ബ്രോസ്റ്റഡ് ചിക്കൻ, നഗ്ഗറ്റ്‌സ്, കട്‌ലറ്റ്, ജ്യൂസുകൾ - കുടുംബശ്രീ കേരള ചിക്കൻ സ്‌നാക്‌സ് ബാറുകൾക്ക് തുടക്കം Updated On 2026-01-13
കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന കേരള ചിക്കൻ സ്‌നാക്ക്‌സ് ബാറിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങൾ നേരിട്ട് നടത്തുന്ന ഈ സ്‌നാക്‌സ് ബാറുകളിലൂടെ ബ്രോസ്റ്റഡ് ചിക്കൻ, സമൂസ, ചിക്കൻ നഗ്ഗറ്റ്‌സ്, കട്‌ലറ്റ്, മോമോസ് തുടങ്ങിയ വിഭവങ്ങളും ജ്യൂസുകളും ലഭിക്കും. കൂടാതെ ഈ സ്‌നാക്‌സ് ബാറുകളിൽ നിന്ന് കേരള ചിക്കൻ ഫാമുകളിലെ കോഴിയിറച്ചി ഫ്രോസണായും നൽകാനുള്ള സംവിധാനവുമുണ്ട്.
തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര റോഡിൽ ഐ.സി.ഐ.സി.ഐ. ബാങ്കിന് സമീപമാണ് സംസ്ഥാനത്തെ ആദ്യ കേരള ചിക്കൻ സ്‌നാക്‌സ് ബാർ ഇന്ന് പൊതുജനങ്ങൾക്കായി മന്ത്രി തുറന്നു നൽകിയത്. തിരുവനന്തപുരം കോർപ്പറേഷൻ സി.ഡി.എസ് 3-ലെ ലോട്ടസ് അയൽക്കൂട്ടാംഗമായ ഷഹീന.എം. ആണ് ഈ സ്‌നാക്‌സ് ബാറിന്റെ ഉടമ. ഈ വർഷം തന്നെ എല്ലാ ജില്ലകളിലും സ്‌നാക്‌സ് ബാറുകൾ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ്, പബ്ലിക് റിലേഷന്‍സ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, തിരുവനന്തപുരം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രമേഷ് ജി, കേരള ചിക്കൻ പദ്ധതി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി (കെ.ബി.എഫ്.പി.സി.എൽ) മുഖേനയാണ് കുടുംബശ്രീ കേരള ചിക്കൻ പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ കേരളത്തിലെ ആഭ്യന്തര ഇറച്ചി കോഴി ഉത്പാദനത്തിന്റെ 10 ശതമാനം ഇപ്പോൾ കുടുംബശ്രീ കേരള ചിക്കൻ വഴിയാണ് നടക്കുന്നത്.







