to
കുടുംബശ്രീ പുനര്‍ജീവന മധുരം പദ്ധതിക്ക് തുടക്കം: മധുരക്കിഴങ്ങില്‍ നിന്നുള്ള ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക് Updated On 2026-06-19

അട്ടപ്പാടിയിലെ തദ്ദേശീയ മേഖലയിലെ വനിതാ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച മധുരക്കിഴങ്ങില്‍ നിന്നും നിര്‍മിച്ച ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന ‘പുനര്‍ജീവന മധുരം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിര്‍വഹിച്ചു. മധുരക്കിഴങ്ങില്‍ നിന്നു തയ്യാറാക്കിയ സ്വാദിഷ്ഠമായ പൊടി, ഹെല്‍ത്ത് മിക്സ്, സൂപ്പ്, ഗമ്മീസ്, കുല്‍ഫി, ചിപ്സ് എന്നീ ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങും മന്ത്രി നിര്‍വഹിച്ചു.  

 

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ആഗോള വിപണിയില്‍ മത്സരിക്കാന്‍ പര്യാപ്തമാണെന്നും അവ നിര്‍മിക്കുന്നത് സാധാരണക്കാരായ സ്ത്രീകളാണെന്നത് ഏറെ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ കുടുംബശ്രീയുടെ അടുത്ത ഘട്ടം ഇനി ദാരിദ്ര്യത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്നതാണ്. പുനര്‍ജീവനം-മധുരം പദ്ധതി അതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

 

മന്ത്രിക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ വിഘ്നേശ്വരി വി കുടുംബശ്രീ കെ-ഇനം ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.ജി.ബൈജു, മുഖ്യാതിഥി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്.ദിനേശന്‍,  ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ.എം.എസ് സജീവ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. പരിപാടിക്ക് ശേഷം സി.ടി.സി.ആര്‍.ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്‍ററും മന്ത്രി സന്ദര്‍ശിച്ചു.

 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിഘ്നേശ്വരി വി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ് എസ് പദ്ധതി വിശദീകരിച്ചു. ഡോ. എം.എസ്.സജീവ് ആശംസിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദി പറഞ്ഞു. മണ്ണിന്‍റെ ആരോഗ്യവും സന്തുലിത വളപ്രയോഗത്തെയും കുറിച്ച് ഡോ.കെ സുനില്‍ കുമാര്‍, ഡോ.ഷീല ഇമ്മാനുവല്‍ എന്നിവര്‍ ക്ളാസ് നയിച്ചു. ഡോ. സെന്തില്‍ കുമാര്‍ കെ.എം, ഡോ.രഹാന എസ്.എന്‍, ഡോ. പ്രകാശ് കൃഷ്ണന്‍ ബി.എസ് എന്നിവര്‍ നേതൃത്വം നല്‍കി. അട്ടപ്പാടിയില്‍ നിന്നു തിരഞ്ഞെടുത്ത വനിതാ കര്‍ഷകര്‍, കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഭാരവാഹികൾ, ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

അട്ടപ്പാടിയിലെ തദ്ദേശീയ മേഖലകളില്‍ സുസ്ഥിര കാര്‍ഷിക ഉപജീവന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ‘പുനര്‍ജീവനം’. പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയ അട്ടപ്പാടിയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച മധുരക്കിഴങ്ങില്‍ നിന്നും തയ്യാറാക്കിയ ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ് ഇപ്പോള്‍ വിപണനത്തിന്  തയ്യാറായിട്ടുള്ളത്. ഇവ കുടുംബശ്രീയുടെ ഔദ്യോഗിക പ്രീമിയം ബ്രാന്‍ഡ് ‘കെ-ഇനം’ വഴി വിപണിയിലെത്തും. നേരത്തെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മുപ്പത് കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചിരുന്നു. നിലവില്‍ അട്ടപ്പാടിയില്‍ നൂറ് ഏക്കറിലധികം വിവിധയിനം മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നുണ്ട്. പദ്ധതി വഴി 80 കര്‍ഷകര്‍ക്ക് മികച്ച ഉപജീവന മാര്‍ഗം ലഭ്യമാകും.

അതിജീവനത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് സമൃദ്ധിയ്ക്കും വികസനത്തിനും ലോകമാതൃകയാകാന്‍ കുടുംബശ്രീ 2.0 നടപ്പാക്കും: മന്ത്രി കെ.എം ഷാജി Updated On 2026-06-18

സമൃദ്ധിക്കും വികസനത്തിനും ലോകമാതൃകയാക്കാന്‍ കുടുംബശ്രീ 2.0 നടപ്പാക്കുമെന്നും അതിജീവനത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്നതാണ്  ഇതുവഴി ലക്ഷ്യമിടുന്നതെന്നും  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുളള സംയോജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പുതുതായി ചുമതലയേറ്റ തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജവഹര്‍ സഹകരണ ഭവനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

കുടുംബശ്രീ 2.0 എന്നത് ഒരു പദ്ധതിയുടെ മാറ്റമല്ല, മറിച്ച് ഇതൊരു സമൂഹത്തിന്‍റെ വളര്‍ച്ചയുടെ പരിവര്‍ത്തന ഘട്ടമാണ്. സഹായം സ്വീകരിക്കുന്ന കുടുംബശ്രീയില്‍ നിന്നും സാധ്യതകള്‍ സൃഷ്ടിക്കുന്ന കുടുംബശ്രീയിലേക്ക് മാറണം. തനിക്ക് സഹായം വേണം എന്ന ചിന്തയില്‍ നിന്നും അവസരങ്ങള്‍ സ്വയം കണ്ടെത്താനുള്ള ആത്മവിശ്വാസത്തിലേക്ക് വളരുന്ന വിപ്ളവകരമായ മാറ്റം ഓരോ സ്ത്രീയിലും ഉണ്ടാകണം. കുടുംബശ്രീക്കൊപ്പം ഓരോ പഞ്ചായത്തിലെയും യുവജനങ്ങളും വിരമിച്ച തൊഴില്‍ വിദഗ്ധരും പിന്തുണ നല്‍കാന്‍ പഞ്ചായത്തും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ഓരോ വാര്‍ഡും ചെറിയ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റാന്‍  കഴിയും.

 

കുടുംബശ്രീ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോള്‍ അതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. പുതിയ കാലത്തെ പുതിയ യാത്രയില്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനാവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും കുടുംബശ്രീയെ പ്രയോജനപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണം. താഴെ തട്ടിലെത്തുന്ന ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് യഥാര്‍ത്ഥ കരങ്ങളിലെത്താന്‍ കുടുംബശ്രീയെ പ്രയോജനപ്പെടുത്തണം. ഒരുമിച്ച് നിന്നാല്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ എത്ര വലുതാണെന്ന് തിരിച്ചറിയാനും അത് കാലത്തിനും ലോകത്തിനും കാണിച്ചു കൊടുക്കാനും  കഴിയണം. 2.0 കേവലം ഒരു പേരല്ല. അതൊരു പരിവര്‍ത്തനമാണ്. ഈ യാത്ര മനോഹരമായി തുടങ്ങാനുള്ള എല്ലാ വിധ പിന്തുണയും നല്‍കുന്നതിന് സര്‍ക്കാര്‍ ഒപ്പമുണ്ട്. കുടുംബശ്രീയുടെ ആത്മാവ്, സമത്വം, കൂട്ടായ്മ എന്നിവ സംരക്ഷിക്കപ്പെടണം. നമ്മുടെ സ്ത്രീകള്‍ പുതിയ സമ്പദ് വ്യവസ്ഥയില്‍ പങ്കാളികളാവുക മാത്രമല്ല, അതിനെ നയിക്കുകയും വേണം. ഓരോ സ്ത്രീയും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നതിനൊപ്പം സമൂഹത്തിന്‍റെ ബഹുമാനവും നേടണം. സ്ത്രീകള്‍ കേരളചരിത്രത്തിലെ ഏറ്റവും മനോഹരമായ ചരിത്രം എഴുതി കഴിഞ്ഞു. ഇനി എഴുതാനുള്ളത് സമൃദ്ധിയുടെയും വികസനത്തിന്‍റെയും നവീകരണത്തിന്‍റെയും ലോകമാതൃകയാവുന്ന കേരളത്തിന്‍റെ പുതിയ അധ്യായമാണ്. സഹായം തേടുന്ന കുടുംബശ്രീയില്‍ നിന്ന് അവസരങ്ങള്‍ സൃഷ്ടിക്കുന്ന  കുടുംബശ്രീയിലേക്കും ചെറിയ സംരംഭങ്ങളില്‍ നിന്നും വലിയസാധ്യതകളിലേക്കും മാറണം. സാങ്കേതികവിദ്യകളും വിപണിയും ബിസിനസ് രീതികളും ഉപഭോക്തൃ പ്രതീക്ഷകളും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സ്ത്രീകള്‍ ഡിജിറ്റല്‍ അറിവുകള്‍ നേടണം. ആധുനിക വിപണിയെ മനസിലാക്കി മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളും ബ്രാന്‍ഡുകളും നിര്‍മിച്ചു കൊണ്ട് കേരളത്തിന് പുറത്തും ലോകത്തിനു മുന്നിലും എത്താന്‍ കഴിയണം. അങ്ങനെ നമ്മുടെ ചെറിയ വരുമാനദായക സംരംഭങ്ങളെ വലിയ സാമ്പത്തിക ശക്തിയായി മാറ്റാന്‍ കഴിയും. സ്വന്തം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമ്പോഴും സ്ത്രീകള്‍ക്ക് കരുത്ത് ലഭിക്കുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്ക് ആ കരുത്ത് നല്കിയത് കുടുംബശ്രീയാണെന്നും മന്ത്രി പറഞ്ഞു.

 

കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത് പഞ്ചായത്തുകളുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയദര്‍ശിനി വി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വനിതാ ഘടക പദ്ധതിയിലും കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളിലും കുടുംബശ്രീയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഓരോ പഞ്ചായത്തിലെയും സ്ത്രീകളുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

 

കേരളത്തിലെ സ്ത്രീകളുടെ സന്തോഷ സൂചിക ഉയര്‍ന്നത് കുടുംബശ്രീ വന്നതിനു ശേഷമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. സങ്കടങ്ങളില്‍ നിന്നും സന്തോഷത്തിലേക്കുള്ള സ്ത്രീകളുടെ ഈ മാറ്റമാണ് യഥാര്‍ത്ഥ സൗന്ദര്യമെന്നും അതിന്‍റെ കാരണം കുടുംബശ്രീയാണെന്നും അവര്‍ പറഞ്ഞു.

 

കുടുംബശ്രീ ഡയറക്ടര്‍ പി.കെ സിന്ധു സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു.

ബഡ്‌സ് പ്രവേശനോത്സവം 2026-27 - മന്ത്രി ശ്രീ. കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു Updated On 2026-06-06

2026-27 അധ്യയന വര്‍ഷത്തിലേക്കുള്ള കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ആറിന് മലപ്പുറം ജില്ലയിലെ വേങ്ങര അബ്ദു റഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ബ്ളിസ് ബഡ്സ് സ്‌കൂളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം ഷാജി നിര്‍വഹിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ 187 കുടുംബശ്രീ ബഡ്‌സ് സ്‌കൂളുകളും 218 കുടുംബശ്രീ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണ് സംസ്ഥാനത്തുള്ളത്.

 

50 ബഡ്‌സ് സ്‌കൂളുകളെ മാതൃകാ ബഡ്‌സ് സ്‌കൂളുകളാക്കി മാറ്റുമെന്നും ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളുടെ അമ്മമാരുടെ മാനസികാരോഗ്യത്തിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച ഫാസില്‍ ഊര്‍ങ്ങാട്ടിരി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കുള്ള ഉപഹാരവും മന്ത്രി നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷനായ ചടങ്ങില്‍ സോഷ്യല്‍ മീഡിയ താരം സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി.

 

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. അസ്‌ലു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ബഡ്‌സ് പരിശീലനാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് സ്വാഗതവും കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

 

ഉദ്ഘാടനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഘോഷയാത്രയുമുണ്ടായിരുന്നു.