to
ബ്രാന്‍ഡഡ് കുടിവെള്ളവുമായി കാസര്‍ഗോഡ് കുടുംബശ്രീ Updated On 2026-01-29

ഗുണമേന്മയുള്ള കുടിവെള്ളം മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ ‘എക്കോ ഫ്രണ്ട്‌ലി അക്വ’ എന്ന കുടിവെള്ള ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുകയാണ് കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാമിഷന്‍. ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സി.ഡി.എസിലെ 8 കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ സംരംഭകരാണ് പ്ലാന്റിന്റെ ചുക്കാന്‍ പിടിക്കുന്നത്.

 

കോലാംകുന്നില്‍ സ്ഥാപിച്ച ‘എക്കോ ഫ്രണ്ട്ലി അക്വ’ മിനറല്‍ വാട്ടര്‍ പ്ലാന്റില്‍ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. സ്വന്തമായി വാങ്ങിയ 15 സെന്റ് സ്ഥലത്താണ് അത്യാധുനിക മെഷീനറികളുള്‍ക്കൊള്ളുന്ന പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 

 

വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനായി രണ്ട് വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഉപയോഗശൂന്യമായി കിടന്നിരുന്ന പഴയ ക്വാറിയിലെ ജലം ശാസ്ത്രീയമായി ശുദ്ധീകരിച്ചാണ് വിതരണത്തിന് എത്തിക്കുന്നത്. ക്വാറിയുടെ ഒരു വശം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തി സംരക്ഷിച്ചാണ് ജലസംഭരണിയാക്കിയത്. 78 ലക്ഷം ലിറ്ററും 68,000 ലിറ്ററും ജലം ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ജലസംഭരണികള്‍ക്കുള്ളത്. 8 സംരംഭകര്‍ ഉള്‍പ്പെടെ 15 പേരാണ് പ്ലാന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

 

ജനുവരി 27ന് നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ മിനി ശശികുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ജിതിന്‍ കെ.ടി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍ സ്വാഗതവും ഭവിഷ ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

കുടുംബശ്രീ റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുന്നു: മന്ത്രി എം.ബി. രാജേഷ് Updated On 2026-01-29

കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംരംഭകർക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികച്ച ഗുണനിലവാരത്തിലും ആകർഷകമായ പായ്ക്കിങ്ങിലും തയ്യാറാക്കുന്ന കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്കു ബദലാകാൻ കഴിയുമെന്നും ഇതിലൂടെ കുടുംബശ്രീ പുതിയ തലങ്ങളിലേക്കെത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കിക്കൊണ്ട് സുസ്ഥിര വരുമാന ലഭ്യതയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

 

വിപണന രംഗത്തേക്ക് വാണിജ്യാടിസ്ഥാനത്തിൽ മാറുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ റീട്ടെയിൽ മേഖലയിലേക്ക് കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. കുടുംബശ്രീ ഏകീകൃത ബ്രാൻഡിൽ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകൾ, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാർ മസാല, ചിക്കൻ മസാല, വെജ് മസാല, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിപ്സ്, ശർക്കര വരട്ടി തുടങ്ങിയ ഉൽപന്നങ്ങളോടൊപ്പം ഓരോ ജില്ലയിലെയും മികച്ച സംരംഭകർ ഉൽപാദിപ്പിക്കുന്ന മികച്ച ഉൽപന്നങ്ങളുമാണ് ആദ്യഘട്ടത്തിൽ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ വഴി വിപണനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്.  ഇതുകൂടാതെ ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കിയ 'കെ-ഇനം' ബ്രാൻഡഡ് മൂല്യവർധിത ഉൽപന്നങ്ങളും ഡിസ്ട്രിബ്യൂട്ടർമാർ വഴി വിപണിയിലെത്തിക്കും. ഡയബറ്റിക് മിക്സ്, പാനീയങ്ങൾ, കോഫി ക്യൂബ്സ്, വിർജിൻ കോക്കനട്ട് ഓയിൽ, ന്യൂട്രീബാർ, ടൂട്ടിഫ്രൂട്ടി, ബേബി പൗഡർ, കപ്പ കൊണ്ടുള്ള മിക്സചർ, മുറുക്ക്, പക്കാവട, കുക്കീസ്, ഏത്തപ്പഴം കൊണ്ടുള്ള ഹെൽത്ത് മിക്സ്, ഫ്രൂട്ട് ബാർ, പാസ്ത, ഹൈഡ്രേറ്റഡ് ബനാന, മുരിങ്ങയില പൗഡർ, മുരിങ്ങക്കായ പൗഡർ, കുക്കീസ്, മാംഗോ ഫ്രൂട്ട് ബാർ, മില്ലറ്റ് കൊണ്ടുള്ള വിവിധ പലഹാരങ്ങൾ എന്നിവയാണ് 'കെ-ഇനം' ബ്രാൻഡിൽ എത്തുന്ന ഉൽപന്നങ്ങൾ.

 

ഉൽപന്നങ്ങൾ വിതരണത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി കരാർ ആയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ നൂറിലേറെ ഉൽപന്നങ്ങൾ വിതരണത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള സംരംഭകർക്ക് പുറമേ, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് തൊഴിൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾ തുടങ്ങാനും അവസരമൊരുക്കും.

ഇറ്റ്‌ഫോകിന് എത്തുന്നവർക്ക് രുചി ലോകം തുറന്ന് കുടുംബശ്രീ Updated On 2026-01-27

പതിനാറാം അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള - ഇറ്റ്‌ഫോക്) ഭാഗമായി കേരള സംഗീത നാടക അക്കാഡമി കോമ്പൗണ്ടില്‍ കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കമായി. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വഹിച്ചു.

എട്ട് കഫേ യൂണിറ്റുകള്‍ ഒരുക്കുന്ന തേങ്ങാ ചോറ്, കാസർഗോഡ് ചറുമുറു, അട്ടപ്പാടി വനസുന്ദരി, ജ്യൂസുകൾ, സ്നാക്സ്, ദോശകൾ, കപ്പ വിഭവങ്ങൾ… ഇങ്ങനെ വൈവിധ്യമാർന്ന രുചികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫുഡ്കോർട്ടിൽ 100 ലേറെ പേര്‍ക്ക് ഒരേ സമയം ഇരുന്ന് കഴിക്കാനാകും. ഫെബ്രുവരി ഒന്ന് വരെയാണ് മേള. ഇത് തുടർച്ചയായ നാലാം വർഷമാണ് ഇറ്റ്‌ഫോക്കിൽ തൃശ്ശൂർ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ കുടുംബശ്രീ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.

കുടുംബശ്രീ മോഡല്‍ – ദേശീയതല പഠന കേന്ദ്രമാകാന്‍ ആര്യനാട് സി.ഡി.എസ് തയ്യാര്‍ Updated On 2026-01-25

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്നതിനും വിശദമായി പഠിക്കുന്നതിനും തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സി.ഡി.എസിനെ ഇമേര്‍ഷന്‍ സൈറ്റായി (മാതൃകാ കേന്ദ്രം) വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) മാനേജര്‍ മഹമ്മുദ് ഹസന്‍ ആര്യനാട് സി.ഡി.എസ് സന്ദര്‍ശിച്ചു.

 

ആര്യനാടിനെ ഇമേര്‍ഷന്‍ സൈറ്റായി പ്രഖ്യാപിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യം ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീയുടെ താഴേത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള കേന്ദ്രമായി ഈ സി.ഡി.എസ് മാറും. കൂടാതെ ഇവിടെ കാര്‍ഷിക, സൂക്ഷ്മ സംരംഭ, സാമൂഹ്യവികസന, സ്ത്രീശാക്തീകരണ മേഖലകളില്‍ നടപ്പിലാക്കി വരുന്ന മാതൃകാപദ്ധതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പകര്‍ത്തുകയും ചെയ്യും.

 

പ്രാദേശിക സാമ്പത്തിക വികസനത്തിലും സാമൂഹിക ശാക്തീകരണത്തിലും ആര്യനാട് സി.ഡി.എസ് കൈവരിച്ച നേട്ടങ്ങളും കൂടാതെ ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ നേടിയതും മനോഹരവുമായ സി.ഡി.എസ് ഓഫീസ് സംവിധാനവും ആര്യനാടിനെ ഇമേര്‍ഷന്‍ സൈറ്റാക്കി മാറ്റുന്നതിന് മതിയായ യോഗ്യതയാണെന്ന് എന്‍.ആര്‍.എല്‍.എം മാനേജര്‍ അഭിപ്രായപ്പെട്ടു.

 

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ കരുത്തിനെക്കുറിച്ചും ജനാധിപത്യപരമായ ത്രിതല സംഘടനാ ഘടനയെക്കുറിച്ചും സി.ഡി.എസ്, എ.ഡി.എസ് ഭരണസമിതി അംഗങ്ങളുമായി നടത്തിയ പ്രത്യേക സംവാദത്തില്‍ ചോദിച്ചറിഞ്ഞു. അയല്‍ക്കൂട്ടം മുതല്‍ സി.ഡി.എസ് വരെയുള്ള സംവിധാനങ്ങള്‍ എങ്ങനെയാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും വിലയിരുത്തി. ആര്യനാട് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍ കെ.യു, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ മാത്യു ചാക്കോ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ജസീല്‍, ബ്ലോക്ക് ഓര്‍ഡിനേറ്റര്‍ അഭിന ദേവി ആര്‍. എന്നിവരും പങ്കെടുത്തു.

കുടുംബശ്രീ ബഡ്സ് ഒളിമ്പിയയ്ക്ക് സമാപനം: കായിക കിരീടം സ്വന്തമാക്കി പത്തനംതിട്ട Updated On 2026-01-25

കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച കായികോത്സവം ‘ബഡ്സ് ഒളിമ്പിയ’യിൽ കിരീടം സ്വന്തമാക്കി പത്തനംതിട്ട. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കൊല്ലവും കണ്ണൂരും ഉയർത്തിയ വെല്ലുവിളിയെ അവസാന ലാപ്പിൽ മറികടന്നാണ് പത്തനംതിട്ട കിരീടത്തിൽ മുത്തമിട്ടത്. കണ്ണൂർ പോലീസ് സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന കായികോത്സവത്തിൽ 71 പോയിന്റോടെയാണ് പത്തനംതിട്ട കിരീടം സ്വന്തമാക്കിയത്. 52 പോയിന്റുമായി കൊല്ലം ജില്ലയും 48 പോയിന്റുമായി ആതിഥേയരായ കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ വർഷവും കണ്ണൂർ ജില്ല മൂന്നാം സ്ഥാനം നേടിയിരുന്നു. ഇക്കുറി നാല് പോയിന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. സമാപന സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷനായി.

 

സമാപന ദിനമായ ഇന്നലെ (24-1-2026) 30 മത്സരങ്ങളാണ് നടന്നത്. രാവിലെ ട്രാക്കുണർന്നപ്പോൾ മുതൽ ആവേശകരമായ മത്സരങ്ങൾക്കാണ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. സബ് ജൂനിയർ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ ശ്രീനന്ദനനും തിരുവനന്തപുരം ജില്ലയിലെ ആദിത്യയും ജൂനിയർ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ മുഹമ്മദ് ഉഫൈസും പത്തനംതിട്ട ജില്ലയിലെ അമൃതയും ചാമ്പ്യൻമാരായി. സീനിയർ വിഭാഗത്തിൽ കോട്ടയം ജില്ലയിലെ ശ്രീരാജും പത്തനംതിട്ട ജില്ലയിലെ ഗൗരികൃഷ്ണയും വ്യക്തിഗത ചാമ്പ്യൻമാരായി.

 

ടി.ഐ. മധുസൂദനൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ പി.രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം എ.വി. ലെജു, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ പി. ബിജു, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ. വിജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയൻ നന്ദിയും പറഞ്ഞു.

കുടുംബശ്രീ ബഡ്സ് ഒളിമ്പിയയ്ക്ക് ആവേശത്തുടക്കം - ആദ്യദിനം 11 പോയിന്റുമായി കണ്ണൂർ ജില്ല മുന്നിൽ Updated On 2026-01-24

കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കായികോത്സവം ‘ബഡ്സ് ഒളിമ്പിയ’ക്ക് കണ്ണൂരിൽ ആവേശത്തുടക്കം. കണ്ണൂർ പോലീസ് സിന്തറ്റിക് ഗ്രൗണ്ടിൽ ഇന്നലെ (23-1-2026) കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ബഡ്സ് ഒളിമ്പിയ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ എം.വി. ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാതല ബഡ്സ് കായികമേളയിലെ വിജയികളായ 380 കായികതാരങ്ങളാണ് ഇതിൽ മത്സരിക്കുന്നത്.

 

ഉദ്ഘാടന ദിനമായ ഇന്നലെ (23-1-2026) ട്രാക്കിൽ 15 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 11 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. പത്തു പോയിന്റ് വീതം നേടി കോട്ടയം, മലപ്പുറം, വയനാട് ജില്ലകൾ രണ്ടാം സ്ഥാനത്തും ഒമ്പത് പോയിന്റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ന് (24-1-2026) 30 ഇനങ്ങളിൽ മത്സരം നടക്കും.

 

കണ്ണൂർ ഡെപ്യൂട്ടി മേയർ കെ.പി താഹിർ, മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ എൻ ഷാജിത് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ബോബി എണ്ണച്ചേരിൽ, രജനി മോഹൻ, എ. പ്രദീപൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ഷക്കീൽ, നഗരസഭാ വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ ലിസ ദീപക്, എസ്.കെ.പി. സക്കറിയ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം. സുനിൽകുമാർ എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.വിജിത്ത് നന്ദി പറഞ്ഞു.

 

ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് ബഡ്സ് ഒളിമ്പിയയ്ക്ക് തുടക്കമിട്ടത്. കായികതാരങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശീലനവും നൽകുന്നുണ്ട്. ബഡ്സ് ഒളിമ്പിയ ഇന്ന് സമാപിക്കും.

കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റ് എല്ലാ ജില്ലകളിലും സുസജ്ജം Updated On 2026-01-23

പൊതുജനങ്ങള്‍ക്ക് എല്ലാവിധ പ്രീമിയം സൗകര്യങ്ങളുമേകുന്ന കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റുകളുടെ ശൃംഖലയായ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് എല്ലാ ജില്ലകളിലും സുസജ്ജം. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ആദ്യ പ്രീമിയം റെസ്റ്റോറന്റിന് കുടുംബശ്രീ തുടക്കമിട്ടത്. ഇടുക്കി ജില്ലയില്‍ കൂടെ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചതോടെയാണ് കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ സാന്നിധ്യം എല്ലാ ജില്ലകളിലുമായത്.

 

പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ പേട്ട ജംഗ്ഷനില്‍ സൊസൈറ്റി പടിയിലാണ് ഇടുക്കിയിലെ പ്രീമിയം റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചത്. 

 

റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. അയ്യപ്പന്‍ കോവില്‍ സി.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗമായ പ്രഭ പ്രകാശ് എന്ന സംരംഭകയാണ് ഈ പ്രീമിയം റെസ്റ്റോറന്റിന്റെ ചുക്കാൻ പിടിക്കുന്നത്. 2500ലേറെ ചതുരശ്രയടിയിലുള്ള റെസ്‌റ്റോറന്റില്‍ 20 പേര്‍ 2 ഷിഫ്റ്റിലായും ജോലി ചെയ്യുന്നു.

 

സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിനാണ് പ്രീമിയം റെസ്റ്റോറന്റ് വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. വയനാട് ജില്ലയിലെ മേപ്പാടി, തൃശൂരിലെ ഗുരുവായൂര്‍, കോട്ടയം കുറവിലങ്ങാട്, കോഴിക്കോട് കൊയിലാണ്ടി, കാസര്‍ഗോഡ് സിവില്‍ സ്റ്റേഷന്‍, മലപ്പുറം കോട്ടയ്ക്കല്‍, തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപം, കണ്ണൂര്‍ ഇരിട്ടി, കൊല്ലം ചവറ, പത്തനംതിട്ട പന്തളം, ആലപ്പുഴ കല്ലിശ്ശേരി എന്നിവിടങ്ങളിലാണ് നിലവില്‍ പ്രീമിയം റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

കുടുംബശ്രീ ഫോട്ടോഗ്രാഫി മത്സരം ഏഴാം സീസണ്‍ വിജയികളെ പ്രഖ്യാപിച്ചു Updated On 2026-01-22

കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയ ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരം ഏഴാം സീസണ്‍ വിജയികളെ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട / ഓക്‌സിലറി വിഭാഗത്തിനും പ്രത്യേകമായി നടത്തിയ മത്സരത്തില്‍ പൊതുവിഭാഗത്തില്‍ കാസര്‍ഗോഡ്, മൈലാട്ടി, ഞെക്ലിയിലെ ദീപാനിവാസില്‍ ദീപേഷ് പുതിയ പുരയിലും അയല്‍ക്കൂട്ട / ഓക്‌സിലറി വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ കടുങ്ങപുരം ചുങ്കപ്പള്ളി വീട്ടിലെ ഷീജ സി.പി.യും ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുഴക്കാട്ടിരി സി.ഡി.എസിലെ മുത്തങ്ങാപറമ്പ് അയല്‍ക്കൂട്ടാംഗമാണ് ഷീജ. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 25,000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുക.

 

പൊതുവിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരിക്കാട് വീട്ടിലെ രജീഷ് നിലമ്പൂര്‍, തിരുവനന്തപുരം കാഞ്ഞിരംകുളം രതീഷ് ഭവനില്‍ എം.ജെ. രതീഷ് കുമാര്‍ (മരണാനന്തര ബഹുമതി) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അയല്‍ക്കൂട്ട / ഓക്‌സിലറി വിഭാഗത്തില്‍ തൃശ്ശൂര്‍ കൊങ്ങംപാറ കുറ്റിയാങ്കല്‍ വീട്ടിലെ ജെമിനി ബെന്നി (സ്‌നേഹ അയല്‍ക്കൂട്ടം, മുളങ്കുന്നത്തുകാവ് സി.ഡി.എസ്), മലപ്പുറം ചെമ്മാണിയോട് മേലാറ്റൂര്‍ വെങ്കിട്ട വീട്ടില്‍ ഹിബാന.വി (റഹ്‌മാനിയ അയല്‍ക്കൂട്ടം, മേലാറ്റൂര്‍ സി.ഡി.എസ്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 15,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനം നേടിയവര്‍ക്ക് 10,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിക്കുന്നത്. പ്രോത്സാഹന സമ്മാനം നേടിയവര്‍ക്ക് 2000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

 

പ്രോത്സാഹന സമ്മാനം നേടിയവര്‍


പൊതു വിഭാഗം – കെ.എ. അബ്ദുല്‍ ഖാദര്‍ (തൃശ്ശൂര്‍), അവിനാഷ്. വി (കണ്ണൂര്‍), പ്രമോദ്. കെ (പാലക്കാട്), ആന്റണി വി.ഡി (എറണാകുളം), ബോണിയം കലാം (കൊല്ലം)

അയല്‍ക്കൂട്ട / ഓക്‌സിലറി ഗ്രൂപ്പ് വിഭാഗം – ദീപ്തി. പി (മലപ്പുറം), സുഷമ ഗോപിനാഥന്‍ (പത്തനംതിട്ട), ജെസ്‌ന പാലക്കല്‍ (മലപ്പുറം)

 

എസ്. ഗോപകുമാര്‍ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഫോട്ടോ ജേര്‍ണലിസ്റ്റ്), വിനോദ്. വി (ചീഫ് ഫോട്ടോഗ്രാഫര്‍, ഐ&പി.ആര്‍.ഡി), സുരേഷ് ബാബു (ചീഫ് ഫോട്ടോഗ്രാഫര്‍, സ്റ്റേറ്റ് പോലീസ്) എന്നിവര്‍ അടങ്ങിയ പാനലാണ് വിജയികളെ കണ്ടെത്തിയത്.

കുടുംബശ്രീ ടേക്ക് എവേ കൗണ്ടറുകൾക്ക് സമാരംഭം Updated On 2026-01-20

സ്വാദിഷ്ഠമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ‘മീറ്റ് പോയിന്റ്’ ടേക്ക് എവേ കൗണ്ടറുകൾക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കുന്നുകുഴി മുളവന ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി നിർവഹിച്ചു. ഇതോടെ സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീയുടെ 24 മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകൾ നിലവിൽ വന്നു. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലുമായി ആകെ 50 ടേക്ക് എവേ കൗണ്ടറുകൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

 

ആരോഗ്യകരവും രുചികരവുമായ ഭക്ഷണ വിഭവങ്ങൾക്ക് മിതമായ നിരക്കിൽ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിന് മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകൾ സഹായകമാകുമെന്ന് വി.പ്രിയദർശിനി പറഞ്ഞു.  

 

പ്രഭാത ഭക്ഷണം, രാത്രിഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവയാണ് ടേക്ക് എവേ കൗണ്ടറുകളിൽ ലഭ്യമാവുക. കൂടാതെ ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗ്ഗെറ്റ്സ്, ചിക്കൻ കബാബ്, ചിക്കൻ മോമോസ്, ചിക്കൻ സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്, ചിക്കൻ ബ്രീഡഡ് പോപ്സ്, ചിക്കൻ മീറ്റ് ബോൾസ് എന്നിങ്ങനെ വിവിധ ചിക്കൻ വിഭവങ്ങളും ലഭിക്കും. ധനശ്രീ അയൽക്കൂട്ട അംഗവും സംരംഭകയുമായ ആരോഗ്യമേരിയാണ് മുളവന ജംഗ്ഷനിൽ ആരംഭിച്ച ടേക്ക് എവേ കൗണ്ടർ നടത്തുന്നത്.

 

ഭക്ഷ്യവിഭവങ്ങളുടെ ഗുണമേൻമ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലടക്കം ഏകീകൃത മാതൃകയിലാണ് സംരംഭം തുടങ്ങുന്നത്. കുടുംബശ്രീ കഫേ/ കാന്റീൻ യൂണിറ്റുകൾക്ക് ഒരു സ്ഥിരവരുമാന മാർഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ തുടക്കം. തിരഞ്ഞെടുത്ത യൂണിറ്റ് അംഗങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇൻഡ്യയുമായി സഹകരിച്ചുകൊണ്ട് ഭക്ഷ്യവിഭവങ്ങൾ, റെസിപ്പി എന്നിവ തയ്യാറാക്കൽ, ഫുഡ് പായ്ക്കിങ്ങ്, പർച്ചേസിങ്ങ്, മാർക്കറ്റിങ്ങ് എന്നിവയിലടക്കം മികച്ച പരിശീലനവും ലഭ്യമാക്കിയിരുന്നു. ടേക്ക് എവേ കൗണ്ടറുകൾ എല്ലായിടത്തും പൂർത്തിയാകുന്നതോടെ ഇരുനൂറിലേറെ വനിതകൾക്ക് സുസ്ഥിരതൊഴിലും വരുമാനവും ലഭ്യമാകും.

 

ടേക്ക് എവേ കൗണ്ടറുകൾ തുടങ്ങാൻ താൽപര്യമുളള അയൽക്കൂട്ട / ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അതത് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും സാമ്പത്തിക പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.

 

വാർഡ് കൗൺസിലർ മേരിപുഷ്പം, സി.ഡി.എസ് അധ്യക്ഷ വിനീത, കുടുംബശ്രീ പബ്ളിക് റിലേഷൻസ്  ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, ജില്ലാമിഷൻ കോർഡിനേറ്റർ രമേഷ് ജി, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ മുഹമ്മദ് ഷാൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ  ഷൈജു ആർ.എസ്, അഞ്ജിമ സുരേന്ദ്രൻ സി, അഖിലേഷ് എ, ജില്ലാ പ്രോഗ്രാം മാനേജർ നവജിത്ത് എന്നിവർ പങ്കെടുത്തു.

കുടുംബശ്രീ ‘ഉയരെ’ കലാജാഥയ്ക്ക് തുടക്കമായി Updated On 2026-01-20

കുടുംബശ്രീ ‘നയിചേത്ന 4.0-ഉയരെ’ ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല കലാജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീ സംസ്ഥാന കൺസോർഷ്യത്തിൽ അംഗങ്ങളായ വനിതകളാണ് സംസ്ഥാനമൊട്ടാകെ കലാജാഥ അവതരിപ്പിക്കുക. ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് കലാജാഥയിലൂടെ ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം.

 

ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി കലാജാഥ ഫ്ളാഗ് ഓഫ് ചെയ്തു. അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ സ്ത്രീകളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ അവർക്ക് ജീവനോപാധി ഒരുക്കിക്കൊടുക്കാനുമുളള സംരംഭമാണ് രംഗശ്രീയെന്ന് വി.പ്രിയദർശിനി പറഞ്ഞു. സ്ത്രീകൾ കഴിവ് തെളിയിച്ചിട്ടില്ലാത്ത ഒരു മേഖലയും ഇന്നില്ല. ലിംഗനീതിയും ലിംഗാവബോധവുമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾ കുടുംബത്തിൽ നിന്നു തന്നെ തുടങ്ങണം. കുടുംബശ്രീയുടെ ഉയരെ കലാജാഥ ഈ ലക്ഷ്യം കൈവരിക്കുന്നതിന് സഹായകമാകുമെന്നും അവർ പറഞ്ഞു.

 

തിരുവനന്തപുരത്ത് നിന്നാരംഭിച്ച് ഫെബ്രുവരി മൂന്നിന് കാസർകോട്ട് സമാപിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, വർക്കല, കൊല്ലം, പെരിനാട്, കൊട്ടാരക്കര, പത്തനംതിട്ട, അടൂർ, തിരുവല്ല, ആലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, കോട്ടയം, പാല, തൊടുപുഴ, അടിമാലി, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കൊടുങ്ങല്ലൂർ, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, രാമനാട്ടുകര, കോഴിക്കോട്, താമരശ്ശേരി, കൽപ്പറ്റ, മീനങ്ങാടി, മാനന്തവാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ കലാജാഥ അവതരിപ്പിക്കും.

 

സ്റ്റേറ്റ് ജെൻഡർ അഡ്വൈസർ ഡോ. ടി.കെ ആനന്ദി, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു എന്നിവർ പങ്കെടുത്തു.