to
കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇനി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ വഴിയും വ്യക്തിഗത സംരംഭ വായ്പ Updated On 2026-05-23

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വ്യക്തിഗത സംരംഭ വായ്പാ സേവനങ്ങള്‍ എത്തിക്കുന്നതിനായി കുടുംബശ്രീയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ധാരണയിലെത്തി. കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ 21ന് സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഓഫീസ് മേധാവി അഭിജീത് കുമാര്‍ ഝായും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ഈ ധാരണപ്രകാരം സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് അവരുടെ സംരംഭങ്ങള്‍ വിപുലീകരിക്കാനുള്ള വായ്പകള്‍ ‘സെന്റ് നാരീ ശക്തി ‘ എന്ന പേരിൽ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മുഖേന ലഭ്യമാക്കും. ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍.സി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ സോണല്‍ ഓഫീസ് മേധാവി കെ. ധാരാസിങ് നായിക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എ. ശ്രീക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു Updated On 2026-05-22

തദ്ദേശീയ മേഖലയില്‍ കുടുംബശ്രീ നടപ്പിലാക്കിവരുന്ന ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലെ മെന്റര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. തൃശ്ശൂര്‍ കിലയില്‍ മെയ് 18 മുതല്‍ 21 വരെ രണ്ട് ബാച്ചുകളിലായി സംഘടിപ്പിച്ച പരിശീലനത്തില്‍ 210 പേര്‍ പങ്കെടുത്തു. തദ്ദേശീയ മേഖലയില്‍ കുടുംബശ്രീ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്ന പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, അട്ടപ്പാടി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍മാരാണ് പരിശീലനത്തിന്റെ ഭാഗമായത്.

 

ദിവസേന വീടുകളില്‍ നിന്നും സ്‌കൂളില്‍ പോയി പഠനം നടത്തുന്ന ഉന്നതികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും നല്‍കിവരുന്ന വിദ്യാഭ്യാസ പിന്തുണാ പദ്ധതിയാണ് ബ്രിഡ്ജ് കോഴ്‌സ്. സംസ്ഥാനത്തെ എല്ലാ ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലും ഏകീകൃത സിലബസ് നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടുകൂടി മോഡ്യൂള്‍  തയാറാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചു. ആറ് വ്യത്യസ്ത മേഖലകളിലായി (ഭാഷാമൃതം, ഗണിതം മധുരം, പറയാം കേള്‍ക്കാം, പഠിക്കാന്‍ പഠിക്കാം, വരയും വാക്കും, സധൈര്യം സര്‍ഗ്ഗാത്മകം) കുട്ടികളുടെ പഠനനിലവാരം അനുസരിച്ച് പ്രാഥമിക പഠിതാവ്, മുന്നേറ്റ പഠിതാവ്, സ്വതന്ത്ര പഠിതാവ് എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തിയാണ് മോഡ്യൂള്‍ തയാറാക്കിയത്.

 

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം. പ്രഭാകരന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഡാനിയേല്‍ ലിബ്‌നി, ഡോ. ബിറ്റര്‍. സി, ഡോ. രതീഷ് മാധവന്‍, സ്റ്റേറ്റ് കോര്‍ ടീം അംഗങ്ങളായ ജോമോന്‍ കെ ജെ, കെ. കെ. മുഹമ്മദ് സാനു, ആദര്‍ശ് പി. ദയാല്‍, പി. രത്‌നേഷ്, പി. സനൂപ്, ടി.വി. സായികൃഷ്ണന്‍  തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനാര്‍ത്ഥികള്‍ ചേര്‍ന്ന് തയാറാക്കിയ ഡ്രാഫ്റ്റ്  മോഡ്യൂള്‍ സ്വീകരിച്ച് സമാപന ചടങ്ങിന്റെ ഉദ്ഘാടനം കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത്ത് കെ. ദീപക്ക് നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആദര്‍ശ് പി ദയാല്‍ നന്ദി പറഞ്ഞു.

കുടുംബശ്രീ വേനല്‍മധുരം തണ്ണിമത്തന്‍ കൃഷി – 6.8 കോടി രൂപയുടെ വിറ്റുവരവ് Updated On 2026-05-13

വേനല്‍ക്കാലത്ത് ഗുണമേന്മയുള്ള തണ്ണിമത്തന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കുടുംബശ്രീ നടത്തിയ ‘വേനല്‍മധുരം’ തണ്ണിമത്തന്‍ കൃഷി ക്യാമ്പയിന്‍ സൂപ്പര്‍ ഹിറ്റ്. ഈ വേനല്‍ക്കാലത്ത് ഇതുവരെ 6,78,21,791 രൂപയുടെ വിറ്റുവരവാണ് ഡിസംബറില്‍ ആരംഭിച്ച ഈ ക്യാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച 44.45 ലക്ഷം കിലോഗ്രാം തണ്ണിമത്തനിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ സ്വന്തമാക്കിയത്. 1471 കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങള്‍ അഥവാ ജെ.എല്‍.ജികളില്‍ അംഗമായ 6711 അയല്‍ക്കൂട്ടാംഗങ്ങളാണ് തണ്ണിമത്തന്‍ കൃഷി ചെയ്തത്. ഒരാള്‍ക്ക് കുറഞ്ഞത് 10,000 രൂപ വരുമാനം ഇത് മുഖേന ലഭിച്ചു കഴിഞ്ഞു. കുടുംബശ്രീ വിപണന കേന്ദ്രങ്ങള്‍, മേളകള്‍, ചന്തകള്‍ എന്നിവ വഴിയാണ് തണ്ണിമത്തന്റെ വില്‍പ്പന നടത്തിയത്.

144 ബ്ലോക്കുകളിലെ 603 സി.ഡി.എസുകളിലായി 817.78 ഏക്കറില്‍ വേനല്‍മധുരത്തിന്റെ ഭാഗമായി തണ്ണിമത്തന്‍ കൃഷി ചെയ്തിട്ടുണ്ട്. പ്രാദേശികമായി തണ്ണിമത്തന്‍ കൃഷി പ്രോത്സാഹിപ്പിക്കുക, പൊതുജനങ്ങളിലേക്ക് വിഷരഹിത തണ്ണിമത്തന്‍ എത്തിക്കുകയും അതിലൂടെ ജെ.എല്‍.ജി അംഗങ്ങളായ അയല്‍ക്കൂട്ടാംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, അയല്‍ക്കൂട്ടാംഗങ്ങളെ കാര്‍ഷിക മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് വേനല്‍മധുരം ക്യാമ്പയിന്റെ ലക്ഷ്യം.

കിരണ്‍, മഹാരാജ, അപൂര്‍വ, ഷുഗര്‍ ബേബി, പക്കീസ, ഷുഗര്‍ ക്വീന്‍, ജൂബിലി കിങ്, യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് തുടങ്ങിയ ഇനം തണ്ണിമത്തനുകളാണ് കൃഷി ചെയ്തത്. കുറഞ്ഞത് ഒരേക്കറില്‍ കൃഷി ചെയ്യുന്ന കൃഷി സംഘങ്ങള്‍ക്ക് നിലമൊരുക്കുന്നതിനും കൃഷിക്കുമായി 25,000 രൂപ വരെ റിവോള്‍വിങ് ഫണ്ടും സി.ഡി.എസ് മുഖേന ലഭ്യമാക്കിയിരുന്നു.

ഡി.ഡി.യു-ജി.കെ.വൈ 2.0, ആർ-സെറ്റി 2.0 - റീജിയണൽ ശിൽപ്പശാലയ്ക്ക് തുടക്കം Updated On 2026-05-12

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികളായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന 2.0 (ഡി.ഡി.യു – ജി.കെ.വൈ), റൂറൽ സെൽഫ് എംപ്ലോയിമെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 2.0 (ആർ-സെറ്റി) എന്നിവയുടെ ദ്വിദിന റീജിയണൽ ശിൽപ്പശാലയ്ക്ക് തിരുവനന്തപുരത്ത് ഇന്നലെ (മേയ് 11) തുടക്കം. ആക്കുളം ഗോകുലം ഗ്രാൻഡിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം (സ്കിൽസ്) ഡയറക്ടർ രാജ് പ്രിയ് സിംഗ് ഐ.എഫ്.എസ് ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇരു പദ്ധതികളും കേരളത്തിൽ നടപ്പിലാക്കുന്നത് കുടുംബശ്രീ മുഖേനയാണ്.  

ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ 2026-27, 2027-28 സാമ്പത്തിക വർഷങ്ങളിലെയും, ആർ-സെറ്റിയുടെ 2026-27 സാമ്പത്തിക വർഷത്തെയും കര്‍മ്മ പദ്ധതികൾ ചര്‍ച്ച ചെയ്യുന്നതിനും ഈ പദ്ധതികളുടെ കൂടുതൽ ഫലപ്രദമായ നടത്തിപ്പിനും വേണ്ടിയുള്ള നയരൂപീകരണങ്ങൾക്കുമായാണ് ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഇരു പദ്ധതികളുടെയും പുതിയ പതിപ്പുകളുടെ നടത്തിപ്പും ഭാവി ലക്ഷ്യങ്ങളും, പുതിയ മാർഗ്ഗരേഖകളും ശിൽപ്പശാലയിൽ വിശദമായി ചർച്ച ചെയ്യും.

ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി, തൊഴിൽ ഉറപ്പാക്കി മികച്ച വേതനം ലഭ്യമാക്കുകയെന്നതാണ് ഡി.ഡി.യു-ജി.കെ.വൈ ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനമേകി അവരെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പ്രാപ്തരാക്കാനും സംരംഭകത്വ വികസനം സാധ്യമാക്കാനുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ആർ-സെറ്റികൾ. ഓരോ ജില്ലയിലെയും ലീഡ് ബാങ്കുകൾക്കാണ് ആർ-സെറ്റികളുടെ നടത്തിപ്പ് ചുമതല. കേരളത്തിൽ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ നിർവഹണ ഏജൻസി കൂടിയായ കുടുംബശ്രീയുമായി സഹകരിച്ചാണ് ആർ-സെറ്റികൾ പ്രവർത്തിക്കുന്നത്. 

ആർ-സെറ്റി സംരംഭങ്ങളുടെ വിപുലീകരണവും നവീകരണവും ശിൽപ്പശാലയിൽ പ്രധാന ചർച്ചാവിഷയമാണ്. മാറുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് തൊഴിൽ പരിശീലന പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ഗ്രാമീണ യുവാക്കളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങളും ചർച്ചകളും അവതരണങ്ങളും ശിൽപ്പശാലയിലുണ്ട്.  

ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. മണിപ്പൂർ സ്റ്റേറ്റ് റൂറൽ ലൈവ്‍ലിഹുഡ് മിഷൻ ഡയറക്ടർ ബന്ദന ദേവി ഐ.എ.എസ്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി) കൺവീനർ സന്തോഷ് വി.എസ്, നാഷണൽ അക്കാഡമി ഓഫ് റുഡ്സെറ്റി (എൻ.എ.ആർ) ഡയറക്ടർ ജനറൽ രാജു എൻ. കോറി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് (എൻ.ഐ.ആർ. ഡി.പി.ആർ) ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ ഡോ. സന്ധ്യ ഗോപകുമാരൻ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഐടി വിഭാഗം സീനിയർ ടെക്നിക്കൽ ഡയറക്ടർ ജി.വി.എസ്.എൻ. മൂർത്തി എന്നിവർ സംസാരിച്ചു. ഡി.ഡി.യു-ജി.കെ.വൈ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. ദിലീപ് നന്ദി പറഞ്ഞു. 

കേരളത്തിന് പുറമേ മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, മേഘാലയ, നാഗാലാന്‍ഡ്‌, ത്രിപുര, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, നാഷണൽ അക്കാഡമി ഓഫ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് എന്നീ കേന്ദ്ര ഏജൻസികളിൽ നിന്നുള്ള ഉന്നത പ്രതിനിധികളും ബാങ്കുകളിൽ നിന്നുളള ഉദ്യോഗസ്ഥരും ശിൽപ്പശാലയുടെ ഭാഗമാകുന്നു. ശിൽപ്പശാല ഇന്ന് സമാപിക്കും.

ബാംഗ്ലൂര്‍ അപകടം – പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍ Updated On 2026-05-06

കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഠനയാത്രയ്ക്കിടെ ബാംഗ്ലൂരില്‍ അപകടത്തില്‍ മരണമടഞ്ഞ രണ്ട് അമൃതം ന്യൂട്രിമിക്‌സ് സംരംഭകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി കര്‍ണ്ണാടക സര്‍ക്കാരും ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി B.Z. സമീര്‍ അഹമ്മദ് ഖാനും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതമാണ് നല്‍കിയത്. ഇതുകൂടാതെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ വീതം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു ലക്ഷം രൂപ വീതം പരിക്കേറ്റ മൂന്ന് പേര്‍ക്കും മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ നല്‍കി.

കനത്ത മഴയെത്തുടര്‍ന്ന് ആശുപത്രിയുടെ മതിലിടിഞ്ഞ് വീണ് ഏപ്രില്‍ 29നുണ്ടായ അപകടത്തില്‍ എറണാകുളം രാമമംഗലം കിഴുമുറി തെക്കേ ഇറമ്പില്‍ സ്മിത (അക്ഷര അയല്‍ക്കൂട്ടം), ആശുപത്രിപ്പടി മനയ്ക്കുടിയില്‍ ലത (അക്ഷയ അയല്‍ക്കൂട്ടം) എന്നിവരാണ് മരണമടഞ്ഞത്. അപകടം നടന്ന അന്നുമുതല്‍ പരിക്കേറ്റവര്‍ക്ക് ബാംഗ്ലൂരില്‍ ചികിത്സ ലഭ്യമാക്കുന്നതിനും ആവശ്യമായ ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും ചികിത്സയ്ക്ക് ശേഷം സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാവശ്യമായ വിമാനയാത്രാ ടിക്കറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സഹയാത്രികര്‍ക്കുള്ള യാത്രാസൗകര്യങ്ങളും ഉറപ്പാക്കുന്നതിനും മന്ത്രിയുടെ നേതൃത്വത്തിലുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ വിലമതിക്കാനാകാത്ത പിന്തുണ നല്‍കി. കൂടാതെ കര്‍ണ്ണാടക സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മെഡിക്കല്‍ കോളേജിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശ്രദ്ധേയ ഇടപെടലുകള്‍ നടത്തി.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണം: കുടുംബശ്രീ നേടിയത് 2.44 കോടി രൂപ Updated On 2026-04-18

ഏപ്രിൽ ഒമ്പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിങ്ങ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കഫേ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ എന്നിവ വഴി  ഭക്ഷണ വിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. സംസ്ഥാനമൊട്ടാകെ പ്രവർത്തിച്ച 11,272  പോളിങ്ങ് ബൂത്തുകളിലും 85 കളക്ഷൻ സെന്റ്റുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായ  രീതിയിൽ ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ നേട്ടം. പാചകവാതക പ്രതിസന്ധി മൂലം പലയിടത്തും ഹോട്ടലുകൾ അടച്ചതും പല പോളിങ്ങ് സ്റ്റേഷനുകളുടെയും സമീപം ഹോട്ടലുകൾ ഇല്ലാത്തതുമായ സാഹചര്യത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം ഏറ്റെടുത്ത് വിജയിപ്പിച്ചത്.  

ഭക്ഷണ വിതരണത്തിലൂടെ ഏറ്റവും കൂടുതൽ വിറ്റുവരവ് നേടിയത് കണ്ണൂർ ജില്ലയാണ്. 51.09 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ സംരംഭകർ നേടിയത്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി. കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. കുടുംബശ്രീയുടെ നിർദേശ പ്രകാരം സംസ്ഥാനമൊട്ടാകെ ഭക്ഷണ വിതരണ ചുമതല നിർവഹിച്ച 3018 കുടുംബശ്രീ കഫേ യൂണിറ്റുകൾക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.

ഭക്ഷണ വിതരണത്തിനായി ഏറ്റവും കൂടുതൽ കഫേ യൂണിറ്റുകൾ പങ്കെടുത്തത് എറണാകുളം ജില്ലയിലാണ്. 830 കഫേ യൂണിറ്റുകളാണ് ജില്ലയിൽ ആകെ ഭക്ഷണ വിതരണം നടത്തിയത്. ഏറ്റവും കൂടുതൽ ബൂത്തുകളിൽ ഭക്ഷണ വിതരണം നടത്തിയത് തിരുവനന്തപുരം ജില്ലയും. ഇവിടെ 2292 ബൂത്തുകളിലെ ഉദ്യോഗസ്ഥർക്ക്  കുടുംബശ്രീ ഭക്ഷണമൊരുക്കി. കൊല്ലം ജില്ലയിൽ 2200 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥർക്കും ഭക്ഷണം വിതരണം ചെയ്തു.

വോട്ടിങ്ങ് സാമഗ്രികൾ വിതരണം ചെയ്ത കേന്ദ്രങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരികെ വാങ്ങുന്ന കേന്ദ്രങ്ങളിലുമായിരുന്നു ഭക്ഷണ വിതരണം. പ്രഭാത ഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവയാണ് വിതരണം ചെയ്തത്. എല്ലാ ജില്ലകളിലും സമയബന്ധിതമായും ഹരിതചട്ടം പാലിച്ചുകൊണ്ടും ഭക്ഷണ വിതരണം നടത്തുന്നതിന് അതത് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർമാർക്ക് നിർദേശവും നൽകിയിരുന്നു.

കുടുംബശ്രീ കർഷക സംഘങ്ങൾക്കും സംരംഭകർക്കും മിന്നും കൈനീട്ടം: വിഷുച്ചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ് Updated On 2026-04-18

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 1067 വിഷുച്ചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ കീഴിലുള്ള 14,174 കർഷക സംഘങ്ങളിലെ അംഗങ്ങളായ വനിതാ കർഷകർ ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങളും  സൂക്ഷ്മസംരംഭ മേഖലയിലെ 16,875 യൂണിറ്റുകൾ തയ്യാറാക്കിയ ഭക്ഷ്യോൽപന്നങ്ങളും വിറ്റഴിച്ചതു വഴിയാണ് ഈ മിന്നും നേട്ടം.

സി.ഡി.എസ് തലത്തിലും ജില്ലാതലത്തിലുമായി ആകെ 1067 വിഷുച്ചന്തകളാണ് സംഘടിപ്പിച്ചത്. 83.4 ലക്ഷം രൂപയുടെ വിറ്റുവരവുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. 60.2 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി എറണാകുളം ജില്ല രണ്ടാമതും 59 ലക്ഷം രൂപ നേടി മലപ്പുറം ജില്ല മൂന്നാമതും എത്തി. തിരുവനന്തപുരം ജില്ലയ്ക്ക് 57.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടാനായി.

കുടുംബശ്രീ വിഷുച്ചന്തകളിൽ കുടുംബശ്രീ വനിതാ കർഷക സംഘങ്ങൾ ഉൽപാദിപ്പിച്ച വിഷവിമുക്ത പച്ചക്കറികളും പഴവർഗങ്ങളുമാണ് വിപണനത്തിനെത്തിച്ചത്. വിഷു വിപണിയിലേക്ക് പരമാവധി ഉൽപന്നങ്ങളെത്തിക്കുന്നതിനായി ഓരോ സി.ഡി.എസിലും പ്രത്യേക സംഘാടക സമിതികളും രൂപീകരിച്ചിരുന്നു.  വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയും സമിതിയുടെ നേതൃത്വത്തിൽ  ഉറപ്പു വരുത്തി. മേളയിൽ എത്തുന്ന ഉൽപന്നങ്ങളുടെ അളവ്, കർഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ജില്ലാമിഷനുകളുടെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ അതത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു വിഷുച്ചന്തകളുടെ സംഘാടനം.

വിഷുക്കണിയ്ക്കും വിഷുസദ്യയ്ക്കും കുടുംബശ്രീയുടെ പച്ചക്കറികളും പഴങ്ങളും വിഷുച്ചന്തകളിലൂടെ Updated On 2026-04-06

മലയാളിക്ക് വിഷുക്കണിയും വിഷുസദ്യയുമൊരുക്കാൻ ഗുണമേൻമയുള്ള കാർഷികോൽപന്നങ്ങളുമായി ഇക്കുറിയും സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ വിഷുച്ചന്തകൾ ഒരുങ്ങും. ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റ് ഭക്ഷ്യോൽപന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രാമ നഗര സി.ഡി.എസുകൾ ഉൾപ്പെടെ 1070 കുടുംബശ്രീ സി.ഡി.എസുകളിലും കൂടാതെ ജില്ലാതലത്തിലും ഒമ്പത് മുതലാണ് വിഷുച്ചന്തകൾ തുടങ്ങുക. ജില്ലാതലത്തിൽ അഞ്ചു ദിവസവും സി.ഡി.എസ് തലത്തിൽ മൂന്നു ദിവസവും വിഷുച്ചന്തകൾ ഉണ്ടാകും.

കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കർഷക സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും പഴവർഗങ്ങളുമാണ് വിഷുച്ചന്തയിൽ വിൽപ്പനയ്‌ക്കെത്തുക. കണി വെള്ളരി മുതൽ പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയർ, കൂർക്ക, കാന്താരി, മുരിങ്ങക്കായ് തുടങ്ങി വിവിധയിനം പച്ചക്കറികൾ  എന്നിവ കുടുംബശ്രീ വിഷുവിപണിയിൽ നിന്നു വാങ്ങാനാകും. കൂടാതെ സൂക്ഷ്മസംരംഭകർ ഉൽപാദിപ്പിക്കുന്ന വിവിധ ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ എന്നിവയും ലഭ്യമാകും.

കാർഷികോൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള ചുമതല അതത് സി.ഡി.എസുകൾക്കാണ്. വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയും ഇവരുടെ നേതൃത്വത്തിലായിരിക്കും. മുൻവർഷങ്ങളിൽ സംഘടിപ്പിച്ച വിഷുച്ചന്തകളിലൂടെ കർഷകർക്കും സംരംഭകർക്കും മികച്ച വരുമാനം നേടാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം മാത്രം 7.25 കോടി രൂപയുടെ വിറ്റുവരവാണ് ഇതുവഴി ലഭിച്ചത്. കുടുംബശ്രീ വിഷുച്ചന്തകൾ ഏപ്രിൽ 14-ന് അവസാനിക്കും.

അമൃത് മിത്ര പദ്ധതി നടത്തിപ്പിലെ മികവ് - ഗുരുവായൂർ, കൊച്ചി നഗരസഭകൾക്ക് ദേശീയ അംഗീകാരം Updated On 2026-03-14

സംസ്ഥാനത്ത് അമൃത് പദ്ധതി ആദ്യഘട്ടത്തിൽ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിനുളള കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അംഗീകാരം ഗുരുവായൂർ, കൊച്ചി നഗരസഭകൾക്ക്. ശുദ്ധ ജലം, സീവറേജ്, വസ്തു നികുതി പിരിവ്, വെള്ളക്കരം പിരിക്കൽ, പാർക്കുകളുടെയും കുളങ്ങളുടെയും മറ്റ് പൊതുവിടങ്ങളുടെയും പരിപാലനം എന്നിവ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളെ ഉപയോഗിച്ചു മാതൃകാപരമായി നടപ്പാക്കിയതിനാണ് അംഗീകാരം. ഇതിന്റെ ഭാഗമായി രണ്ടു നഗരസഭകളിൽ നിന്നും, കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണം ലഭിച്ച ഒമ്പത് കുടുംബശ്രീ അംഗങ്ങൾ 13-03-2026 -ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച അമൃത് മിത്ര മഹോത്സവത്തിൽ പങ്കെടുത്തു.

 

പാർക്കുകളുടെയും കുളങ്ങളുടെയും പരിപാലനം, വസ്തു നികുതി പിരിക്കൽ, വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റ് എന്നിവയുടെ പരിപാലനം, വെള്ളത്തിന്റെ ഗുണനിലവാര പരിശോധന, മരങ്ങൾ നട്ടുവളർത്തി പരിപാലിക്കുക എന്നിവയിലൂടെ 1.12 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് അമൃത് മിത്ര പദ്ധതി വഴി ഗുരുവായൂർ നഗരസഭയിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. 30-ലേറെ കുടുംബശ്രീ അംഗങ്ങൾക്ക് ഗുരൂവായൂർ നഗരസഭയിൽ മാത്രം തൊഴിൽ ലഭിച്ചിട്ടുണ്ട്. അമൃത്, ദേശീയ നഗര ഉപജീവന ദൗത്യം എന്നിവയുടെ സംയോജിത പദ്ധതിയാണ് അമൃത് മിത്ര. സംസ്ഥാനത്ത് എല്ലാ നഗരസഭകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. അമൃത്, ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതികളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ അംഗങ്ങൾ അമൃത് മഹോത്സവത്തിൽ പങ്കെടുത്തത്.

ഹരിതകര്‍മ്മസേനാംഗങ്ങളെല്ലാം ഇനി ഒരേ ഒരു യൂണിഫോമില്‍ Updated On 2026-03-12

കേരളത്തിന്റെ ശുചിത്വസൈന്യമായ ഹരിതകര്‍മ്മസേന സേവനങ്ങളേകാന്‍ ഇനി മുതല്‍ എത്തുക ഒരേ ഡിസൈനിലുള്ള യൂണിഫോമിലാകും. ‘ഒത്തൊരുമയുടെ കരുത്തിന് ഇനി ഒത്തൊരുമയുള്ള വസ്ത്രവും’ എന്ന സന്ദേശവുമായി ഡിസൈന്‍ ചെയ്ത യൂണിഫോം സംസ്ഥാനത്തെ എല്ലാ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും നല്‍കുന്നതിനുള്ള കുടുംബശ്രീ പദ്ധതിക്ക് തുടക്കം. യൂണിഫോമിന്റെ വിതരണോദ്ഘാടനം ഷൊര്‍ണൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് 11-03-2026 ന് നിര്‍വഹിച്ചു.

 

ഒരു സ്വപ്നം, ഒരു വേഷം, ഒരേയൊരു ലക്ഷ്യം എന്ന ആശയത്തിലൂന്നി സേനാംഗങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും അവര്‍ക്ക് കൃത്യമായ ഒരു ഔദ്യോഗിക വ്യക്തിത്വം നല്‍കാനുമാണ് യൂണിഫോം പദ്ധതി മുഖേന വിഭാവനം ചെയ്തിരിക്കുന്നത്. പച്ച നിറത്തിലുള്ള വസ്ത്രവും ഒപ്പം തൊപ്പിയും അടങ്ങുന്നതാണ് പുതിയ യൂണിഫോം. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

 

ഷൊര്‍ണൂര്‍ നിയോജകമണ്ഡലം എം.എല്‍.എ പി. മമ്മിക്കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഷൊര്‍ണൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ. അനുരാജ്, കില ഡയറക്ടര്‍ എ. നിസാമുദ്ദീന്‍, പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. നിര്‍മല പി. സ്വാഗതവും സെക്രട്ടറി പി.എസ്. രാജേഷ് നന്ദിയും പറഞ്ഞു.