to
കുടുംബശ്രീക്ക് ഇത് ചരിത്ര നിമിഷം; 30 പ്രീമിയം ഉൽപന്നങ്ങൾ ആഗോള വിപണിയിലേക്ക് Updated On 2026-01-17

കുടുംബശ്രീ ‘കെ-ഇനം’ മൂല്യവർധിത ഉൽപന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്ക് ബദലാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്  ‘കെ-ഇനം’ എന്ന പുതിയ ബ്രാൻഡിൽ തയ്യാറാക്കിയ 30 കാർഷിക മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ ആഗോള ലോഞ്ചിങ്ങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി നടപ്പാക്കുന്ന സ്റ്റാർട്ടപ് ശൃംഖല ‘യുക്തി’, തദ്ദേശീയ മേഖലയിലെ സംരംഭകർക്കായി നടപ്പാക്കുന്ന ‘ട്രൈബാൻഡ്’, കുടുംബശ്രീ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ്  എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ‘കെ-ഇനം’ ബ്രാൻഡഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതു വഴി കുടുംബശ്രീ ആ വെല്ലുവിളി ഏറ്റെടുക്കാൻ കുടുംബശ്രീ പ്രാപ്തമാണെന്ന് തെളിയിച്ചു. കഴിഞ്ഞ ജൂണിൽ ആരംഭിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതി വഴി ഒരു വർഷം പൂർത്തിയാകും മുമ്പ് മുപ്പത് വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറങ്ങും. കുടുംബശ്രീയുടെ ഓൺലൈൻ വിപണന മാർഗങ്ങൾ ഉൾപ്പെടെ സാധ്യമായ എല്ലാ വിപണന മാർഗങ്ങളും ഉപയോഗിച്ച് ഉൽപന്ന വിപണന വേദികൾ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

ഡയബറ്റിക് മിക്സ്, പാനീയങ്ങൾ, കോഫി ക്യൂബ്സ്, വിർജിൻ കോക്കനട്ട് ഓയിൽ, ന്യൂട്രീബാർ, ടൂട്ടിഫ്രൂട്ടി, ബേബി പൗഡർ, കപ്പ കൊണ്ടുള്ള മിക്സചർ, മുറുക്ക്, പക്കാവട, കുക്കീസ്, ഏത്തപ്പഴം കൊണ്ടുള്ള ഹെൽത്ത് മിക്സ്, ഫ്രൂട്ട് ബാർ, പാസ്ത, ഹൈഡ്രേറ്റഡ് ബനാന, മുരിങ്ങയില പൗഡർ, മുരിങ്ങക്കായ പൗഡർ, കുക്കീസ്, മാംഗ ഫ്രൂട്ട് ബാർ, മില്ലറ്റ് കൊണ്ടുള്ള വിവിധ പലഹാരങ്ങൾ തുടങ്ങിയ മുപ്പതോളം പ്രീമിയം ഉൽപന്നങ്ങളാണ് പുതിയ ബ്രാൻഡിൽ പുറത്തിറക്കിയത്. ഇവ നേരിട്ട് കാണാനും രുചിച്ചറിയാനും വേദിയിൽ സൗകര്യം ഒരുക്കിയിരുന്നു. ഐ.സി.എ.ആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, ഐ.സി.എ.ആർ-കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എൻട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് സി.എസ്.ഐ.ആർ-കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം, സി.എസ്.എ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജി(നിസ്റ്റ്), കേരള കാർഷിക സർവകലാശാല തുടങ്ങി ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് മൂല്യവർധിത ഉൽപന്നങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

കുടുംബശ്രീ അംഗങ്ങളെ മികച്ച സംരംഭകരാക്കി മാറ്റുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് റോജി എം.ജോൺ എം.എൽ.എ പറഞ്ഞു. സി.ടി.സി.ആർ.ഐ സ്ഥാപനത്തിൽ നിന്നും 94 സാങ്കേതിക വിദ്യകൾ വാങ്ങിയിട്ടുണ്ടെന്നും മാർച്ച് 31നകം 150 പുതിയ സാങ്കേതിക വിദ്യകൾ കൂടി വാങ്ങുമെന്നും പദ്ധതി വിശദീകരണത്തിൽ കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. എസ്.ഷാനവാസ് പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ മന്ത്രി എം.ബി. രാജേഷിന് കുടുംബശ്രീ ഗിഫ്റ്റ് ബോക്സ് സമ്മാനിച്ചു. ‘കെ-ഇനം’ ബ്രാൻഡഡ് ഉൽപന്നങ്ങൾ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കും സ്ഥാപനങ്ങൾക്കും മന്ത്രി ആദരം നൽകി.

എറണാകുളം നെടുമ്പാശ്ശേരി ഫ്ളോറ എയർപോർട്ട് ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്റ്റിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. അങ്കമാലി നഗരസഭാധ്യക്ഷ റീത്താ പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി.പ്രിയങ്ക, സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് അംഗം ഡോ.ജിജു പി.അലക്സ് എന്നിവർ മുഖ്യാതിഥികളായി.

സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് കാർഷിക വിഭാഗം ചീഫ് എസ്.എസ് നാഗേഷ്,  ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ യാസ്മിൻ എൽ.റഷീദ്, എസ്.എഫ്.എ.സി കേരള മാനേജിംഗ് ഡയറക്ടർ രാജേഷ് കുമാർ എസ്, ഡിവിഷൻ കൗൺസിലർ ഏലിയാസ് ടി.വൈ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സഞ്ജു സൂസൻ മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബിജു എൻ.ബി, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മനോജ് കെ.ജി, നബാർഡ് ഡി.ഡി.എം അജീഷ് ബാലു, സി.ഡി.എസ് അധ്യക്ഷ ലില്ലി ജോണി എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ റെജീന ടി.എം നന്ദി പറഞ്ഞു.

കുടുംബശ്രീ കേരള ചിക്കന്റെ ആദ്യത്തെ സ്നാക്സ് ബാർ വട്ടിയൂർക്കാവിൽ : മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. Updated On 2026-01-13

കുടുംബശ്രീ കേരള ചിക്കൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്നാക്സ് ബാറിന് തിരുവനന്തപുരം വട്ടിയൂർക്കാവിൽ തുടക്കമായി. കോഴിയിറച്ചി കൊണ്ടുള്ള രുചിയേറിയ വിഭവങ്ങളായ ബ്രോസ്റ്റഡ് ചിക്കൻ, സമോസ, ചിക്കൻ നഗട്സ്, കട്ലറ്റ്, മൊമോസ്, വിവിധയിനം ജ്യൂസുകൾ എന്നിവയാണ്  സ്നാക്സ് ബാറിൽ ലഭ്യമാകുക. കുടുംബശ്രീ വനിതകൾ അവരുടെ ഫാമിൽ വളർത്തിയെടുത്ത കോഴികളെ ശാസ്ത്രീയമായി സംസ്കരിച്ച് ഫ്രോസൺ കോഴിയിറച്ചി ലഭ്യമാകുന്ന ഔട്ട്ലറ്റായും ഇത് പ്രവർത്തിക്കും. തദ്ദേശസ്വയംഭരണ - എക്സൈസ് - പാർലമെൻ്ററികാര്യ വകുപ്പു മന്ത്രി എം.ബി. രാജേഷ് സ്നാക്സ് ബാർ ഉദ്ഘാടനം ചെയ്തു.

 

കുടുംബശ്രീയുടെ പുതിയ പദ്ധതിയാണ് ചിക്കൻ സ്നാക്സ് ബാർ എന്ന ആശയമെന്നും, കേരള ചിക്കൻറെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെ അൻപതോളം സ്നാക്സ് ബാറുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ഇതുവരെ 458 കോടിയുടെ വിറ്റുവരവാണ് കേരള ചിക്കൻ നേടിയത്. കേരളത്തിലെ ആഭ്യന്തര ഇറച്ചി ഉത്പാദനത്തിന്റെ 10 ശതമാനം ഉല്പാദിപ്പിക്കാൻ നിലവിൽ കുടുംബശ്രീ കേരള ചിക്കന് സാധിച്ചിട്ടുണ്ട്. ഇത് 25 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടികളാണ് നടപ്പാക്കി വരുന്നത്. കോഴിയിറച്ചിയുടെ നിർമ്മാണ വിതരണ രംഗത്തുള്ള ബഹുരാഷ്ട്ര കുത്തകകൾക്കെതിരെയുള്ള ഒരു പ്രാദേശിക ബദൽ എന്ന നിലയിൽ കേരള ചിക്കനെ വിപുലീകരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

 

ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ ഐ.എ.എസ്., പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രമേശ്. ജി, കേരള ചിക്കൻ അഡ്മിനിസ്ട്രേഷൻ മാനേജർ അനന്തു മാത്യു ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. കോർപ്പറേഷനിലെ സി.ഡി.എസ് മൂന്നിലെ ലോട്ടസ് അയൽക്കൂട്ടാംഗങ്ങളായ ഷഹീന, രാജി എന്നിവരാണ് ഈ സംരംഭത്തിന്റെ പിന്നിലുള്ളത്. വട്ടിയൂർക്കാവ് അറപ്പുര റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

കുടുംബശ്രീ 'ഉയരെ' ക്യാമ്പയിൻ - സംസ്ഥാനതല ഉദ്ഘാടനവും കൈപ്പുസ്തക പ്രകാശനവും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു Updated On 2026-01-10

'ഉയരെ' ക്യാമ്പയിനിലൂടെ ഓരോ വ്യക്തിയിലും ലിംഗസമത്വ അവബോധം സൃഷ്ടിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന "ഉയരെ' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ സംഘടിപ്പിച്ച പതിമൂന്നാമത് ദേശീയ സരസ് മേളയിലെ 'വൃത്തിയുടെ വിജയം' വിജയാഘോഷ പരിപാടിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

48 ലക്ഷം അയൽക്കൂട്ട അംഗങ്ങളിലേക്ക് ലിംഗസമത്വത്തിന്റെ സന്ദേശമെത്തിക്കുന്നതിനും സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇതോടൊപ്പം സ്ത്രീകൾ തൊഴിലും വരുമാനവും നേടേണ്ടതിന്റെ പ്രാധാന്യവും സ്ത്രീകൾക്ക് സാമ്പത്തിക സുസ്ഥിരത നൽകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ചും അയൽക്കൂട്ട അംഗങ്ങളെ ബോധവൽക്കരിക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.  

നിലവിൽ 'ഉയരെ' ക്യാമ്പയിനൊപ്പം ദേശീയ ജെൻഡർ ക്യാമ്പയിനായ 'നയി ചേത്ന' 4.0 ഭാഗമായി അയൽക്കൂട്ടങ്ങളിൽ ജനുവരി ഒന്നു മുതൽ 'അറിവിന്റെ അഞ്ച് ആഴ്ചകൾ' എന്ന പേരിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കുടുംബശ്രീ വിഷൻ-2031 ന്റെ ഭാഗമായി സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ക്യാമ്പയിന്റെ മുഖ്യ പ്രവർത്തനങ്ങളിലൊന്നാണിത്.  ഇതിന്റെ ഭാഗമായി ആദ്യ ആഴ്ച വേതനാധിഷ്ഠിത തൊഴിലും സ്ത്രീപദവിയും എന്ന വിഷയത്തിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകി. വരുന്ന ആഴ്ചകളിൽ 'ലിംഗവ്യത്യാസം, ലിംഗപദവി, ലിംഗവൈവിധ്യങ്ങൾ, ലിംഗനീതി, ലിംഗസമത്വം എന്നിവയെ കുറിച്ച് അടിസ്ഥാന ധാരണ രൂപപ്പെടുത്തൽ', 'സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കാനായി പിന്തുണാ സംവിധാനങ്ങളെ പരിചയപ്പെടുത്തൽ', 'കുടുംബശ്രീ സംവിധാനത്തിൽ നിലവിലുള്ള ജെൻഡർ സ്ഥാപന സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം', 'കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയർത്തുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതി' എന്നീ വിഷയങ്ങളിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകും.

ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതലത്തിലും സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലങ്ങളിലായി 8806 റിസോഴ്സ് പേഴ്സൺമാർക്ക് ഇതിനോടകം പരിശീലനം നൽകി കഴിഞ്ഞു. അയൽക്കൂട്ടതലത്തിൽ പ്രത്യേക പരിശീലനം നേടിയ ജെൻഡർ പോയിന്റ് പേഴ്സൺമാരുടെ നേതൃത്വത്തിലായിരിക്കും ബോധവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ഈ മാസം 30 മുതല്‍ : പരിശീലനം സംഘടിപ്പിച്ചു Updated On 2026-01-08

കുടുംബശ്രീ അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് - തല തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജില്ലാ വരണാധികാരികള്‍ക്കും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കുമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജനുവരി 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കലും നടക്കും. പിന്നീട് അയല്‍ക്കൂട്ടതല തെരഞ്ഞെടുപ്പ് ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെയും എ.ഡി.എസ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 7 മുതല്‍ 11 വരെയും സി.ഡി.എസ്  തെരഞ്ഞെടുപ്പ് ഫെബ്രുവരി 20നും നടക്കും. 21ന് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കും.

06-01-2026ന് തിരുവനന്തപുരത്ത് നടന്ന പരിശീലന പരിപാടി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ വിദ്യാ എസ്. നായര്‍, മുനീറ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ പരിശീലന ടീം അംഗങ്ങളായ സെലീന (കൊല്ലം), സുനിത (തിരുവനന്തപുരം) എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.

ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും: ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം Updated On 2026-01-08

കുടുംബശ്രീ മുഖേന ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനവും തൊഴിലും നൽകുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ)2.0 രണ്ടാം ഘട്ട പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. 18-35നും ഇടയിൽ പ്രായമുളള യുവതീയുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നൽകി യുവതലമുറയെ സ്വയംപര്യാപ്തതയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനുവരി മൂന്നാം വാരത്തോടെ പരിശീലന പരിപാടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗമേഖലയിലുളളവർ എന്നിവർക്ക് 45 വയസു വരെയും കോഴ്സിൽ ചേരാനാകും. ആദ്യഘട്ട ഡി.ഡി.യു.ജി.കെ.വൈ 1.0 പദ്ധതി നിർവഹണത്തിലെ മികവാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം നേടിയതിന് പിന്നിൽ.

പത്താം ക്ളാസ് മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും വിവിധ മേഖലകളിലായി അനുയോജ്യമായ ഇരുപത്തഞ്ചോളം കോഴ്സുകളിൽ സൗജന്യമായി നൈപുണ്യ പരിശീലനം നേടാനാകും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസൃതമായി കോഴ്സുകൾ തിരഞ്ഞെടുത്ത് പരിശീലനം നേടാം. കോഴ്സ് ഫീ, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികൾ ഉൾപ്പെടെ സൗജന്യമായി ലഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റും കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പ്ളേസ്മെന്റ് സപ്പോർട്ടും ലഭിക്കും. ഇക്കാലയളവിൽ കുടുംബശ്രീയുടെ പിന്തുണയും ലഭിക്കും.

നിലവിൽ എ.ഐ ഡെവലപ്പർ, സൈബർ സെക്യൂരിറ്റി, ഡ്രോൺ ഓപ്പറേറ്റർ, ഹോട്ടൽ മാനേജ്മെന്റ്, മെഷീൻ ഓപ്പറേറ്റർ, ഡിജിറ്റൽ മാർക്കറ്റിങ്ങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓട്ടോമോട്ടീവ്, ഹെൽത്ത് കെയർ, മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ മൂന്നു മുതൽ ഒമ്പത് മാസം വരെ ദൈർഘ്യമുളള കോഴ്സുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. പദ്ധതിയുടെ ഭാഗമായി 23-ലേറെ മികച്ച പരിശീലക ഏജൻസികൾ കുടുംബശ്രീയുമായി സഹകരിക്കും. പരിശീലന പരിപാടിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം(0471-3586525), എറണാകുളം ( 0484-2959595), തൃശൂർ(0487-2962517), കോഴിക്കോട് (0495-2766160) കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ അതത് പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസുകൾ വഴിയും പരിശീലനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.  

പദ്ധതിയുടെ ആദ്യഘട്ടത്തിൽ  ഉന്നതി, യുവകേരളം പദ്ധതികളിലൂടെ കേരളത്തിൽ ഒരു ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനും 80000 പേർക്ക് ജോലി ലഭ്യമാക്കുന്നതിനും സാധിച്ചിരുന്നു.

ഉയരെ – നയി ചേത്ന 4.0 ക്യാമ്പയിൻ: ഇനി അയൽക്കൂട്ടങ്ങളിൽ ‘അറിവിന്റെ അഞ്ച് ആഴ്ചകൾ’ Updated On 2026-01-07

കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ‘ഉയരെ’ ജെൻഡർ ക്യാമ്പയിന്റെയും ദേശീയ ജെൻഡർ ക്യാമ്പയിൻ ‘നയി ചേത്ന’4.0 യുടെയും ഭാഗമായി അയൽക്കൂട്ടങ്ങളിൽ ‘അറിവിന്റെ അഞ്ച് ആഴ്ചകൾ’ എന്ന പേരിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുടുംബശ്രീ വിഷൻ-2031 ന്റെ ഭാഗമായി സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ക്യാമ്പയിന്റെ മുഖ്യ പ്രവർത്തനങ്ങളിലൊന്നാണിത്. സ്ത്രീകൾ തൊഴിലും വരുമാനവും നേടേണ്ടതിന്റെ പ്രാധാന്യവും സാമ്പത്തിക സുസ്ഥിരത സ്ത്രീകൾക്ക് നൽകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ചും അയൽക്കൂട്ട അംഗങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം.

 

ജനുവരി ഒന്നിനാണ് അയൽക്കൂട്ടങ്ങളിൽ ‘അറിവിന്റെ അഞ്ച് ആഴ്ചകൾ’ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആദ്യ ആഴ്ച വേതനാധിഷ്ഠിത തൊഴിലും സ്ത്രീപദവിയും എന്ന വിഷയത്തിൽ പരിശീലനം നൽകി. വരുന്ന ആഴ്ചകളിൽ ‘ലിംഗവ്യത്യാസം, ലിംഗപദവി, ലിംഗവൈവിധ്യങ്ങൾ, ലിംഗനീതി, ലിംഗസമത്വം എന്നിവയെ കുറിച്ച് അടിസ്ഥാന ധാരണ രൂപപ്പെടുത്തൽ’, ‘സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കാനായി പിന്തുണാ സംവിധാനങ്ങളെ പരിചയപ്പെടുത്തൽ’, ‘കുടുംബശ്രീ സംവിധാനത്തിൽ നിലവിലുള്ള ജെൻഡർ സ്ഥാപന സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം’, ‘കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയർത്തുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതി’ എന്നീ വിഷയങ്ങളിലാണ് അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകുക.

 

ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതലത്തിലും സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലങ്ങളിലായി 8806 റിസോഴ്സ് പേഴ്സൺമാർക്ക് ഇതിനോടകം പരിശീലനം നൽകി കഴിഞ്ഞു. അയൽക്കൂട്ടതലത്തിൽ പ്രത്യേക പരിശീലനം നേടിയ ജെൻഡർ പോയിന്റ് പേഴ്സൺമാരുടെ നേതൃത്വത്തിലായിരിക്കും ബോധവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

വിപണനത്തിൽ മുന്നേറി സരസ്മേള അഞ്ചാം ദിനത്തിലേക്ക് Updated On 2026-01-05

ജനപങ്കാളിത്തം  കൊണ്ട് മാത്രമല്ല വിപണനത്തിലും വമ്പിച്ച മുന്നേറ്റത്തോടെ ജനകീയ സരസമേള  നാലാം ദിനം പിന്നിട്ടു. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 40 ലക്ഷം രൂപയോളം മേളയിൽ വിപണനം നടന്നതിൽ ചാലിശ്ശേരി ജനത വഹിച്ച പങ്കും വലുതാണ്.

അവശ്യ സാധനങ്ങളും കൗതുകകരമായ വസ്തുക്കളും ഒരു കുടക്കീഴിൽ വാങ്ങാനുള്ള ഗ്രാമീണ ജനതയുടെ നിഷ്കളങ്കമായ ആവേശമാണ് സരസ് മേളയെ സജീവമാക്കുന്നത്. കുടുംബശ്രീ പ്രസ്ഥാനത്തിൻ്റെ ശക്തി തെളിയിക്കും വിധം ഓരോ ദിവസവും സ്ത്രീകളുടെ പങ്കാളിത്തവും ഏറുകയാണ്. സ്ത്രീ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് വിപണിയൊരുക്കുന്നതിൽ ചാലിശ്ശേരിയ്ക്ക് കഴിഞ്ഞു.

'നൂതന സ്റ്റാർട്ടപ്പ് സാധ്യതകൾ' എന്ന  വിഷയത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക, ഡോ. പൂർണ്ണിമ നാരായണൻ എന്നിവർ സെമിനാർ നയിച്ചു. തുടർന്ന്  മേളയിലെ പെൺ പെരുമ വിളിച്ചോതി കുടുംബശ്രീ അംഗങ്ങൾ ഒരുക്കിയ കലാവിരുന്നും ശ്രദ്ധേയമായി. വള്ളുവനാട് ഫോക്ക് അക്കാദമിയായ പുനർജനി നടത്തിയ നാടൻ പാട്ട് കാണികളെ ആവേശത്തിലാഴ്ത്തി.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ നടത്തിയ ഏകപാത്ര നാടകമായ ഒറ്റ ഞാവൽ മരം അവതരണം കൊണ്ടും മുന്നിട്ടുനിന്നു. സ്റ്റാളിനോട് ചേർന്ന് സജ്ജീകരിച്ചിട്ടുള്ള തുറന്ന വേദിയും കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരുന്നു.

മെഗാ ഫുഡ് കോർട്ടിൽ പച്ചക്കറിക്കൂട്ടും പഴങ്ങളും ചേർത്ത് ഒരുക്കിയ തൃത്താല പ്രഥമൻ തരംഗമായി. അട്ടപ്പാടി വനസുന്ദരിക്കും ആസ്വാദകരേറെയാണ്. വിവിധ തരം ബിരിയാണികൾ, ജ്യൂസുകൾ, തുടങ്ങിയവയാൽ ഫുഡ് കോർട്ട് സജീവമാണ്.

പ്രധാന വേദിയിലെ സാംസ്കാരിക സമ്മേളനം ആദരസന്ധ്യ പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.ബി.രാജേഷ്, പി.മമ്മിക്കുട്ടി എം.എൽ.എ എന്നിവർ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ ആദരിച്ചു. തുടർന്ന് നടന്ന പുഷ്പവതി പൊയ് പാടത്തിന്റെ നിലാവെയിൽ ഗാനസന്ധ്യ ആസ്വാദകമനം കീഴടക്കി.

ജനങ്ങളൊന്നാകെ പറയുന്നു, ഇത് ജനകീയ മേള - മൂന്നാം ദിനവും ജനപ്രീതിയോടെ മുന്നോട്ട് Updated On 2026-01-04

ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ കുടുംബശ്രീ സരസ് മേളയ്‌ക്കെത്തുന്ന ഓരോരുത്തരും ഒന്നാകെ പറയുന്നു ഇത് ജനകീയ മേളയെന്ന്. മേള തുടങ്ങിയ അന്ന് മുതൽ ജനപ്രീതി വർദ്ധിക്കുകയാണ്. കലാസ്വാദകരുടെയും ഭക്ഷണ പ്രിയരുടെയും സംരംഭകരുടെയും പ്രിയ മേളയാകാൻ രണ്ടുദിനം കൊണ്ട് സരസ് മേളയ്ക്ക് കഴിഞ്ഞു. അവധിദിനം ആഘോഷിക്കാൻ ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് സരസിലേക്ക് ഒഴുകിയെത്തിയത്.

'പുതിയ കാലം പുതിയ തൊഴിൽ' എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറോടെയാണ് മൂന്നാം ദിനം ഉണർന്നത്. വേദി 2- അമ്മു സ്വാമിനാഥനിൽ നടന്ന സെമിനാറിൽ സ്വന്തം കഴിവുകളെയും വ്യക്തിത്വത്തെയും ശരിയായ രീതിയിൽ മാർക്കറ്റ് ചെയ്യാൻ ഉദ്യോഗാർത്ഥികൾക്ക് സാധിക്കണമെന്ന ആശയം പ്രശസ്ത കരിയർ മെന്ററും ലൈഫോളജി സി.ഇ.ഒ.യുമായ പ്രവീൺ പരമേശ്വർ മുന്നോട്ടുവച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. സ്റ്റാളിനോട് ചേർന്ന തുറന്ന വേദിയിൽ അവതരിപ്പിച്ച കളരിപ്പയറ്റ്, വീരനാട്യം, തുടങ്ങിയ കലാപരിപാടികൾക്കും വൻ ജനാവലിയായിരുന്നു.

പതിവുപോലെ ഇന്നലെയും (ഡിസം.4) മെഗാ ഫുഡ് കോർട്ടിലെ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ആലപ്പുഴ വരാൽ കറി കപ്പ, ചെമ്മീൻ ഫ്രൈ, കക്ക ഫ്രൈ ഞൊടിയിടയിൽ കാലിയായി. ഫുഡ് കോർട്ടിലെ മാസ്റ്റർ ഷെഫ് സുരേഷ് പിള്ള പങ്കെടുത്ത പാചക വിദഗ്ധരുടെ ഷോ ജനങ്ങൾക്കും ഏറെ ഉപകാരപ്രദമായി.

പ്രധാന വേദിയിൽ നടന്ന സാംസ്കാരിക സമ്മേളനം ആദര സന്ധ്യ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.

സദസിനെ ഇളക്കി മറിച്ച്  റിമി ടോമി
റിമി ടോമി ലൈവ് കലാസന്ധ്യ ജനഹൃദയങ്ങൾ കീഴടക്കി. കണ്‍മണി അന്‍പോട് കാതലന്‍, ഇളയരാജയുടെ സൂപ്പർഹിറ്റ് ഗാനം  മനിതർ ഉണർന്തുകൊള്ള, പുഷ്പയിലെ ഊ ആണ്ട വാമവാ തുടങ്ങി തമിഴ്, ഹിന്ദി  ഹിറ്റ് ഗാനങ്ങൾ ആലപിച്ചുകൊണ്ട് സദസിനെ അക്ഷരാർഥത്തിൽ ഇളക്കി മറിച്ചു. ഹിറ്റ് ഗാനങ്ങൾക്കൊപ്പം കാണികൾക്ക്  ആടി തിമിർക്കാനുള്ള അവസരം കൂടി ഒരുക്കിയ കലാസന്ധ്യയാണ് റിമി ടോമി സരസ് മേളയ്ക്ക് സമ്മാനിച്ചത്.

ദേശീയ സരസ് മേളയിൽ രണ്ടാം ദിനവും ജനസാഗരം.. കലാസ്വാദകരെ ത്രസിപ്പിച്ച് അലോഷിയും നവ്യാനായരും Updated On 2026-01-04

ചാലിശ്ശേരി മുലയംപറമ്പ്  മൈതാനിയിൽ നടക്കുന്ന ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേള രണ്ടാം ദിനവും ജനപങ്കാളിത്തം കൊണ്ട് അക്ഷരാർത്ഥത്തിൽ ജനകീയ മേളയായി. മേള ആസ്വദിക്കാൻ പതിനായിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തുന്നത്.

വേദി രണ്ട് അമ്മു സ്വാമിനാഥൻ നടന്ന തൃത്താലയുടെ ചരിത്ര വഴികൾ സെമിനാറിൽ ടി.കെ നാരായണ ദാസ് മോഡറേറ്റ്റായി. സെമിനാറിൽ 'തൃത്താലയുടെ ചരിത്രവഴികൾ', 'ഭൂപരിഷ്ക്കരണവും സാമൂഹ്യ മാറ്റങ്ങളും', 'നിളാ നദീതടത്തിലെ ഇരുമ്പു യുഗവും മഹാശിലാ സംസ്ക്കാരവും' എന്നീ വിഷയങ്ങളിൽ  ഡോ. അജിത് കൊളാടി, ഡോ.കെ. രാജൻ, ഡോ. സി.പി രമ്യ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

അലോഷി ആഡംസും സംഘവും അവതരിപ്പിച്ച ആലോഷി പാടുന്നു ജനഹൃദയങ്ങൾ കീഴടക്കി. നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും കോർത്തിണങ്ങിയ ആലോഷിയുടെ അവതരണം കാണികളും ഏറ്റെടുത്തു.

ഇതര സംസ്ഥാനങ്ങളിലെ രുചി വൈവിധ്യം നുകരാനും ആസ്വദിക്കാനും നിരവധി പേരാണ് ഫുഡ് കോർട്ടിലെത്തുന്നത്. ഇന്ത്യയുടെ രുചി വൈവിധ്യം ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്നതാണ് ഫുഡ് കോർട്ടിൻ്റെ പ്രത്യേകത.

സാംസ്കാരിക വേദിയും ജനസാഗരം കൊണ്ട് സമ്പന്നമായിരുന്നു. പ്രധാന വേദിയിൽ നടന്ന സാംസ്ക്കാരിക സമ്മേളനം - ആദര സന്ധ്യ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്  ടി.എം.ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മുതിർന്ന പൊതുപ്രവർത്തകരെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി വകുപ്പ് മന്ത്രി എം.ബി.രാജേഷ് ആദരിച്ചു.

ചലച്ചിത്ര താരം നവ്യാനായരുടെ സോളോ ഭരതനാട്യം കച്ചേരി സാംസ്കാരിക വേദിയെ കീഴടക്കി. സദസിന് അകത്തും പുറത്തും ആയിരക്കണക്കിന് കലാസ്വാദകരാണ് തിങ്ങി നിറഞ്ഞത്.

കുടുംബശ്രീ ദേശീയ സരസ് മേള: രണ്ടാം ദിനം ശ്രദ്ധേയമായി 'തൃത്താലയുടെ ചരിത്ര വഴികൾ' സെമിനാർ Updated On 2026-01-03

കുടുംബശ്രീ ദേശീയ സരസ് മേളയുടെ രണ്ടാം ദിനം സംഘടിപ്പിച്ച 'തൃത്താലയുടെ ചരിത്ര വഴികൾ' സെമിനാർ വേറിട്ട അനുഭവമായി. സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പുരോഗമനപരമായ ആശയങ്ങൾ കൊണ്ടു ഭേദിച്ചു മുന്നേറിയ നവോത്ഥാന നായകൻമാർ കേരളീയ സാമൂഹ്യ വികസന ചരിത്ര നിർമ്മിതിയിൽ നൽകിയ സംഭാവനകളുടെ വീണ്ടെടുപ്പായി സെമിനാർ മാറി.  

മനുഷ്യകുലത്തിന്റെ ആകെ തുകയാണ് ചരിത്രം. അത് ജനതയുടേതാണ്. നീതിബോധത്തിൽ അധിഷ്ഠിതമായ ചരിത്ര രചനയാണ് ആവശ്യം. ചരിത്രത്തെ വസ്തുനിഷ്ഠമായി അവലോകനം ചെയ്യാനും അപഗ്രഥിക്കാനും ജനങ്ങളുടെ മനസിൽ താൽപര്യമുണ്ടാകണം. വസ്തുനിഷ്ഠമായ ചരിത്രമെഴുതാൻ എല്ലാ ചരിത്രകാരൻമാർക്കും ഉത്തരവാദിത്തമുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ ത്യാഗോജ്ജ്വലമായ സമരപോരാട്ടങ്ങൾ അരങ്ങേറിയ മണ്ണാണ് തൃത്താലയുടേത്. തൃത്താല പഠിപ്പിച്ച പാഠങ്ങൾ വളരെ പുരോഗമനപരമായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണണമെന്നാണ് അന്നത്തെ സാമൂഹ്യപരിഷ്ക്കർത്താക്കളും നവോത്ഥാന നായകരും പഠിപ്പിച്ചതെന്നും സെമിനാറിൽ അഭിപ്രായപ്പെട്ടു.

അമ്മു സ്വാമിനാഥൻ വേദി രണ്ടിൽ സംഘടിപ്പിച്ച സെമിനാറിൽ ടി.കെ. നാരായണ ദാസ് മോഡറേറ്ററായി. സെമിനാറിൽ 'തൃത്താലയുടെ ചരിത്രവഴികൾ', 'ഭൂപരിഷ്ക്കരണവും സാമൂഹ്യ മാറ്റങ്ങളും', 'നിളാ നദീതടത്തിലെ ഇരുമ്പു യുഗവും മഹാശിലാ സംസ്ക്കാരവും' എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. അജിത് കൊളാടി, ഡോ.കെ. രാജൻ, ഡോ. സി.പി. രമ്യ എന്നിവർ സംസാരിച്ചു.  ഡോ.കെ.കെ.രാമചന്ദ്രൻ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീരേഖ നന്ദിയും പറഞ്ഞു.