപ്പാക്കുക. 2030-ലെ കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെയുള്ള പ്രമുഖ കായികമത്സര വേദികളിൽ കേരളത്തിൽ നിന്നുള്ള ടീമിൽ ഗോത്രവിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

 

ലഹരി അടക്കമുളള സാമൂഹ്യവിപത്തുകളെ പ്രതിരോധിക്കാൻ പ്രാപ്തമാകുന്ന വിധം കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തമാണ് കുടുംബശ്രീ നിറവേറ്റുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. ഗോത്ര മേഖലയിലെ യുവജനങ്ങളുടെ കായിക ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സോക്കർ ലീഗ് – ഫുട്ബോൾ ടൂർണമെന്റ് വയനാടിന് ഏറെ ആത്മവിശ്വാസം പകരുമെന്നും പറഞ്ഞു.

 

മന്ത്രി വി.അബ്ദു റഹിമാൻ, അഡ്വ. ടി.സിദ്ദിഖ്, കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ എന്നിവർ സംയുക്തമായി എല്ലാ ജില്ലകളുടെയും ജേഴ്സി പ്രകാശനവും നിർവഹിച്ചു.

 

ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി. സ്വാഗതം പറഞ്ഞു. കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ കെ.കെ, വാർഡ് കൗൺസിലർമാരായ ബിന്ദു പി.പി, ഗിരീഷ് കുമാർ, ഹരിത, റീന, രവി, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ജി.പ്രമോദ്, കൽപ്പറ്റ സി.ഡി.എസ് അധ്യക്ഷ സഫിയ അസീസ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി.നായർ എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡാനിയൽ എം. ലിബിനി നന്ദി പറഞ്ഞു.

 

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഗോത്രകലാപ്രവർത്തകരുടെ നേതൃത്വത്തിൽ മംഗലംകളി, മംഗലംപന്തലിൽകളി(കണ്ണൂർ), ഗദ്ദിക(വയനാട്), പരമ്പരാഗത നൃത്തം(കോഴിക്കോട്) എന്നിവ അവതരിപ്പിച്ചു. 

കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് - ആദ്യദിനം ആവേശം നിറച്ച് മത്സരങ്ങൾ Updated On 2026-02-28

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ട്രൈബൽ സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ മലപ്പുറവും കോട്ടയവും തമ്മിൽ നടന്ന ആദ്യമത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറം ജേതാക്കളായി. കളിയുടെ നാൽപ്പതാം മിനിട്ടിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി പത്താം നമ്പർ ജഴ്സിയണിഞ്ഞ രോഹിതാണ് ഗോൾ നേടിയത്.

 

ഉദ്ഘാടന സമ്മേളനത്തിനു ശേഷം രണ്ടു മണിക്കാണ് മത്സരം ആരംഭിച്ചത്. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ക്യാപ്റ്റൻ സജിമോൻ സിയുടെ നേതൃത്വത്തിൽ ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിച്ച മലപ്പുറത്തിന്റെ മുന്നേറ്റത്തിനാണ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ഇടയ്ക്ക് കോട്ടയത്തിന്റെ മുന്നേറ്റ നിര മലപ്പുറത്തിന്റെ ഗോൾ മുഖത്തും ആക്രമിച്ചു കളിച്ചു. മത്സരം കൈപ്പിടിയിലാക്കാൻ കോട്ടയം ശ്രമിച്ചെങ്കിലും മലപ്പുറം ഉയർത്തിയ പ്രതിരോധം മറികടക്കാൻ അവർക്ക് കഴിയാതെ പോയത് ഗോൾ നേട്ടമെന്ന സ്വപ്നം അകറ്റി നിർത്തി. കോട്ടയത്തിന്റെ ഗോൾമുഖത്തേക്ക് പല തവണ മലപ്പുറം ഇരച്ചുകയറിയെങ്കിലും അവിശ്വസനീയമായ ചെറുത്തു നിൽപ്പിലൂടെ അവർ തടഞ്ഞതും കാണികളുടെ കൈയ്യടി നേടി. ആനന്ദ് പി.എസ് ആയിരുന്നു കോട്ടയത്തിന്റെ ക്യാപ്റ്റൻ.

 

തുടർന്ന് ആലപ്പുഴയും അട്ടപ്പാടിയും തമ്മിൽ നടന്ന മത്സരത്തിൽ അട്ടപ്പാടി ജേതാക്കളായി. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് അട്ടപ്പാടി ടീം വിജയം കൈവരിച്ചത്. അട്ടപ്പാടിക്കു വേണ്ടി അജിത്ത് മൂന്നു ഗോളും രാജു ഒരു ഗോളും നേടി.

 

കണ്ണൂരും പത്തനംതിട്ടയും തമ്മിൽ നടന്ന മത്സരത്തിൽ കണ്ണൂർ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് വിജയിച്ചു. കണ്ണൂരിന് വേണ്ടി മിഥുൻ രവി രണ്ട് ഗോളും സുജിത്ത്, നന്ദു മുകുന്ദൻ, മിഥുൻരാജ്, രതീഷ് എസ് എന്നിവർ ഓരോ ഗോളും നേടി.

 

റഫറിമാരായ സനിൽ പി.ജി, സൽമാനുവൽ ഫാരിസ് കെ, മുഹമ്മദ് റിയാൻ എം, ഫോർത്ത് ഒഫീഷ്യൽ ജെറീഷ് കെ എന്നിവരാണ് മത്സരം നിയന്ത്രിച്ചത്.

കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ ‘സോക്കർ ലീഗ്’ – യുവതയുടെ ആവേശവുമായി ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കം Updated On 2026-02-26

കുടുംബശ്രീ ടൈബൽ യൂത്ത് ക്ളബ്ബുകളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ട്രൈബൽ ‘സോക്കർ ലീഗ്’ ഫുട്ബോൾ ടൂർണമെന്റിന് നാളെ (27-02-2026) തുടക്കം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മരവയൽ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് കായിക-ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി അബ്ദു റഹിമാൻ നിർവഹിക്കും. അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മുഖ്യാതിഥിയാകും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും. കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ജേഴ്സിയുടെ  പ്രകാശനം നിർവഹിക്കും.

 

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല ടൂർണമെന്റിൽ എല്ലാ ജില്ലകളിൽ നിന്നുമായി 14 പുരുഷ ടീമുകളും നാല് വനിതാ ടീമുകളും പങ്കെടുക്കും. കൽപ്പറ്റ ജില്ലാ സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നു മുതൽ രാത്രി പത്തു വരെയാണ് മത്സരങ്ങൾ. 27-ന് നടക്കുന്ന ആദ്യമത്സരത്തിൽ മലപ്പുറവും കോട്ടയവും ഏറ്റുമുട്ടും.

 

കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ കെ.കെ, കൽപ്പറ്റ നഗരസഭാധ്യക്ഷ സൗമ്യ.എസ്, വാർഡ് കൗൺസിലർ ബിന്ദു പി.പി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം കെ.കെ. ലതിക, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ പി.എസ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ജി.പ്രമോദ്, കൽപ്പറ്റ സി.ഡി.എസ് അധ്യക്ഷ  സഫിയ അസീസ് എന്നിവർ ആശംസിക്കും. ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം. പ്രഭാകരൻ നന്ദിയും പറയും. 

 

മാർച്ച് ഒന്നിന് മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ജനഗൽസ – ‘കേരളത്തിലെ ഗോത്രകലകൾ’ – പുസ്തക പ്രകാശനവും പട്ടികജാതി-പട്ടികവർഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിക്കും.  അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി.വിശ്വനാഥൻ പണിയ മൈക്രോ പ്ളാൻ പ്രോജക്ടിന്റെ പ്രകാശനവും ജില്ലാ പോലീസ് മേധാവി അരുൺ പി. പവിത്രൻ വിജയികൾക്കുളള സമ്മാനദാനവും നിർവഹിക്കും. 

 

ടൂർണമെന്റിന്റെ ഭാഗമായി മന്ത്രി ഓ.ആർ കേളു അധ്യക്ഷനും ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ് ഉപാധ്യക്ഷനും എം.എൽ.എമാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുൺ പവിത്രൻ, കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ ഭാഗമായി രജിസ്ട്രേഷൻ, സ്വീകരണം, പ്രോഗ്രാം, പബ്ളിസിറ്റി, ഫിനാൻസ്, മെഡിക്കൽ, ടെക്നിക്കൽ, ഗതാഗതം, താമസം, ഭക്ഷണം തുടങ്ങി പത്തോളം സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

കുടുംബശ്രീ റേഡിയോശ്രീ മെഗാ ക്വിസ് മത്സരം: പഞ്ചമി അനുരാജിന് ഒന്നാം സമ്മാനം Updated On 2026-02-26

കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോ, റേഡിയോശ്രീയുടെ പ്രചരണാർത്ഥം മലയാളം മിഷൻ റേഡിയോ മലയാളം സംഘടിപ്പിച്ച മലയാളശ്രീ ക്വിസ് മത്സരത്തിൽ തിരുവനന്തപുരം വെട്ടുകാട് വാത്സല്യം കുടുംബശ്രീ അംഗമായ പഞ്ചമിക്ക് ഒന്നാം സ്ഥാനം. ആലുവ കപ്രശേരിയിലെ മഴവില്ല് കുടുംബശ്രീ അംഗമായ തംബുരു എസിന് രണ്ടാം സ്ഥാനവും മലപ്പുറം ജില്ലയിലെ ദിശ കുടുംബശ്രീ അംഗമായ അഞ്ജു പിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക്  യഥാക്രമം 15,000, 10,000, 5,000 രൂപ വീതം ക്യാഷ് പ്രൈസും ഫലകവും ലഭിച്ചു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ വിജയികൾക്ക് ക്യാഷ് പ്രൈസും ഫലകവും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ഫൈനൽ റൗണ്ടിലെത്തിയ മുപ്പത് പേരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ്, റേഡിയോ മലയാളം പ്രോജക്ട് മേധാവി ജേക്കബ് എബ്രഹാം എന്നിവർ സംസാരിച്ചു.

മലയാളം മിഷന്റെ മലയാൺമ 26 വേദിയിൽ നടന്ന മെഗാ ഫൈനൽ ക്വിസ് ഡോ.എം.എ സിദ്ദിഖ് നയിച്ചു. റേഡിയോശ്രീയിൽ ഒരു മാസം നീണ്ടു നിന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.

കുടുംബശ്രീ വനിതാദിനാഘോഷം, ഇൻ്റർ നാഷണൽ സെമിനാർ - ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു Updated On 2026-02-26

മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വിമണ്‍ എംപവര്‍മെന്റ് കോണ്‍ഗ്രസ്-2026, അന്താരാഷ്ട്ര സെമിനാറിന് മുന്നോടിയായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ജെന്‍ഡറും വികസനവും എന്ന വിഷയത്തില്‍ മാര്‍ച്ച് 8,9 തീയതികളിലായി കുട്ടിക്കാനം മരിയന്‍ കോളേജിലാണ് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നത്. അക്കാഡമിക് വിദഗ്ധർക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങൾക്കും അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം സെമിനാറില്‍ പങ്കെടുക്കാനാകും.

കുടുംബശ്രീയിലെ വിവിധ പ്രോഗ്രാം ടീമുകളില്‍ നിന്നുള്ളവര്‍ക്ക് ഈ അന്താരാഷ്ട്ര സെമിനാറിന്റെ ഭാഗമാകുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായാണ് ഇന്ന് തിരുവനന്തപുരം മണ്‍വിളയിലുള്ള അഗ്രികള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശില്‍പ്പശാല സംഘടിപ്പിച്ചത്.

ഗവേഷണ രീതി, വിഷയങ്ങള്‍ എന്നിങ്ങനെ ഗവേഷണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെക്കുറിച്ച് പ്രൊഫ. രാധാരമണന്‍ (ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്, മാര്‍ത്തോമാ കോളേജ്, ആയൂര്‍, കൊല്ലം), റിട്ട. പ്രൊഫ. ഡോ. തെരേസ സൂസന്‍. എ (ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡീന്‍ ഓഫ് എഡ്യുക്കേഷന്‍ – കേരള യൂണിവേഴ്‌സിറ്റി), ഡിന്റ സുരേഷ് (ഗവേഷണ വിദ്യാര്‍ത്ഥിനി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഡോ. ബി. ശ്രീജിത്ത് (സീനിയര്‍ ലക്ചററര്‍, ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്, തിരുവനന്തപുരം) എന്നിവര്‍ ക്ലാസ്സുകള്‍ നല്‍കി. പ്രദീപ് കുമാര്‍ പി.എസ് (പ്രോഗ്രാം ഓഫീസര്‍, കുടുംബശ്രീ), ജസ്റ്റിന്‍ മാത്യു (സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, കുടുംബശ്രീ), കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ശാരിക. എസ്, തസ്‌നീം. എ, കൃഷ്ണകുമാരി. ആര്‍ എന്നിവർ നേതൃത്വം നല്‍കി.

സെമിനാറിൽ പങ്കെടുക്കാം

വിഷയം – ‘ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പോളിസി, പ്രാക്ടീസ് ആന്‍ഡ് കമ്മ്യൂണിറ്റി ട്രാന്‍സ്‌ഫോര്‍മേഷന്‍’

കൂടുതല്‍ വിവരങ്ങള്‍ക്ക്..

 – www.kudumbashree.org/wec2026

– 9496913270, 7561852739