to
കുടുംബശ്രീ - തദ്ദേശ സ്ഥാപന സംയോജനം ശക്തമാക്കുന്നു: ജില്ലാതല ഏകദിന ശില്‍പശാല സംസ്ഥാനതല ഉദ്ഘാടനം നാളെ Updated On 2026-06-16

കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുളള സംയോജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപന അധ്യക്ഷര്‍, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ എന്നിവര്‍ക്കായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി 17-ന് വഴുതക്കാട് ജവഹര്‍  സഹകരണ ഭവനില്‍ രാവിലെ 10- ന് ശില്‍പശാലകളുടെ  സംസ്ഥാനതല  ഉദ്ഘാടനം  നിര്‍വഹിക്കും. ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിക്കും. മേയര്‍ വി.വി രാജേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രിയദര്‍ശിനി, തദ്ദേശ സ്വയംഭരണവകുപ്പ് സ്പെഷല്‍ സെക്രട്ടറി ഷാനവാസ് എസ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും.

 

എല്ലാ ജില്ലകളിലുമായി സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍  1071 സി.ഡി.എസ് അധ്യക്ഷമാരും തദ്ദേശ സ്ഥാപന അധ്യക്ഷരും ഉള്‍പ്പെടെ ആകെ 2500 പേര്‍ പങ്കെടുക്കും. ഇവര്‍ക്ക് കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം, കുടുംബശ്രീ സി.ഡി.എസുകളും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത, നിലവില്‍ ഉപജീവന മേഖലകളിലടക്കം കുടുംബശ്രീ നടപ്പാക്കി വരുന്ന സംയോജന പദ്ധതികള്‍, സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന മേഖലകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍, വിവിധ സംയോജന പദ്ധതികള്‍, വിവിധ വകുപ്പുകളുമായുള്ള സംയോജന സാധ്യതകള്‍ എന്നിവ സംബന്ധിച്ച് അവബോധം നല്‍കും.

 

ശില്‍പശാലയുടെ നടത്തിപ്പിനായി കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ക്ക് ജില്ല തിരിച്ച് ചുമതല നല്‍കിയിട്ടുണ്ട്. ജില്ലാതല ശില്‍പശാലകള്‍ക്ക് സംസ്ഥാനമിഷന്‍ ഭാരവാഹികള്‍ക്കൊപ്പം അതത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരും നേതൃത്വം നല്‍കും.

ഓണമാഘോഷിക്കാന്‍ കുടുംബശ്രീയുടെ ഓണക്കനിയും നിറപ്പൊലിമയും Updated On 2026-06-15

ഈ വരുന്ന ഓണക്കാലം ആഘോഷമാക്കാന്‍ കുടുംബശ്രീയുടെ ‘ഓണക്കനി’ പച്ചക്കറി കൃഷിക്കും ‘നിറപ്പൊലിമ’ പൂക്കൃഷിക്കും തുടക്കം. ഓണത്തോട് അനുബന്ധിച്ച് വിഷരഹിത പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും അതുപോലെ തന്നെ പൂക്കളും വിപണിയില്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങള്‍ അഥവാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെ.എല്‍.ജി) മുഖേന സംസ്ഥാനമൊട്ടാകെ ആകെ 14,000 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. 12,000 ഏക്കറില്‍ പച്ചക്കറിയും 2,000 ഏക്കറില്‍ ചെണ്ടുമല്ലിയും ഉള്‍പ്പെടെയുള്ള പൂക്കൃഷിയും.

 

അത്യുത്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനം തൈകളുടെ ഉത്പാദനത്തിലും നടീല്‍ വസ്തുക്കളിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികളെ ഈ പദ്ധതികളോട് അനുബന്ധിച്ച് ശാക്തീകരിക്കും. കൂടാതെ റിവോള്‍വിങ് ഫണ്ട് അടക്കമുള്ള സഹായങ്ങളും നഴ്‌സറികള്‍ക്ക് നല്‍കും. കര്‍ഷകര്‍ക്ക് ആവശ്യമായ പച്ചക്കറി, ചെണ്ടുമല്ലി തൈകള്‍ തയ്യാറാക്കുന്നതിനായി ഓരോ കുടുംബശ്രീ സി.ഡി.എസിനും പരമാവധി 25,000 രൂപ വരെ റിവോള്‍വിംഗ് ഫണ്ടായി അനുവദിക്കും.

 

കുടുംബശ്രീ അഗ്രികള്‍ച്ചര്‍ വിഭാഗം കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും ജെ.എല്‍.ജി കര്‍ഷകര്‍ക്കും പ്രത്യേക പരിശീലനവും ലഭ്യമാക്കും. കര്‍ഷകര്‍ക്കായി ‘ഫാര്‍മര്‍ ഫീല്‍ഡ് സ്‌കൂളുകള്‍’ സംഘടിപ്പിച്ച് നഴ്‌സറി തയാറാക്കല്‍, കീടനിയന്ത്രണം, വിളവെടുപ്പ് തുടങ്ങിയ വിഷയങ്ങളിലാണ് സാങ്കേതിക പരിശീലനം നല്‍കുന്നത്.

പോക്കറ്റ്മാര്‍ട്ട് - റിഫ്രഷ്‌മെന്റ് പരിശീലനങ്ങള്‍ക്ക് തുടക്കം Updated On 2026-06-15

കുടുംബശ്രീയുടെ ഇ-കൊമേഴ്‌സ് ആപ്ലിക്കേഷനായ ‘പോക്കറ്റ്മാര്‍ട്ട്’ വഴി ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ വിപണിയിലെത്തിക്കുന്നതിനായി കുടുംബശ്രീ സംരംഭകര്‍ക്ക് ‘പോക്കറ്റ്മാര്‍ട്ട് റിഫ്രഷ്‌മെന്റ്’ പരിശീലനം കൊല്ലത്ത് സംഘടിപ്പിച്ചു. കുടുംബശ്രീ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങുകളുടെ അനന്തസാധ്യത തുറന്ന് നല്‍കുന്ന ‘പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്‌റ്റോറി’ല്‍ ഇപ്പോള്‍ 1462 സംരംഭ യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

ജി.എസ്.ടി രജിസ്‌ട്രേഷനുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുടുംബശ്രീ സംരംഭകര്‍, മാര്‍ക്കറ്റിങ് മേഖല കൈകാര്യം ചെയ്യുന്ന കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ കൂടാതെ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെ 97 പേര്‍ ജൂണ്‍ ആറിന് സംഘടിപ്പിച്ച ഏകദിന പരിശീലനത്തിന്റെ ഭാഗമായി. കൊല്ലം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ കൊല്ലം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ചന്ദ്രന്‍.ആര്‍ പദ്ധതി വിശദീകരണം നടത്തി. കൊല്ലം അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഉന്മേഷ്. ബി സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജിനേഷ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് ഷാന്‍ എന്നിവര്‍ സംസാരിച്ചു.

 

എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പരിശീലനം തൃശ്ശൂര്‍ കിലയില്‍ ജൂണ്‍ 8ന് സംഘടിപ്പിച്ചു. ശേഷിച്ച എട്ട് ജില്ലകളിലെ പരിശീലനം ജൂണ്‍ 15നകം പൂര്‍ത്തിയാക്കും.

ബഡ്‌സ് പ്രവേശനോത്സവം 2026-27 - മന്ത്രി ശ്രീ. കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു Updated On 2026-06-06

2026-27 അധ്യയന വര്‍ഷത്തിലേക്കുള്ള കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ആറിന് മലപ്പുറം ജില്ലയിലെ വേങ്ങര അബ്ദു റഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ബ്ളിസ് ബഡ്സ് സ്‌കൂളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം ഷാജി നിര്‍വഹിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ 187 കുടുംബശ്രീ ബഡ്‌സ് സ്‌കൂളുകളും 218 കുടുംബശ്രീ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണ് സംസ്ഥാനത്തുള്ളത്.

 

50 ബഡ്‌സ് സ്‌കൂളുകളെ മാതൃകാ ബഡ്‌സ് സ്‌കൂളുകളാക്കി മാറ്റുമെന്നും ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളുടെ അമ്മമാരുടെ മാനസികാരോഗ്യത്തിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച ഫാസില്‍ ഊര്‍ങ്ങാട്ടിരി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കുള്ള ഉപഹാരവും മന്ത്രി നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷനായ ചടങ്ങില്‍ സോഷ്യല്‍ മീഡിയ താരം സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി.



വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. അസ്‌ലു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ബഡ്‌സ് പരിശീലനാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് സ്വാഗതവും കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

 

ഉദ്ഘാടനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഘോഷയാത്രയുമുണ്ടായിരുന്നു.

ബഡ്‌സ് സംസ്ഥാനതല പ്രവേശനോത്സവം - ആവേശമായി വിളംബര റാലി Updated On 2026-06-05

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. മലപ്പുറം റഹ്‌മാന്‍ നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ശ്രീ. കെ.എം. ഷാജി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

 

സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്നലെ കുന്നുംപുറത്ത് സംഘടിപ്പിച്ച വിളംബര റാലി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി അധ്യക്ഷയായി. ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, പരിശീലനാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, വിവിധ ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങീ നൂറുകണക്കിന് പേര്‍ റാലിയുടെ ഭാഗമായി.

 

നാളെ രാവിലെ 10ന് സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി അധ്യക്ഷനാകും. സോഷ്യല്‍ മീഡിയ താരം സല്‍മാന്‍ കുറ്റികോട് മുഖ്യാതിഥിയാകും.

 

നിലവില്‍ 405 ബഡ്‌സ് സ്ഥാപനങ്ങളിലായി (187 ബഡ്‌സ് സ്‌കൂളുകളും, 218 ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും) 13,895 പരിശീലനാര്‍ത്ഥികള്‍ വിദ്യാഭ്യാസം, പരിശീലനം, തെറാപ്പി, പുനരധിവാസ സേവനങ്ങള്‍ എന്നിവ നേടിവരുന്നുണ്ട്.

ആയിരം കൈകളില്‍ ആയിരം തൈകള്‍ - പരിസ്ഥിതിദിനത്തില്‍ ‘മഴത്തുള്ളി’യുമായി കാസര്‍ഗോഡ് Updated On 2026-06-05

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാമിഷന്റെ നേതൃത്വത്തില്‍ ‘ആഗോളതാപനത്തിന് മരമാണ് മറുപടി’ എന്ന സന്ദേശവുമായി ജില്ലയിലുടനീളമുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. 'മഴത്തുള്ളി - ആയിരം തൈകള്‍ ആയിരം കൈകളിലൂടെ’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചന്ദ്രഗിരിക്കോട്ടയില്‍ കാസര്‍ഗോഡ് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി വൃക്ഷത്തൈ നട്ടു നിര്‍വഹിച്ചു. പ്രകൃതി സംരക്ഷണവും ഹരിതവല്‍ക്കരണവും ലക്ഷ്യമിട്ട് ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്സുകളുടെയും നേതൃത്വത്തില്‍ വിപുലമായ ജനകീയ ക്യാമ്പയിനാണ് നടപ്പിലാക്കുക.

വിദ്യാലയങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മ്മസേന എന്നിവരുമായി പൂര്‍ണ്ണമായും സഹകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങളും പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനവും നടത്തുന്നത്. വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതോടൊപ്പം അവ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നത് വരെ സംരക്ഷിക്കാനുള്ള ചുമതലയും സി.ഡി.എസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കും.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിസ്ഥിതി സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോധവല്‍ക്കരണ റാലികളും ക്യാമ്പയിനുകളും സംഘടിപ്പിച്ചു . ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ജൈവകൃഷിരീതികള്‍, അടുക്കളത്തോട്ട നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍ അധ്യക്ഷയായ ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. ഭാര്‍ഗവി നന്ദി പറഞ്ഞു.

താറാവല്ല, ഇനി മുതല്‍ തീന്‍മേശയിലെത്തുക ‘ചീരു’ മപ്പാസും റോസ്റ്റും കറിയും Updated On 2026-06-05

താറാവിറച്ചികളില്‍ സ്‌പെഷ്യലായ കുട്ടനാടന്‍ താറാവിറച്ചി ‘ചീരു’ എന്ന ബ്രാന്‍ഡില്‍ വിപണിയിലേക്കെത്തിക്കാന്‍ തയാറെടുക്കുകയാണ് കുടുംബശ്രീ ആലപ്പുഴ ജില്ലാമിഷന്‍. ആലപ്പുഴയില്‍ സംഘടിപ്പിച്ച ദേശീയ സരസ് മേളയുടെ ഭാഗ്യചിഹ്നമായിരുന്ന ചീരു എന്ന താറാവ് ഏറെ ഹിറ്റായിരുന്നു. ഇതോടെയാണ് ഈ പേരില്‍ തന്നെ താറാവിറച്ചി ബ്രാന്‍ഡ് ചെയ്ത് വിപണിയിലിറക്കാന്‍ ജില്ലാ മിഷന്‍ തീരുമാനിച്ചത്.

 

പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തി നല്‍കുകയെന്ന ലക്ഷ്യമാണ് ബ്രാന്‍ഡഡ് താറാവിറച്ചി എന്ന ആശയത്തിലേക്ക് ജില്ലാമിഷനെ നയിച്ചത്. തുടക്കത്തില്‍ കുട്ടനാട് വെളിയനാട് ബ്ലോക്കിലെ നീലമ്പേരൂരിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

 

അഞ്ച് അയല്‍ക്കൂട്ടാംഗങ്ങളടങ്ങിയ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ വഴിയാണ് താറാവിറച്ചി ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക. ഇവര്‍ക്ക് 2.5 ലക്ഷം രൂപ ധനസഹായവും കുടുംബശ്രീ നല്‍കും.

 

900, 500 ഗ്രാം പാക്കറ്റുകളിലാക്കി ബ്രാന്‍ഡ് ചെയ്ത് ഫ്രഷ് ഇറച്ചിയാണ് ആദ്യം വില്‍പ്പനയ്‌ക്കെത്തിക്കുക. തുടര്‍ന്ന് റെഡി ടു ഈറ്റ് വിഭവങ്ങളിലേക്കും ശ്രദ്ധ പതിപ്പിക്കും. കുടുംബശ്രീയുടെ വ്യത്യസ്ത വിപണന സംവിധാനങ്ങള്‍ വഴിയും സംസ്ഥാനമൊട്ടാകെ താറാവിറച്ചി എത്തിക്കാനുള്ള ശ്രമങ്ങളും ജില്ലാമിഷന്‍ നടത്തും.

ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു - ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികളുമായി കുടുംബശ്രീ Updated On 2026-06-04

സംസ്ഥാനത്ത് കുടുംബശ്രീ ജെന്‍ഡര്‍ വികസന പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കുന്നു. പ്രത്യേകമായി രൂപപ്പെടുത്തിയ ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ വഴി സ്ത്രീകളില്‍ നേതൃത്വ വികസനം, ആശയ വിനിമയം, ആത്മവിശ്വാസ രൂപീകരണം, സാമൂഹിക അവബോധം വളര്‍ത്തല്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് തെരഞ്ഞെടുത്ത ബ്ളോക്കുകളിലെ ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍മാര്‍, വാര്‍ഡ്, സി.ഡി.എസ് തല റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കും. ഇതു സംബന്ധിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, തൃശൂര്‍ പ്ളേ പാഷ്യോ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി പ്രവീണ്‍ നാരായണന്‍ എന്നിവര്‍ ധാരണാപത്രം ഒപ്പു വച്ചു.

 

കാര്യശേഷി വികസനം, ലിംഗ സമത്വം, ലിംഗനീതി, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങള്‍, പേരന്‍റിങ്ങ്, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങി എല്ലാ വിഷയങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കും. സര്‍ഗാത്മക രീതിശാസ്ത്രം ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക പഠന മോഡ്യൂള്‍ പ്രകാരം പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് പരിശീലനം. ഓരോ വിഭാഗത്തിലും പരിശീലനാര്‍ത്ഥികളുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്തും.    

 

കുടുംബശ്രീ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രേംചന്ദ് സി.പി, പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍ പി.എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ തസ്നീം എ, പ്രീത ജി.നായര്‍, കൃഷ്ണകുമാരി, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് അര്‍ജ്ജുന്‍ പ്രതാപ് ആര്‍.പി എന്നിവര്‍ പങ്കെടുത്തു.

‘കളിക്കൂട്ട’ങ്ങളിലൂടെ പുതുജീവന്‍ നേടി കുടുംബശ്രീ ബാലസഭകള്‍ Updated On 2026-06-02

അയല്‍ക്കൂട്ട മാതൃകയിലുള്ള കുട്ടികളുടെ സാമൂഹികാധിഷ്ഠിത സംഘടനാ സംവിധാനമായ കുടുംബശ്രീ ബാലസഭകള്‍ക്ക് ഈ അവധിക്കാലത്ത് ‘കളിക്കൂട്ട’ത്തിലൂടെ പുതുജീവന്‍. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികാസത്തിന് രൂപീകരിച്ച കൂട്ടായ്മയായ ബാലസഭകള്‍ വ്യക്തിത്വ വളര്‍ച്ച, സാമൂഹിക ബോധം, സൃഷ്ടിപരമായ കഴിവുകള്‍, നേതൃത്വഗുണങ്ങള്‍ എന്നിവ വളര്‍ത്തുന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

കേരളത്തിലെ മുഴുവന്‍ ഗ്രാമ, നഗര വാര്‍ഡുകളില്‍ ബാലസഭാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും പുതിയ ബാലസഭ രൂപീകരിക്കുന്നതിനും നിര്‍ജ്ജീവമായവയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി ഈ മധ്യവേനല്‍ അവധിക്കാലത്താണ് കളിക്കൂട്ടം ക്യാമ്പയിന് തുടക്കമിട്ടത്.

 

ഇത്തരത്തില്‍ രൂപീകരിച്ച ബാലസഭകളുള്‍പ്പെടെയുള്ള കുട്ടികളുടെ ഈ കൂട്ടായ്മകളെയെല്ലാം നാടിന്റെ പൊതുനന്മയ്ക്ക് ഉപകാരപ്പെടുന്ന തരത്തിലേക്ക് മാറ്റുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നീ പ്രതിസന്ധികള്‍ക്കുള്ള ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമായ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. നാളെയുടെ പൗരന്മാരായ കുട്ടികള്‍ക്ക് പരിസ്ഥിതിയെ കുറിച്ച് അറിവ് നല്‍കുകയും അവരുടെ ജീവിതശൈലിയില്‍ മാറ്റംവരുത്തി ഒരു കാര്‍ബണ്‍ ന്യൂട്രല്‍ കേരളം കെട്ടിപ്പടുക്കുന്നതിന് ബാലസഭകളെ പ്രാപ്തമാക്കുകയെന്നതും ഈ ക്യാമ്പയിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

‘റിഥ’ത്തിലൂടെ കുടുംബശ്രീയെ ആഴത്തിലറിയാന്‍ അവര്‍ Updated On 2026-06-01

പുതുതായി ചുമതലയേറ്റ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ പ്രവര്‍ത്തന മികവും കാര്യശേഷിയും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ത്രിദിന പരിശീലന പരിപാടി ‘റിഥം 2026’ന് തുടക്കമായി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി വിവിധ ബാച്ചുകളിലായി 1070 ചെയര്‍പേഴ്‌സണ്‍മാര്‍ക്കും പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

 

സംസ്ഥാനതലത്തില്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധരായ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ജില്ലാതലത്തില്‍ ഈ പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജൂണ്‍ 15നകം എല്ലാ ജില്ലകളിലെയും പരിശീലന പരിപാടി പൂര്‍ത്തിയാക്കും. തൃശ്ശൂര്‍ ജില്ലയിലാണ് പരിശീലന പരിപാടിക്ക് തുടക്കമിട്ടത്. ഇന്നലെ ആരംഭിച്ച ആദ്യ ബാച്ച് പരിശീലനത്തില്‍ ജില്ലയിലെ 50 ചെയര്‍പേഴ്‌സണ്‍മാര്‍ പങ്കെടുക്കുന്നു. രണ്ടാം ബാച്ചില്‍ 52 പേരും പങ്കെടുക്കും. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും റിഥം 2026 ആരംഭിക്കും.

 

പോസിറ്റീവ് മനോഭാവം, ആശയ വിനിമയ പാടവം, ഫിനാന്‍സ് മാനേജ്‌മെന്റ്, ഭരണ നിര്‍വ്വഹണം, കുടുംബശ്രീ ബൈലോ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് പരിശീലനം. അതത് ജില്ലകളിലെ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക തീമാറ്റിക് അവതരണങ്ങളും ആസൂത്രണ ചര്‍ച്ചകളും സംഘടിപ്പിക്കും.