to
ഉയരെ – നയി ചേത്ന 4.0 ക്യാമ്പയിൻ: ഇനി അയൽക്കൂട്ടങ്ങളിൽ ‘അറിവിന്റെ അഞ്ച് ആഴ്ചകൾ’ Updated On 2026-01-07

കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ‘ഉയരെ’ ജെൻഡർ ക്യാമ്പയിന്റെയും ദേശീയ ജെൻഡർ ക്യാമ്പയിൻ ‘നയി ചേത്ന’4.0 യുടെയും ഭാഗമായി അയൽക്കൂട്ടങ്ങളിൽ ‘അറിവിന്റെ അഞ്ച് ആഴ്ചകൾ’ എന്ന പേരിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുടുംബശ്രീ വിഷൻ-2031 ന്റെ ഭാഗമായി സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ക്യാമ്പയിന്റെ മുഖ്യ പ്രവർത്തനങ്ങളിലൊന്നാണിത്. സ്ത്രീകൾ തൊഴിലും വരുമാനവും നേടേണ്ടതിന്റെ പ്രാധാന്യവും സാമ്പത്തിക സുസ്ഥിരത സ്ത്രീകൾക്ക് നൽകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ചും അയൽക്കൂട്ട അംഗങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം.

 

ജനുവരി ഒന്നിനാണ് അയൽക്കൂട്ടങ്ങളിൽ ‘അറിവിന്റെ അഞ്ച് ആഴ്ചകൾ’ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആദ്യ ആഴ്ച വേതനാധിഷ്ഠിത തൊഴിലും സ്ത്രീപദവിയും എന്ന വിഷയത്തിൽ പരിശീലനം നൽകി. വരുന്ന ആഴ്ചകളിൽ ‘ലിംഗവ്യത്യാസം, ലിംഗപദവി, ലിംഗവൈവിധ്യങ്ങൾ, ലിംഗനീതി, ലിംഗസമത്വം എന്നിവയെ കുറിച്ച് അടിസ്ഥാന ധാരണ രൂപപ്പെടുത്തൽ’, ‘സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കാനായി പിന്തുണാ സംവിധാനങ്ങളെ പരിചയപ്പെടുത്തൽ’, ‘കുടുംബശ്രീ സംവിധാനത്തിൽ നിലവിലുള്ള ജെൻഡർ സ്ഥാപന സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം’, ‘കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയർത്തുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതി’ എന്നീ വിഷയങ്ങളിലാണ് അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകുക.

 

ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതലത്തിലും സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലങ്ങളിലായി 8806 റിസോഴ്സ് പേഴ്സൺമാർക്ക് ഇതിനോടകം പരിശീലനം നൽകി കഴിഞ്ഞു. അയൽക്കൂട്ടതലത്തിൽ പ്രത്യേക പരിശീലനം നേടിയ ജെൻഡർ പോയിന്റ് പേഴ്സൺമാരുടെ നേതൃത്വത്തിലായിരിക്കും ബോധവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

വിപണനത്തിൽ മുന്നേറി സരസ്മേള അഞ്ചാം ദിനത്തിലേക്ക് Updated On 2026-01-05

ജനപങ്കാളിത്തം  കൊണ്ട് മാത്രമല്ല വിപണനത്തിലും വമ്പിച്ച മുന്നേറ്റത്തോടെ ജനകീയ സരസമേള  നാലാം ദിനം പിന്നിട്ടു. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 40 ലക്ഷം രൂപയോളം മേളയിൽ വിപണനം നടന്നതിൽ ചാലിശ്ശേരി ജനത വഹിച്ച പങ്കും വലുതാണ്.

അവശ്യ സാധനങ്ങളും കൗതുകകരമായ വസ്തുക്കളും ഒരു കുടക്കീഴിൽ വാങ്ങാനുള്ള ഗ്രാമീണ ജനതയുടെ നിഷ്കളങ്കമായ ആവേശമാണ് സരസ് മേളയെ സജീവമാക്കുന്നത്. കുടുംബശ്രീ പ്രസ്ഥാനത്തിൻ്റെ ശക്തി തെളിയിക്കും വിധം ഓരോ ദിവസവും സ്ത്രീകളുടെ പങ്കാളിത്തവും ഏറുകയാണ്. സ്ത്രീ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് വിപണിയൊരുക്കുന്നതിൽ ചാലിശ്ശേരിയ്ക്ക് കഴിഞ്ഞു.

'നൂതന സ്റ്റാർട്ടപ്പ് സാധ്യതകൾ' എന്ന  വിഷയത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക, ഡോ. പൂർണ്ണിമ നാരായണൻ എന്നിവർ സെമിനാർ നയിച്ചു. തുടർന്ന്  മേളയിലെ പെൺ പെരുമ വിളിച്ചോതി കുടുംബശ്രീ അംഗങ്ങൾ ഒരുക്കിയ കലാവിരുന്നും ശ്രദ്ധേയമായി. വള്ളുവനാട് ഫോക്ക് അക്കാദമിയായ പുനർജനി നടത്തിയ നാടൻ പാട്ട് കാണികളെ ആവേശത്തിലാഴ്ത്തി.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ നടത്തിയ ഏകപാത്ര നാടകമായ ഒറ്റ ഞാവൽ മരം അവതരണം കൊണ്ടും മുന്നിട്ടുനിന്നു. സ്റ്റാളിനോട് ചേർന്ന് സജ്ജീകരിച്ചിട്ടുള്ള തുറന്ന വേദിയും കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരുന്നു.

മെഗാ ഫുഡ് കോർട്ടിൽ പച്ചക്കറിക്കൂട്ടും പഴങ്ങളും ചേർത്ത് ഒരുക്കിയ തൃത്താല പ്രഥമൻ തരംഗമായി. അട്ടപ്പാടി വനസുന്ദരിക്കും ആസ്വാദകരേറെയാണ്. വിവിധ തരം ബിരിയാണികൾ, ജ്യൂസുകൾ, തുടങ്ങിയവയാൽ ഫുഡ് കോർട്ട് സജീവമാണ്.

പ്രധാന വേദിയിലെ സാംസ്കാരിക സമ്മേളനം ആദരസന്ധ്യ പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.ബി.രാജേഷ്, പി.മമ്മിക്കുട്ടി എം.എൽ.എ എന്നിവർ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ ആദരിച്ചു. തുടർന്ന് നടന്ന പുഷ്പവതി പൊയ് പാടത്തിന്റെ നിലാവെയിൽ ഗാനസന്ധ്യ ആസ്വാദകമനം കീഴടക്കി.

ജനങ്ങളൊന്നാകെ പറയുന്നു, ഇത് ജനകീയ മേള - മൂന്നാം ദിനവും ജനപ്രീതിയോടെ മുന്നോട്ട് Updated On 2026-01-04

ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ കുടുംബശ്രീ സരസ് മേളയ്‌ക്കെത്തുന്ന ഓരോരുത്തരും ഒന്നാകെ പറയുന്നു ഇത് ജനകീയ മേളയെന്ന്. മേള തുടങ്ങിയ അന്ന് മുതൽ ജനപ്രീതി വർദ്ധിക്കുകയാണ്. കലാസ്വാദകരുടെയും ഭക്ഷണ പ്രിയരുടെയും സംരംഭകരുടെയും പ്രിയ മേളയാകാൻ രണ്ടുദിനം കൊണ്ട് സരസ് മേളയ്ക്ക് കഴിഞ്ഞു. അവധിദിനം ആഘോഷിക്കാൻ ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് സരസിലേക്ക് ഒഴുകിയെത്തിയത്.

'പുതിയ കാലം പുതിയ തൊഴിൽ' എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറോടെയാണ് മൂന്നാം ദിനം ഉണർന്നത്. വേദി 2- അമ്മു സ്വാമിനാഥനിൽ നടന്ന സെമിനാറിൽ സ്വന്തം കഴിവുകളെയും വ്യക്തിത്വത്തെയും ശരിയായ രീതിയിൽ മാർക്കറ്റ് ചെയ്യാൻ ഉദ്യോഗാർത്ഥികൾക്ക് സാധിക്കണമെന്ന ആശയം പ്രശസ്ത കരിയർ മെന്ററും ലൈഫോളജി സി.ഇ.ഒ.യുമായ പ്രവീൺ പരമേശ്വർ മുന്നോട്ടുവച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. സ്റ്റാളിനോട് ചേർന്ന തുറന്ന വേദിയിൽ അവതരിപ്പിച്ച കളരിപ്പയറ്റ്, വീരനാട്യം, തുടങ്ങിയ കലാപരിപാടികൾക്കും വൻ ജനാവലിയായിരുന്നു.

പതിവുപോലെ ഇന്നലെയും (ഡിസം.4) മെഗാ ഫുഡ് കോർട്ടിലെ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ആലപ്പുഴ വരാൽ കറി കപ്പ, ചെമ്മീൻ ഫ്രൈ, കക്ക ഫ്രൈ ഞൊടിയിടയിൽ കാലിയായി. ഫുഡ് കോർട്ടിലെ മാസ്റ്റർ ഷെഫ് സുരേഷ് പിള്ള പങ്കെടുത്ത പാചക വിദഗ്ധരുടെ ഷോ ജനങ്ങൾക്കും ഏറെ ഉപകാരപ്രദമായി.

പ്രധാന വേദിയിൽ നടന്ന സാംസ്കാരിക സമ്മേളനം ആദര സന്ധ്യ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.

സദസിനെ ഇളക്കി മറിച്ച്  റിമി ടോമി
റിമി ടോമി ലൈവ് കലാസന്ധ്യ ജനഹൃദയങ്ങൾ കീഴടക്കി. കണ്‍മണി അന്‍പോട് കാതലന്‍, ഇളയരാജയുടെ സൂപ്പർഹിറ്റ് ഗാനം  മനിതർ ഉണർന്തുകൊള്ള, പുഷ്പയിലെ ഊ ആണ്ട വാമവാ തുടങ്ങി തമിഴ്, ഹിന്ദി  ഹിറ്റ് ഗാനങ്ങൾ ആലപിച്ചുകൊണ്ട് സദസിനെ അക്ഷരാർഥത്തിൽ ഇളക്കി മറിച്ചു. ഹിറ്റ് ഗാനങ്ങൾക്കൊപ്പം കാണികൾക്ക്  ആടി തിമിർക്കാനുള്ള അവസരം കൂടി ഒരുക്കിയ കലാസന്ധ്യയാണ് റിമി ടോമി സരസ് മേളയ്ക്ക് സമ്മാനിച്ചത്.

ദേശീയ സരസ് മേളയിൽ രണ്ടാം ദിനവും ജനസാഗരം.. കലാസ്വാദകരെ ത്രസിപ്പിച്ച് അലോഷിയും നവ്യാനായരും Updated On 2026-01-04

ചാലിശ്ശേരി മുലയംപറമ്പ്  മൈതാനിയിൽ നടക്കുന്ന ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേള രണ്ടാം ദിനവും ജനപങ്കാളിത്തം കൊണ്ട് അക്ഷരാർത്ഥത്തിൽ ജനകീയ മേളയായി. മേള ആസ്വദിക്കാൻ പതിനായിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തുന്നത്.

വേദി രണ്ട് അമ്മു സ്വാമിനാഥൻ നടന്ന തൃത്താലയുടെ ചരിത്ര വഴികൾ സെമിനാറിൽ ടി.കെ നാരായണ ദാസ് മോഡറേറ്റ്റായി. സെമിനാറിൽ 'തൃത്താലയുടെ ചരിത്രവഴികൾ', 'ഭൂപരിഷ്ക്കരണവും സാമൂഹ്യ മാറ്റങ്ങളും', 'നിളാ നദീതടത്തിലെ ഇരുമ്പു യുഗവും മഹാശിലാ സംസ്ക്കാരവും' എന്നീ വിഷയങ്ങളിൽ  ഡോ. അജിത് കൊളാടി, ഡോ.കെ. രാജൻ, ഡോ. സി.പി രമ്യ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

അലോഷി ആഡംസും സംഘവും അവതരിപ്പിച്ച ആലോഷി പാടുന്നു ജനഹൃദയങ്ങൾ കീഴടക്കി. നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും കോർത്തിണങ്ങിയ ആലോഷിയുടെ അവതരണം കാണികളും ഏറ്റെടുത്തു.

ഇതര സംസ്ഥാനങ്ങളിലെ രുചി വൈവിധ്യം നുകരാനും ആസ്വദിക്കാനും നിരവധി പേരാണ് ഫുഡ് കോർട്ടിലെത്തുന്നത്. ഇന്ത്യയുടെ രുചി വൈവിധ്യം ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്നതാണ് ഫുഡ് കോർട്ടിൻ്റെ പ്രത്യേകത.

സാംസ്കാരിക വേദിയും ജനസാഗരം കൊണ്ട് സമ്പന്നമായിരുന്നു. പ്രധാന വേദിയിൽ നടന്ന സാംസ്ക്കാരിക സമ്മേളനം - ആദര സന്ധ്യ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്  ടി.എം.ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മുതിർന്ന പൊതുപ്രവർത്തകരെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി വകുപ്പ് മന്ത്രി എം.ബി.രാജേഷ് ആദരിച്ചു.

ചലച്ചിത്ര താരം നവ്യാനായരുടെ സോളോ ഭരതനാട്യം കച്ചേരി സാംസ്കാരിക വേദിയെ കീഴടക്കി. സദസിന് അകത്തും പുറത്തും ആയിരക്കണക്കിന് കലാസ്വാദകരാണ് തിങ്ങി നിറഞ്ഞത്.

കുടുംബശ്രീ ദേശീയ സരസ് മേള: രണ്ടാം ദിനം ശ്രദ്ധേയമായി 'തൃത്താലയുടെ ചരിത്ര വഴികൾ' സെമിനാർ Updated On 2026-01-03

കുടുംബശ്രീ ദേശീയ സരസ് മേളയുടെ രണ്ടാം ദിനം സംഘടിപ്പിച്ച 'തൃത്താലയുടെ ചരിത്ര വഴികൾ' സെമിനാർ വേറിട്ട അനുഭവമായി. സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പുരോഗമനപരമായ ആശയങ്ങൾ കൊണ്ടു ഭേദിച്ചു മുന്നേറിയ നവോത്ഥാന നായകൻമാർ കേരളീയ സാമൂഹ്യ വികസന ചരിത്ര നിർമ്മിതിയിൽ നൽകിയ സംഭാവനകളുടെ വീണ്ടെടുപ്പായി സെമിനാർ മാറി.  

മനുഷ്യകുലത്തിന്റെ ആകെ തുകയാണ് ചരിത്രം. അത് ജനതയുടേതാണ്. നീതിബോധത്തിൽ അധിഷ്ഠിതമായ ചരിത്ര രചനയാണ് ആവശ്യം. ചരിത്രത്തെ വസ്തുനിഷ്ഠമായി അവലോകനം ചെയ്യാനും അപഗ്രഥിക്കാനും ജനങ്ങളുടെ മനസിൽ താൽപര്യമുണ്ടാകണം. വസ്തുനിഷ്ഠമായ ചരിത്രമെഴുതാൻ എല്ലാ ചരിത്രകാരൻമാർക്കും ഉത്തരവാദിത്തമുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ ത്യാഗോജ്ജ്വലമായ സമരപോരാട്ടങ്ങൾ അരങ്ങേറിയ മണ്ണാണ് തൃത്താലയുടേത്. തൃത്താല പഠിപ്പിച്ച പാഠങ്ങൾ വളരെ പുരോഗമനപരമായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണണമെന്നാണ് അന്നത്തെ സാമൂഹ്യപരിഷ്ക്കർത്താക്കളും നവോത്ഥാന നായകരും പഠിപ്പിച്ചതെന്നും സെമിനാറിൽ അഭിപ്രായപ്പെട്ടു.

അമ്മു സ്വാമിനാഥൻ വേദി രണ്ടിൽ സംഘടിപ്പിച്ച സെമിനാറിൽ ടി.കെ. നാരായണ ദാസ് മോഡറേറ്ററായി. സെമിനാറിൽ 'തൃത്താലയുടെ ചരിത്രവഴികൾ', 'ഭൂപരിഷ്ക്കരണവും സാമൂഹ്യ മാറ്റങ്ങളും', 'നിളാ നദീതടത്തിലെ ഇരുമ്പു യുഗവും മഹാശിലാ സംസ്ക്കാരവും' എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. അജിത് കൊളാടി, ഡോ.കെ. രാജൻ, ഡോ. സി.പി. രമ്യ എന്നിവർ സംസാരിച്ചു.  ഡോ.കെ.കെ.രാമചന്ദ്രൻ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീരേഖ നന്ദിയും പറഞ്ഞു. 

സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിൽ കുടുംബശ്രീയുടേത് മുഖ്യ പങ്ക്: മുഖ്യമന്ത്രി പിണറായി വിജയൻ Updated On 2026-01-02

പതിനായിരങ്ങളെ സാക്ഷിയാക്കി തൃത്താലയിൽ സരസ് മേളയ്ക്ക് തിരി തെളിഞ്ഞു
 
കേരളത്തിൽ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിൽ കുടുംബശ്രീ മുഖ്യ പങ്കു വഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് -ഉൽപന്ന പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗ്രാമീണ വനിതാ സംരംഭകരുടെ സാമ്പത്തിക ശാക്തീകരണത്തിന് ഏറെ സഹായകമാകുന്നവയാണ് സരസ് ഉൽപന്ന വിപണന മേളകൾ. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ അനുവദിക്കുന്ന 85 ലക്ഷം രൂപയും കേരള സർക്കാർ അനുവദിക്കുന്ന 50 ലക്ഷവും സ്പോൺസർഷിപ് മുഖേന കണ്ടെത്തുന്ന ഫണ്ടുകളും അതോടൊപ്പം മേള സംഘടിപ്പിക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഉത്തരവിൻ പ്രകാരം ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് കുടുംബശ്രീ സരസ് മേളകൾ സംഘടിപ്പിക്കുന്നത്. ഇത് സ്ത്രീകളുടെ സാമൂഹ്യ മുന്നേത്തിനു കൂടിയുള്ള ഉപാധിയാണ്. ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിലെത്തിയതിൽ കുടുംബശ്രീയുടെ ഇടപെടലുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. നാടിന്റെ വികസന ചരിത്രം എന്നത് കുടുംബശ്രീയുടെ ചരിത്രമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവസ്ഥയും കാരണമാണ്. സ്ത്രീസുരക്ഷാ പദ്ധതികൾക്കൊപ്പം സാമ്പത്തിക മുന്നേറ്റം കൂടി കൈവരിച്ചാൽ മാത്രമേ സ്ത്രീപുരുഷ സമത്വം ഉണ്ടാകൂ. ഇതിന് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തണം. വിപണി വിപുലീകരണവും സംരംഭകർക്ക് കൂടുതൽ വിപണി അവസരങ്ങളും ലഭ്യമാക്കണം. വൻകിട ചെറുകിട വികസന പ്രവർത്തനങ്ങൾ ഒരുമിച്ചു കൊണ്ടു പോകണം. എങ്കിൽ മാത്രമേ നവ കേരളം കെട്ടിപ്പടുക്കാൻ സാധ്യമാകൂ. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഏറെ മുന്നേറ്റം കൈവരിക്കാനായിട്ടുണ്ട്. ഇതിനു കാരണം കേരളീയ സമൂഹം പുലർത്തുന്ന മതനിരപേക്ഷ ബോധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ബീന ആർ.ചന്ദ്രൻ, അജയൻ ചാലിശ്ശേരി, ഡോ.വി സേതുമാധവൻ, പെരിങ്ങോട് ചന്ദ്രൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ വനിതാ സംരംഭകർ വിവിധ ഭക്ഷ്യവിഭവങ്ങൾ മുഖ്യമന്ത്രിക്ക് നൽകി.  

മതനിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ കുടുംബശ്രീയുടെ കഴിഞ്ഞ 27 വർഷത്തെ പ്രവർത്തനങ്ങൾ ഏറെ നിർണായക പങ്കു വഹിച്ചെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 16000-ലേറെ കുടുംബശ്രീ അംഗങ്ങളാണ് മത്സരിച്ചത്. കേരളത്തിന്റെ എല്ലാ വികസന പദ്ധതികളിലും പങ്കാളിത്തം വഹിക്കുന്ന കുടുംബശ്രീ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃനിരയെ സൃഷ്ടിക്കുന്നതിലും നിർണായക പങ്കു വഹിച്ചു. സ്ത്രീകളുടെ തിളക്കമേറിയ നേട്ടങ്ങളിലെല്ലാം കുടുംബശ്രീക്ക് മുദ്ര പതിപ്പിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളീയ സ്ത്രീ സമൂഹത്തിന്റെ സമഗ്ര മുന്നേറ്റത്തിന് കുടുംബശ്രീ വഴിതെളിച്ചെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.

ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി.  അബ്ദുൾ സമദ് സമദാനി എം.പി, എം.എൽ.എമാരായ പി മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്സിൻ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി രാമദാസ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻ കുട്ടി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ പി.കെ സൈനബ, കെ.കെ ലതിക, മരുതി മുരുകൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, വകുപ്പ് ഉദേ്യാഗസ്ഥർ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ,  കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.  

ഉദ്ഘാടന സമ്മേളനത്തിന് ശേഷം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, സംഗീത സംവിധായകൻ ശരത്, പ്രകാശ് ഉളിയേരി എന്നിവരുടെ നേതൃത്വത്തിൽ 'ത്രയ'-ദി മ്യൂസിക്കൽ ഫ്യൂഷൻ പരിപാടിയും പ്രധാന വേദിയിൽ അരങ്ങേറി.
 

നാടിന്റെ വികസനത്തിനും ജനനൻമയ്ക്കുമായി അടിയുറച്ച ശബ്ദം: ആവേശമുണർത്തി കുടുംബശ്രീ ബാലപാർലമെന്റ് Updated On 2025-12-31

മതനിരപേക്ഷതയുടെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സാമൂഹ്യബോധമുള്ള പൗരസമൂഹമാണ് തങ്ങളെന്ന് വ്യക്തമാക്കി കുടുംബശ്രീ ബാലസഭാംഗങ്ങൾ അവതരിപ്പിച്ച ബാലപാർലമെന്റ് വേറിട്ട അനുഭവമായി.  കുട്ടികളിൽ ഉന്നതമായ ജനാധിപത്യമൂല്യങ്ങളും നേതൃത്വഗുണവും സംഘടനാശേഷിയും പാരിസ്ഥിതിക ബോധവും വളർത്താൻ ബാലപാർലമെന്റ് സഹായകമാകുമെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ പഴയ നിയമസഭാ മന്ദിരത്തിൽ ഉയർന്നു കേട്ട കൗമാരത്തിന്റെ ഊർജം പ്രസരിക്കുന്ന വാക്കുകൾ.              

കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സംഘടിപ്പിച്ച രണ്ടു ബാലപാർലമെന്റുകളിലാണ് അവകാശങ്ങൾക്കും രാജ്യത്തിന്റെ ബഹുമുഖ പുരോഗതിക്കുമായി കുട്ടികൾ ശബ്ദമുയർത്തിയത്. മുൻ സാമ്പത്തിക വർഷത്തെ ബാലപാർലമെന്റായിരുന്നു ആദ്യം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ്.എം. ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ലിംഗതുല്യത കൈവരിക്കാൻ കഴിയണമെന്നും വേർതിരിവുകളില്ലാതെ എല്ലാവരേയും ഒരു പോലെ ഉൾക്കൊളളാൻ കഴിയുന്ന മനോഭാവം വളർത്തിയെടുക്കാനാകണമെന്നും രാജേശ്വരി എസ്.എം പറഞ്ഞു. മാനവിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം എല്ലാവരേയും ബഹുമാനിക്കാൻ കഴിയുന്നവരായി കുട്ടികൾ മാറണമെന്നും അവർ പറഞ്ഞു.

ഇനി വരുന്ന തലമുറയെന്ന നിലയിൽ സമൂഹത്തെ ഒന്നാകെ പ്രചോദിപ്പിക്കാൻ കുട്ടികൾക്ക് കഴിയുമെന്നും അവരുടെ തെളിമയുള്ള ചിന്തകളും ലക്ഷ്യബോധമുളള സ്വപ്നങ്ങളും സമൂഹത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായിരിക്കുമെന്നും ബാലപാർലമെന്റിൽ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ പറഞ്ഞു. സിവിൽ സർവീസ് രംഗത്ത് കരിയർ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ബാലസഭാംഗങ്ങളുടെ ചോദ്യങ്ങൾക്കും അവർ മറുപടി നൽകി.

രണ്ടു ബാലപാർലമെന്റിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, സ്ത്രീസുരക്ഷ, വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം, സോഷ്യൽ മീഡിയ കുട്ടികളിൽ ചെലുത്തുന്ന അപകടകരമായ സ്വാധീനം, തുടങ്ങി  വിവിധ മേഖലകളെ സംബന്ധിച്ച ചോദ്യോത്തരവേള, അടിയന്തര പ്രമേയം അവതരിപ്പിക്കൽ, പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട് എന്നിവയും അരങ്ങേറി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വർധിച്ചു വരുന്ന തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങൾക്കായി ലഹരി മാഫിയ കുട്ടികളെ  ഉപയോഗിക്കുന്നത്, നദികളുടെ മലിനീകരണം എന്നിവ സംബന്ധിച്ച  ചോദ്യോത്തരവേളയിൽ മൂർച്ചയുള്ള ചോദ്യങ്ങളും അതേ നാണയത്തിലുള്ള മറുപടിയുമായി പ്രതിപക്ഷവും ഭരണപക്ഷവും കത്തിക്കയറിയത് ബാലപാർലമെന്റിനെ ശബ്ദമുഖരിതമാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ട് യഥാർത്ഥ പാർലമെന്റിൽ അരങ്ങേറുന്ന നടപടികളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

രാവിലെ സംഘടിപ്പിച്ച ബാലപാർലമെന്റിൽ രാഷ്ട്രപതിയായി ഹെലൻ അന്ന സജിൻ (ആലപ്പുഴ), പ്രധാനമന്ത്രിയായി ഏയ്ഞ്ചൽ (വയനാട്), പ്രതിപക്ഷ നേതാവ് പ്രണവ് ജെ. നായർ (ആലപ്പുഴ), സ്പീക്കർ അവനിജ ടി.എം (തൃശൂർ), ഡെപ്യൂട്ടി സ്പീക്കർ അലോന (ഇടുക്കി), സെക്രട്ടറി ജനറൽ, ആരാധ്യ പ്രദീപ് (കണ്ണൂർ), സെക്രട്ടറി, തൻവീൻ ഉമർ (പാലക്കാട്), സെക്രട്ടറി, കനിഷ്ക്ക (അട്ടപ്പാടി), മാർഷൽ, അഭിനവ് കൃഷ്ണ (കൊല്ലം), എ.ഡി.സി ബിനോ (കോട്ടയം) എന്നിവർ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച രണ്ടാമത്തെ ബാലപാർലമെന്റിൽ രാഷ്ട്രപതിയായി അനുശ്രീ(കൊല്ലം), പ്രധാനമന്ത്രി ആത്രയ്(കൊല്ലം), സ്പീക്കർ-ചന്ദന(കാസർകോട്), ഡെപ്യൂട്ടി സ്പീക്കർ ആദിത്യ ഗണേഷ്(കണ്ണൂർ), പ്രതിപക്ഷ നേതാവ് ഫാത്തിമ ഇൻഷ (മലപ്പുറം), വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അബ്ദുള്ള (കൊല്ലം), കൃഷി വനം പരിസ്ഥിതി അർജ്ജുൻ അശോക് (ആലപ്പുഴ), സാമൂഹ്യനീതി ശിശുക്ഷേമം, ജോവിയ ജോഷി (കണ്ണൂർ), ആഭ്യന്തരം ചൈത്ര (കോഴിക്കോട്), ആരോഗ്യം അമേയ പി.സുനിൽ (മലപ്പുറം), കായികം ആർഷ പി (പത്തനംതിട്ട), ചീഫ് മാർഷൽ അർജ്ജുൻ കൃഷ്ണ (തൃശൂർ), എ.ഡി.സി അബി ബി.എസ് (തിരുവനന്തപുരം) എന്നിവരും പങ്കെടുത്തു. ബാലപാർലമെന്റിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ പുതിയ നിയമസഭാമന്ദിരവും സന്ദർശിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ഡോ.ബി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലത്ത് സ്വാഗതം പറഞ്ഞു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ അരുൺ പി.രാജൻ, ജസ്റ്റിൻ മാത്യു എന്നിവർ ബാലപാർലമെന്റിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. മുൻബാലസഭാംഗവും നിയമവിദ്യാർത്ഥിനിയുമായ നയന അനുഭവങ്ങൾ പങ്കുവച്ചു. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി.നായർ നന്ദി പറഞ്ഞു.

അവകാശങ്ങൾക്കായി ശബ്‌ദമുയർത്താൻ ബാലസഭാംഗങ്ങൾ: കുടുംബശ്രീ സംസ്ഥാനതല ബാലപാർലമെന്റ് 30ന് Updated On 2025-12-28

കുടുംബശ്രീ ബാലസഭാംഗങ്ങളായ കുട്ടികൾക്ക് ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 30ന് രാവിലെ 11.30ന് പഴയ നിയമസഭാ മന്ദിരത്തിൽ സംസ്ഥാനതല ബാലപാർലമെന്റ് സംഘടിപ്പിക്കും. ഈ സാമ്പത്തിക വർഷത്തെയും മുൻവർഷത്തെയും ഉൾപ്പെടെ രണ്ട് ബാലപാർലമെന്റുകളാണ് അന്നേ ദിവസം സംഘടിപ്പിക്കുക. ജില്ലാതല ബാലപാർലമെന്റിൽ  മികച്ച പ്രകടനം കാഴ്ച വച്ച 330 കുട്ടികൾ ഇതിൽ പങ്കെടുക്കും. ഇവർക്കായി 29 ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാവിലെ 9.30 ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് കുട്ടികളുമായി സംവദിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ അധ്യക്ഷത വഹിക്കും. 29ന് നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളിൽ നിന്നും രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ, ആറ് വകുപ്പ് മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ചീഫ് മാർഷൽ, എ.ഡി.സി എന്നിവരെയും തിരഞ്ഞെടുക്കും.

30 ന് രാവിലെ 11.30 ന് നടക്കുന്ന സംസ്ഥാനതല ബാലപാർലമെന്റിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ കുട്ടികളുമായി സംവദിക്കും.

ഓരോ സി.ഡി.എസിലുമുളള ബാലപഞ്ചായത്തുകളിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നൽകിയ ശേഷമാണ് കുട്ടികളെ ജില്ലാതല ബാലപാർലമെന്റിൽ പങ്കെടുപ്പിക്കുന്നത്. ഇതിൽ കുട്ടികൾ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരും. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങൾ, പ്രാദേശിക വികസനം എന്നിങ്ങനെ നിരവധി പ്രസക്തമായ വിഷയങ്ങളും ഇതിൽ ഉൾപ്പെടും. ജില്ലാതല പാർലമെന്റിൽ മികച്ച രീതിയിൽ അവതരണം നടത്തിയ കുട്ടികളെയാണ് സംസ്ഥാനതല ബാലപാർലമെന്റിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

കുട്ടികളിൽ ജനാധിപത്യ അവബോധം വളർത്തുക, പാർലമെന്റ് നടപടിക്രമങ്ങൾ, നിയമ നിർമാണം, ഭരണ സംവിധാനങ്ങൾ, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നിവയാണ് ബാലപാർലമെന്റിന്റെ ലക്ഷ്യങ്ങൾ. കുട്ടികൾക്ക് നിയമസഭ സന്ദർശിക്കാനും നടപടിക്രമങ്ങൾ മനസിലാക്കാനും ബാലപാർലമെന്റ് അവസരമൊരുക്കും.

കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് ലക്ഷദ്വീപിലേക്കും Updated On 2025-12-28

ആറുമാസം മുതൽ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും. ഇവിടെയുള്ള പത്തു ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ്  സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്. കിലോയ്ക്ക് നൂറു രൂപ നിരക്കിൽ ആദ്യഘട്ടത്തിൽ 392 കിലോഗ്രാം ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉൽപന്നം ആവശ്യമാകുമെന്നാണ് കരുതുന്നത്.

ലക്ഷദ്വീപിലെ അഗാത്തി, അമിനി, ആൻഡ്രോത്ത്, ബിത്ര, ചെറ്റ്ലത്ത്, കാഡ്മത്ത്, കൽപെനി, കവരത്തി, കിൽത്താൻ, മിനികോയ് ദ്വീപുകളിലെ പോഷകാഹാക കുറവ് അനുഭവിക്കുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് അമൃതം ന്യൂട്രിമിക്സ് വാങ്ങുന്നത്. ഓരോ ദ്വീപിലേക്കും ആവശ്യമായ ന്യൂട്രിമിക്സിന്റെ അളവ് കുടുംബശ്രീക്ക് നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത ന്യൂട്രിമിക്സ് യൂണിറ്റുകൾ മുഖേനയാണ് ലക്ഷദ്വീപിലേക്ക്  വിതരണം ചെയ്യുന്നതിനാവശ്യമായ ന്യൂട്രിമിക്സ് തയ്യാറാക്കുക. യൂണിറ്റുകൾ ഓരോ ദ്വീപിലേക്കും ആവശ്യമായ അളവിൽ സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് പ്രത്യേകം പായ്ക്കറ്റുകളിലാക്കി കൊച്ചിയിലെ വെല്ലിങ്ങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ടേറ്റീവ് ഓഫീസിലെത്തിക്കും. അവിടെ നിന്നും ഉൽപന്നം ലക്ഷദ്വീപിലെത്തിക്കും.

സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറു മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. കേന്ദ്രഗവൺമെന്റ് പദ്ധതിയായ ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടി.എച്ച്.ആർ.എസ്) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാ ശിശുവികസന വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്. നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി  പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടൺ ഭക്ഷ്യമിശ്രിതം ഉൽപാദിപ്പിക്കുന്നു. ഇതുവഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വിജയിച്ചത് 7210 കുടുംബശ്രീ വനിതകൾ Updated On 2025-12-28

തദ്ദേശ ഭരണ രംഗത്ത് ഇനി കുടുംബശ്രീയുടെ മുഖശ്രീയും. ഇക്കുറി തെരഞ്ഞെടുപ്പിൽ വിജയം കൈപ്പിടിയിലാക്കിയത് 7210 കുടുംബശ്രീ വനിതകൾ. ആകെ 17,082 വനിതകൾ മത്സരിച്ചതിൽ നിന്നാണ് ഇത്രയും പേർ വിജയിച്ചത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോഴിക്കോടാണ്. 709 കുടുംബശ്രീ അംഗങ്ങൾ ഇവിടെ വിജയിച്ചു. 697 വനിതകൾ വിജയിച്ച മലപ്പുറം ജില്ലയാണ് രണ്ടാമത്. 652 പേർ വിജയിച്ച തൃശൂർ ജില്ലയാണ് മൂന്നാമത്.

അയൽക്കൂട്ട അംഗങ്ങളായ 5416 പേരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ 106 പേരും വിജയിച്ചവരിൽ ഉൾപ്പെടും. നിലവിൽ സി.ഡി.എസ് അധ്യക്ഷമാർ ആയിരിക്കേ മത്സരിച്ചതിൽ വിജയിച്ചത് 111 പേരാണ്. സി.ഡി.എസ് ഉപാധ്യക്ഷമാർ മത്സരിച്ചതിൽ 67 പേരും വിജയിച്ചു. 724 സി.ഡി.എസ് അംഗങ്ങൾ, 786 എ.ഡി.എസ് ഭരണ സമിതി അംഗങ്ങളും വിജയിച്ചു. അട്ടപ്പാടിയിൽ മത്സരിച്ച 35 പേരിൽ 13 പേരും വിജയിച്ചു.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ നിന്നും ജനവിധി തേടിയവരിൽ ഗ്രാമപഞ്ചായത്തുകളിലേക്ക് 5836, ജില്ലാ പഞ്ചായത്തിലേക്ക് 88, ബ്ളോക്ക് പഞ്ചായത്തിലേക്ക് 487, കോർപ്പറേഷനിൽ 45, മുനിസിപ്പാലിറ്റിയിൽ 754 പേരും വിജയിച്ചു.