കുടുംബശ്രീ ജി.ആർ.സി. വാരാചാരണം സമാപിച്ചു
പാലക്കാട് : കുടുംബശ്രീക്കു കീഴിൽ നടത്തിയ ജി.ആർ.സി. വാരാചാരണം ജില്ലാതല സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം, 11-അന്താരാഷ്ട്ര ബാലികാ ദിനം, 15- അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം എന്നീ ദിനങ്ങളോടാനുബന്ധിച്ചാണ് 10 മുതൽ 16 വരെ വാരാചാരണം നടന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും വനിതാ വികസന പ്രവർത്ഥനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദേശങ്ങളും പിന്തുണയും വിദഗ്ദ്ധ പരിശീലനവും നല്കുന്നതിനുവേണ്ടി രൂപീകരിച്ച ജൻഡർ റിസോർസ് സെന്ററുകൾ(GRC ) കൗണ്‍സിലിംഗ്, വിദ്യാഭ്യാസ പരിപാടികൾ,പ്രാപ്തി വികസന പ്രവർത്തനങ്ങൾ,വിനോദ പരിപാടികൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കി വരുന്നു.2017-18 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ആരംഭിച്ച ജി.ആർ.സി. 45 പഞ്ചായത്തുകളിൽ പ്രവർത്തിച്ചു വരുന്നു.
വാരാചാരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, ക്വിസ്,പോസ്റ്റർ നിർമ്മാണം, മൊബൈൽ ഫോട്ടോഗ്രാഫി, ഉപന്യാസം തുടങ്ങിയ മത്സരങ്ങൾ, യോഗ പരിശീലനം, വിവിധ ക്യാമ്പയിനുകൾ, സെമിനാർ, സംവാദം, ചർച്ച, ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സെയ്തലവി അധ്യക്ഷത വഹിച്ചു. ജില്ലാ ജൻഡർ പ്രോഗ്രാം മാനേജർ ജംഷീന സംസാരിച്ചു. അസി.ജില്ലാ മിഷൻ കോർഡിനേറ്റർ ദിനേഷ് സ്വാഗതവും ഹാരിഫാ ബീഗം നന്ദിയും പറഞ്ഞു.