to
ബി2ബി മീറ്റുകള്‍ പുരോഗമിക്കുന്നു Updated On 2025-12-21

കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ബിസിനസ് ടു ബിസിനസ് (ബി2ബി) ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് മോഡല്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ബി2ബി മീറ്റുകള്‍ ജില്ലകളില്‍ പുരോഗമിക്കുന്നു. കുടുംബശ്രീ സംരംഭകരെയും മികച്ച വിതരണ പങ്കാളികളെയും കണ്ടെത്തി അവരെ തമ്മില്‍ ഏകോപിപ്പിച്ചാണ് ജില്ലാതലത്തില്‍ ബി2ബി ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് മോഡല്‍ നടപ്പിലാക്കുക. സംരംഭകര്‍ക്ക് അവരുടെ മികച്ച ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും വിതരണ ശൃംഖലയുമായി ബന്ധപ്പെടുത്തി സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഈ ഉത്പന്നങ്ങളെ എത്തിക്കുന്നതിനുമുള്ള ഏകോപന പ്രവര്‍ത്തനങ്ങളാണ് ബി2ബി മീറ്റുകളില്‍ നടപ്പിലാക്കുന്നത്.

കുടുംബശ്രീ സംരംഭകര്‍ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ തയാറാക്കുന്നുണ്ട്. ഇൗ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തി നല്‍കുകയും പ്രീമിയം ഉപഭോക്താക്കളിലേക്ക് ഈ ഉത്പന്നങ്ങള്‍ എത്തിക്കുകയും ചെയ്യുകയാണ് ബി2ബി മീറ്റിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ സംഘടിപ്പിച്ച ബി2ബി മീറ്റുകളില്‍ സംരംഭകരും വിതരണക്കാരും ഉള്‍പ്പെടെ 2000ത്തോളം പേര്‍ പങ്കെടുത്തു.

പതിമൂന്നാമത് കുടുംബശ്രീ ദേശീയ സരസ് മേള തൃത്താല ചാലിശ്ശേരിയിൽ 2026 ജനുവരി രണ്ടു മുതൽ 11 വരെ Updated On 2025-12-20

കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി 2026 ജനുവരി രണ്ടു മുതൽ 11 വരെ പാലക്കാട് ജില്ലയിലെ തൃത്താല ചാലിശ്ശേരിയിൽ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പാലക്കാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേളയാണിത്. ജനുവരി രണ്ടിന് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, എം.പിമാരായ അബ്ദുൾ സമദ് സമദാനി, വി.കെ ശ്രീകണ്ഠൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, കെ.രാജൻ, സജി ചെറിയാൻ, ആർ ബിന്ദു, പി.രാജീവ്, പി. പ്രസാദ്, അബ്ദു റഹിമാൻ എന്നിവർ വിവിധ ദിവസങ്ങളിലെ സാംസ്ക്കാരിക സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.    

ചാലിശ്ശേരി മുലയംപറമ്പ് മൈതാനത്തും സമീപത്ത് ക്രമീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലുമാണ് മേള നടക്കുന്നത്. കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുളള 250 ഉൽപന്ന പ്രദർശന വിപണന സ്റ്റാളുകൾ മേളയിലുണ്ടാകും. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഗ്രാമീണ വനിതാ സംരംഭകർ തയ്യാറാക്കുന്ന ഉൽപന്നങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിപണനത്തിനുമായി എത്തുക. ഇതിൽ വിവിധ ഭക്ഷ്യോൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരവും ഉണ്ടാകും.

കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സംരംഭകരുടെ നേതൃത്വത്തിൽ രുചിവൈവിധ്യം വിളമ്പുന്ന മെഗാ ഫുഡ് കോർട്ട് സരസ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മുപ്പതിലേറെ ഫുഡ് സ്റ്റാളുകൾ ഇവിടെയുണ്ടാകും. പത്തു ദിവസങ്ങളിലായി നടക്കുന്ന സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ സന്ധ്യകളിൽ നവ്യ നായർ, റിമി ടോമി, സിതാര കൃഷ്ണകുമാർ, ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസി,  ആർ.എൽ.വി രാമകൃഷ്ണൻ, മട്ടന്നൂർ ശങ്കരൻകുട്ടി, ഗംഗ ശശിധരൻ, പുഷ്പവതി എന്നിവർ പങ്കെടുക്കും. ഇതോടൊപ്പം എല്ലാ ദിവസവും കുടുംബശ്രീ അംഗങ്ങളും പ്രാദേശിക കലാകാരൻമാരും അവതരിപ്പിക്കുന്ന കലാപരിപാടികളും വേദിയിൽ അരങ്ങേറും. ഇതു കൂടാതെ പുഷ്പ മേള, വിവിധ സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സരസ് മേളയിൽ പ്രവേശനം സൗജന്യമാണ്.

സമാപന സമ്മേളനം ജനുവരി 11 ന് ആറു മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. കെ.രാധാകൃഷ്ണൻ എം.പി, സിനിമാ താരം മഞ്ജു വാര്യർ എന്നിവർ മുഖ്യാതിഥികളായെത്തും.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ പി, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അനുരാധ എസ്, നവകേരളം മിഷൻ സെയ്തലവി പി എന്നിവർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.   

ഭാഗ്യശാലികളെ കാത്ത് നിരവധി സമ്മാനങ്ങൾ

കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേള സന്ദർശിക്കുന്ന ഭാഗ്യശാലികളെ കാത്ത് നിരവധി സമ്മാനങ്ങളും. 50 രൂപയുടെ സമ്മാന കൂപ്പൺ വാങ്ങിയാൽ മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം സ്വിഫ്റ്റ് കാർ, രണ്ടാം സമ്മാനം ബൈക്ക്, മൂന്നാം സമ്മാനം എൽ.ഇ.ഡി ടി.വി, നാലാം സമ്മാനമായി ഫ്രിഡ്ജ് എന്നിവയാണ് സമ്മാനമായി ലഭിക്കുക. ഇതു കൂടാതെ സ്വർണ നാണയങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. സരസ് മേളയുടെ സമാപന വേദിയിൽ വച്ചായിരിക്കും നറുക്കെടുപ്പ്. 

ഫുഡ് കോർട്ടിലേക്കുള്ള പച്ചക്കറികൾ കുടുംബശ്രീ അംഗങ്ങൾ നൽകും

പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ 2026 ജനുവരി രണ്ടു മുതൽ 11 വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേളയിലെ ഫുഡ്കോർട്ടിലേക്കാവശ്യമായ പച്ചക്കറികൾ കുടുംബശ്രീ അംഗങ്ങൾ നൽകും. ഇതിനായി തൃത്താല മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 33 എക്കറിൽ കുടുംബശ്രീ കർഷക സംഘങ്ങൾ നേരത്തെ തന്നെ വിവിധയിനം പച്ചക്കറികളുടെ കൃഷി ആരംഭിച്ചിരുന്നു. സരസ്മേളയോടനുബന്ധിച്ച് ഇവ വിളവെടുക്കും. പച്ചക്കറികൾ ആവശ്യാനുസരണം ഫുഡ്കോർട്ടിലെത്തിക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സരസ് മേളയുടെ പ്രചരണാർത്ഥം ഡിസംബർ 20, 21, 22 തീയതികളിൽ ഗൃഹസന്ദർശനവും 28-ആംതീയതി തൃത്താല മണ്ഡലത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തും. 30ന് കൂട്ടുപാത മുതൽ ചാലിശ്ശേരി വരെ  മിനി മാരത്തണും സംഘടിപ്പിക്കും.

ക്രിസ്തുമസ് പുതുവർഷാഘോഷങ്ങൾക്ക് മധുരമേകാൻ കുടുംബശ്രീയുടെ ജില്ലാതല കേക്ക് വിപണന മേള Updated On 2025-12-19

ക്രിസ്തുമസ് പുതുവർഷാഘോഷങ്ങൾക്ക് മധുരമേകി  ജില്ലാതലത്തിലും സി.ഡി.എസ്തലത്തിലും കുടുംബശ്രീയുടെ കേക്ക് വിപണന മേളകൾ ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ മുന്നൂറിലേറെ കേക്ക് വിപണന മേളകളാണ്  ഇക്കുറി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന മാർബിൾ, പ്ളം, ബ്ളാക്ക് ഫോറസ്റ്റ്, റെഡ് വെൽവറ്റ്, കോക്കനട്ട് കേക്ക്, ചോക്ളേറ്റ് കേക്ക്, കോഫീ കേക്ക്, ചീസ് കേക്ക്, ഫ്രൂട്ട്സ് കേക്ക്, കാരറ്റ് കേക്ക് തുടങ്ങി വിവിധ തരം കേക്കുകളാണ് ലഭ്യമാവുക. 250 രൂപ മുതൽ കേക്ക് ലഭിക്കും. കുടുംബശ്രീയുടെ കീഴിലുള്ള 850 ലേറെ യൂണിറ്റുകൾ കേക്ക് വിപണനമേളയുടെ ഭാഗമാകും. നാലായിരത്തോളം സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ജില്ലാതലത്തിലും നഗര ഗ്രാമതലത്തിലും സംഘടിപ്പിക്കുന്ന കേക്ക് വിപണന മേളകൾക്ക് പുറമേ കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് ആപ് വഴി കേക്കുകളുടെ ഓൺലൈൻ ബുക്കിങ്ങും ഊർജിതമായി. ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാമ്പറുകളുടെ വൻ വിജയത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് ഇക്കുറി കേക്കുകളുടെ ഓൺലൈൻ വിപണനം കൂടി ആരംഭിച്ചത്. ഓരോ ജില്ലയിലും കേക്കുകൾ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം കേക്ക് ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും പോക്കറ്റ്മാർട്ട് വഴി കേക്കുകൾ ഓർഡർ ചെയ്തു വാങ്ങാം.

കേക്ക് ഫെസ്റ്റിൽ പങ്കെടുത്ത് വിപണനം നടത്തുന്നതു കൂടാതെ പുറമേ നിന്നു ലഭിക്കുന്ന ഓർഡർ അനുസരിച്ചും സംരംഭകർ കേക്ക് എത്തിച്ചു നൽകും. ജില്ലാതല വിപണന മേളകൾക്കൊപ്പം ഭക്ഷ്യമേളയും ഊർജിതമാണ്. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് മേളയുടെ നടത്തിപ്പ്. കേക്ക് വിപണന മേളകൾ 25 ന് അവസാനിക്കും.

ക്രിസ്മസ് പുതുവർഷാഘോഷങ്ങൾക്ക് രുചി പകരാൻ കുടുംബശ്രീയുടെ കേക്കുകൾ – മന്ത്രി എം.ബി. രാജേഷ് കേക്ക് ഡയറക്ടറി പ്രകാശനം ചെയ്തു Updated On 2025-12-18

ഇക്കുറി ക്രിസ്മസ് പുതുവർഷാഘോഷങ്ങൾക്ക് രുചി പകരാൻ കുടുംബശ്രീയുടെ കേക്കുകൾ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി കുടുംബശ്രീയുടെ കീഴിലുള്ള 850 ലേറെ യൂണിറ്റുകളാണ്  രുചികരമായ വിവിധയിനം കേക്കുകളുമായി ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ആവശ്യക്കാർക്ക് കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ വഴി ഡിസംബർ 19 മുതൽ ഓൺലൈനായി കേക്കുകൾ ഓർഡർ ചെയ്യാം. അവ വീടുകളിൽ എത്തിക്കുന്ന വിധമാണ് സൗകര്യം ചെയ്തിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാമ്പറുകളുടെ വൻ വിജയത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് പുതിയ കാൽവയ്പ്പ്. 

ഓരോ ജില്ലയിലും കേക്കുകൾ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കേക്ക് ഡയറക്ടറി തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ നവീൻ സി എന്നിവർ സന്നിഹിതരായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്: ജയിച്ചു കയറിയത് 219 ഹരിതകർമ സേനാംഗങ്ങൾ Updated On 2025-12-18

സംസ്ഥാനത്ത് 9,11 തീയതികളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഹരിതകർമ സേനാംഗങ്ങളിൽ വിജയിച്ചത് 219 പേർ. ആകെ 547 പേരാണ് മത്സരിച്ചത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ മത്സരിച്ച 34 സ്ഥാനാർത്ഥികൾ ജനവിധി തങ്ങൾക്കൊപ്പമാക്കി.  32 പേർ വിജയിച്ച കൊല്ലം ജില്ലയാണ് രണ്ടാമത്.

തിരുവനന്തപുരം(34), കൊല്ലം(32), പത്തനംതിട്ട(6), ആലപ്പുഴ(18), കോട്ടയം(7), ഇടുക്കി(19), എറണാകുളം(15), തൃശൂർ(14), പാലക്കാട്(24), മലപ്പുറം(11), കോഴിക്കോട്(15), വയനാട്(8), കണ്ണൂർ(12), കാസർകോട്(4) എന്നിങ്ങനെയാണ് വിജയിച്ചവരുടെ എണ്ണം. ഇതിന് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഹരിതകർമ സേനാംഗങ്ങൾ മത്സരിച്ചു വിജയിച്ചിരുന്നു.

വരുമാന ലബ്‌ധിയിലൂടെ സ്ത്രീകൾക്ക് സമഗ്ര വികാസം : ‘ഉയരെ’ സംസ്ഥാനതല ജൻഡർ ക്യാമ്പയിനുമായി കുടുംബശ്രീ Updated On 2025-12-17

വരുമാനദായക തൊഴിൽ മേഖലകളിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ  ജനുവരി 1 മുതൽ ‘ഉയരെ’ സംസ്ഥാനതല ജൻഡർ ക്യാമ്പയിൻ ആരംഭിക്കുന്നു. അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ ലക്ഷ്യമിട്ടു നടപ്പാക്കുന്ന ക്യാമ്പയിനിൽ  സുസ്ഥിര തൊഴിലും വരുമാനവും നേടുന്നതിലൂടെ തങ്ങൾക്കുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ മുന്നേറ്റത്തെ കുറിച്ച് സ്ത്രീകളെ ബോധ്യപ്പെടുത്തും. തുടർന്ന് അവരുടെ താൽപര്യവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച് വിവിധ തൊഴിൽ രംഗങ്ങളുമായി  ബന്ധിപ്പിക്കും. ഇതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായുള്ള സംയോജനവും ഉറപ്പു വരുത്തും.  

ക്യാമ്പയിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, വിഷയ വിദഗ്ധർ ഉൾപ്പെടെയുള്ള അഞ്ച് റിസോഴ്സ് പേഴ്സൺമാർ വീതം എഴുപത് പേർക്കുളള സംസ്ഥാനതല  ദ്വിദിന പരിശീലനം തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്റ്റിൽ ഡിസംബർ 15,16 തീയതികളിൽ സംഘടിപ്പിച്ചു. ഇവർക്ക് വേതനാധിഷ്ഠിത  തൊഴിലും  സ്ത്രീപദവിയും, ലിംഗവ്യത്യാസവും ലിംഗപദവിയും, സുരക്ഷിത തൊഴിലിടം, കുടുംബശ്രീ ജെൻഡർ പിന്തുണാ സംവിധാനങ്ങൾ, ഹാപ്പി കേരളം എന്നിങ്ങനെ അഞ്ചു വ്യത്യസ്ത മൊഡ്യൂളുകളിൽ പരിശീലനം നൽകി. ഇവർ  ജില്ലാതല പരിശീലനത്തിന് നേതൃത്വം നൽകും. സംസ്ഥാനമൊട്ടാകെ പരിശീലനം നേടിയ മൂന്ന് ലക്ഷത്തോളം പേർ ക്യാമ്പയിൻ നടത്തിപ്പിൽ പങ്കാളികളാകും.  

അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് 2026 ജനുവരി മുതൽ മാർച്ച് വരെയാണ് ഈ ക്യാമ്പയിൻ. ഇതിൽ വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ നേടാൻ കഴിയാത്തവരും താൽപര്യമുള്ള മേഖലകളിൽ എത്താൻ കഴിയാതെ പോയവരുമായ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ കണ്ടെത്തും. സ്വന്തമായി തൊഴിലും വരുമാനവും നേടാൻ കഴിയുന്നതിലൂടെ ആത്മവിശ്വാസം, നേതൃശേഷി, തീരുമാനങ്ങളെടുക്കാനുള്ള അവസരവും കഴിവും, കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുന്ന സ്വീകാര്യത എന്നിവ ഇതിൽ ഉൾപ്പെടെ സ്ത്രീകൾക്കുണ്ടാകുന്ന സമഗ്ര വികാസത്തെ കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കും. ക്യാമ്പയിന്റെ വിജയത്തിന് അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് ഉൾപ്പെടുന്ന കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം ഒന്നാകെ ക്യാമ്പയിനിൽ പങ്കാളിത്തം വഹിക്കും.

വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി.എം തോമസ് ഐസക് , കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ IAS , ശുചിത്വ മിഷൻ കൺസൾട്ടന്റ് എൻ. ജഗജീവൻ എന്നിവർ ക്യാമ്പയിൻ സംഘാടനം സംബന്ധിച്ച് വിശദീകരിച്ചു. സ്റ്റേറ്റ് ജെൻഡർ കൺസൾട്ടന്റ് ഡോ. ടി.കെ ആനന്ദി, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്ത്, എസ് ഐ എസ് ഡി സ്റ്റേറ്റ് പ്രോഗ്രാം ടീം  എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

കുടുംബശ്രീ ദേശീയ സരസ് മേള: പോസ്റ്റര്‍ പ്രകാശനം Updated On 2025-12-16

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2026 ജനുവരി രണ്ടു മുതല്‍ 11 വരെ പാലക്കാട് തൃത്താല ചാലിശ്ശേരിയില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. ഇതിന്‍റെ ഭാഗമായി നാഗലശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രിയും ദേശീയ സരസ് മേളയുടെ സംഘാടക സമിതി അധ്യക്ഷനുമായ എം.ബി രാജേഷ് സരസ് മേളയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സരസ് മേളയുടെ പ്രചാരണത്തിന്‍റെ ഭാഗമായി ഡിസംബര്‍ 19,20,21 തീയതികളില്‍ ഗൃഹസന്ദര്‍ശനവും 28ന് തൃത്താല മണ്ഡലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും. കൂടാതെ 30ന് കൂട്ടുപാത മുതല്‍ ചാലിശ്ശേരി വരെ മിനി മാരത്തോണ്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയില്‍ കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 250 പ്രദര്‍ശന വിപണന സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. ഇവിടെ കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി വിവിധ ഉല്‍പന്നങ്ങള്‍ ഉണ്ടാകും.

30 സ്റ്റാളുകളുള്ള ഫുഡ്കോര്‍ട്ടില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാം. മേളയില്‍ എല്ലാ ദിവസവും കലാസാംസ്ക്കാരിക പരിപാടികളും സെമിനാറുകളും ഉണ്ടാകും. കൂടാതെ ഫ്ളവര്‍ ഷോ, അമ്യൂസ്മെന്‍റ് പാര്‍ക്ക്, പെറ്റ് ഷോ, പുസ്തക മേള എന്നിവയും ഉണ്ടാകും.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി ഉണ്ണിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സരസ് മേളയുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍, കൂടാതെ ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, സി.ഡി.എസ് അധ്യക്ഷമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഭാരവാഹികള്‍, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കുടുംബശ്രീ ‘ബെസ്റ്റ് പെർഫോർമർ’ Updated On 2025-12-06

ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയായ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) കേരള പവലിയനിലെ ‘ബെസ്റ്റ് പെർഫോമർ’ അവാർഡ് കുടുംബശ്രീ കരസ്ഥമാക്കി. കൊമേഴ്‌സ്യല്‍ സ്റ്റാളില്‍ കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ കുടുംബശ്രീ സംരംഭ യൂണിറ്റുകളിലെ ഉത്പന്നങ്ങളാണ് മൂന്ന് സ്റ്റാളുകളിലായി കുടുംബശ്രീ ഒരുക്കിയത്.

ഈ ദേശീയ നേട്ടം കുടുംബശ്രീക്കും സംതിങ് ‘സ്‌പെഷ്യല്‍’ Updated On 2025-12-06

ചരിത്രമുറങ്ങുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് സീനിയര്‍ ആണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ കേരളം ചാമ്പ്യന്മാരായപ്പോള്‍ കുടുംബശ്രീക്കും ഈ നേട്ടം ഏറെ സ്‌പെഷ്യല്‍. ഈ മാസം 17 മുതല്‍ 21 വരെ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഗോവയ്‌ക്കെതിരേ അഞ്ച് ഗോളിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ഇറങ്ങിയ നാല് മത്സരങ്ങളില്‍ നാലിലും ജയിച്ച കേരളത്തിനായി നാല് ഗോളുകള്‍ നേടിയ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസില്‍ കുടുംബശ്രീ ഊര്‍ങ്ങാട്ടിരി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ പരിശീലനാര്‍ത്ഥിയാണ്.

ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തുന്ന സ്ഥാപനങ്ങളാണ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും ബഡ്‌സ് സ്‌കൂളുകളും. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെയും ബഡ്സ് സ്‌കൂള്‍ അധ്യാപകന്‍ മനീഷ് മാസ്റ്ററുടെയും നേതൃത്വത്തിലാണ് ഫാസിലിനെ സംസ്ഥാന, ദേശീയ ക്യാമ്പുകളില്‍ പങ്കെടുപ്പിച്ചതും പരിശീലനം നല്‍കിയതും. കിരീടം നേടി നാട്ടില്‍ തിരിച്ചെത്തിയ മുഹമ്മദ് ഫാസിലിന് ബഡ്‌സ് സ്‌കൂള്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സ്വീകരണവും ഒരുക്കിയിരുന്നു.

പ്രകൃതിയെ അറിഞ്ഞും പകര്‍ത്തിയും അവര്‍ 50 പേര്‍ Updated On 2025-12-06

വരുംതലമുറയ്ക്ക് പ്രകൃതിയെ അടുത്തറിയാനും അവരില്‍ പരിസ്ഥിതി സംരക്ഷണബോധം വളര്‍ത്താനും ലക്ഷ്യമിട്ട് കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പ്രകൃതിപഠന ക്യാമ്പ് നവ്യാനുഭവമായി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സി.ഡി.എസ്, ജില്ലാതലങ്ങളിലായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയികളായ 50 കുട്ടികളാണ് തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് കിലയില്‍ നവംബര്‍ 29,30 തീയതികളില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായത്.

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റ് ക്യൂറേറ്ററായ ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍, ഗൂഗിള്‍ ട്രസ്റ്റഡ് ഫോട്ടോഗ്രാഫറായ സെയ്ദ് ഷിയാസ് മിര്‍സ എന്നിവരുടെ ക്ലാസ്സുകളിലൂടെ കുട്ടികള്‍ പ്രകൃതിയെ അടുത്തറിയുകയും ചിത്രകല, ഫോട്ടോഗ്രാഫി എന്നീ സങ്കേതങ്ങള്‍ മുഖേന വിദഗ്ധരീതിയില്‍ പ്രകൃതിയെ ക്യാന്‍വാസിലേക്ക് പകര്‍ത്താനുള്ള പരിശീലനവും നേടി. കൂടാതെ ക്യാമ്പംഗങ്ങളായ കുട്ടികള്‍ക്ക് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് സന്ദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത് ചടങ്ങില്‍ അധ്യക്ഷനായി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍, തൃശ്ശൂര്‍ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍, കില അസിസ്റ്റന്റ് ഡയറക്ടര്‍ അമൃത കെ.പി.എന്‍ എന്നിവര്‍ സംസാരിച്ചു. തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത്ത് കെ. ദീപക് സ്വാഗതവും സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി. രാജന്‍ നന്ദിയും പറഞ്ഞു.