to
‘സര്‍ഗം’ കഥാരചന, കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി, വ്ളോഗ്സ് ആന്‍ഡ് റീല്‍സ് മത്സരങ്ങള്‍ - കുടുംബശ്രീ സംസ്ഥാനതല അവാര്‍ഡ് വിതരണം നടത്തി Updated On 2026-09-10

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സര്‍ഗ്ഗം’-കഥാരചന, ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’-ഫോട്ടോഗ്രാഫി, വ്ളോഗ്സ് ആന്‍ഡ് റീല്‍സ് സംസ്ഥാനതല മത്സരങ്ങളിലെ വിജയികള്‍ക്കായി വൈലോപ്പിളളി സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല അവാര്‍ഡ് വിതരണ പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു.

 

അമ്മമാരെ കുറിച്ച് എഴുതുന്ന കഥകള്‍ ഒരിക്കലും എഴുതി തീരാത്ത അനുഭവങ്ങളാണെന്ന് മന്ത്രി കെ.എം ഷാജി വിജയികള്‍ക്കുളള പുരസ്കാര വിതരണം നിര്‍വഹിച്ചു കൊണ്ടു പറഞ്ഞു. ജീവിതത്തിന്‍റെ ഉള്‍ക്കാഴ്ചകള്‍ പകര്‍ത്തുന്ന കഥകളും സാമൂഹ്യപുരോഗതി പ്രതിഫലിപ്പിക്കന്ന നേര്‍ച്ചിത്രങ്ങളുമായി സ്ത്രീകള്‍ മുന്നോട്ടു വരുന്നതിലൂടെ സാംസ്കാരിക ശാക്തീകരണത്തിനും അത് വഴിയൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 

സാമൂഹിക പരിവര്‍ത്തനത്തിന് കലയും സാഹിത്യവും സഹായകമാകുന്നുവെന്നും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് അതിനു സാധ്യമാകണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തദ്ദേശ സ്വയംഭരണവകുപ്പ്  പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു.    

 

സര്‍ഗം-കഥാരചന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മനീഷ എം. മോഹന്‍, സിന്ധു തോമസ്, ഷീബ പി.പി എന്നിവര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ്, മെമന്‍റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെട്ട പുരസ്കാരം മന്ത്രി കെ.എം.ഷാജി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനം നേടിയ അനുജ ബൈജു, മൈസൂന ഹാനി, രജന സലി എന്നിവര്‍ക്ക് 2500 രൂപ വീതം ക്യാഷ് അവാര്‍ഡും മെമന്‍റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെട്ട പുരസ്കാരവും മന്ത്രി സമ്മാനിച്ചു.

 

ഫോട്ടോഗ്രാഫി മത്സരം അയല്‍ക്കൂട്ട ഓക്സിലറി വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ഷീജ സി.പി, ജെമിനി ബെന്നി, ഹിബാന വി എന്നിവര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനം നേടിയ ദീപ്തി പി, സുഷമ ഗോപിനാഥ്, ജസ്ന പാലയ്ക്കല്‍ എന്നിവര്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ട പുരസ്കാരം സമ്മാനിച്ചു.

 

ഫോട്ടോഗ്രഫി പൊതുവിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോട് മൈലാട്ടി ഞെക്ളിയില്‍ സ്വദേശി ദീപേഷ് പുതിയ പുരയില്‍, രണ്ടാം സ്ഥാനം നേടിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി രജീഷ് നിലമ്പൂര്‍ എന്നിവര്‍ക്ക് യഥാക്രമം 25,000, 15,000 രൂപ ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന പുരസ്കാരം സമ്മാനിച്ചു. ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രതീഷ് കുമാര്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചു പോയതിനെ തുടര്‍ന്ന് സഹോദരി രേണുക 10,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രിയില്‍ നിന്നും സ്വീകരിച്ചു.  
 

ഫോട്ടോഗ്രഫി മത്സരം പൊതുവിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം നേടിയ തൃശൂര്‍ ചെറുതുരുത്തി സ്വദേശി കെ.എ അബ്ദുള്‍ ഖാദര്‍, പാലക്കാട് ഷൊര്‍ണ്ണൂര്‍ സ്വദേശി പ്രമോദ് കെ, ഇടക്കൊച്ചി സ്വദേശി ആന്‍റണി വി.ഡി, കൊല്ലം പുനലൂര്‍ സ്വദേശി ബോണിയം കലാം എന്നിവര്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.  

 

വ്ളോഗ്സ് മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനം നേടിയ മലപ്പുറം കുഴിയണ്ണ സ്വദേശി രതീഷ് ടി, പാലക്കാട് വിളയന്നൂര്‍ സ്വദേശി രത്യുഷ് ആര്‍, എന്നിവര്‍ക്ക് യഥാക്രമം 50,000, 40,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രി സമ്മാനിച്ചു.  

 

റീല്‍സ് മത്സരത്തില്‍ ഒന്നാം  സ്ഥാനം നേടിയ ജ്യോത്സന വിജിലിന് 25,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രി സമ്മാനിച്ചു.  

 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരി സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) വിജയശ്രീ എം.എസ്, ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി. എന്നിവര്‍ ആശംസിച്ചു. ജൂറി അംഗങ്ങളായ കെ.എ. ബീന, രാധാകൃഷ്ണന്‍ എസ്. എന്നിവര്‍ മത്സരങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ബി.സേതുരാജ് നന്ദി പറഞ്ഞു.

‘സര്‍ഗ്ഗം’- കഥാരചന, കുടുംബശ്രീ ഒരു നേര്‍ചിത്രം’-ഫോട്ടോഗ്രാഫി, വ്‌ളോഗ്സ്‌ ആന്‍ഡ് റീല്‍സ് വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണ പരിപാടി ഇന്ന് Updated On 2026-09-09

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സര്‍ഗ്ഗം’-കഥാരചന, ‘കുടുംബശ്രീ ഒരു നേര്‍ചിത്രം’-ഫോട്ടോഗ്രാഫി, വ്ളോഗ്സ് ആന്‍ഡ് റീല്‍സ് സംസ്ഥാനതല മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണ പരിപാടി ഇന്ന്(09-09-2026) വൈകുന്നേരം നാലുമണിക്ക് വൈലോപ്പിളളി സംസ്കൃതി ഭവനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ അധ്യക്ഷത വഹിക്കും. ശശി തരൂര്‍ എം.പി മുഖ്യാതിഥിയാകും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി അനുപമ, സ്പെഷ്യൽ സെക്രട്ടറി ഷാനവാസ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

സര്‍ഗം-കഥാരചന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. കൂടാതെ മൂന്നു പേര്‍ക്ക് 2500 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.  

വ്ളോഗ്സ് മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 50,000, 40,000, 30,000 രൂപയും റീല്‍സ് മത്സരത്തില്‍ 25,000, 20,000, 15,000 രൂപയും കാഷ് അവാര്‍ഡ് നല്‍കും.  

ഫോട്ടോഗ്രാഫി മത്സരം പൊതു വിഭാഗത്തിലും അയല്‍ക്കൂട്ട ഓക്സിലറി വിഭാഗത്തിലും  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 വീതം കാഷ് അവാര്‍ഡ് ലഭിക്കും. കൂടാതെ അയല്‍ക്കൂട്ട വിഭാഗത്തില്‍ നിന്നും 2000 രൂപ വീതം മൂന്ന് പേര്‍ക്കും പൊതുവിഭാഗത്തില്‍ 2000 രൂപ വീതം അഞ്ചു പേര്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കുന്നതാണ്. എല്ലാ വിജയികള്‍ക്കും കാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും നല്‍കും.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘ്നേശ്വരി സ്വാഗതം പറയും. കുടുംബശ്രീ ഡയറക്ടര്‍ വിജയശ്രീ എം.എസ്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി എന്നിവര്‍ ആശംസിക്കും. ജൂറി അംഗങ്ങളായ കെ.എ ബീന, റോസ്മേരി, സലില്‍ മാങ്കുഴി, രാധാകൃഷ്ണന്‍ എസ് എന്നിവര്‍ പങ്കെടുക്കും.

വയനാട്ടില്‍ കുടുംബശ്രീ ‘ധീരം’ പദ്ധതി ജേഴ്‌സികളും വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകളും; മന്ത്രി ശ്രീ. കെ.എം. ഷാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു Updated On 2026-09-07

വയനാട് ജില്ലയിലെ കുടുംബശ്രീ ‘ധീരം’ പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ജേഴ്‌സി, കുടുംബശ്രീ ജില്ലാ മിഷനും വയനാട് ജില്ലാ പഞ്ചായത്തും സംയുക്തമായി രൂപീകരിച്ച വനിതാ ക്രിക്കറ്റ് ടീമുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി നിര്‍വഹിച്ചു. പടിഞ്ഞാറത്തറ കുപ്പാടിത്തറ മൃഗാശുപത്രി ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഉഷ വിജയന്‍ അധ്യക്ഷയായി.

 

സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച സ്വയംപ്രതിരോധ പരിശീലന പദ്ധതിയാണ് ധീരം. ജില്ലയില്‍ 30 അംഗ ധീരം ടീമാണുള്ളത്. ഇവര്‍ മുഖേന വിവിധഘട്ടങ്ങളിലായി 1000ത്തോളം പേർ പ്രയോജനം നേടുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വനിതാ ഘടക പദ്ധതിയിലുള്‍പ്പെടുത്തിയാണ് കുടുംബശ്രീ മുഖേന ആറ് വനിതാ ക്രിക്കറ്റ് ടീമുകള്‍ രൂപീകരിച്ചത്. ഈ ടീം അംഗങ്ങളായ 70 താരങ്ങള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റാണ് മന്ത്രി വിതരണം ചെയ്തത്.

 

കായിക രംഗത്തും സ്വയംപ്രതിരോധ രംഗത്തും സ്ത്രീകളുടെ പങ്കാളിത്തവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ധീരം പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനം നൽകി. സ്വയരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പ്രതിരോധ പരിശീലന സംരംഭങ്ങള്‍ രൂപീകരിച്ച് ഉപജീവന മാര്‍ഗം കണ്ടെത്താനും ‘ധീര’ത്തിലൂടെ സ്ത്രീകളെ പ്രാപ്തരാക്കുന്നു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ കൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ കമല രാമന്‍, ഷീജ സതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്മ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. സെലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ പി. സുഹൈല്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം രംഗശ്രീ ജ്വാല ഗ്രൂപ്പിന്റെ കൈകൊട്ടിക്കളിയും അരങ്ങേറി.

മന്ത്രി ശ്രീ. കെ.എം. ഷാജി വയനാട്ടില്‍ ഡി.ഡി.യു-ജി.കെ.വൈ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു Updated On 2026-09-03

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു-ജി.കെ.വൈ 2.0 യുടെ വയനാട്ടിലെ പരിശീലന കേന്ദ്രമായ കല്‍പ്പറ്റ പുളിയാര്‍മല ലവ് ഗ്രീന്‍ അസോസിയേഷനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി സന്ദര്‍ശനം നടത്തി. മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്ന പദ്ധതിയാണിതെന്നും ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി വളരാന്‍ പുതുതലമുറ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

 

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ഡി.ഡി.യു.-ജി.കെ.വൈ 2.0. 18നും 35നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗ മേഖലയിലുളളവര്‍ എന്നിവര്‍ക്ക് 45 വയസു വരെയും കോഴ്‌സില്‍ ചേരാനാകും. 

 

കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ പി. വിശ്വനാഥന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. സെലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ജെന്‍സണ്‍ എം. ജോയ്, സെന്റര്‍ മാനേജര്‍ സായൂജ അര്‍ജുന്‍, ട്രെയിനര്‍ പി.എ നിഷാം, വിദ്യാര്‍ഥിനി എം.വി ശ്രീകല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള: ആകെ 44.89 കോടി രൂപയുടെ വിറ്റുവരവുമായി കുടുംബശ്രീ Updated On 2026-09-02

ആഗസ്റ്റ് 20 മുതല്‍ 25 വരെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണം വിപണന മേളയിലൂടെ കുടുംബശ്രീ സംരംഭകര്‍ നേടിയത് 44.89 കോടിയുടെ വിറ്റുവരവ്. ഇതില്‍ ഓണസദ്യ, ഓണക്കിറ്റ്, സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങള്‍ എന്നിവ വിറ്റഴിച്ചതു വഴി ലഭിച്ച 34.82 കോടിയും, പൂക്കളും പച്ചക്കറികളും വിറ്റഴിച്ചതിലൂടെ ലഭിച്ച 10.07 കോടിയും ഉള്‍പ്പെടെയാണിത്.

 

കഴിഞ്ഞ വര്‍ഷം ഓണം വിപണന മേളകള്‍ വഴി ആകെ 40.44 കോടിയായിരുന്നു വിറ്റുവരവ്. ഇത്തവണ വിറ്റുവരവില്‍ 4.45 കോടിയുടെ വര്‍ധനവാണുണ്ടായത്. കുടുംബശ്രീ സംരംഭകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കുമാണ് ഇതിന്‍റെ നേട്ടം.

 

ഇക്കുറി ആലപ്പുഴ ജില്ലയില്‍ സംസ്ഥാനതല ഓണം വിപണന മേളയും കൂടാതെ 12 ജില്ലാതല ഓണം വിപണന മേളകളും, 1952 സി.ഡി.എസ്സ് – തല വിപണന മേളകളുമാണ് സംഘടിപ്പിച്ചത്. എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആകെ 43,613 സൂക്ഷ്മസംരംഭ യൂണിറ്റുകളും 27,509 കര്‍ഷക സംഘങ്ങളും മേളയില്‍ പങ്കെടുത്തു. 27.01 കോടിയാണ് ഇതു വഴിയുള്ള വിറ്റുവരവ്. സംസ്ഥാനതലത്തില്‍ നടത്തിയ ഓണസദ്യ വിതരണം വഴി 2.64  കോടിയുടെ വിറ്റുവരവും നേടി. 415 യൂണിറ്റുകള്‍ക്കാണ് ഈ വരുമാനം ലഭിക്കുക.  

 

929 സി.ഡി.എസുകളിലായി സംഘടിപ്പിച്ച ഓണക്കിറ്റ് വിപണനം 9169 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്ക് കൈ നിറയെ വരുമാനം നേടാനുള്ള അവസരമൊരുക്കി. ആകെ 1,09,423 ഓണക്കിറ്റുകളാണ് വിറ്റുപോയത്. 5.17 (5,17,11,660) കോടിയാണ് ഇതുവഴിയുള്ള വരുമാനം.    

 

ഓണവിപണി കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്കും ഓണ സമ്മാനമൊരുക്കി.   ‘ഓണക്കനി’, ’നിറപ്പൊലിമ’ പദ്ധതികളുടെ ഭാഗമായി പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ ഇത്തവണ 10.07 കോടിയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 7.30  കോടിയായിരുന്നു. ഇക്കുറി 2.78 കോടി അധികം ലഭിച്ചു.

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ഓണസമ്മാനം: ഓണം ബോണസ് 1500 രൂപയായി വർദ്ധിപ്പിച്ചു Updated On 2026-08-21

സംസ്ഥാനത്തെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച് നല്‍കി വരുന്ന ഉത്സവബത്ത വർദ്ധിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷം ലഭിച്ച 1250 രൂപയില്‍ നിന്ന് ഈ വര്‍ഷം1500 രൂപയായി ഉയര്‍ത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

2026-ലെ ഓണം ഉത്സവബത്തയായി 1500 രൂപ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാനുള്ള യഥേഷ്ടാനുമതിയും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 37,481 ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി തുക കൈമാറുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.എം. ഷാജി നിര്‍വഹിച്ചു Updated On 2026-08-21

സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് കുടുംബശ്രീയെ നവീകരിക്കേണ്ടതുണ്ടെന്നും ഇതിനായി കുടുംബശ്രീ 2.0 യിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗതമായി നടത്തുന്ന സംരംഭങ്ങള്‍ക്ക് പുറമേ, പുതിയ കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നൂതനാശയങ്ങളില്‍ അധിഷ്ഠിതമായ സംരംഭ മേഖലകളിലേക്ക് മാറാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കഴിയണം. സ്ത്രീകളുടെ തൊഴില്‍ നൈപുണ്യ ശേഷി വര്‍ധിപ്പിച്ചു കൊണ്ട് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുന്ന വിധത്തില്‍ സംരംഭകത്വ വികസനത്തിന് പ്രാധാന്യം നല്‍കുകയാണ് വേണ്ടത്. പുതുതലമുറ കുടുംബശ്രീയെ ഏറ്റെടുക്കുന്ന വിധത്തില്‍, അവരുടെ ആശയങ്ങളും  ഭാഷയും മനസിലാക്കാന്‍ കഴിയുന്നതിനൊപ്പം  വ്യത്യസ്തമായ തൊഴില്‍ മേഖലകളിലേക്ക് കടക്കാനുള്ള അറിവും കഴിവും ഓരോ സംരംഭകയ്ക്കും ഉണ്ടാകണം. സമൂഹത്തെ നയിക്കാന്‍ കഴിയുന്ന വ്യക്തിത്വവും ആര്‍ജ്ജവത്വവുമുള്ള ഒരു കൂട്ടായ്മയായി കുടുംബശ്രീയെ മാറ്റാനാണ് സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍. ലിംഗതുല്യതയിലൂടെ പുരുഷനൊപ്പം നില്‍ക്കുക എന്നതല്ല, സ്ത്രീയുടെ കഴിവിന്‍റെ മാനദണ്ഡത്തില്‍ പുരുഷനൊപ്പമോ അതിലും ഉയരത്തിലോ നില്‍ക്കാന്‍ സ്ത്രീക്ക് അവസരം ലഭ്യമാക്കുന്ന ലിംഗനീതിയാണ് വേണ്ടത്. നാടിന്‍റെ നന്‍മയ്ക്കായി എപ്പോഴും മുന്നില്‍ നില്‍ക്കുന്ന കുടുംബശ്രീയുടെ മനോഹരമായ ഇടപെടല്‍ ഈ ഓണക്കാലത്തും ഉണ്ടാകുമെന്നതിന്‍റെ തെളിവാണ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളകള്‍. സംസ്ഥാനത്ത് സ്ത്രീശാക്തീകരണ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളും ഫുഡ് കോര്‍ട്ടും സന്ദര്‍ശിച്ച മന്ത്രി സംരംഭകര്‍ നല്‍കിയ മധുരവും രുചിച്ചു.

 

എല്ലാവരേയും ഒരുപോലെ കണ്ട് മുന്നോട്ടു പോകാന്‍ ഓണാഘോഷത്തിന് കഴിയുമെന്ന് ജി.സുധാകരന്‍ എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരി സ്വാഗതം പറഞ്ഞു. എ.ഡി തോമസ് എം.എല്‍.എ, ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ എ.എം നൗഫല്‍, ആലപ്പുഴ നഗരസഭ മുന്‍ ഉപാധ്യക്ഷന്‍ എ.എം നസീര്‍, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരായ ഷീല മോഹന്‍, ഹെലന്‍ ഫെര്‍നാണ്ടസ്, എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ നന്ദി പറഞ്ഞു.

 

സംസ്ഥാനത്ത് 25 വരെയാണ് കുടുംബശ്രീ ഓണം വിപണന മേളകള്‍. സംസ്ഥാന ജില്ലാ സി.ഡി. എസ്സ്-തലത്തിലായി ആകെ രണ്ടായിരത്തിലേറെ മേളകള്‍ സംഘടിപ്പിക്കും. ഇതില്‍ അമ്പതിനായിരത്തോളം വനിതാസംരംഭകരും പങ്കെടുക്കും. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപുലമായ വിപണിയും സംരംഭകര്‍ക്ക് ഉയര്‍ന്ന വരുമാനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാനമൊട്ടാകെ സി.ഡി.എസുകള്‍ വഴി ഓണ സദ്യ, ഓണക്കിറ്റ് വിപണനം എന്നിവ പുരോഗമിക്കുകയാണ്. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷന്‍ വഴിയും ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. മുന്നൂറിലേറെ ഉല്‍പന്നങ്ങള്‍ ഇതിലൂടെ ലഭിക്കും.

ജനോപകാരപ്രദവും കാര്യക്ഷമവുമായ ഭരണ സേവന സംവിധാനം: 167 കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കൂടി ഐ.എസ്.ഓ അംഗീകാരം Updated On 2026-07-14

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 167 സി.ഡി.എസുകള്‍ക്ക് കൂടി ഐ.എസ്.ഓ (ഇന്‍റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. സി.ഡി.എസുകളുടെ  പ്രവര്‍ത്തന സംവിധാനങ്ങളില്‍ കാര്യക്ഷമതയും സമ്പൂര്‍ണ ഗുണമേന്‍മ ഉറപ്പു വരുത്തിക്കൊണ്ട് അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിയതിനാണിത്.

 

സ്ഥാപനത്തില്‍ ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഓ 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. സി.ഡി.എസുകള്‍ക്ക് ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 2025-ല്‍ നടത്തിയ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളില്‍   617 സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ അംഗീകാരം ലഭിച്ചിരുന്നു. ബാക്കിയുള്ള 453 സി.ഡി.എസുകളെ ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി നടത്തിയ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ഇപ്പോള്‍ 167 സി.ഡി.എസുകള്‍ കൂടി ഈ നേട്ടം കൈവരിച്ചത്.

 

രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലൂടെ പത്തനംതിട്ട(58), വയനാട്, കോഴിക്കോട്(82), കണ്ണൂര്‍(81) ജില്ലകളിലെ  എല്ലാ സി.ഡി.എസുകളും സര്‍ട്ടിഫിക്കേഷന്‍ നേടി നൂറ് ശതമാനം നേട്ടം കൈവരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 33-ല്‍ 32 സി.ഡി.എസുകളും സര്‍ട്ടിഫിക്കേഷന്‍ നേടി. വയനാട് ജില്ലയിലെ  ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്നലെ(13-7-2026) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. വയനാട് മുട്ടില്‍ എം.ആര്‍ ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. മാതൃകാപരമായ പ്രവര്‍ത്തനമികവിന് സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചതും വയനാട് ജില്ലയിലെ വേങ്ങപ്പള്ളി സി.ഡി.എസിനായിരുന്നു.  ആദ്യഘട്ടത്തില്‍ തന്നെ എല്ലാ സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ അംഗീകാരം നേടിയ ജില്ല കൊല്ലമാണ്. ഇവിടെ 74 സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

 

കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഓഫീസ് സംവിധാനം, സര്‍ക്കാര്‍ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം, സി.ഡി.എസുകള്‍ മുഖേന നല്‍കുന്ന സേവനങ്ങളുടെ  മികവ്,  ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ സുസ്ഥിരവും സമഗ്രവുമായ ഓഫീസ് മികവ് എന്നിവ കൈവരിച്ചു കൊണ്ടാണ് സി.ഡി.എസുകള്‍ ഐ.എസ്.ഓ അംഗീകാരം നേടിയത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, വയോജനങ്ങള്‍, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കുള്ള സേവനങ്ങളും  ലഭ്യമാക്കി. ഗുണമേന്‍മാ നയരൂപീകരണം, സി.ഡി.എസ് ഓഫീസിലെ സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്ററുകളുടെ സൂക്ഷിപ്പിലെയും കൃത്യത, ഇവയുടെ ശാസ്ത്രീയമായ പരിപാലനം, അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍, ഫണ്ടുകളുടെ വിനിയോഗം, കൃത്യമായ അക്കൗണ്ടിങ്ങ് സിസ്റ്റം, കാര്യക്ഷമമായ ഓഡിറ്റിങ്ങ് സംവിധാനം, കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലെ കൃത്യത, സി.ഡി.എസുകള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയിലടക്കം കൈവരിച്ച മികവ് പരിഗണിച്ചാണ് സി.ഡി.എസുകള്‍ക്ക് അംഗീകാരം.

 

ഫയല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും  കിലയുടെയും അതത് പഞ്ചായത്ത് ഭരണസമിതിയുടെയും പൂര്‍ണ പിന്തുണയും സി.ഡി.എസുകള്‍ക്ക് ലഭിക്കുന്നുണ്ട്.

 

കുടുംബശ്രീയുടെ ഭരണ സേവന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുത്യാര്യവും ജനസൗഹൃദവുമാക്കുന്നതിനൊപ്പം, പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും സേവന വിതരണത്തില്‍ ഏകീകൃത ഗുണനിലവാരം ഉറപ്പാക്കുന്നതിനും സര്‍ട്ടിഫിക്കേഷന്‍ സഹായകമാകും. മൂന്നു വര്‍ഷമാണ് ഒരു സര്‍ട്ടിഫിക്കേഷന്‍റെ കാലാവധി.

കുടുംബശ്രീ ‘ധീരം’ ടീമിന് യൂണിഫോമായി – മന്ത്രി ശ്രീ. കെ.എം. ഷാജി സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ചു Updated On 2026-07-09

സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ‘ധീരം’ സ്വയംപ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായവര്‍ക്കുള്ള യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി നിര്‍വഹിച്ചു. എറണാകുളത്ത് തദ്ദേശസ്ഥാപന അധ്യക്ഷര്‍ക്കും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുമായി ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശനി ഹാളില്‍ ഇന്നലെ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ ‘ധീരം’ ജില്ലാതല മാസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ മന്ത്രിയില്‍ നിന്ന് യൂണിഫോം ഏറ്റുവാങ്ങി.

 

കുടുംബശ്രീയും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായാണ് ‘ധീരം’ സ്വയം പ്രതിരോധ പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വയംപ്രതിരോധ മുറകളില്‍ വിദഗ്ധ പരിശീലനം നല്‍കുകയും ഇതുവഴി സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം.

 

പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തോളം വനിതകള്‍ പരിശീലനം നേടുകയും സംരംഭ യൂണിറ്റുകളായി രജിസ്റ്റര്‍ ചെയ്ത് വരുമാനം നേടുകയും ചെയ്തുവരുന്നു. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 28 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി മാസ്റ്റര്‍ പരിശീലകരുമാക്കിയിട്ടുണ്ട്. ഇവര്‍ മുഖേനയാണ് താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നത്. 

 

ധീരം പരിശീലന പദ്ധതിയുടെ ഭാഗമായവര്‍ക്ക് സ്വയംപ്രതിരോധ മാര്‍ഗ്ഗങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപ്പുസ്തകവും സംസ്ഥാനതലത്തില്‍ തയാറാക്കിയിട്ടുണ്ട്.

കുടുംബശ്രീ ജീവനം 2.0 ക്യാമ്പയിന് കൊല്ലത്ത് ജില്ലാതല തുടക്കം Updated On 2026-06-22

മൃഗപരിപാലന മേഖലയിലെ കുടുംബശ്രീ കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വൈവിധ്യമാർന്ന കന്നുകാലി വികസന, മൃഗാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന കുടുംബശ്രീ ‘ജീവനം 2.0’ ക്യാമ്പയിന് കൊല്ലം ജില്ലയിൽ തുടക്കം കുറിച്ചു. തൊഴിൽ, വനിതാ ശിശുവികസന, മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ ജില്ലാതല ഉദ്ഘാടനം 21-06-2026 -നു നിർവഹിച്ചു.

 

മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വിവിധ ബാങ്കുകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലാണ് ജീവനം 2.0 ക്യാമ്പയിൻ ഫലപ്രദമായി ഏകോപിപ്പിക്കുന്നത്.

 

സി.ഡി.എസ്, ബ്ലോക്ക് തലങ്ങളിൽ മൃഗാരോഗ്യ സംരക്ഷണ ക്യാമ്പുകൾ, പ്രതിരോധ വാക്സിനേഷൻ ഡ്രൈവുകൾ, ഇൻഫെർട്ടിലിറ്റി കെയർ & മാസ്റ്റിറ്റിസ് ക്യാമ്പയിനുകൾ, ഡീവോർമിംഗ് & സാമ്പിൾ പരിശോധനകൾ, പ്രാദേശിക ആവശ്യകത അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ എന്നിവയും കർഷകരുടെ ആവശ്യാനുസരണം മറ്റ് പ്രസക്തമായ ക്ഷേമ ക്യാമ്പുകളും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.

 

കർഷകർക്ക് സാമ്പത്തിക സുരക്ഷയും കൃത്യമായ വായ്പാ സഹായങ്ങളും ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകൾ ഈ ക്യാമ്പയിന്റെ ഭാഗമാകും. ക്യാമ്പയിന്റെ ഭാഗമായി, കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കൽ, കന്നുകാലികളുടെ ഇൻഷുറൻസ്, വായ്പകൾ എന്നിവ ലഭ്യമാക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ പ്രത്യേക വായ്പാ-ബോധവൽക്കരണ മേളകളുമുണ്ടാകും. പഞ്ചായത്ത്തലത്തിൽ അതത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാർ, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ എന്നിവരാണ് ക്യാമ്പയിൻ പ്രവർത്തനങ്ങളെ കൃത്യമായി ഏകോപിപ്പിക്കുന്നത്.

 

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന മൃഗസംരക്ഷണ പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ 820 ലൈവ്സ്റ്റോക്ക് ക്ളസ്റ്റ്റുകൾ രൂപീകരിച്ചിട്ടുണ്ട്. നൂറു മുതൽ 250 വരെ കർഷകർ ഉൾപ്പെടുന്നതാണ് ഓരോ ക്ളസ്റ്റ്റും. ഉയർന്ന ഉൽപ്പാദന ക്ഷമത, കർഷകർക്ക് സുസ്ഥിര വരുമാന ലഭ്യത, ഉപജീവന സുരക്ഷ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതത് പഞ്ചായത്തുകളിലെ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെയും പാരാവെറ്ററിനറി ജീവനക്കാരുടെയും പൂർണ്ണ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

 

കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി അധ്യക്ഷയായി. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. ഉദയാ സുകുമാരൻ ചടങ്ങിൽ സംസാരിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ (അനിമൽ ഹസ്ബൻഡറി) ദിലീപ്. എസ് പദ്ധതി വിശദീകരണവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ. ആർ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ജിനേഷ് ജി.റ്റി നന്ദിയും രേഖപ്പെടുത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു. തുടർന്ന് ‘ലാഭകരമായ കന്നുകാലി വളർത്തൽ: ശാസ്ത്രീയ മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും’ എന്ന വിഷയത്തിൽ കുളത്തൂപ്പുഴ റീജിയണൽ സെമൻ ബാങ്ക് ഡെപ്യൂട്ടി മാനേജർ ഡോ. എബിൻ ബേബി മാത്യൂസ് കർഷകർക്കായി പരിശീലന ക്ലാസ് നയിച്ചു. മറ്റ് ജില്ലകളിലും വരും ദിനങ്ങളിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിക്കും.