തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണം: കുടുംബശ്രീ നേടിയത് 2.44 കോടി രൂപ Updated On 2026-04-18
ഏപ്രിൽ ഒമ്പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിങ്ങ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കഫേ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ എന്നിവ വഴി ഭക്ഷണ വിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. സംസ്ഥാനമൊട്ടാകെ പ്രവർത്തിച്ച 11,272 പോളിങ്ങ് ബൂത്തുകളിലും 85 കളക്ഷൻ സെന്റ്റുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായ രീതിയിൽ ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ നേട്ടം. പാചകവാതക പ്രതിസന്ധി മൂലം പലയിടത്തും ഹോട്ടലുകൾ അടച്ചതും പല പോളിങ്ങ് സ്റ്റേഷനുകളുടെയും സമീപം ഹോട്ടലുകൾ ഇല്ലാത്തതുമായ സാഹചര്യത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം ഏറ്റെടുത്ത് വിജയിപ്പിച്ചത്.
ഭക്ഷണ വിതരണത്തിലൂടെ ഏറ്റവും കൂടുതൽ വിറ്റുവരവ് നേടിയത് കണ്ണൂർ ജില്ലയാണ്. 51.09 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ സംരംഭകർ നേടിയത്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി. കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. കുടുംബശ്രീയുടെ നിർദേശ പ്രകാരം സംസ്ഥാനമൊട്ടാകെ ഭക്ഷണ വിതരണ ചുമതല നിർവഹിച്ച 3018 കുടുംബശ്രീ കഫേ യൂണിറ്റുകൾക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.
ഭക്ഷണ വിതരണത്തിനായി ഏറ്റവും കൂടുതൽ കഫേ യൂണിറ്റുകൾ പങ്കെടുത്തത് എറണാകുളം ജില്ലയിലാണ്. 830 കഫേ യൂണിറ്റുകളാണ് ജില്ലയിൽ ആകെ ഭക്ഷണ വിതരണം നടത്തിയത്. ഏറ്റവും കൂടുതൽ ബൂത്തുകളിൽ ഭക്ഷണ വിതരണം നടത്തിയത് തിരുവനന്തപുരം ജില്ലയും. ഇവിടെ 2292 ബൂത്തുകളിലെ ഉദ്യോഗസ്ഥർക്ക് കുടുംബശ്രീ ഭക്ഷണമൊരുക്കി. കൊല്ലം ജില്ലയിൽ 2200 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥർക്കും ഭക്ഷണം വിതരണം ചെയ്തു.
വോട്ടിങ്ങ് സാമഗ്രികൾ വിതരണം ചെയ്ത കേന്ദ്രങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരികെ വാങ്ങുന്ന കേന്ദ്രങ്ങളിലുമായിരുന്നു ഭക്ഷണ വിതരണം. പ്രഭാത ഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവയാണ് വിതരണം ചെയ്തത്. എല്ലാ ജില്ലകളിലും സമയബന്ധിതമായും ഹരിതചട്ടം പാലിച്ചുകൊണ്ടും ഭക്ഷണ വിതരണം നടത്തുന്നതിന് അതത് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർമാർക്ക് നിർദേശവും നൽകിയിരുന്നു.







