Untitled Document


സാമൂഹിക പ്രവര്‍ത്തനങ്ങള്‍

തൊഴില്‍ക്കൂട്ടം

'തൊഴില്‍ക്കൂട്ട'മാണ് കുടുംബശ്രീയുടെ നവീന സംരംഭങ്ങളില്‍ ശ്രദ്ധേയമായ മറ്റൊന്ന്. തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ത്രീകള്‍ ആര്‍ജിച്ച വൈദഗ്ധ്യത്തെ ഫലപ്രദമായി കൂട്ടിയോജിപ്പിച്ച് കായിക തൊഴില്‍ മേഖലയില്‍ അനുഭവപ്പെടുന്ന മനുഷ്യ വിഭവ ദാരിദ്യം പരിഹരിക്കുകയും സ്ത്രീകളുടെ വരുമാനമാര്‍ഗം വിപുലീകരിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പുതിയൊരു തൊഴില്‍ സംസ്കാരവും കായിക തൊഴില്‍മേഖലയില്‍ സ്ത്രീ പുരുഷ തുല്യതയും കൈവരുത്താന്‍ ഉതകുന്നതാണ് ഈ സംരംഭം. ഒരു സി.ഡി.എസില്‍ കുറഞ്ഞത് അഞ്ച് തൊഴില്‍ക്കൂട്ടങ്ങള്‍ എന്നതാണ് ഇക്കൊല്ലത്തെ പദ്ധതിലക്ഷ്യം. മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിലൂടെ അധിക വരുമാനം കണ്ടെത്താനാവും. അംഗങ്ങളുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനവും ലഘുയന്ത്രങ്ങള്‍ വാങ്ങുന്നതിന് സംഘങ്ങള്‍ക്ക് സാമ്പത്തികസഹായവും കുടുംബശ്രീ വഴി ലഭ്യമാകും. ഈ സാമ്പത്തിക വര്‍ഷം പുതുതായി കുറഞ്ഞത് 5000 തൊഴില്‍ക്കൂട്ടങ്ങളെങ്കിലും രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നു.

ബഡ്സ് സ്കൂള്‍

മാനസിക വൈകല്യങ്ങളുള്ള കുട്ടികളുടെ പുനരധിവാസത്തിനായി രൂപം നല്‍കിയ ബഡ്സ് സ്കൂളുകളില്‍ 11 എണ്ണത്തിനു കൂടി 2011-12 വര്‍ഷം അംഗീകാരം ലഭിച്ചു. ഇതോടെ അംഗീകാരം ലഭിച്ച സ്കൂളുകളുടെ എണ്ണം 52 ആയി. 33 സ്കൂളുകള്‍ക്ക് സ്വന്തമായി വാഹനം ലഭ്യമാക്കി.

ബാലസഭ മീനയുടെ ലോകം

കുടുംബശ്രീയുടെ ശിശുവികസന പരിപാടിയുടെ ഭാഗമായി രൂപം നല്‍കിയ ബാലസഭകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് ഇക്കൊല്ലം നൂതനമായ ഒരു പദ്ധതിക്കു കൂടി രൂപം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍, സ്വഭാവരൂപീകരണം എന്നിവ മുഖ്യപ്രമേയമാക്കി മീനാ കമ്മ്യൂണിക്കേഷന്‍ എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്ന സമഗ്ര പരിപാടിയുടെ രണ്ടാംഘട്ടമായി 'മീനയുടെ ലോകം' എന്ന പേരില്‍ യൂണിസെഫ് സഹായത്തോടെ ആകാശവാണിയില്‍ ഒരു കൊല്ലം നീണ്ടുനില്‍ക്കുന്ന ഒരു പ്രതിവാര പ്രക്ഷേപണ പരിപാടി 2012 ജൂലൈ 19 ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, നേതൃത്വശേഷി, സഹകരണ മനോഭാവം തുടങ്ങിയവ കായിക-വിനോദവുമായി ബന്ധപ്പെടുത്തി പരിപോഷിപ്പിക്കുന്നതിന് പൈലറ്റടിസ്ഥാനത്തില്‍ 7 ജില്ലകളില്‍ ആരംഭിച്ച സമഗ്രകായികാരോഗ്യ പരിപാടി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 22 ബ്ളോക്കുകളിലെ 139 പഞ്ചായത്തുകളില്‍ ഇതിനകം പദ്ധതി പൂര്‍ത്തീകരിച്ചു.

സാമൂഹ്യക്ഷേമ പദ്ധതികള്‍: ജനകീയ സര്‍വെ

കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അര്‍ഹരായ മുഴുവന്‍പേരേയും ജനകീയ സര്‍വേയിലൂടെ കണ്ടെത്തുന്ന ചുമതല ഇക്കൊല്ലം കുടുംബശ്രീയെ ഏല്‍പ്പിച്ചു. ഇങ്ങനെ അയല്‍ക്കൂട്ട അംഗങ്ങള്‍ തയ്യാറാക്കുന്ന പട്ടികയും വിശദ വിവരങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കുടുംബശ്രീ കൈമാറും

ആശ്രയ രണ്ടാംഘട്ടം

നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന ആശ്രയ പദ്ധതി പ്രകാരം 2011-12-ല്‍ 65 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കായി 12.69 കോടി രൂപ ചലഞ്ച് ഫണ്ട് ഇനത്തില്‍ അനുവദിച്ചു. 6226 അഗതികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 2011-12 വര്‍ഷം 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയ പുനപരിശോധനയുടെ അടിസ്ഥാനത്തില്‍ 22.46 ലക്ഷം രൂപയുടെ ചലഞ്ച് ഫണ്ട് അനുവദിച്ചു. വിട്ടുപോയിട്ടുള്ള അഗതി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇക്കൊല്ലം 500 തദ്ദേശഭരണസ്ഥാപനങ്ങളില്‍ ആശ്രയയുടെ രണ്ടാംഘട്ടം പദ്ധതി പ്രാവര്‍ത്തികമാക്കും. കുറഞ്ഞത് 25,000 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പ്രത്യേക ആശ്രയ പദ്ധതി

പട്ടികവര്‍ഗ വിഭാഗക്കാര്‍ കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അവര്‍ക്കു വേണ്ടി നടപ്പാക്കുന്ന പ്രത്യേക ആശ്രയ പദ്ധതി പ്രകാരം 2011-12 സാമ്പത്തിക വര്‍ഷം 12 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. 2012-13 സാമ്പത്തിക വര്‍ഷം അര്‍ഹരായ മുഴുവന്‍ പട്ടികവര്‍ഗവിഭാഗക്കാരെയും ഉള്‍പ്പെടുത്തി സഹായം ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഇക്കൊല്ലം 50 തദ്ദശഭരണസ്ഥാപനങ്ങളില്‍ ഇത് നടപ്പാക്കും.

ഭവനശ്രീ

ഭവനശ്രീ പദ്ധതി പ്രകാരം വായ്പ എടുത്ത കുടുംബശ്രീ അംഗങ്ങളുടെ തിരിച്ചടവ് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനായി കുടുംബശ്രീയും ബന്ധപ്പെട്ട ബാങ്കും സര്‍ക്കാരും തമ്മില്‍ ഒരു ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 14 ബാങ്കുകള്‍ക്കായി കഴിഞ്ഞ വര്‍ഷം 76. 28 കോടി രൂപ നല്കി. അടുത്ത സാമ്പത്തിക വര്‍ഷം ഇതിന്റെ മൂന്നാം ഗഡു നല്കുന്നതിനായി 25 കോടി രൂപ ബജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്.

പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍

ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ഭാഷാന്യൂനപക്ഷങ്ങള്‍, തോട്ടം തൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങി സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രത്യേക ജനകീയ പുനരധിവാസ പദ്ധതി ആവിഷ്കരിക്കുന്നതിനുമുള്ള നടപടികള്‍ നടന്നുവരുന്നു. സ്ത്രീപദവി സ്വയംപഠനം, നിര്‍ഭയ

സ്ത്രീശാക്തീകരണത്തില്‍ അനന്യമായ മാതൃകകള്‍ സൃഷ്ടിച്ച കടുംബശ്രീയുടെ നൂതന സംരംഭങ്ങളിലൊന്നാണ് സ്ത്രീപദവി സ്വയംപഠന പ്രക്രിയ. സാമ്പത്തികശാക്തീകരണത്തിനൊപ്പം അവകാശബോധവും സ്വത്വബോധവുമുള്ള സ്ത്രീസമൂഹസൃഷ്ടിയിലൂടെ മാത്രമേ സാമൂഹിക ശാക്തീകരണവും ദാരിദ്രലഘൂകരണവും പൂര്‍ണമാവൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ രൂപംനല്‍കിയ പദ്ധതിയാണിത്. കേരളത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അന്തസ്സായി ജീവിക്കാനും നിര്‍ഭയം സഞ്ചരിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കിയ നിര്‍ഭയ പദ്ധതി സ്ത്രീപദവി സ്വയംപഠന പ്രക്രിയയിലൂടെ സമൂഹത്തിന്റെ താഴേതലം മുതല്‍ പ്രാവര്‍ത്തികമാക്കാന്‍ കുടുംബശ്രീ വിപുലമായ ഒരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇതിനായി കുടുംബശ്രീ പ്രത്യേക കൈപുസ്തകം തയ്യാറാക്കി. വിവിധ തലങ്ങളില്‍ വിപുലമായ പരിശീലന പരിപാടികള്‍ നടന്നുവരികയാണ്. ഇതിനകം പരിശീലനത്തില്‍ പങ്കെടുത്ത 77 പഞ്ചായത്തുകള്‍ കര്‍മപരിപാടികളുടെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായി ഹെല്‍ത്ത് റിസോഴ്സ് മാപ്പിംഗ്, സ്ത്രീ സൌഹൃദ ഗ്രാമം എന്ന ലക്ഷ്യത്തോടെ ക്രൈംമാപ്പിംഗ്, പ്രോസസ് ഡോക്യൂമെന്റേഷന്‍ എന്നിവയുടെ പ്രഥമഘട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടന്നുവരുന്നു.

ശ്രീശക്തി ദ്വിഭാഷാ വെബപോര്‍ട്ടല്‍

സ്ത്രീപദവി സ്വയംപഠന പ്രക്രിയയിലെ മോഡ്യൂള്‍ വികസന പ്രക്രിയ പൂര്‍ണ്ണമായും വെബ് അധിഷ്ഠിതമാക്കി. വിവിധ സംഘടനാതലങ്ങളില്‍ നടത്തിയ ചര്‍ച്ചകളെ ഓണ്‍ ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പരിപോഷിപ്പിക്കാനും അതിലൂടെ പോരായ്മകള്‍ നികത്താനും ശ്രീശക്തി ദ്വിഭാഷാ വെബപോര്‍ട്ടല്‍ വഴിയൊരുക്കുന്നു. പ്രശ്നങ്ങള്‍, ആശയങ്ങള്‍ എന്നിവയെകുറിച്ച് ചര്‍ച്ച ചെയ്യാനും മോഡ്യൂളുകള്‍ രൂപീകരിക്കാനും എല്ലായിടത്തു നിന്നും വിവരങ്ങള്‍ ശേഖരിക്കാനും സംശയ നിവാരണത്തിനും അതിലൊക്കെ ഉപരിയായി സ്ത്രീകള്‍ക്ക് കമ്പ്യൂട്ടര്‍ സാങ്കേതികപരിജ്ഞാനം നേടിക്കൊടുക്കാനും ഈ പോര്‍ട്ടല്‍ സഹായിക്കുന്നു.